ദിവസവും സംസ്കരിക്കുന്നത് 50,000 തേങ്ങ; കർഷകർക്ക് എന്നും അധികവില ഉറപ്പ്; അഞ്ചരക്കണ്ടി ബാങ്ക് മുത്താണ്
Mail This Article
ദിവസേന ശരാശരി അരലക്ഷം നാളികേരം സംസ്കരിക്കുക. അതിൽനിന്ന് വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തേങ്ങാപ്പാൽ ക്രീം വിർജിൻ കോക്കനട്ട് ഓയിൽ, ബേബി മസാജ് ഓയിൽ, കോക്കനട്ട് ചിപ്സ്, ചിരകിയ തേങ്ങ, സോഫ്റ്റ് ഡ്രിങ്ക്, വിളക്കെണ്ണ എന്നിവ വിപണിയിലെത്തിക്കുക– കണ്ണൂർ ചക്കരക്കല്ലിലെ അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സഹകാരി നാളികേര സംസ്കരണശാല ഒന്നു വേറെതന്നെ. 2016ൽ 16 കോടി രൂപ മുടക്കി സ്ഥാപിച്ച ഈ ഫാക്ടറി മൂല്യവർധനയുടെ സാധ്യതകൾ കർഷകരിലെത്തിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരുന്നു.
വിപണിവിലയേക്കാൾ കിലോയ്ക്ക് കുറഞ്ഞതു രണ്ടു രൂപ അധികം നൽകിയാണ് ഇവിടെ പച്ചത്തേങ്ങ സംഭരിക്കുന്നത്. മൂല്യവർധനയും വൈവിധ്യവൽക്കരണവുമുള്ളതുകൊണ്ടാണ് ഇതു സാധിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സി.അനീഷ് ബാബു ചൂണ്ടിക്കാട്ടി. മൂന്നു ലക്ഷ്യങ്ങളാണ് സഹകാരി ഫാക്ടറിയിലൂടെ ബാങ്ക് നേടിയതെന്ന് അദ്ദേഹം പറഞ്ഞു.
1. കർഷകരുടെ നാളികേരത്തിനു ന്യായവില.
2. ഉപഭോക്താക്കൾക്ക് നിലവാരമുള്ള വെളിച്ചെണ്ണയും മറ്റ് നാളികേര ഉൽപന്നങ്ങളും.
3. പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ.
പുറമേ നിന്ന് കൊപ്ര വാങ്ങാതെയാണ് ഈ ഫാക്ടറിയിലെ വെളിച്ചെണ്ണ നിർമാണം. കർഷകരിൽനിന്ന് പച്ചത്തേങ്ങ വാങ്ങി കൊപ്രയാക്കി ഉപയോഗിക്കുന്നതുമൂലം വെളിച്ചെണ്ണയിൽ സൾഫറിന്റെ സാന്നിധ്യത്തിനുള്ള സാധ്യത പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതായി അനീഷ് ചൂണ്ടിക്കാട്ടി. നിലവാരമുള്ള നാളികേരം തിരഞ്ഞെടുത്ത് 12 മണിക്കൂർ ഡ്രയറിൽ ഉണക്കുന്നു. ഒരു ലക്ഷം നാളികേരം 24 മണിക്കൂറിനകം കൊപ്രയാക്കാൻ സാധിക്കുന്ന വമ്പൻ ഡ്രയറാണ് ഇവർക്കുള്ളത്. ഉണങ്ങിയ നാളികേരം ചിരട്ട പൊട്ടിച്ച് കൊപ്ര വേർതിരിക്കുന്നു. തുടർന്ന് നിലവാരം ഉറപ്പാക്കിയ കൊപ്ര വെളിച്ചെണ്ണ നിർമാണത്തിനും ബാക്കി വിളക്കെണ്ണ നിർമാണത്തിനുമായി വേർതിരിക്കും. പാക്കറ്റുകളായും കുപ്പികളിലും സഹകാരി വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രമല്ല കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ബെംഗളൂരു, ന്യൂഡൽഹി, മുംബൈ നഗരങ്ങളിലും ഇവർ വിപണി കണ്ടെത്തിക്കഴിഞ്ഞു.
തേങ്ങാപ്പാലാണ് സഹകാരി ഫാക്ടറിയിൽനിന്നുള്ള മറ്റൊരു സവിശേഷ ഉൽപന്നം. ചിരട്ടയും പുറന്തൊലിയുമൊക്ക നീക്കി പൊടിച്ചശേഷമാണ് ഇവിടെ പാൽ പിഴിയുന്നത്. പിന്നീട് ചൂടാക്കി അണുനശീകരണം ഉറപ്പാക്കിയശേഷം റിട്ടോർട്ട് പായ്ക്കിങ് നടത്തി വിപണിയിലെത്തിക്കുന്നു. റിട്ടോർട്ടിങ് പൂർത്തിയാക്കിയ ഓരോ ബാച്ചും രണ്ടാഴ്ചയോളം സൂക്ഷിച്ചുവച്ച് ലാബ് പരിശോധനകൂടി പൂർത്തിയാക്കിയശേഷം മാത്രമാണ് വിപണികളിലെത്തിക്കുക. റിട്ടോർട്ട് പായ്ക്ക് ചെയ്യുന്നതിനാൽ അന്തരീക്ഷ ഊഷ്മാവിൽ തേങ്ങാപ്പാൽ കേടാകാതെയിരിക്കുമെന്ന് ഫാക്ടറി മാനേജർ സന്ദീപ് പറഞ്ഞു. നിലവിൽ ഒരു ലീറ്റർ, അര ലീറ്റർ, 200 മില്ലി പായ്ക്കറ്റുകളായാണ് തേങ്ങാപ്പാൽ വിൽക്കുന്നത്. കണ്ണൂരിൽ മാത്രമല്ല, ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിലും സഹകാരി തേങ്ങാപ്പാലിന് ഉപഭോക്താക്കളുണ്ട്.
പ്രതിദിനം ഒരു ലക്ഷം തേങ്ങ സംസ്കരിക്കാൻ ശേഷിയുള്ളതിനാൽ എത്ര തേങ്ങ വേണമങ്കിലും സംസ്കരിക്കാമെന്ന ആത്മവിശ്വാസം ബാങ്ക് അധികൃതർക്കുണ്ട്. അൻപതു തേങ്ങയുള്ള കർഷകർക്കും അയ്യായിരം തേങ്ങയുള്ളവർക്കും പൊതിച്ച തേങ്ങായുമായി ഏതുസമയത്തും ഇവിടേക്കു കടന്നുവരാമെന്നു സാരം. തിരികെ പോകുമ്പോൾ സഹകാരി ചില്ലറ വിൽപനശാലയിൽ നിന്ന് ഉന്നതനിലവാരമുള്ള വെളിച്ചെണ്ണയും ചിപ്സുമൊക്കെ വീട്ടിലെത്തിക്കുകയുമാവാം.
നാളികേരസംസ്കരണശാലയ്ക്കു പുറമെ 5 വളം ഡിപ്പോകൾ, കർഷകസേവനകേന്ദ്രം, നഴ്സറി എന്നിവയും ബാങ്ക് കൃഷിക്കാർക്കായി നടത്തുന്നുണ്ട്.
ഫോൺ: 9037538400