മത്തിക്കഷായമല്ല, ഇത് മത്സ്യക്കഷായം; ആന്ധ്രക്കാരുടെ ഫിഷ് അമിനോ നിർമാണം ഇങ്ങനെ
Mail This Article
ജൈവ, പ്രകൃതി കൃഷി രീതികളിൽ പ്രധാനമായും ചെടികളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന പോഷക ലായനിയാണ് മത്സ്യക്കഷായം അഥവാ ഫിഷ് അമിനോ ആസിഡ്. മത്സ്യവും ശർക്കരയും ചേർത്ത് തയാറാക്കുന്ന ഈ ലായനി ചെടികൾക്ക് ഏറെ ഗുണപ്രദമാണ്. എന്നാൽ, നമ്മുടെ നാട്ടിൽ പൊതുവേ മത്തിയാണ് ഈ ലായനി തയാറാക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, ആന്ധ്രയിൽ മത്തി ഉപയോഗിക്കുന്ന രീതിയില്ല. പകരം, പണച്ചെലവില്ലാത ലഭ്യമാകുന്ന മത്സ്യാവശിഷ്ടങ്ങളാണ് (തല, മുള്ള്, തൊലി, ചിറകുകൾ, ആന്തരികാവശിഷ്ടങ്ങൾ) ഫിഷ് അമിനോ ആസിഡ് തയാറാക്കാൻ ഉപയോഗിക്കുന്നത്. അവിടെ ഏറെ ഡിമാൻഡ് ഉള്ള മത്സ്യമായ വാളയുടെ അവിഷ്ടങ്ങളാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നതെന്നാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷിയിടങ്ങൾ സന്ദർശിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത്.

ശുദ്ധജല മത്സ്യമോ സമുദ്രമത്സ്യമോ ഇത് നിർമിക്കാനായി ഉപയോഗിക്കാം. തുല്യ അളവിൽ മത്സ്യാവശിഷ്ടവും ശർക്കരയും എടുക്കുക. ഒരു ബക്കറ്റിലേക്ക് രണ്ടും നിക്ഷേപിച്ച് നന്നായി ഇളക്കിച്ചേർക്കുക. ഒരു തുണികൊണ്ട് വാവട്ടം കെട്ടിവയ്ക്കാം. ദിവസം ഇളക്കിക്കൊടുക്കുന്നത് നല്ലത്. മത്സ്യാവശിഷ്ടങ്ങൾ ദ്രവിച്ചുകഴിഞ്ഞാൽ ലായനി ഉപയോഗിക്കാനായി എടുക്കാം.
ചെടികളുടെ വളർച്ചയും വലുപ്പവും വർധിപ്പിക്കാൻ ഒരു വളർച്ചാത്വരകമായി ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കാം. നൈട്രജൻ ആവശ്യമുള്ള ഘട്ടത്തിലാണ് ഇത് പ്രധാനമായും നൽകേണ്ടത്. ഒരു ലീറ്റർ വെള്ളത്തിൽ 1 മി.ലീ. നേർപ്പിച്ചശേഷം ഫോളിയാർ രീതിയിലാണ് പ്രയോഗിക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ചെടികളിൽ തളിക്കുന്നതാണ് അഭികാമ്യം.