Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെറ്റ്സ് വിപണിയിൽ ലക്ഷ്മണരേഖ

നായ വളർത്താൻ ലൈസൻസ് Representative image

അരുമമൃഗങ്ങളുടെയും പക്ഷികളുടെയും അലങ്കാരമത്സ്യങ്ങളുടെയും പരിപാലനത്തിലും വിപണനത്തിലും ചില കര്‍ശന നിയന്ത്രണങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഈയിടെ ഏർപ്പെടുത്തിയെന്ന വാർത്ത സംരംഭകരിലും പെറ്റ്സ് പ്രേമികളിലും കടുത്ത ആശങ്കയ്ക്കു വഴിതെളിച്ചിരിക്കുന്നു. എന്താണ് പുതിയ നിയന്ത്രണങ്ങൾ എന്നു നമുക്കൊന്നു പരിശോധിക്കാം.

രാജ്യത്തു മൃഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം– 1960 (Prevention of Cruelty to Animals Act (PCA, 1960). നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാൻ പ്രസ്തുത നിയമത്തിലെ 38–ാം വകുപ്പ് പ്രകാരം യഥാസമയം പ്രത്യേക ചട്ടങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം വകുപ്പിന് അധികാരമുണ്ട്. പുതിയ ചട്ടങ്ങളുടെ കരടുരൂപം 38–ാം വകുപ്പിന്റെ ഉപവകുപ്പ് (1) പ്രകാരം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനങ്ങളെ അറിയിക്കുകയും, അവ സംബന്ധിച്ച പരാതികളും നിർദേശങ്ങളും നല്‍കാൻ 30 ദിവസത്തെ സമയം നൽകുകയും ചെയ്യുന്നു. ഇവ പരിഗണിച്ചശേഷം ഉപവകുപ്പ് (1), (2) പ്രകാരം അന്തിമ ചട്ടങ്ങളുടെ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അതോടെ അവ പ്രാബല്യത്തിലാവുകയും ചെയ്യുന്നു.

വായിക്കാം ഇ - കർഷകശ്രീ

പെറ്റ്സ് വിപണി, അലങ്കാര മത്സ്യവിപണി, നായ പ്രജനനം, വിൽപന എന്നിവ സംബന്ധിച്ച് മൂന്നു പുതിയ ചട്ടങ്ങൾ ഈ രീതിയില്‍ കഴിഞ്ഞ മേയ് 23നു പ്രാബല്യത്തിൽ വന്നു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഈ ചട്ടങ്ങൾ‌ നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്.

ഇപ്പോൾ പ്രാബല്യത്തില്‍ വന്ന മൂന്നു പുതിയ ചട്ടങ്ങൾ 2016 ഡിസംബർ 16ന് കരടുരൂപം പ്രസിദ്ധീകരിച്ച മൃഗങ്ങളോടുള്ള ക്രൂരത തടയൽ (പെറ്റ് ഷോപ്പ്) ചട്ടം–2016, 2017 ജനുവരി 11ന് കരടുരൂപത്തിൽ വന്ന മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ്ക്കളുടെ പ്രജനനവും വിപണനവും) ചട്ടം–2016, 2017 ഫെബ്രുവരി 22ന് കരടുരൂപത്തിൽ പ്രസിദ്ധീകരിച്ച മൃഗങ്ങളോടുള്ള ക്രൂരത തടയൽ (അക്വേറിയം ആൻഡ് ഫിഷ് ടാങ്ക്, ആനിമൽസ് ഷോപ്പ്) ചട്ടം–2016 എന്നിവയാണ്.

