കാട്ടാനക്കൂട്ടം ഉഴുതുമറിച്ച കൃഷിയിടത്തിൽ ഇന്ന് ഇല്ലാത്ത വിളകളില്ല; ജയപ്രകാശനെ തോൽപ്പിക്കാനാവില്ല മക്കളേ!
Mail This Article
മലമ്പുഴഡാമില്‍നിന്ന് ആനക്കല്‍ റൂട്ടില്‍ 15 കിലോമീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ പുരാതന കാര്‍ഷിക സംസ്കൃതിയുള്ള, മൂന്നുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട, കവ ഉപദ്വീപില്‍ എത്തും.
അവിടെനിന്നു നോക്കിയാല്‍ ചുറ്റും കാവല്‍ നില്‍ക്കുന്ന പശ്ചിമഘട്ടമലനിരകള്‍ക്കിടയില്‍, മൂന്ന് അടുപ്പുകല്ലുകള്‍ നിരത്തിവച്ചതുപോലെ, ഗരിമയോടെ തലയുയര്‍ത്തി നില്‍ക്കുന്ന, അടുപ്പുകൂട്ടിമല. ഈ അടുപ്പുകൂട്ടിമലയുടെ താഴ്വാരത്തില്‍ താമസിക്കുന്നവര്‍ കൃഷിക്കാരാണ്. ആടുമാടുകളെ മേച്ചും വയലുകളില്‍ ജോലി ചെയ്തും അവര്‍ ജീവിച്ചുപോരുന്നു. കാട്ടുമണ്ണിന്റെ പശിമയില്‍ തെങ്ങും കമുകും മാവും പ്ലാവും പച്ചക്കറികളും കിഴങ്ങിനങ്ങളുമൊക്കെ ഫലപുഷ്ടിയോടെ വളരുന്നു.
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മലയോരഗ്രാമമായ കവ മേട്ടുപ്പതിയിലാണ് കാര്‍ത്തിക എസ്റ്റേറ്റ്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ഡിവിഷനൽ ജനറല്‍ മാനേജര്‍ ആയിരുന്ന ജയപ്രകാശന്‍ കല്ലഴിയാണ് ഇതിന്റെ ഉടമ. ജോലിയിൽനിന്നു വിരമിച്ചശേഷം അദ്ദേഹം മലയുടെ താഴ്വാരത്തിലെ കുടുംബഭൂമിയിൽ കൃഷിയും തുടങ്ങി. മാനേജര്‍ പദവിയില്‍ നിന്ന് ജയപ്രകാശൻ കര്‍ഷകനായി ഉദ്യോഗക്കയറ്റം നേടിയെത്തിയത് അവിടേക്കാണ്. വിശ്രമജീവിതം പ്രകൃതിയോടും മണ്ണിനോടും കാലാവസ്ഥയോടും വന്യമൃഗങ്ങളോടും ഇടപഴകിയും എതിരിട്ടും ദിനരാത്രങ്ങള്‍ ചെലവഴിക്കുന്നു. കാട്ടുപന്നിയും മയിലും ആനയുമൊക്കെ വിള നശിപ്പിക്കും. കൃഷിചെയ്യണമെങ്കില്‍ ഈ പ്രതിസന്ധികളെല്ലാം മറികടക്കണം.
തുള്ളിനന
മലമ്പുഴ ജലാശയത്തിന് തൊട്ടടുത്തു സ്ഥിതിചെയ്യുന്നതിനാല്‍ ജലസേചനസൗകര്യമുണ്ട്. 25 ഏക്കര്‍ ഭൂമിയില്‍ വെള്ളവും വളവും ഒട്ടും പാഴാക്കാതെ, ചെടികള്‍ക്ക് നേരിട്ട് പരിചരണം നല്‍കുന്ന കൃത്യതാകൃഷിയാണ് ചെയ്യുന്നത്. മള്‍ച്ചിങ് ഷീറ്റ് വിരിച്ചിട്ടുണ്ട്. തുള്ളിനനയിലൂടെ നേരിട്ടാണ് ചെടികളിലേക്ക് വെള്ളവും വളവും എത്തിക്കുന്നത്. പറമ്പുകളില്‍ അങ്ങിങ്ങായുള്ള കുളങ്ങളില്‍ മത്സ്യക്കൃഷിയുമുണ്ട്.
