Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കവാലിൽ അഴകു നിറച്ച്

red-polish-cap-hen റെഡ് പോളിഷ് ക്യാപ്

അങ്കവാലിലും ആടയിലുമൊക്കെ അഴകു നിറച്ച് ഒരുങ്ങിയങ്ങനെ നിൽക്കുന്ന അലങ്കാരക്കോഴികൾ (ബാന്റം കോഴികൾ) കണ്ണുമാത്രമല്ല പോക്കറ്റും നിറയ്ക്കും. ബാന്റം എന്നാൽ ചെറുത് എന്നാണർഥം. എന്നാൽ, ബാന്റം കോഴികളാകട്ടെ വലുപ്പത്തെക്കാൾ അഴക് കൊണ്ടാണു വ്യത്യസ്തരാകുന്നത്.

ഒത്തുവന്നാൽ കാൽലക്ഷം വരെ...

ഭീമന്മാരായ കൊഷിൻ ബ്രഹ്മയാണ് ഏറ്റവും വിലയേറിയത്. കാൽ ലക്ഷത്തോളം വിലവരും ഒത്തിണങ്ങിയ ജോഡികൾക്ക്. സ്വർണവും ശ്യാമവും ശുഭ്രശോഭയുമൊക്കെയായി വിവിധ ഇനങ്ങൾ ഇവരിലുണ്ട്. ഒരു ശീലിൽ 10 മുതൽ 12 വരെ മുട്ടകളിട്ടു പൊരുന്നയിലേക്ക് മാറുന്നവരാണ് ഇവർ. വർഷത്തിൽ നൂറോളം മുട്ടകൾ പ്രതീക്ഷിക്കാം.

വെള്ളിത്തിളക്കവുമായി സെബ്രൈറ്റ്

golden-sebright-bantam-hen ഗോൾഡൻ സെബ്രൈറ്റ് ബാന്റം

തൂവൽച്ചാർത്തിലെ വെള്ളിത്തിളക്കമാണു സെബ്രൈറ്റ് ബാന്റത്തെ സുന്ദരികളാക്കുന്നത്. വെള്ളത്തൂവലുകളിൽ ചിത്രമെഴുതിയതുപോലെ ശ്യാമരേഖകൾ കോറിയിട്ട സിൽവർ സെബ്രൈറ്റും സ്വർണവർണം പടരുന്ന ഗോൾഡനും ചായ നിറത്തിലെ കീമിയോയുമൊക്കെ ഇവരിലുണ്ട്.

രോമപ്പട്ടുപുതച്ച് സിൽക്കി

silkie-hen സിൽക്കി

വെൺരോമപ്പട്ടുപുതച്ച മേനിയുള്ള സിൽക്കി വർഷത്തിൽ 100 മുട്ടകൾ വരെ തരും. വൈറ്റ്, ഗോൾഡൺ, ബ്ലാക്ക്, ബഫ് എന്നീ നാല് ഇനങ്ങൾ ഇവരിലുണ്ട്.

പട്ടുചേലയുമായി ജപ്പാനിൽ നിന്ന്

ജപ്പാന്റെ പ്രൗഢപാരമ്പര്യമേറിയ ഒണഗോഡറി കോഴികൾ ഇന്ത്യൻ വനക്കോഴികളുമായി സാമ്യമുള്ളവരാണ്. നാലടിയോളം നീളത്തിൽ പട്ടുചേലപോലെ വാലുണ്ട് ഒണഗോഡറിക്ക്. വാലിന്റെ അഴകും നീളവും വർധിപ്പിക്കാൻ പ്രത്യേകം ഇനം കൂടുകളിലാക്കി വാൽ മാത്രം പുറത്തേയ്‌ക്ക് നിർത്തി വളർത്തുന്ന ടൊബാംകു കൾചർ ജപ്പാനിൽ പ്രസിദ്ധമാണ്.

onagadori-hen ഒണഗോഡറി

ജനിതകവ്യതിയാനത്തിലൂടെ ഒണഗോഡറിയിൽനിന്നു ജന്മമെടുത്ത ഫീനിക്സ് കോഴികളും ആകർഷകമാണ്.

കൊച്ചി രാജാവ്, ലാവണ്യ രാജ്ഞി

കൊച്ചിയുടെ പേരുണ്ടെങ്കിലും കൊച്ചിയുമായി ബന്ധമില്ലാത്ത ബ്ലൂ കൊച്ചിൻ, കത്തിമുനയുള്ള ചുവന്ന പൂവും വെള്ളച്ചെവിയും നീണ്ട കാലുകളുമുള്ള റോസ് കോംമ്പും വർണപൊട്ടുകൾ തൂവലിലാകെ വീഴുന്ന മില്ലിഫ്‌ളൂറുമൊക്കെ ലാവണ്യരാജ്ഞികളാണ്.

പോളിഷ്ക്യാപ് ജനപ്രിയം

black-polish-cap-hen ബ്ലാക് പോളിഷ് ക്യാപ്

വിരളവും വിലകൂടിയതുമായ പോളിഷ്ക്യാപ് കോഴികളാണ് അലങ്കാരക്കോഴികളിലെ ജനപ്രിയ ഇനം. ഒരു ഡസനോളം വ്യത്യസ്ത ഇനങ്ങളിലുള്ള ഇവ ഡച്ചുകാരുടെ പ്രാചീനഗുഹാചിത്രങ്ങളിൽ വരെ സ്ഥാനം പിടിച്ചവരാണ്.

കുഞ്ഞുങ്ങൾക്ക് മുന്തിരിയും മാതളവും

കുഞ്ഞുങ്ങളെ രണ്ടാഴ്‌ച വരെ ബ്രൂഡറിൽ വളർത്തണം. 18 ഇഞ്ച് ഉയരത്തിൽ വൈദ്യുതിബൾബിടും. ആദ്യ 3 ദിവസം പഞ്ചസാര ചേർത്ത തണുത്ത ജലമാണ് ആഹാരം. മൂന്നാം ദിവസം മുതൽ ബ്രോയിലർ സ്റ്റാർട്ടറാണ് തീറ്റ.

കണവനാക്ക്, മുന്തിരി, പേരയ്‌ക്ക, മാതളം, ക്യാരറ്റ് പുഴുങ്ങിയത്, മരക്കരി, ചുടുകട്ടപ്പൊടി, മല്ലിയില, തുളസിയില എന്നിവ തീറ്റയിൽ ചേർത്തു നൽകി തൂവൽച്ചാർത്തുകളുടെ വർണതീക്ഷ്ണത വർധിപ്പിക്കാം.

ഡോ. ഡി. ഷൈൻകുമാർ
dr.dshinekumar@gmail.com