പ്രകൃതിയോട് സല്ലപിച്ചാൽ സൗഖ്യം! അടുക്കളത്തോട്ടം ഒരു ആശുപത്രികൂടിയാണ്
Mail This Article
പ്രകൃതിയോട് സല്ലപിച്ചു നേടുന്ന സൗഖ്യം എന്ന് സാമാന്യമായി ഹോർട്ടികൾച്ചർ തെറപ്പിയെക്കുറിച്ചു പറയാം. അടുക്കളത്തോട്ടവും പൂന്തോട്ടവുമൊക്കെ പരിപാലിക്കുന്നവർ അതവർക്കു നൽകുന്ന സന്തോഷത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ടല്ലോ. അതു വാസ്തവം തന്നെ. മനസ്സിനും ശരീരത്തിനും ഊർജവും ഉന്മേഷവും പകരുന്ന പ്രകൃതിയെ ചികിത്സാമാർഗത്തിലേക്കു ചേർത്തു നിർത്തുകയാണ് ഹോർട്ടികൾച്ചർ തെറപ്പിയിലൂടെ.
മനുഷ്യരുടെ സ്വഭാവ, പെരുമാറ്റങ്ങളിൽ കൃഷിയും പൂന്തോട്ടപരിപാലനവുംകൊണ്ടു സൃഷ്ടിക്കാവുന്ന മാറ്റങ്ങൾ ചെറുതല്ല എന്ന് ഹോർട്ടികൾച്ചർ തെറപ്പി തെളിയിക്കുന്നു. വ്യത്യസ്ത ശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ചുള്ള ശാസ്ത്രീയ സമീപനത്തിലൂടെയാണതു സാധ്യമാക്കുന്നത്. ചികിത്സാരീതി എന്ന നിലയിൽ ഹോർട്ടികൾച്ചർ തെറപ്പി മികച്ച ഗുണം ചെയ്യുന്ന ചില ജീവിതാവസ്ഥകളും സന്ദർഭങ്ങളുമുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും ലോകമാകെ അംഗീകരിക്കപ്പെട്ടതുമായ വസ്തുതയാണിത്.
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നമനത്തിന് ഹോർട്ടികൾച്ചർ തെറപ്പി വഴിതെളിക്കുമെന്ന് അമേരിക്കൻ ഹോർട്ടികൾച്ചർ തെറപ്പി അസോസിയേഷൻ വ്യക്തമാക്കുന്നു. ചെടികളെ പരിപാലിക്കുന്നതിലൂടെ തലച്ചോറിൽ ലഭിക്കുന്ന ഉദ്ദീപനങ്ങൾ മാനസിക ശാരീരിക പ്രശ്നങ്ങൾ ശമിപ്പിക്കാൻ സഹായകമാവുമെന്ന കണ്ടെത്തലാണ് ഇന്ന് ഹോർട്ടികൾച്ചർ തെറപ്പിക്ക് കൂടുതൽ സ്വീകാര്യത നൽകുന്നത്. ഒരു ചികിത്സാരീതി എന്ന നിലയിൽ ഇത് സ്വീകരിക്കേണ്ടത് പക്ഷേ പരിശീലനം സിദ്ധിച്ച ഒരു പരിശീലകന്റെ മേൽനോട്ടത്തിലാണ്. ഇത്തരം പരിശീലന പ്രവർത്തനങ്ങൾക്ക് ഇന്നു ലോകമെങ്ങും പ്രോത്സാഹനവും അംഗീകാരവും ലഭിക്കുന്നുമുണ്ട്.
അൽപം ചരിത്രം
പുരാതന മെസപ്പെട്ടേമിയൻ സംസ്കാരത്തിന്റെ കാലത്തുതന്നെ ഉദ്യാനങ്ങൾക്ക് പ്രാധാന്യവും പ്രചാരവുമുണ്ടായിരുന്നു. പുരാതന ഈജിപ്തിലെ വൈദ്യന്മാർ രോഗികളോട് മാനസിക സ്വാസ്ഥ്യത്തിനായി പൂന്തോട്ടത്തിൽ സമയം ചെലവിടാൻ നിർദേശിച്ചിരുന്നത്രെ. മാനസികാരോഗ്യത്തിന് അന്നേ വലിയ പ്രാധാന്യം നൽകിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അമേരിക്കൻ സൈക്യാട്രിയുടെ പിതാവ് എന്നു വിളിക്കപ്പെടുന്ന ഡോ. ബഞ്ചമിൻ റഷ് ആണ് ഹോർടികൾച്ചർ തെറപി ഒരു ശാസ്ത്രീയ ചികിത്സാമാർഗം എന്ന നിലയിൽ മാനസിക ചികിത്സയിൽ ആദ്യമായി പരീക്ഷിച്ചത്. പെൻസിൽവാനിയ സർവകലാശാലയിലെ പ്രഫസറായിരുന്നു ഡോ. ബെഞ്ചമിൻ റഷ്.