പുകപ്പുര, റബര്‍
ആയിരത്തിലേറെ റബര്‍മരങ്ങളുള്ളതിനാല്‍ ഷീറ്റടിക്കുന്നതിന് യന്ത്രങ്ങളും പാരമ്പര്യരീതിയിലുള്ള പുകപ്പുരയുമുണ്ട്. മരത്തിന് ഒട്ടും വിശ്രമം നല്‍കാതെ, നിരന്തരം പാല്‍ ഊറ്റി എടുക്കുന്ന രീതി മാറ്റി ഇടക്കിടെ മരങ്ങള്‍ക്ക് വിശ്രമം നല്‍കും. അതിനാല്‍ പുകപ്പുരയും കുറച്ചുനാള്‍ വിശ്രമത്തിലാവും. റബറിന് ഇടവിളയായി വാഴ നട്ടിരിക്കുന്നു. റോബസ്റ്റ, ചെങ്ങാലിക്കോടന്‍ ഉള്‍പ്പെടെയുള്ള വാഴകളുണ്ട് തോട്ടത്തില്‍.
കുറിയ ഇനം ഫലവൃക്ഷങ്ങളാണ് ഈ തോട്ടത്തില്‍ ഏറെയും കാണുന്നത്. തെങ്ങുകളും മാവും പ്ലാവും നെല്ലിയും കുടമ്പുളിയുമൊക്കെ തറപറ്റി വളരുന്നതിനാല്‍ ഇവയുടെ പരിചരണത്തിനും വിളവെടുപ്പിനും തൊഴിലാളികളെ ആശ്രയിക്കേണ്ടതില്ല. ജാതി, കാപ്പി, കറുവാപ്പട്ട തുടങ്ങിയവയുടെ കൃഷിയുമുണ്ടിവിടെ. തോട്ടത്തില്‍ കശുമാവ്, ചെമ്പടുക്ക, തായ് ലാൻഡ് വരിക്ക, വിയറ്റ്നാം സൂപ്പര്‍ ഏര്‍ളി തുടങ്ങി വിവിധയിനം പ്ലാവുകള്‍, കൈതച്ചക്ക, റംബുട്ടാന്‍, വിവിധയിനം പേരകള്‍, ആപ്പിള്‍ ചാമ്പ, വെസ്റ്റ് ഇന്ത്യന്‍ ചെറി തുടങ്ങി ഒട്ടേറെ ഫലവൃക്ഷങ്ങളുണ്ട്.
മാവുകള്‍
നീലം, മല്ലിക, കണ്ണിമാങ്ങയ്ക്കുവേണ്ടിയുള്ള ചന്ത്രക്കാരന്‍, വര്‍ഷം മുഴുവന്‍ കായിടുന്ന ഓള്‍സീസണ്‍ മാവ്, ബംഗനപ്പള്ളി, അല്‍ഫോന്‍സോ, കിളിച്ചുണ്ടന്‍ തുടങ്ങിയ മാവുകളുണ്ടിവിടെ.
തെങ്ങിന് ആയുസ് 15 വർഷം
തെങ്ങുകള്‍ തമ്മിലുള്ള അകലം 27 അടിയാണ്. 12 കൊല്ലം കഴിഞ്ഞാല്‍ ഇടവിളക്കൃഷി അവസാനിപ്പിച്ച് നാടന്‍തെങ്ങുകള്‍ക്ക് നടുവില്‍ പുതിയ തെങ്ങിന്‍ തൈകള്‍ നടും. 15 കൊല്ലം കഴിയുമ്പോള്‍ കായ്ഫലം കുറയുന്നതോടെ പഴയ തെങ്ങുകള്‍ മുറിച്ചുമാറ്റും. അപ്പോഴേക്കും പുതിയ തെങ്ങുകളില്‍ കായിട്ടു തുടങ്ങും. ഇളനീരിനും എണ്ണയ്ക്കും പാചകത്തിനും അനുയോജ്യമായ, രാമഗംഗ പോലുള്ള കുള്ളന്‍ ഇനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. തേങ്ങയിടാന്‍ കൂലിച്ചെലവു വേണ്ടല്ലോ.
തുവരച്ചെടി
തെങ്ങിന് ഇടവിളയായി തുവരക്കൃഷിയുണ്ട്. ഒരാള്‍ പൊക്കത്തിലാണ് തുവരച്ചെടികളുടെ വളര്‍ച്ച. വിളവെടുപ്പിനുശേഷം ചെടികള്‍ മണ്ണില്‍ ഉഴുതുമറിച്ച് അടുത്ത കൃഷിക്ക് വളമാക്കുന്നു.
