വിപണിയിലെ പച്ചക്കറികളിൽ വിഷം! മാതൃകയാണ് കൊച്ചുമിടുക്കികളുടെ പുരപ്പുറത്തെ കൃഷിപാഠം

Mail This Article
മണ്ണിനെ സ്നേഹിക്കാനാണ് പരിസ്ഥിതി പ്രവർത്തകനായ പിതാവ് പഠിപ്പിച്ചത്; കൃഷി ചെയ്യാൻ മണ്ണു തികയാതെ വന്നപ്പോൾ മക്കൾ മട്ടുപ്പാവിലേക്കു കയറി. മൂന്നു വർഷം കൊണ്ട് ആലപ്പുഴ വട്ടയാൽ പുത്തൻവീട് പുരയിടത്തിലെ ഫരീദ മൻസിൽ എന്ന വീട് പച്ചപ്പിന്റെ മേലാപ്പണിഞ്ഞു. 800 ചതുരശ്ര അടിയുള്ള മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗുകളിലുമായി അഞ്ഞൂറോളം ചുവട് പച്ചക്കറികൾ. സ്കൂൾ വിദ്യാർഥിനികളായ ഫരീദ ഫിറോസിന്റെയും ഫാദിയ ഫിറോസിന്റെയും കൃഷിയോടുള്ള ഇഷ്ടമാണ് ഈ പുരപ്പുറത്തു പൂത്തും കായ്ച്ചും പച്ചപ്പായി പടരുന്നത്. വിത്തിടുന്നതു മുതൽ വിളവെടുക്കുന്നതു വരെ എല്ലാം ചെയ്യുന്നത് കുട്ടികൾ തന്നെ. വളപ്രയോഗവും കീടനിയന്ത്രണത്തിനുള്ള ജൈവവഴികളുമെല്ലാം ഇരുവർക്കും മനഃപാഠം.
പരിസ്ഥിതിപ്രവർത്തകനും ജൈവകർഷകനുമായ ഫിറോസ് അഹമ്മദാണു കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. കൃഷി ചെയ്യാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചതോടെ മൂന്നു വർഷം മുൻപ് ഫിറോസും ഭാര്യ നാസിലയും ചേർന്നു മട്ടുപ്പാവിൽ കുട്ടികൾക്ക് ഇതിനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. മഴമറ നിർമിച്ച് അതിനുള്ളിൽ പ്ലാസ്റ്റിക് ചട്ടികളും ഗ്രോബാഗുകളും നിരത്തി. പന്തൽ പടർത്താനായി ചെറിയ ഫ്രെയിമുകൾ സ്ഥാപിച്ചു.
പീച്ചിൽ, പയർ, പടവലം, പാവൽ, തക്കാളി, പച്ചമുളക്, കാബേജ്, കോളിഫ്ലവർ, ചീര, പൈനാപ്പിൾ, കാന്താരിമുളക്, സലാഡ് വെള്ളരി, ഇഞ്ചി, ചോളം തുടങ്ങിയവയാണു കൃഷി ചെയ്യുന്നത്. ചട്ടികളിൽ ഓറഞ്ച് ചെടികളും വളരുന്നു. പൂർണമായും ജൈവരീതിയിലാണു കൃഷി.
അടുക്കളമാലിന്യം വളമാക്കാനുള്ള രണ്ടു ബയോബിൻ യൂണിറ്റുകളുണ്ട്. ഒരു മാസം കൊണ്ട് മാലിന്യം വളമാകും. മണ്ണും ചകിരിച്ചോറും കരിയിലയും ചേർത്താണു ചട്ടികളിൽ നിറയ്ക്കുന്നത്. ഒപ്പം വേപ്പിൻപിണ്ണാക്കും എല്ലിൻപൊടിയും ചാണകവും ചേർക്കും. ഓരോ കൃഷി കഴിയുമ്പോഴും ചട്ടിയിലെ മണ്ണു പുറത്തേക്കെടുക്കും. സ്യുഡോണമസ് അല്ലെങ്കിൽ ഡോളമെറ്റ് ചേർത്ത് ഒരു ദിവസം വയ്ക്കും. ഒരു പിടി ജൈവവളക്കൂട്ടും ഒരു ചിരട്ട ചാണകവും ചേർത്ത് ചട്ടിയിൽ നിറയ്ക്കും. രണ്ടു ദിവസത്തിനു ശേഷം പുതിയ വിത്തിടും. മുട്ടത്തോട് പൊടിച്ചു ചെടികളുടെ ചുവട്ടിലിടും. കാത്സ്യം ലഭിക്കുന്നതിനൊപ്പം കള കുറയാനും ഇതു സഹായിക്കുമെന്ന് ഫരീദയും ഫാദിയയും പറയുന്നു.
ഒരു തവണ നട്ട പച്ചക്കറിയിനം അടുത്ത തവണ അതേ ചട്ടിയിൽ നടില്ല. മട്ടുപ്പാവിൽ ഓരോ വിളയും കൃഷി ചെയ്യുന്ന സ്ഥലങ്ങളും പരസ്പരം മാറ്റും. കീടങ്ങളെ ചെറുക്കാൻ ഈ മാർഗം സഹായിക്കുമെന്ന് ഇവർ പറയുന്നു. പച്ചക്കറികൾ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി നൽകും. മട്ടുപ്പാവ് കൃഷിയിലെ മികവിനു സരോജിനി–ദാമോദരൻ ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ഇരുവരെയും തേടിയെത്തി. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഫരീദ. ഫാദിയ സെന്റ് ജോസഫ്സ് ഗേൾസ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി. സഹോദരനായ മൂന്നരവയസ്സുകാരൻ ഫാദിൽ മുഹമ്മദും ചേച്ചിമാരുടെ കൈപിടിച്ച് എന്നും ചെടികൾക്കിടയിലെത്തും.
ഫോൺ: 98474 30401