വേനൽപച്ചക്കറികൾക്ക് മണ്ഡരിശല്യം; ചൂർണ പൂപ്പലും മൃദുരോമപൂപ്പലും വ്യാപിക്കുന്നു: ചെയ്യേണ്ട പ്രതിരോധമുറകൾ

Mail This Article
വേനൽക്കാല പച്ചക്കറികളിൽ മണ്ഡരിശല്യം ഈ വർഷം കൂടുതലായി കാണുന്നു. മണ്ഡരികളുടെ എതിർ പ്രാണികൾ മിക്കവയും വിവേചനരഹിതമായ കീടനാശിനിപ്രയോഗത്തിൽ നശിക്കുന്നതും പകല്‍സമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും ഇവ പെറ്റുപെരുകുന്നതിനും ആക്രമണം വ്യാപകമാകുന്നതിനും വഴിയൊരുക്കുന്നു.
വെള്ളീച്ചകളും വ്യാപകം. അവയെ മഞ്ഞക്കെണി വച്ച് കുടുക്കാം. മഞ്ഞക്കെണി വിപണിയില്‍ കിട്ടും. സ്വന്തമായി തയാറാക്കുകയും ചെയ്യാം. ഇതിനായി കടും മഞ്ഞ നിറമുള്ള പ്ലാസ്റ്റിക്കിലോ കടും മഞ്ഞനിറം പെയിന്റ് ചെയ്ത ടിൻ തകിടിലോ ഓട്ടമൊബീൽ ഷോപ്പിൽ കിട്ടുന്ന വൈറ്റ് ഗ്രീസ് (white grease) പുരട്ടി യാൽ മതി. ഇവ കൃഷിയിടത്തിന്റെ നാല് അതിരിലും 1.25–1.5 മീ. ഉയരത്തിൽ വയ്ക്കുക.
വഴുതന, പയർ, വെള്ളരിവർഗവിളകൾ എന്നിവയിൽ ചൂർണ പൂപ്പലും മൃദുരോമപൂപ്പലും വ്യാപിക്കുന്നതായി കാണുന്നു. ചൂർണപ്പൂപ്പൽ ആദ്യം ഇലകളുടെ മുകളിൽ വെളുത്ത പൊടിപോലെ കാണും. 2–3 ദിവസം കഴിയുമ്പോൾ ചാരനിറമാകുന്നു. മൃദുരോമപ്പൂപ്പൽ ഇലയുടെ അടിഭാഗത്താണു കാണുന്നത്. ഇവയുടെ ആക്രമണം മൂലം ഇല കരിയുകയും ഗണ്യമായ വിളനാശം ഉണ്ടാവുകയും ചെയ്യും. രണ്ട് കുമിളുകളുടെയും നിയന്ത്രണത്തിനു ബാസില്ലസ് സബ്ടിലിസ് 30 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ചേർത്ത ലായനി 4 ലീറ്ററിൽ ഒരു മില്ലി എന്ന കണക്കിൽ Non ionic adjuvant കൂടി ചേർത്തു സ്പ്രേ ചെയ്യണം. ഇലകളുടെ ഇരുവശത്തും തളിരിലകളിലും വീഴുന്നതുപോലെ തളിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. രോഗപ്രതിരോധത്തിന് മുൻകരുതലായി ബാസില്ലസ് സബ്ടിലിസ് പ്രയോഗം നടത്തുന്നതും നന്ന്. വൈകുന്നേരം വെള്ളരിവർഗവിളകളുടെ തടത്തിൽ നനയ്ക്കു ശേഷം ഇപിഎൻ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വേരു തിന്നുന്ന മത്തൻ വണ്ടിന്റെ പുഴുക്കളെ നശിപ്പിക്കും.