കമുകിനൊപ്പം പച്ചക്കറികൾ
കുഴല്‍ക്കിണറില്‍നിന്നാണ് കമുകിന്‍തോട്ടത്തിലേക്കു ജലസേചനം. കമുകിന്‍ തൈകളില്‍ കുരുമുളക് കൊടി കയറ്റിവിട്ടിട്ടുണ്ട്. ഇപ്പോഴും ആദായം ലഭിക്കുന്നതും 35 വര്‍ഷം പഴക്കമുള്ളതുമായ കമുകുകളുണ്ട് കാര്‍ത്തിക എസ്റ്റേറ്റില്‍. നാടന്‍ കമുകുകള്‍ക്കൊപ്പം മംഗള, ഇന്റര്‍മംഗള, മോഹിത് നഗര്‍ തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങളും വളരുന്നുണ്ട്. കൂട്ടത്തില്‍ പച്ചക്കറിക്കൃഷിയുമുണ്ട്. വെണ്ടയും വെള്ളരിയും പടവലവും കണിവെള്ളരിയും സാലഡ് വെള്ളരിയും പയറും ഇലവര്‍ഗങ്ങളും കോവലും ചുരയ്ക്കയും കത്തിരിക്കയുമെല്ലാം പലയിടത്തായി കൃഷി ചെയ്യുന്നുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ പച്ചക്കറി വിളവെടുക്കും. വിപണിയിലേക്ക് ആവശ്യമായവ തരംതിരിച്ചാണ് നല്‍കുന്നത്. ജോലിക്കാര്‍ക്കൊപ്പം തന്നെ വിളവെടുക്കാന്‍ ജയപ്രകാശനുമുണ്ടാകും.
പല ഘട്ടങ്ങളിലുള്ള പച്ചക്കറിച്ചെടികളാണ് ഈ ഫാമിലുള്ളത്. ഒരു വശത്ത് വിളവെടുത്ത് തീരുമ്പോഴേക്കും അടുത്ത ഭാഗത്ത് പൂവും കായുമിട്ടു തുടങ്ങും. കോവലും പടവലവും പാവലും വഴുതനയും കാബേജും കോളിഫ്ളവറും പയറും മുളകുമെല്ലാമുണ്ട് ഇവിടെ. മയില്‍ശല്യം കാരണം പച്ചക്കറിത്തോട്ടങ്ങളില്‍ വലകെട്ടി സംരക്ഷിക്കുകയാണ്. മയില്‍ പറന്നിറങ്ങുന്നത് തടയാമെന്നാണ് വലയുടെ ഗുണം.
ഒരു വിള പരീക്ഷിച്ചു ഉദ്ദേശിച്ച ഫലം കിട്ടിയാല്‍ പിന്നീട് ആ ഇനം വ്യാവസായികാടിസ്ഥാനത്തില്‍ നടുന്നതാണ് ജയപ്രകാശിന്റെ രീതി. അങ്ങനെയാണ് തോട്ടത്തില്‍ ആയിരത്തോളം മുരിങ്ങത്തൈകള്‍ നട്ടിരിക്കുന്നത്. മുരിങ്ങക്കായും ഇലയും വിപണിയിലെത്തിക്കുന്നു. മുരിങ്ങയില പൊടിച്ചുനല്‍കുന്നുമുണ്ട്.
ഏറ്റവും അധികം ആദായമുള്ളത് കോവലിനാണ്. മറുനാടന്‍ തൊഴിലാളികളും കുടുംബങ്ങളുമാണ് ഫാമിലെ സ്ഥിരം ജീവനക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുപ്പുകഴിഞ്ഞാല്‍ അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ഉൽപന്നങ്ങളെത്തിക്കും. ഫ്രഷ് ടു ഹോം എന്ന പേരില്‍ കിറ്റുകളിലാക്കി ഫാമില്‍ തന്നെ പച്ചക്കറി വില്‍പ്പനയുമുണ്ട്.
ജയപ്രകാശന്‍ വെറുമൊരു കര്‍ഷകനല്ല. പരീക്ഷണാടിസ്ഥാനത്തില്‍ വിവിധവിളകള്‍ കൃഷിചെയ്തു വിജയിക്കുകയും വര്‍ഷംമുഴുവന്‍ കാര്‍ഷികവിപണിയില്‍ സജീവമാകുകയും ചെയ്യുന്ന ആളാണ്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം കൊണ്ടാണ് വര്‍ഷം മുഴുവനും പച്ചക്കറികളും ഫലവര്‍ഗങ്ങളും ഉൽപാദിപ്പിക്കാനും വിപണിയിലെത്തിക്കാനും സാധിക്കുന്നത്.
