മഴ തുടങ്ങി; വാഴയിൽ ഇലപ്പുള്ളി രോഗവും

Mail This Article
നേന്ത്രവാഴയിലെ സിഗറ്റൊക്ക ഇലപ്പുള്ളി രോഗത്തിനെതിരെ ജാഗ്രത പാലിക്കണം. വേനൽമഴ തുടങ്ങുമ്പോൾ തന്നെ ഈ രോഗം ആരംഭിക്കും. പിന്നീടു രോഗം മൂർച്ഛിച്ചു മഴക്കാലം തീരുന്നതുവരെ നീണ്ടുനിൽക്കും. നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാതിരുന്നാൽ ഇലകൾ കരിഞ്ഞുണങ്ങും. കുലയുടെ തൂക്കം 30 ശതമാനത്തോളം കുറയും. മുപ്പാകുന്നതിനു മുൻപു തന്നെ കായ പഴുക്കും. നേന്ത്രൻ ഇനങ്ങളിൽ ഭൂരിഭാഗത്തിനും രോഗപ്രതിരോധ ശേഷിയില്ല. റോബസ്റ്റ, പൂവൻ, പാളയംകോടൻ ഇനങ്ങൾക്കും രോഗം ഉണ്ടാകാറുണ്ട്.
തവിട്ടുനിറത്തിലുള്ള ചെറിയ പുള്ളികളായാണു രോഗം ആരംഭിക്കുക. പുള്ളികൾക്കു ചുറ്റും മഞ്ഞ വലയം ഉണ്ടായിരിക്കും. അടുത്തടുത്ത പുള്ളികൾ കൂടിച്ചേർന്നു ഇല കരിയും. പുള്ളികൾ തവിട്ടു നിറം വിട്ടു ക്രമേണ ചാര നിറമാകും. രോഗലക്ഷണം കണ്ടു കഴിഞ്ഞാൽ ഇലകൾ വേഗം തന്നെ കരിയും.
രോഗം നിയന്ത്രിക്കാൻ
സിഗറ്റോക്ക രോഗം നിയന്ത്രിക്കാൻ സ്യൂഡോമൊണാസ് ഫ്ലൂറസെൻസ് (50 ഗ്രാം ഒരു ലീറ്റർ) ഇലയിൽ തളിക്കാം. ഗോമൂത്രം 10%, പെട്രോളിയം അധിഷ്ഠിത ധാതു എണ്ണ എന്നിവ ഇലയിൽ തളിക്കുക വഴി രോഗത്തെ നിയന്ത്രിക്കാം.
ബോഡോ മിശ്രിതം (1%), കാർബെൻഡാസിം (0.1%), പ്രൊപികൊണമ്പോൾ (0.1%), ഡൈഫൻ കൊണമ്പോൾ (0.1%) എന്നിവയും ഫലപ്രദമാണ്.
മഞ്ചേരി നേന്ത്രൻ എന്നയിനത്തിനു രോഗം കുറവായാണു കണ്ടുവരുന്നത്.
മരുന്നു തളിക്കുമ്പോൾ
ഇലയുടെ 50% ഭാഗം കരിഞ്ഞിട്ടുണ്ടെങ്കിൽ ഇല മുറിച്ചു മാറ്റണം. രോഗതീവ്രത അനുസരിച്ച് 1- 3 ആഴ്ച ഇട വിട്ട് ഇലയിൽ മരുന്നു തളിക്കുക. മരുന്ന് മാറിമാറി ഉപയോഗിക്കുക.
ചവിട്ടു പമ്പ് (റോക്കർ സ്പയർ) ഉപയോഗിച്ചു മുകളിലെ ഇലകളിലും മരുന്ന് എത്തിക്കുന്നതിനു ശ്രദ്ധിക്കുക. പവർ സ്പ്രെയർ ഉപയോഗിച്ചാലും ഇതു സാധ്യമാകും.
കടപ്പാട്: കേരള കാർഷിക സർവകലാശാല