നായകളുടെ പ്രജനന, വിൽപന സംരംഭങ്ങൾ, പെറ്റ് ഷോപ്പുകൾ, അലങ്കാരമത്സ്യ ഷോപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളുടെ മേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നവയാണ് ഈ ചട്ടങ്ങൾ. മൃഗക്ഷേമം ഉറപ്പാക്കാനും അവയുടെ പ്രജനനം ശാസ്ത്രീയമാക്കാനും ഈ മേഖലയിലെ ദുഷ്പ്രവണതകൾ ഒഴിവാക്കാനും ഒരു പരിധിവരെ ഈ ചട്ടങ്ങൾ സഹായകമാകുമെങ്കിലും വിപുലമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഒരുക്കി മാത്രം മുന്നോട്ടു പോകേണ്ടിവരുമ്പോൾ പെറ്റ് വിപണിയിലെ എത്ര സംരംഭങ്ങൾക്ക്, വിശേഷിച്ച് ചെറുകിട സംരംഭങ്ങൾക്ക് നിലനിൽക്കാനാകുമെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

പുതിയ മൂന്നു ചട്ടങ്ങളുടെയും നിർവഹണത്തിൽ പ്രധാന പങ്കു വഹിക്കുന്നത് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സംസ്ഥാന മൃഗസംരക്ഷണ ബോർഡാണ്. മൃഗക്ഷേമ ബോർഡ് അംഗീകരിച്ച സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗന്‍സ്റ്റ് ആനിമൽസ് (SPCA)  എന്ന മൃഗക്ഷേമ സംഘടനയ്ക്കും ഇതിൽ പങ്കുണ്ട്. ഒപ്പം വെറ്ററിനറി ഡോക്ടർമാർ, മത്സ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വിദഗ്ധർ, മൃഗക്ഷേമ ബോർഡ് നിയമിക്കുന്ന പരിശോധകർ എന്നിവരും ചിത്രത്തിൽ വരുന്നു. കൂടാതെ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടർ/ ജില്ലാ മജിസ്ട്രേട്ട്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവരും പ്രധാന തീരുമാനങ്ങളിൽ പങ്കാളികളാകും.

പൊതുവിൽ ഈ മൂന്നു ചട്ടങ്ങളുടെയും സ്വഭാവം ഒരുപോലെയാണ്. പ്രജനനകേന്ദ്രങ്ങള്‍, ഷോപ്പുകൾ തുടങ്ങിയവയുടെ നിർബന്ധമായുള്ള റജിസ്ട്രേഷൻ, നിശ്ചിത ഇടവേളകളിലെ പരിശോധന, കൃത്യമായ രേഖകൾ സൂക്ഷിക്കൽ, മൃഗങ്ങളുടെയും മത്സ്യങ്ങളുടെയും ക്ഷേമത്തിനു നൽകുന്ന കൃത്യമായ ശാസ്ത്രീയ മാർഗനിർദേശങ്ങള്‍ എന്നിവയാണ് മൂന്നു ചട്ടങ്ങളിലും മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ. റജിസ്ട്രേഷൻ കിട്ടാനുള്ള അപേക്ഷാഫോം മുതൽ അപേക്ഷ പുതുക്കാനുള്ള അധിക വിവരങ്ങൾ, പ്രജനനകേന്ദ്രങ്ങളിലും, പെറ്റ്സ് വിൽപനകേന്ദ്രങ്ങളിലും, അക്വേറിയം, അലങ്കാര മത്സ്യഷോപ്പുകളിലും അടിസ്ഥാന സൗകര്യങ്ങൾ, ശാസ്ത്രീയ പരിപാലനരീതികൾ എന്നിവയൊക്കെ ഈ ചട്ടങ്ങളിൽ പ്രത്യേക പട്ടികകളായി നൽകിയിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ഇവയുടെ നടത്തിപ്പ് ഇനി ഔദ്യോഗിക പരിശോധനകൾക്കു വിധേയമായിരിക്കും. എല്ലാറ്റിനും രേഖകൾ വേണം. മൃഗങ്ങളെ ശാസ്ത്രീയമായിത്തന്നെ പരിപാലിക്കണമെന്നതിൽ അയവുണ്ടാവില്ല.

