വേനൽച്ചൂടിലും കായ പിടിത്തം കൂട്ടാം; പുലാസനും റംബുട്ടാനും നൽകാം ഒരു ഗ്രാം മരുന്ന്

Mail This Article
32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പകൽ താപനില കൂടുമ്പോൾ പുലാസനിൽ പരാഗണം വളരെ കുറയുന്നതായി കാണാം. ആൺ റംബുട്ടാനില്ലാത്ത തോട്ടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇപ്പോൾ ഇവയുടെ പൂവ് ഉണ്ടാകുന്ന സമയത്ത് പകൽ താപനില 32 ഡിഗ്രിക്കു മുകളിലാണ്. ഫലമോ പരാഗണം നടക്കാതെ പൂവിന്റെ കതിർ കായില്ലാതെ നിൽക്കുന്നു.

ഉയർന്ന താപനിലയുള്ള സമയത്ത് പൂമ്പൊടി പൂവിലെ ആൺ ഭാഗത്തുനിന്ന് പുറത്തേക്ക് വരാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രശ്നത്തെ അതിജീവിക്കുന്നതിന് സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം നിരീക്ഷണം നടത്തുകയും ഇതിൽ കോപ്പർ (ചെമ്പ്) ഫലപ്രദമാണ് എന്ന് 10 വർഷത്തോളം മുൻപ് കാണുകയുണ്ടായി. തുടർന്ന് കോപ്പറിന്റെ ലഭ്യതയ്ക്കായി കോപ്പർ ഓക്സി ക്ലോറൈഡ് (COC) എന്ന കുമിൾ നാശിനി പൂവ് വിരിയാത്ത സമയത്ത് ചെയ്യുന്നത് കൊണ്ട് സാധിക്കും എന്നു കണ്ടെത്തി. ഇതിന്റെ ഡോസ് 1 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് non ionic adjuvant ചേർത്ത് സ്പ്രേ ചെയ്യുന്നതു വഴി സാധിക്കും (ഡോസ് ഒരിക്കലും കൂടരുത്. കൂടുതലായാൽ ചെടി നശിക്കാനിടയാകും). സ്പ്രേയിങ് നടത്തി കഴിയുമ്പോൾ കായ പിടുത്തം ഉണ്ടായത് ചിത്രത്തിൽനിന്നു തന്നെ കാണാം. ഈ പ്രശ്നവുമായി ബന്ധപ്പെട്ടിരുന്ന കർഷകർക്ക് ഈ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രയോഗിക്കുകയും അത് ഫലപ്രദമാണ് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇവരൊക്കെ തന്നെ കോപ്പർ സ്പ്രേ വളപ്രയോഗ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ചെറിയ കായ പൊഴിച്ചിൽ കുറയ്ക്കുന്നതിനു ജലസേചനം നടത്തുകയും അതോടൊപ്പം വെയിൽ ആറിയതിനു ശേഷം സ്യൂഡോമോണാസ് 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിന്റെ തെളി non ionic adjuvant ചേർത്ത് സ്പ്രേ ചെയ്യുന്നത് വഴി സഹായിക്കും.