വേര് കഴിക്കും ലാർവ, ഇലയും പൂവും കഴിക്കും വണ്ട്: ഇതാണ് റോസിനെ തിന്നുന്ന മേയ് മാസ വണ്ട്

Mail This Article
റോസ് ചെടിയിൽ ഇലയും തളിർഭാഗങ്ങളും തിന്നുതീർക്കുന്ന സെമി ലൂപ്പർ കീടങ്ങൾ, രോമപ്പുഴുക്കൾ എന്നിവ കാണുന്നുണ്ട്. ചിലയിടങ്ങളിൽ ശൽക്കകീടങ്ങളും. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ ചെടി മുരടിക്കും. വേപ്പധിഷ്ഠിത സംയുക്തങ്ങൾ ചെടി മുഴുവൻ നന്നായി കുളിർപ്പിച്ച് വൈകുന്നേരം സ്പ്രേ ചെയ്യുകയും പിറ്റേന്ന് വൈകുന്നേരം ബ്യുവേറിയ 30 ഗ്രാം അല്ലെങ്കിൽ 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയതിന്റെ തെളി തളിക്കുകയുമാണ് പ്രതിവിധി. 4 ലീറ്റർ സ്പ്രേ സൊലൂഷനിൽ ഒരു മില്ലി എന്ന തോതിൽ Non ionic adjuvant ചേർത്ത് ചെടി മുഴുവൻ നനയും വിധമാണ് സ്പ്രേ ചെയ്യേണ്ടത്.
പുതിയ ഇലകൾ ചുളിയുകയും പൂമൊട്ടുകൾ ചെറുതായി പൂർണമായും വിരിയാതിരിക്കുകയും ചെയ്യുന്നത് മണ്ഡരിയുടെ ആക്രമണഫലമാണ്. ഇവയെ നിയന്ത്രിക്കുന്നതിന് മുൻപറഞ്ഞ രീതിയിൽ വേപ്പധിഷ്ഠിത സംയുക്തം തളിക്കുകകയും പിറ്റേന്ന് ബ്യുവേറിയയ്ക്കു പകരം വെർട്ടിസീലിയം സ്പ്രേ ചെയ്യുകയും വേണം. പുഴുക്കളെ നിയന്ത്രിക്കുന്നതിനു സ്പ്രേയിങ് നടത്തുന്ന ചെടികളിൽ മണ്ഡരിബാധ ഉണ്ടെങ്കിൽ ബിവേറിയ തളിച്ചതിന്റെ പിറ്റേന്നു വൈകുന്നേരം വെർട്ടിസീലിയം തളിക്കാം.
റോസിന്റെ ഇലകളിൽ കറുത്ത പാടും പുള്ളിക്കുത്തും കാണുന്നുണ്ടെങ്കിൽ മഴക്കാലത്ത് അതു വർധിക്കാം. ഇതു തുടക്കത്തിലേ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടിലസ് 20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ച് non ionic adjuvant ചേർത്ത് ചെടി മുഴുവൻ നനയുംവിധം സ്പ്രേ ചെയ്യുക. മേയ് ആദ്യം നാനോ DAP 3 മില്ലിയും എസ്ഒപി 3 ഗ്രാമും ഒരു ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നത് വളർച്ചയ്ക്കും പൂവിടലിനും സഹായിക്കും. ചെടിയുടെ ചുവട്ടിൽ വളമിടുമ്പോൾ മ്യൂറേറ്റ് ഓഫ് പൊട്ടാഷിനു പകരം സ്വീറ്റ് പൊട്ടാഷ് അല്ലെങ്കിൽ എസ്ഒപി വെള്ളത്തിൽ കലക്കി ഒഴിക്കുക, നന്നായി പൂവിടും. എംഒപി അഥവാ മ്യൂറേറ്റ് ഓഫ് പൊട്ടാഷിൽ ക്ലോറിൻ അടങ്ങിയിട്ടുണ്ട്. ചെടികളിൽ പൂക്കൾ ഉണ്ടാകുന്നതിനു ക്ലോറിൻ തടസ്സമാണ്.

രാത്രിയിൽവന്ന് റോസിന്റെ ഇലയും തളിർഭാഗങ്ങളും പൂമൊട്ടും തിന്നുന്ന മേയ് മാസവണ്ടിന്റെ (ജാപ്പനീസ് വണ്ട്) ആക്രമണം ഇപ്പോഴുണ്ട്. അത് ഈ മാസം തീവ്രമായേക്കും. ഇതിന്റെ പുഴുക്കളും പ്യൂപ്പയും മണ്ണിലാണുള്ളത്. പുഴുവായിരിക്കുമ്പോൾ വിളകളുടെ വേരുകളാണ് ആഹാരം. വണ്ടുകൾ പകൽനേരത്ത് മണ്ണിലുള്ള ജൈവവാശിഷ്ടങ്ങളിൽ ഒളിക്കും. സന്ധ്യ മയങ്ങുന്നതോടെ ഒളിത്താവളങ്ങളിൽനിന്നു പുറത്തിറങ്ങി ആക്രമണം ആരംഭിക്കും. ഇവയുടെ പുഴുക്കൾക്കു വെള്ളനിറമാണ്. മിക്കവാറും C എന്ന ഇംഗ്ലിഷ് അക്ഷരംപോലെ കാണുന്ന ഇവ കൊമ്പൻചെല്ലിയുടെ പുഴുവിനേക്കാൾ ചെറുതാണ്. വേരുകളാണ് പ്രധാന ആഹാരം. പുഴുക്കളെ നിയന്ത്രിക്കാൻ മണ്ണിൽ ഇപിഎൻ പ്രയോഗിക്കാം. ഇരുട്ടുന്നതോടെ ചെടിയിൽനിന്നു വണ്ടുകളെ പെറുക്കിയെടുത്തു നശിപ്പിക്കുകയുമാവാം. വീടിനടുത്തായതിനാലും വീട്ടുകാർക്ക് അടുത്ത സമ്പർക്കമുള്ളതിനാലും റോസിൽ രാസകീടനാശിനി പ്രയോഗം ആശാസ്യമല്ല.