നായ്ക്കളുടെ പ്രജനനവും വിപണനവും നിയന്ത്രിക്കുന്നതു സംബന്ധിച്ച ചട്ടം ബ്രീഡർ എന്ന വാക്കിനെ നിർവചിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പ്രത്യേക ജനുസ്സിൽപെട്ട നായ്ക്കളെ പ്രജനനം ചെയ്യുന്നവർ, ബോർഡിങ് സൗകര്യമൊരുക്കുന്നവർ, കച്ചവടത്തിലെ ഇടനിലക്കാർ, കച്ചവടക്കാർ, ഇറക്കുമതി ചെയ്യുന്നവർ ഇവരൊക്കെ ഈ പൊതു നിർവചനത്തിൽപെടുന്നു. സംസ്ഥാന മൃഗസംരക്ഷണ ബോർഡിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാതെയും അത് പ്രദർശിപ്പിക്കാതെയും ആർക്കും ഇനി നായ പ്രജനനകേന്ദ്രം നടത്താനാവില്ല. മൃഗസംരക്ഷണ ബോർഡ് ചുമതലപ്പെടുത്തുന്ന വ്യക്തിക്ക് ഏതു സമയത്തും ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്താം. ആദ്യഘട്ടത്തിൽ കോളർ ടാഗുകളും, പിന്നീട് മൈക്രോ ചിപ്പുകളും ഉപയോഗിച്ച് നായ്ക്കളെ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കുകയും അവയെ സംബന്ധിച്ച സർവ വിവരങ്ങളും രേഖപ്പെടുത്തുകയും വേണം. റജിസ്ട്രേഷന് 5000 രൂപയാണു ഫീസ്. രണ്ടു വർഷം കഴിഞ്ഞാൽ റജിസ്ട്രേഷന്‍ പുതുക്കണം. എന്തെങ്കിലും പരാതി ലഭിച്ചാലോ, അല്ലെങ്കിൽ വർഷത്തിലൊരിക്കലോ സമഗ്ര പരിശോധനയുണ്ടാകും.

നായ്ക്കളുടെ പരിചരണത്തിനുള്ള മാർഗനിർദേശങ്ങൾ പ്രത്യേക പട്ടികയായി ചേർത്തിരിക്കുന്നു. നായ്ക്കളുടെ വിൽപനയിലും കർശന നിയന്ത്രണങ്ങൾ. എട്ടാഴ്ചയിൽ താഴെ പ്രായമുള്ളവയെ വിൽക്കാൻ പാടില്ല. ആറുമാസം കഴിഞ്ഞാൽ വന്ധ്യംകരണം നടത്തി മാത്രം വില്‍പന. അല്ലാതെ വിൽക്കുന്നതു റജിസ്ട്രേഷനുള്ളവർക്കായിരിക്കണം. നായ്ക്കളെ വാങ്ങുന്നവർക്ക് അവയെ പോറ്റാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കിയിട്ടു വേണം കൈമാറ്റം. വിറ്റുപോയ നായ്ക്കളുടെ ആരോഗ്യസ്ഥിതിയും പുരോഗതിയും വരെ അന്വേഷിക്കാൻ വിൽപനക്കാരനു ചുമതലയുണ്ട്. സ്വന്തമായുള്ള എല്ലാ നായ്ക്കളെക്കുറിച്ചും സമ്പൂർണ വിവരം സംബന്ധിച്ച രേഖകൾ വേണം. അതായത്, ശാസ്ത്രീയമായി പരിപാലനവും പ്രജനനവും നടത്തുന്നവർക്കു മാത്രമേ ഇനി പെറ്റ്സ് വിപണിയിൽ സംരംഭകരായി തുടരാനാവുകയുള്ളൂ. പ്രജനനം ശാസ്ത്രീയമായി നടത്തണമെന്നതിൽ തർക്കമില്ല. എന്നാൽ വലിയ രീതിയിലുള്ള തുടർ പരിശോധനകൾ, അപ്രായോഗികമായ ചട്ടങ്ങൾ, വലിയ പരിപാലനച്ചെലവ്, ഏതു സമയത്തും അന്വേഷണം നേരിടേണ്ടി വരുന്ന സാഹചര്യം ഇവയൊക്കെ അതിജീവിച്ച് എത്ര സംരംഭകർക്കു മുന്നോട്ടുപോകാനാവുമെന്ന ചോദ്യമുയരുന്നു. അതേസമയം ഉത്തരവാദിത്തമുള്ള നായ പ്രജനനം തെരുവുനായ ശല്യത്തിനും പ്രജനനത്തിലെ പാളിച്ച മൂലം നായ്ക്കൾക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും ഒരു പരിധിവരെ അറുതിവരുത്തുമെന്നു പറയാതെ വയ്യ.