കിഴങ്ങിനങ്ങളിൽ ചേനയാണ് മുഖ്യം. കുഴിയെടുത്ത് കരിയില പരത്തി, അതിന് മുകളില്‍ മുള വന്ന ചേനവിത്ത് വെച്ചതിനു ശേഷം ഉണക്കച്ചാണകപ്പൊടി വിതറി മണ്ണിട്ട് മൂടുന്നു. വിത്തിനായി മഞ്ഞളും ഇഞ്ചിയും ചേമ്പും കാച്ചിലുമെല്ലാം ഇങ്ങനെ മരത്തണലില്‍ പരത്തിയിടുകയാണ്. വളത്തിനായി പശുക്കളും ആടുകളുമുണ്ട്. കൂടാതെ വീട്ടാവശ്യത്തിനുള്ള പാലും ലഭിക്കുന്നു. അഴിച്ചു വളർത്തുന്ന രീതിയായതിനാൽ വലിയ പരിചരണവും വേണ്ടിവരുന്നില്ല.
നാടനും റെഡ് ലേഡിയുമുള്‍പ്പെടെ മൂന്നുനാലിനം പപ്പായയും ഈ തോട്ടത്തിലെ പ്രധാന വിളയാണ്. ഫാമിലെത്തിയാല്‍ മുളകും വഴുതനയും പപ്പായയുമൊക്കെ പറിക്കാന്‍ ഭാര്യ പ്രീതയും ജയപ്രകാശനൊപ്പം കൂടും. ബാല്യകാലത്ത് , മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ മുത്തശ്ശന്റെ പച്ചക്കറിത്തോട്ടത്തില്‍ വിളവെടുത്തിരുന്ന ഓര്‍മകളാണ് പ്രീതയ്ക്ക്.
കീടനിയന്ത്രണത്തിനായി ഫെറമോണ്‍കെണിയും മഞ്ഞക്കെണിയും ഒരുക്കിയിട്ടുണ്ട്. കെണി ഒരുക്കിയതോടെ കായീച്ചശല്യത്തിന് കുറവുണ്ട്. വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാന്‍ ചുറ്റിലും വൈദ്യുതസംരക്ഷണവേലി കെട്ടിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ വേനല്‍ക്കാലത്ത് തോട്ടത്തിനപ്പുറമുള്ള തടാകത്തില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനക്കൂട്ടം കാര്‍ത്തിക എസ്റ്റേറ്റിലെത്തി കുറേയേറെ തെങ്ങിൻതൈകൾ പിഴുതുതിന്നിരുന്നു. ഒപ്പം പച്ചക്കറിത്തോട്ടം ചവിട്ടിനശിപ്പിക്കുകയും ചെയ്തു.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍
കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവർധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുമുണ്ട് ഈ കര്‍ഷകന്‍. മഞ്ഞള്‍ ആവിയില്‍ വേവിച്ച് പൊടിയാക്കി വിൽക്കുന്നു. കൂടാതെ തോട്ടത്തിലെ തെങ്ങിൽനിന്നുള്ള തേങ്ങ ഉപയോഗിച്ച് വെളിച്ചെണ്ണ തയാറാക്കി വിൽപനയുമുണ്ട്.
വ്യത്യസ്തമായൊരു ചെടി എവിടെ കണ്ടാലും അതു വാങ്ങുകയും തോട്ടത്തില്‍ നട്ടുപരിപാലിക്കുകയും ചെയ്യുന്ന ഇദ്ദേഹം പാല്‍ക്കായമരം, തിപ്പലി, തുടങ്ങിയവയൊക്കെ അങ്ങനെ കൊണ്ടുവന്നതാണ്.
മലമ്പുഴ ഉദ്യാനത്തിന് സമീപത്തായതിനാല്‍ കവ ഉപദ്വീപും അടുപ്പുകൂട്ടിമലയുമൊക്കെ വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിച്ചുകൊണ്ടിരിക്കും. കാര്‍ഷിക-വിനോദസഞ്ചാര മേഖലയ്ക്കുള്ള പുത്തന്‍ കാഴ്ചകളാണ് കവയിലെ കാര്‍ത്തിക എസ്റ്റേറ്റും മറ്റുകൃഷിയിടങ്ങളും. അതിനാല്‍ സമീപഭാവിയില്‍ തന്നെ വിനോദസഞ്ചാരികള്‍ക്കായി കാര്‍ത്തികഎസ്റ്റേറ്റ് തുറന്നു കൊടുക്കാനും ഫാംടൂറിസത്തിലേക്ക് ചുവടുവയ്പ്പു നടത്താനുമൊക്കെ ഒരുങ്ങുകയാണ് ഈ കര്‍ഷകന്‍.
ഫോൺ: 9447085966