ഈ കണ്ടെത്തലോടെ പാശ്ചാത്യരാജ്യങ്ങളിൽ ഹോർട്ടികൾച്ചർ തെറപ്പി ഒരു പഠനശാഖ എന്ന നിലയിലും ചികിത്സാശാഖ എന്ന നിലയിലും വളർച്ച നേടാൻ തുടങ്ങി. ഡോ. ബെഞ്ചമിൻ റഷ് മാനസിക ചികിത്സയിലാണ് ഹോർട്ടികൾചർ തെറപ്പിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതെങ്കിൽ ശാരീരിക സൗഖ്യത്തിനു കൂടി അതു വഴിതെളിക്കുമെന്നു പിൽക്കാലത്തു ബോധ്യപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധം നൽകിയ പരിക്കുകളും മാനസിക ക്ലേശങ്ങളുംകൊണ്ടു വലഞ്ഞ സൈനികർക്ക് ആശ്വാസമേകാൻ ഹോർട്ടികൾച്ചർ തെറപ്പി പ്രയോജനപ്പെടുത്തുകയുണ്ടായി. പ്രചാരവും സ്വീകാര്യതയും വർധിച്ചതോടെ മിഷിഗൺ േസ്റ്ററ്റ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി ഹോർട്ടികൾച്ചർ തെറപ്പിയിൽ ബിരുദപഠന കോഴ്സുതന്നെ തുടങ്ങുകയും ചെയ്തു. 1950–60 കാലഘട്ടത്തോടെ പല ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ പഠനശാഖയിൽ ബിരുദ കോഴ്സുകൾ തുടങ്ങാൻ താൽപര്യമെടുത്തു. ഇന്ന് ലോകത്തിലെ ഒട്ടേറെ രാജ്യങ്ങളിൽ പഠനശാഖ എന്ന നിലയിലും ചികിത്സാശാഖ എന്ന നിലയിലും ഹോർട്ടികൾച്ചർ തെറപ്പി വലിയ പുരോഗതി കൈവരിച്ചു കഴിഞ്ഞു.
കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ കമ്യൂണിറ്റി സയൻസ് വിഭാഗം ഈ രംഗത്ത് ഒട്ടേറെ പഠനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടേത് ഉൾപ്പെടെ വിവിധ സ്കൂളുകളിൽ ഹോർട്ടികൾച്ചർ തെറപ്പിക്ക് ഉതകുന്ന ഉദ്യാനങ്ങൾ സ്ഥാപിച്ചുള്ള പ്രവർത്തനങ്ങളാണ് അവയിലൊന്ന്. ഒരു ചികിത്സാരീതി എന്ന നിലയിൽ ഹോർട്ടികൾച്ചർ തെറപ്പി പ്രയോഗിക്കുമ്പോൾ അതിന് അനുരൂപമായ ഉദ്യാനങ്ങളും ആവശ്യമായി വരും. അതല്ലെങ്കിൽ നിലവിലുള്ള ഉദ്യാനത്തെ ചികിത്സാലക്ഷ്യത്തിന് ഉതകും വിധം ക്രമീകരിക്കണം.
ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന ഉദ്യാനങ്ങൾ അവരുടെ ശാരീരിക, മാസസിക പരിമിതികളെ ഉൾക്കൊള്ളും വിധമാകും തയാറാക്കുക. വൃദ്ധജനങ്ങൾക്കു വേണ്ടിയുള്ളതാവുമ്പോൾ അവർക്ക് അധികം ആയാസമില്ലാതെ കൃഷിപ്പണികൾ ചെയ്യാനാവും വിധമാകും തോട്ടങ്ങളുടെ ക്രമീകരണം. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് കൃഷിപ്പണികൾ ചെയ്യണമെങ്കിൽ ചട്ടികളും തടങ്ങളും അതിന് അനുസരിച്ച് ഉയർത്തി സ്ഥാപിക്കണമല്ലോ. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെയാണ് ചികിത്സാരീതി എന്ന നിലയിൽ ഹോർട്ടികൾച്ചർ തെറപ്പി പ്രയോഗിക്കുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ജീവിതാവസ്ഥയെ ഒരളവോളം മെച്ചപ്പെടുത്താനും ഹോർട്ടികൾച്ചർ തെറപ്പിയിൽ ഊന്നിയുള്ള അവരുടെ കാർഷിക പ്രവർത്തനങ്ങൾക്കു കഴിയും.
