ADVERTISEMENT

കർഷക മാർക്കറ്റിൽ താരമായി കടച്ചക്ക (ശീമച്ചക്ക). കഴിഞ്ഞ ദിവസം ഇലഞ്ഞി കാർഷിക ഉൽപാദക വിപണന സംഘത്തിൽ നടന്ന ലേലത്തിൽ കടച്ചക്ക കിലോയ്ക്ക് 132 രൂപയ്ക്കാണ് പോയത്. കീടനാശിനി ഉപയോഗിക്കാത്ത ഫലമാണ് എന്നതിനാൽ കടച്ചക്കകൾക്കു വലിയ ഡിമാൻഡാണ്. കഴിഞ്ഞ വർഷം കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു. നല്ലയൊരു കടപ്ലാവിൽ നിന്ന് നൂറു കിലോ വരെ വിളവ് ലഭിക്കും. വേനൽമഴ തുടങ്ങിയതോടെ കടച്ചക്കകൾ കൊഴിഞ്ഞു പോകുന്നത് വ്യാപകമാണ്.

കടച്ചക്ക ഉപയോഗിച്ച് രുചിയേറിയ വിവിധ തരം കറിക്കൂട്ടുകൾ തയാറാക്കാം എന്നതിനാൽ ചക്കകൾ ആവശ്യപ്പെട്ട് ആളുകൾ കടയിലെത്താറുണ്ടന്ന് കച്ചവടക്കാർ പറയുന്നു. മിക്കയിടത്തും കടച്ചക്ക വിളവെടുപ്പിന് പാകമായി വരുന്നതേയുള്ളൂ. നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്‌രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം. 

കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാന്നിധ്യം നാം കഴിക്കുന്ന ആഹാരത്തിൽനിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. ആഫ്രിക്കൻ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് കടച്ചക്ക കഴിക്കുന്നതിനെക്കാൾ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കഴിക്കുന്നതാണ് ഉത്തമം. 

kadachakka-1

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച്‌ഡിഎൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും. 

ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്‌രോഗങ്ങൾ അകറ്റാനും ഉത്തമമാണ്. 

ചില ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിന്റെ മരക്കറ ത്വക്‌രോഗങ്ങൾ ഉണ്ടാകാതിരിക്കാനായി ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

English Summary:

Breadfruit, a highly sought-after fruit in Kerala, is known for its numerous health benefits. Its versatility in cooking, coupled with its medicinal properties, contributes to high demand and price.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com