വേണമെങ്കിൽ അരയേക്കറുകാർക്കുമാകാം ടീ ബിസിനസ്: ഇത് ചെറുകിട കർഷകരുടെ സ്വന്തം തേയില ഫാക്ടറി
Mail This Article
‘സ്വന്തമായി തേയില ഫാക്ടറിയുള്ള സഹകരണ ബാങ്ക്’ - ഒരുപക്ഷേ തങ്കമണി സർവീസ് സഹകരണബാങ്കിനു മാത്രം അവകാശപ്പെടാവുന്ന നേട്ടമാവും അത്. വമ്പൻ കോർപറേറ്റുകൾ വിഹരിക്കുന്ന ടീ ബിസിനസിൽ കോ–ഓപ്പറേറ്റീവിനു എന്തു ചെയ്യാനാകും എന്നു ചോദിക്കുന്നവരുണ്ടാകും. അവർക്കുള്ള ഉത്തരമെന്നവണ്ണം തങ്കമണി ബാങ്കിന്റെ ‘സഹ്യ’ ബ്രാൻഡ് ചായപ്പൊടി വിദേശവിപണിയിൽ പോലും എത്തിക്കഴിഞ്ഞു .
എന്നാൽ കയറ്റുമതിക്കും കച്ചവടത്തിനുമൊക്കെ അപ്പുറത്ത് സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകം കൂടിയാണ് ഈ ചായപ്പൊടി. തേയിലത്തോട്ടങ്ങളെല്ലാം എസ്റ്റേറ്റുകളാണെന്ന മുൻവിധി മാറ്റി വച്ചാലേ ഇടുക്കിയിലെ തേയിലക്കർഷകരെയും അവരുടെ പ്രശ്നങ്ങളെയും തിരിച്ചറിയാനാകൂ. 50 സെന്റിലും രണ്ടേക്കറിലുമൊക്കെ തേയില കൃഷി ചെയ്യുന്ന മൂവായിരത്തോളം ചെറുകിട കൃഷിക്കാർ തങ്കമണി ഉൾപ്പെടുന്ന കാമാക്ഷി പഞ്ചായത്തിലും സമീപഗ്രാമങ്ങളിലുമുണ്ട്. സ്വന്തമായി ഫാക്ടറി ഇല്ലാത്ത ഇവർ എസ്റ്റേറ്റ് ഫാക്ടറികൾക്ക് തേയില വിൽക്കാൻ നിർബന്ധിതരാണ്. എസ്റ്റേറ്റുകാർ ഈ തേയില വാങ്ങി സ്വന്തം ഉൽപന്നത്തോടെപ്പം സംസ്കരിച്ചു വിൽക്കുന്നു. സംസ്കരണത്തിനു മറ്റു മാർഗമില്ലാത്തതിനാൽ എസ്റ്റേറ്റ് ഫാക്ടറികൾ നൽകുന്ന വില സ്വീകരിക്കാൻ ചെറുകിട തേയില കർഷകർ നിർബന്ധിതരാണ്. അതുകൊണ്ടു തന്നെ പലപ്പോഴും കുറഞ്ഞ വിലയേ ഇവർക്കു ലഭിക്കൂ. വിശേഷിച്ച് മഴക്കാലത്തു സ്വന്തം ഉൽപാദനം സമൃദ്ധമായുള്ളപ്പോൾ അവർ സംഭരണം നിർത്തിവയ്ക്കുകപോലും ചെയ്യും. അഥവാ വാങ്ങിയാലും കൊളുന്ത് നുള്ളുന്നവർക്ക് കൂലി കൊടുക്കാൻ തികയാത്ത വിധം തുച്ഛമായ നിരക്കിൽ നാമമാത്രമായി മാത്രം വാങ്ങും.
ഓഫ് സീസണിൽ 30 രൂപയ്ക്ക് കൊളുന്ത് വാങ്ങുന്ന ഫാക്ടറികൾ സീസണായാൽ പത്തു രൂപ പോലും വില നിശ്ചയിക്കില്ല. സ്വന്തം നിലയിൽ കൊളുന്ത് നുള്ളുന്നവർക്കു പോലും കൃഷി ആദായകരമാകാത്ത ഈ ദുസ്ഥിതിക്കു ശാശ്വത പരിഹാരമുണ്ടാക്കുന്നതിനാണ് 2017ൽ ബാങ്ക് തേയിലഫാക്ടറി സ്ഥാപിച്ചത്. പ്രവർത്തനമാരംഭിച്ചപ്പോൾ തന്നെ 12 രൂപ തറവിലയും പ്രഖ്യാപിച്ചു. അതിലും വില താഴ്ത്തി സംഭരിക്കില്ലെന്നാണ് ബാങ്ക് കൃഷിക്കാർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. സംയോജിത സഹകരണ വികസന പദ്ധതി പ്രകാരം ടീ ബോർഡിന്റെ ധനസഹായത്തോടെ സ്ഥാപിച്ച ഫാക്ടറി 150 പേർക്ക് തൊഴിലവസരവും സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു. 10 കോടി രൂപ മുതൽ മുടക്കുള്ള ഈ ഫാക്ടറിക്ക് ദിവസം 20 ടൺ കൊളുന്ത് സംസ്കരിക്കാൻ ശേഷിയുണ്ട്. ഇപ്പോൾ 18 രൂപ നിരക്കിലാണ് സംഭരണം.
ആദ്യഘട്ടത്തിൽ വിപണനം ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ബാങ്കിന്റെ നേതൃത്വത്തിൽ പ്രത്യേക മാർക്കറ്റിങ് സംവിധാനം രൂപീകരിച്ചതോടെ ഓരോ വർഷവും വിൽപന വർധിച്ചു വരികയാണ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ സ്വന്തം വാഹനത്തിലുള്ള റൂട്ട് സെയിൽ വഴിയും മറ്റു ജില്ലകളിൽ വിതരണശൃംഖലകൾ വഴിയുമാണ് വിപണനം. മൂന്നു കയറുമതി ഏജൻസികളുടെ സഹായത്തോടെ യുഎഇ , ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും തേയില വിൽക്കുന്നുണ്ട്. ജൂലൈ മുതൽ സഹകരണവകുപ്പിന്റെ കോ–ഓപ്പറേറ്റീവ് മാർട്ട് എന്ന ബ്രാൻഡിൽ അമേരിക്കയിലും സഹ്യ ലഭിക്കും. മൂല്യവർധനയുടെ നേട്ടങ്ങൾ കൂടുതൽ കൃഷിക്കാരിലെത്തിക്കുന്നതിനായി ഒരു കാപ്പിസംസ്കരണ യൂണിറ്റിനും പഴം സംസ്കരണ യൂണിറ്റിനും തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാപ്പിക്കുരുവിനും പഴവർഗങ്ങൾക്കും മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു ബാങ്ക് സെക്രട്ടറി സുനീഷ് കെ. സോമൻ പറഞ്ഞു. സഹ്യ ബ്രാൻഡിൽ തന്നെയാവും ഇവയുടെ വിപണനം.
ഫോൺ: 9947368701