പരിചയമുള്ളവർ കുറയും, കഴിക്കുന്നവനെ ഫ്ലാറ്റാക്കും ‘വാസിഫ്ലോം ഫോറ്റിസ’
Mail This Article
മുൻകാലങ്ങളിൽ നമ്മുടെ കുന്നിൻചെരുവുകളിലും പാടവരമ്പത്തും കുറ്റിക്കാടുകളിലുമെല്ലാം പടർന്നുകണ്ടിരുന്ന വള്ളിച്ചെടിയാണു പൂച്ചപ്പഴം. ഇന്നതു പരിചയമുള്ളവർ കുറയും. കുട്ടിക്കാലത്തു സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും വഴിയിൽക്കാണുന്ന കാരപ്പഴം, നെല്ലിക്ക, ചേരിക്കൊട്ട, കൊട്ടപ്പഴം, പൂച്ചപ്പഴം എന്നിവയൊക്കെ പറിച്ചു കഴിച്ചത് പഴയ തലമുറ മറന്നിട്ടുണ്ടാവില്ല. മുക്കട്ടപ്പഴം, അമ്മമ്മപ്പഴം, മദാമ്മപ്പഴം, കുരങ്ങുതീനിപ്പഴം, കുറുക്കൻപഴം എന്നിങ്ങനെയെല്ലാം പൂച്ചപ്പഴം അറിയപ്പെട്ടിരുന്നു.
പാഷൻ ഫ്രൂട്ടിന്റെ പൂവുകളോടു സാമ്യമുള്ള പൂവുകൾ. നെല്ലിക്കയുടെ വലുപ്പമുള്ള കായ്കൾക്കു മൂപ്പെത്തും മുൻപ് പച്ചനിറവും പഴുത്താൽ നല്ല മഞ്ഞ കലർന്ന ചുവപ്പുനിറവുമാണ്. പഴം പൊളിച്ചാൽ കൊഴുപ്പു കലർന്ന കറുത്ത വിത്തുകൾ കാണാം. പുളിയും മധുരവും കലർന്ന രുചി. ചെടിയുടെ ഇലകളിലും കായ്കളിലും രോമംപോലെ കാണാം. പല രോഗങ്ങൾക്കും ശമനമുണ്ടാക്കാനുള്ള കഴിവ് ഈ കൊച്ചു പഴത്തിനുണ്ട്. മുൻകാലങ്ങളിൽ പൂച്ചപ്പഴം ഉത്സവപ്പറമ്പുകളിൽ സർബത്തിൽ ചേർത്തു കൊടുത്തിരുന്നു. ക്ഷീണം മാറി ഉന്മേഷം ലഭിക്കാനായി വഴിയാത്രക്കാരും ഈ പഴം കഴിച്ചിരുന്നു. ഗർഭം ധരിക്കാത്ത സ്ത്രീകൾക്ക് ഇതിന്റെ കഷായം നാട്ടുവൈദ്യന്മാർ നൽകിയിരുന്നു. വിരശല്യത്തിനു കഷായമാക്കി കുട്ടികൾക്കു നൽകിയിരുന്നതായും കേട്ടിട്ടുണ്ട്. ശ്രീശലകൻ ശലഭം മുട്ടയിട്ടു വംശവർധന സാധിക്കുന്നത് ഈ സസ്യത്തിന്റെ ഇലകളിലാണ്. പൊട്ടാസ്യം, ധാതുലവണങ്ങൾ, ഇരുമ്പ് എന്നിവയും ചെറു മൂലകങ്ങളും ചേർന്ന ഈ ഔഷധപ്പഴം മറവിയിലേക്കു പോകാതെ സംരക്ഷിക്കാൻ കഴിയണം.