കുട്ടികൾക്കും മുതിർന്നവർക്കും
ചികിത്സാരീതി എന്ന നിലയിൽ ഹോർട്ടികൾച്ചർ തെറപ്പി ഇന്നു പ്രാധാന്യം കൈവരിക്കുന്നുണ്ടെന്നു പറഞ്ഞല്ലോ. എന്നാൽ കൃത്യമായ ഫലം ലക്ഷ്യമിട്ടുള്ള ചികിത്സാമാർഗം എന്ന നിലയ്ക്കല്ലാതെതന്നെ, അടുക്കളത്തോട്ടം പരിപാലിക്കുന്നവരുടെ കാര്യത്തിൽ ഒരളവോളം ഹോർട്ടികൾച്ചർ തെറപ്പി സംഭവിക്കുന്നുണ്ട് എന്നതാണു വാസ്തവം. ഇന്നത്തെ തിരക്കേറിയ ജീവിതയാത്രയിൽ അൽപനേരം ചെടികളോടും പൂക്കളോടും ചേർന്നു നിൽക്കുന്നത് നമുക്കൊക്കെ സൗഖ്യവും സന്തോഷവും നൽകുന്നുണ്ട് എന്നതിൽ സംശയമില്ലല്ലോ. അടുക്കളത്തോട്ടം കുടുംബത്തിനു സമ്മാനിക്കുന്ന അധിക നേട്ടവും അതുതന്നെ.
ലോക്ഡൗൺ കാലത്ത് വിശേഷിച്ചും കോവിഡ് കാലത്ത് പൊതുവെയും അടുക്കളത്തോട്ടത്തിന് നമ്മുടെ നാട്ടിൽ വലിയ പ്രാധാന്യവും പ്രചാരവും കൈവന്നു. അടച്ചുപൂട്ടലിന്റെ മാനസിക സമ്മർദവും പകർച്ചവ്യാധിഭീതിയുമെല്ലാം ഒരളവോളം മറികടക്കാൻ കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള കൃഷിയും പരിപാലനവും സഹായകമായി മാറി. നല്ല ഭക്ഷണവും നല്ല ശാരീരിക– മാനസികാരോഗ്യവും അതുവഴി കൈവന്നർ ഏറെ.
അടുക്കളത്തോട്ടം നിർമിക്കുന്നതും പരിപാലിക്കുന്നതും അത്ര അധ്വാനമേറിയ കാര്യമല്ലല്ലോ. കുടുംബാംഗങ്ങൾ എല്ലാവരും അടുക്കളത്തോട്ട പരിപാലനത്തിൽ ഏർപ്പെടുന്നത് കുടുംബത്തിന്റെ മൊത്തം ശാരീരിക, മാനസികാരോഗ്യം വർധിപ്പിക്കുകകൂടി ചെയ്യുന്ന സാഹചര്യത്തിൽ ലഭ്യമാകുന്ന വിശ്രമസമയം അതിനായി ചെലവിടാൻ ശ്രമിക്കണം.
കുട്ടികളെ കൃഷിയിലും പൂന്തോട്ട പരിപാലനത്തിലും പങ്കാളികളാക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ദേഷ്യവും സങ്കടവുംപോലുള്ള വികാരങ്ങൾ നിയന്ത്രിക്കാനും പേശീബലം കൂടാനും ശാരീരികക്ഷമത വർധിക്കാനുമെല്ലാം കൃഷി കുട്ടികളെ സഹായിക്കും. സ്കൂളുകളിലും കലാലയങ്ങളിലും കൂട്ടുകാരൊന്നിച്ച് കാർഷികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുട്ടികളുടെ ആത്മവിശ്വാസവും സാമൂഹിക ഇടപെടൽ ശേഷിയും വർധിപ്പിക്കുമെന്നതിൽ സംശയമില്ല.
കുടുംബത്തിനൊപ്പം അടുക്കളത്തോട്ടത്തിൽ സമയം ചെലവിടുന്ന കുട്ടികൾ ആരോഗ്യകരമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾകൂടി അവനറിയാതെ സ്വായത്തമാക്കുകയാണ് എന്ന് മാതാപിതാക്കൾ മനസ്സിലാക്കുക. പ്രകൃതിയെ നിരീക്ഷിക്കാനും അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കാനും ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ നോക്കാനും അടുക്കളത്തോട്ടത്തിൽ ചെലവിടുന്ന അൽപ നേരം അവരെ പ്രാപ്തരാക്കും. എല്ലാറ്റിലുമുപരി കുടുംബബന്ധം കൂടുതൽ ഊഷ്മളമാവുകയും ചെയ്യും.
അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും അടുക്കളത്തോട്ടങ്ങൾ നിർമിച്ചാൽ മാത്രം പോരാ, ഓരോ കൃഷിപ്പണിയിലും വീട്ടിലെ കുട്ടികളെ പങ്കാളികളാക്കുകയും വേണം. ഇന്നു നമ്മുടെ കുട്ടികൾക്ക് ശാരീരിക അധ്വാനം തീരെ കുറവാണെന്ന് ഓർക്കണം. അമിതവണ്ണമുള്ളവർ ഏറെയുണ്ടുതാനും. പലരും ഉദാസീനമായി സമയം ചെലവിടുന്നവരുമാണ്. ഇതിനെല്ലാം പരിഹാരമാകും അടുക്കളത്തോട്ടത്തിലെ ലഘുവായ അധ്വാനം. അവരുടെ ഭക്ഷണശീലത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കാനും അടുക്കളത്തോട്ടം ഗുണം ചെയ്യുമെന്നു തീർച്ച.
വാർധക്യം പലർക്കും വിരസതയുടെയും ഒറ്റപ്പെടലിന്റെയും അനുഭവമായി മാറുന്നുണ്ട് ഇന്ന്. സാമൂഹിക ഇടപെടലുകൾ കുറയുകയും ആരോഗ്യം ദുർബലമാകുകയും ചെയ്യുമ്പോൾ പലരുടെയും ജീവിതം മുറിയിലോ ഏറിവന്നാൽ മുറ്റത്തോ ഒതുങ്ങിപ്പോകുന്ന സ്ഥിതി. മക്കൾ ജോലിക്കും കൊച്ചുമക്കൾ പഠനത്തിനുമായി പോകുന്നതോടെ ഏകാന്തതയുടെ പിടിയിലാവും അവർ. വെറുതെ ഇരിപ്പ് അവരുടെ ശാരീരിക മാനസികാരോഗ്യത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും. അവരുടെ ഊർജവും ഉന്മേഷവും ഉത്സാഹവും നിലനിർത്താൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് വീട്ടിലൊരു അടുക്കളത്തോട്ടംതന്നെ. ഇന്ന് നമ്മുടെ പല വീടുകളും ഈ സാധ്യത ഫലപ്രദമായി വിനിയോഗിക്കുന്നുമുണ്ട്. വാർധക്യത്തിലും ജീവിതത്തെ കൂടുതൽ പ്രസാദാത്മകമായി നോക്കിക്കാണാൻ അതവരെ സഹായിക്കുന്നുമുണ്ട്.
വ്യായാമം യാന്ത്രികമായി ചെയ്യുന്നതും ആസ്വദിച്ചു ചെയ്യുന്നതും തമ്മിൽ തീർച്ചയായും വ്യത്യാസമുണ്ട്. രണ്ടാമത്തെ ഗണത്തിൽപ്പെടും കൃഷിയിലൂടെ ലഭിക്കുന്ന വ്യായാമം. അതായത് ആസ്വദിച്ചു ചെയ്യുന്ന വ്യായാമം. കൃഷിക്കും പൂന്തോട്ട പരിപാലനത്തിനും ലഘുവായ അധ്വാനം ആവശ്യമാണ്. ദിവസവും രാവിലെയും വൈകിട്ടും അൽപ നേരം കൃഷിപ്പണികൾ ചെയ്യുന്നത് നാമറിയാതെ തന്നെ ചെയ്യുന്ന വ്യായാമമായി മാറും.
വൃദ്ധജനങ്ങൾക്കു മാത്രമല്ല കുടുംബത്തിനൊന്നാകെയുള്ള വ്യായാമവേളയായി മാറുന്നു അടുക്കളത്തോട്ട പരിപാലനം. ക്രമേണ പല ശാരീരിക, മാനസിക വൈഷമ്യങ്ങൾക്കും ആശ്വാസം ലഭിക്കുകയും ചെയ്യും. ചുരുക്കത്തിൽ, ജീവിതത്തിനാകെ ഊർജം നൽകും നമ്മുടെ സ്വന്തം അടുക്കളത്തോട്ടം.
തയാറാക്കിയത്
ഡോ. ജി.കെ. ബേല, അസോസിയേറ്റ് പ്രഫസർ, കമ്യൂണിറ്റി സയൻസ് വിഭാഗം, കാർഷിക കോളജ്, വെള്ളായണി
ബബ്‌ലു ബ്ലെസി ബോബൻ, പ്രൊജക്ട് ഫെലോ, കമ്യൂണിറ്റി സയൻസ് വിഭാഗം, കാർഷിക കോളജ്, വെള്ളായണി