പപ്പായകളിൽ മുന്നിൽ റെഡ് ലേഡി; വരുമാനം മാത്രമല്ല, ഗുണത്തിലും മുന്നിലാണ് ഈ ഇത്തിരിക്കുഞ്ഞൻ

Mail This Article
ഒരു പപ്പായ മരം പോലുമില്ലാത്ത അടുക്കളത്തോട്ടം നമ്മുടെ നാട്ടിലുണ്ടാവില്ല. നാടൻ പപ്പായകളിൽനിന്നു മാറി ബൈബ്രിഡ് ഇനമായ റെഡ് ലേഡി പപ്പായ ഇന്ന് പല തോട്ടങ്ങളിലും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. അതിന്റെ വലുപ്പവും ഭംഗിയും മാത്രം കണ്ടുകൊണ്ടല്ല ഇത് മറ്റിനം പപ്പായകളെ അപേക്ഷിച്ച് ദിവസങ്ങളോളം കേടുകൂടാതെയിരിക്കും എന്നതാണ് കർഷകർ റെഡ് ലേഡിയിലേക്ക് തിരിയാൻ കാരണം.
നടീൽ വസ്തു
വിത്തു തന്നെയാണ് നടീൽ വസ്തു. ഹൈബ്രിഡ് വിത്തുകൾ വാങ്ങി നടണം. എങ്കിൽ മാത്രമേ അതിന് യഥാർഥ റെഡ് ലേഡിയുടെ രുചിയും ഗുണങ്ങളും കിട്ടൂ.
നടേണ്ട രീതി
മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ യോജിപ്പിച്ച് പോളിത്തീൻ കവറുകളിൽ നിറച്ച് വിത്തുകൾ പാകാം. രണ്ടാഴ്ചയ്ക്കുള്ളിൽ മുളച്ചു തുടങ്ങും. രണ്ടു മാസം പ്രായമായ തൈകൾ മാറ്റി നടാം.
നടേണ്ട രീതീ
സൂര്യപ്രകാശം നന്നായി ലഭ്യമാകുന്ന സ്ഥലം തിരഞ്ഞെടുക്കണം. തൈകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണം (വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ). അപ്പോൾ പപ്പായ മരം ഉയരം വയ്ക്കില്ല.
നടീൽ മിശ്രിതം
ഒരു മീറ്റർ നീളവും വീതിയുമുള്ള കുഴികളിൽ കുമ്മായം, ഉണക്കിപ്പൊടിച്ച ചാണകം, എല്ലുപൊടി, കുറച്ചു മണ്ണിര വളം, വേരു ചീയാതിരിക്കാൻ അൽപം വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി നിക്ഷേപിച്ച് മണ്ണിളക്കിയെടുക്കണം. തയാറാക്കിയ തൈ വേരിളക്കാതെ 45 ഡിഗ്രി ചെരിച്ച് നടാം. ഇത് ചെടി വളർന്നു വരുമ്പോൾ ചുവടിന് ബലമുണ്ടാകാൻ സഹായിക്കും. നീർവാർച്ചയുള്ള മണ്ണായിരിക്കണം. വെള്ളം കെട്ടിനിൽക്കാൻ പാടില്ല. കാരണം, വെള്ളം കൂടിയാൽ പപ്പായയുടെ വേര് പെട്ടെന്ന് അഴുകും. നന ആവശ്യത്തിന് മതി. മറ്റു വലിയ പരിചരണമാവശ്യമില്ല. മൂന്നു മാസമാകുമ്പോൾ പപ്പായ കായ്ച്ചു തുടങ്ങും. ഒരു പപ്പായയിൽനിന്ന് ഒന്നരക്കൊല്ലം നന്നായി വിളവ് ലഭിക്കും.
കീടാക്രമണം
നീരൂറ്റികുടിക്കുന്ന പ്രാണികൾ, വൈറസ് രോഗങ്ങൾ, മൊസേക്ക് രോഗങ്ങൾ, മഞ്ഞളിപ്പ് ഇവയാണ് അപൂർവമായെങ്കിലും കാണപ്പെടുന്നത്. വൈറസ് രോഗങ്ങൾ വന്ന ചെടികൾ പിഴുതു മാറ്റി തീയിട്ട് നശിപ്പിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഇടയ്ക്കിടെ തളിച്ചു കൊടുക്കുന്നത് വെള്ളീച്ചയേയും
മറ്റു പ്രാണികളേയും നശിപ്പിക്കും. ഇളനീരിൽ സ്യൂഡോമൊണാസ് കലർത്തി തളിച്ചു കൊടുക്കുന്നതും നല്ലതാണ്.
വരുമാനം മാത്രമല്ല
വരുമാനത്തിലുപരി പപ്പായ വീട്ടിൽ വളർത്തുന്നത് ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധി കൂടിയാണിത്.
മുഖക്കുരു, എണ്ണമയമുള്ള ചർമമുള്ളവർക്ക് പപ്പായ ഫെയ്‍സ് പായ്ക്ക് ഗുണകരമാണ്.
ഇല ഉണക്കിപ്പൊടിച്ച് സൗന്ദര്യവർധക വസ്തുവായും കുരു ഉണക്കിപ്പൊടിച്ച് ആരോഗ്യപ്രശ്നങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. രക്തത്തിലെ പ്ലേറ്റ്ലറ്റ് കൂടുന്നതിന് പപ്പായയുടെ തളിരില ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് കഴിക്കാറുണ്ട്.
റബർ ടാപ്പിങ് പോലെ പപ്പായ ടാപ്പിങ്
മലപ്പുറം ജില്ലയിൽ പപ്പായയിൽ ടാപ്പിങ് നടത്തി കറ താഴെ വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ ശേഖരിക്കുന്നു. ഒരു മരത്തിൽനിന്ന് 200 മുതൽ 300 മില്ലി വരെ കറ ലഭിക്കുന്നു. മരുന്ന്, സൗന്ദര്യ വർധക വസ്തുക്കൾ, റെഡിമെയ്ഡ് ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള വസ്തുക്കളുടെ നിർമാണത്തിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ഊർജദായകം പപ്പായ ജ്യൂസ്
പഴുത്ത റെഡ് ലേഡി പപ്പായ കൊണ്ട് ഒരു ഫ്രഷ് ജ്യൂസ് തയാറാക്കാം.
പപ്പായ കഷണങ്ങളാക്കിയത് ഒരു കപ്പ്.
ഒരു ഗ്ലാസ് കാച്ചിയ പാൽ.
പഞ്ചസാര ആവശ്യത്തിന്.
ഇവയെല്ലാം കൂടി മിക്സിയിൽ അടിച്ച് അൽപം ഏലക്കാപ്പൊടി കൂ ടി ചേർക്കുക. ജ്യൂസ് റെഡി.