നായ്ക്കൾ, പൂച്ചകൾ, മുയൽ, ഗിനിപ്പന്നി, ഹംസ്റ്റർ, വെള്ള എലി, അലങ്കാര പക്ഷികൾ എന്നിവയെ വിൽക്കുന്ന ഷോപ്പുകളെ സംബന്ധിച്ച ചട്ടത്തിലും റജിസ്ട്രേഷന്‍, പരിപാലനം, രേഖകൾ സൂക്ഷിക്കൽ, പരിശോധന എന്നിവയ്ക്കാണ് മുൻഗണന. ഓരോ വിഭാഗം മൃഗങ്ങൾക്കും കൂട്ടിൽ നൽകേണ്ട ചുരുങ്ങിയ സ്ഥലസൗകര്യം, പ്രത്യേക പരിപാലനം എന്നിവ സംബന്ധിച്ച നിബന്ധനകളും ഈ ചട്ടങ്ങളിലുണ്ട്.

വിലാസം: അസി. പ്രഫസർ, കേരള വെറ്ററിനറി സർവകലാശാല, ഫോൺ: 9446203839

അലങ്കാരമത്സ്യ വിൽപനയ്ക്കും നിബന്ധനകള്‍

aquarium-fish

അക്വേറിയങ്ങളും അലങ്കാരമത്സ്യ വിപണനകേന്ദ്രങ്ങളും സംബന്ധിച്ച ചട്ടമാണ് മൂന്നാമത്തേത്. നമ്മുടെ നാട്ടിൽ പെറ്റ് ഷോപ്പുകളോടു ചേർന്നാണ് അക്വേ‌റിയങ്ങളും, അലങ്കാര മത്സ്യവിപണനവും നടക്കുന്നത്. പുതിയ ചട്ടപ്രകാരം ഇതു സാധ്യമല്ല. പുതിയ ചട്ടപ്രകാരം 1972ലെ വന്യജീവി സംരക്ഷണ നിയമം, വംശനാശം നേരിടുന്ന ജീവികളുടെ രാജ്യാന്തര വ്യാപാരത്തിനുള്ള കൺവൻഷൻ (CITES) എന്നിവയുടെ പരിധിയിൽ വരുന്ന മത്സ്യങ്ങളെയോ, ജലജീവികളെയോ വിൽക്കാനോ, പ്രദർശിപ്പിക്കാനോ പാടില്ല. നശീകരണത്തിനു സാധ്യതയുള്ള മാർഗങ്ങളിലൂടെ പിടിച്ച മത്സ്യങ്ങളെ ഒഴിവാക്കണം.

ഒരു വെറ്ററിനറി ഡോക്ടർ അല്ലെങ്കിൽ ഫിഷറീസ് വിദഗ്ധന്റെ മുഴുവൻസമയ സേവനം സംരംഭത്തിന് ഉറപ്പാക്കണം. റജിസ്ട്രേഷനും രേഖകളുംതന്നെ ഇവിടെയും പ്രധാനം. ഫിഷറീസ് വകുപ്പിന്റെ അല്ലെങ്കിൽ തീരപ്രദേശങ്ങളിൽ നാഷണൽ കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയുടെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ വേണം.

ചട്ടത്തിന്റെ രണ്ടാം പട്ടികയിൽ വിൽപനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത മത്സ്യങ്ങളുടെ നീണ്ട ലിസ്റ്റാണുള്ളത്. പ്രധാനമായും സമുദ്രജല മത്സ്യങ്ങളാണ് പട്ടികയിൽ. കൂട്ടത്തിൽ കേരളത്തിന്റെ താരം മിസ് കേരളയുമുണ്ട്. കർശന നിബന്ധനകളും വലിയ ചെലവും വരുന്നതോടെ കളമൊഴിയേണ്ടിവരുമെന്നാണ് സംരംഭകരുടെ പ്രതികരണം. കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മാറ്റം വകുപ്പിന്റെ വെബ്സൈറ്റോ ഗസറ്റുകൾ പ്രസിദ്ധീകരിക്കുന്ന www.egazette.nic.in എന്ന സർക്കാർ വെബ്സൈറ്റോ സന്ദർശിക്കാം.