വാഴക്കുലയുമായി കോളജിലെത്തി അധ്യാപകൻ; വണ്ടറടിച്ചു വിദ്യാർഥികളും സഹപ്രവർത്തകരും

Mail This Article
പാഠപുസ്തകത്തിനു പകരം വാഴക്കുലയുമായി അധ്യാപകൻ കോളജിലെത്തി. സ്വന്തം കൃഷിയിടത്തിൽ നിന്നു വിളവെടുത്ത അഞ്ചരയടി നീളവും 62 കിലോ തൂക്കവുമുള്ള ഭീമൻ റോബസ്റ്റ വാഴക്കുലയുമായാണ് സിഎംഎസ് കോളജിലെ സുവോളജി അസി. പ്രഫ. ജോബിൻ മാത്യു കഴിഞ്ഞ ദിവസം കോളജിലെത്തിയത്.
അധ്യാപകന്റെ വാഴക്കുലയുമായുള്ള വരവിൽ വിദ്യാർഥികളും സഹപ്രവർത്തകരും വണ്ടറടിച്ചു. അധ്യാപകരും വിദ്യാർഥികളും മറ്റു ജീവനക്കാരും ചേർന്നു വാഴക്കുല കോളജിനുവേണ്ടി വാങ്ങി. മൂന്നു വർഷം മുൻപു കിടങ്ങൂരിലെ വഴിയോര കടയിൽ നിന്നാണു ഞാലിപ്പൂവൻ വാഴക്കുല വിത്തുകൾ ജോബിൻ വാങ്ങിയത്. ഇതിനൊപ്പം കയറിക്കൂടിയ റോബസ്റ്റ വിത്തിന്റെ മൂന്നാം തലമുറയിലാണ് 62 കിലോ തൂക്കമുള്ള കുല ലഭിച്ചത്. ആദ്യ തലമുറയിൽ 25 കിലോയും രണ്ടാം തലമുറയിൽ 45 കിലോയുമായിരുന്നു വാഴക്കുലകളുടെ തൂക്കം. കാര്യമായ വളപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നു ജോബിൻ പറയുന്നു. മികച്ച തൂക്കം ലഭിച്ച വാഴയിൽ നിന്നു ടിഷ്യുകൾചർ വിത്തുകളുടെ ഉൽപാദനം നടത്താനുള്ള ശ്രമവും ജോബിൻ ആരംഭിച്ചു.