sections
MORE

അരുമകൾക്ക് കൺമണിപോലെ കരുതൽ; പുത്തൻചികിത്സകൾ

examination-of-patients-(2)
SHARE

ഡോ. സാബിൻ ജോർജ്

കണ്ണ്, ചെവി, പല്ല്, ചർമം, എല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നായ്ക്കളിലും പൂച്ചകളിലും ഇപ്പോൾ കൂടുതലായി കാണുന്നത്. അറിയുക, അവയ്ക്കുള്ള ആധുനിക ചികിത്സാരീതികള്‍

അരുമകളോട് ഉടമകൾക്കുള്ള കരുതലിന്റെ അളവും ആഴവും കൂടിവരുന്ന കാലത്ത് ഒപ്പം കുതിക്കുകയാണ് മൃഗചികിത്സാ ശാസ്ത്രവും. പൊതുചികിത്സയെന്ന പരമ്പരാഗത രീതിയിൽനിന്ന് സൂപ്പർ സ്പെഷൽറ്റിയിലേക്കുള്ള വളർച്ച മനുഷ്യർക്കെന്നപോലെ ഓമനമൃഗങ്ങൾക്കും പക്ഷികൾക്കും ഗുണകരമായി മാറുന്നു. കണ്ണ് (ഒഫ്താൽമോളജി), കാത് (ഇഎൻടി), പല്ല് (ഡെന്റിസ്ട്രി), അസ്ഥിവ്യൂഹം (ഓർത്തോപീഡിക്സ്), ചർമം (ഡെർമറ്റോളജി) എന്നീ മേഖലകളിൽ അരുമ ചികിത്സ ഏറെ മുന്നേറിക്കഴിഞ്ഞു. കണ്ണ്, ചെവി, പല്ല്, ചർമം, എല്ല് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്നായ്ക്കളിലും പൂച്ചകളിലും ഇപ്പോൾ കൂടുതലായി കാണുന്നതും.

ophthalmic-surgery

കൺമണിപോലെ കരുതൽ

അമ്മയും കുഞ്ഞും തമ്മിലും കാമുകനും കാമുകിയും തമ്മിലും കണ്ണിൽ കണ്ണിൽ നോക്കി ആശയവിനിമയം നടത്തുന്നതിനു സമാനമായ പ്രക്രിയയും അതുവഴിയുള്ള ശാരീരികമാറ്റങ്ങളും നായയും ഉടമയും തമ്മിലും നടക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ജനുസ്സുകൾ തമ്മിൽ കണ്ണിന്റെ ആകൃതിയിലും സ്ഥാനത്തിലും പത്തോളം വ്യത്യാസങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ചൈനീസ് പഗ്, പോമറേനിയൻ, സ്പിറ്റ്സ്, ലാസാ ആപ്സോ തുടങ്ങിയ ഇനങ്ങളിൽ ചില നേത്രരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. നിയോ പൊളിറ്റൻ മാസ്റ്റിഫ് ഇനത്തിലും ചില നേത്രരോഗ ങ്ങൾക്കു സാധ്യതയേറെയാണത്രെ. പ്രായം, അണുബാധ, മറ്റു രോഗങ്ങൾ, അപകടങ്ങൾ, പാരമ്പര്യം, കാലാവസ്ഥാ മാറ്റം എന്നിവയും നേത്രരോഗത്തിനു കാരണമാകാം. നായ്ക്കുട്ടികളിലെ പ്രമേഹവും കണ്ണിനു പ്രശ്നമുണ്ടാക്കാം.

ophthalmology-eye-examination-(1)

കൺപോളകളുടെ ആവരണത്തെ ബാധിക്കുന്ന കൺജങ്‍ടിവൈറ്റിസ്, നേത്രപാളിയുടെ വീക്കമായ കെരറ്റെറ്റിസ്, കണ്ണിന്റെ ലെ‍ൻസിനെ ബാധിക്കുന്ന തിമിരം, കണ്ണിനുള്ളിലെ മർദം കൂടുന്ന ഗ്ലോക്കോമ, ചെറി ഐ, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങളാണ് നായ്ക്കളിൽ കൂടുതലായി കാണുന്നത്. കണ്ണുനീരൊലിക്കൽ, വീക്കം, രക്തസ്രാവം, കണ്ണിൽ മുഴകൾ, കാഴ്ചശക്തിയിലെ കുറവ്, പഴുത്തൊലിക്കൽ, പീളകെട്ടൽ, കണ്ണുവീർക്കൽ, കണ്ണിലെ രക്തക്കുഴലുകൾ ചുവന്നു തടിക്കൽ, വികസിച്ച കൃഷ്ണമണി തുടങ്ങിയ ബാഹ്യലക്ഷണങ്ങൾ രോഗ സൂചകങ്ങളാകാം. ചിലപ്പോൾ വേദനയും അസ്വസ്ഥതയും കാരണം നായ്ക്കൾ കണ്ണിൽ മാന്തുകയും കണ്ണ് കട്ടിയുള്ള പ്രതലത്തിൽ ഉരയ്ക്കുകയും ചെയ്യും. ഇതു കൂടുതൽ അപകടമാകും. പെക്കിൻഗീസ്പോലെ ഉന്തിയ കണ്ണുള്ളവയ്ക്കു വിശേഷിച്ചും. അവഗണിച്ചാൽ കാഴ്ചശക്തി നഷ്ടപ്പെടാൻപോലും ഇടയുണ്ട്. കണ്ണുകളിൽ കാണുന്ന ഏത് അസാധാരണ കാര്യവും പരിശോധിക്കുകതന്നെ വേണം.

വെറ്ററിനറി സർവകലാശാലയുടെ മ ണ്ണുത്തിയിലും വയനാട്ടിലുമുള്ള വെറ്ററി നറി കോളജുകളിലെ മൃഗാശുപത്രികളിൽ സുസജ്ജമായ ഒഫ്താൽമോളജി വിഭാഗമുണ്ട്. നേത്രരോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും ആധുനിക രീതികളും സജ്ജീകരണങ്ങളും ഇവിടെ ലഭ്യമാണെന്ന് ഡോ. സൂര്യദാസ്, ഡോ. അനൂപ് എന്നിവർ പറയുന്നു. രോഗനിർണയത്തിന് എസ്ടിടി എന്ന ലിറ്റ്മസ് ടെസ്റ്റ്, ഫ്ലർ, ഡൈ ടെസ്റ്റ്, ടോണോമെട്രി, ഒഫ്താ‍ൽമോസ്കോപ്പി, സ്ലിറ്റ് ലാംപ്, ബയോ മൈക്രോസ്കോപ്പി, അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയ രീതികളും ഉപകരണങ്ങളും ഉപയോഗിക്കുന്നു. രോഗനിർണയത്തിനുശേഷം കൃത്യമായ ചികിത്സ നൽകുന്നു.

ടാർസോറാഫി, കോർണിയൽ ഗ്രാഫ്റ്റിങ്, കൺജങ്ടൈവൽ ഗ്രാഫ്റ്റിങ്, ട്രബക്കുലക്ടമി, തേർഡ് ഐ ലിഡ് മെമ്പ്രാനോ പ്ലാസ്റ്റി തുടങ്ങിയ ആധുനിക ശസ്ത്രക്രിയാരീതികൾ ഇന്ന് അരുമകളിലും അവലംബിക്കുന്നുണ്ട്. മണ്ണുത്തി വെറ്ററിനറി കോളജിൽ തുടങ്ങുന്ന ആശുപത്രി സമുച്ചയത്തിൽ നേത്രശസ്ത്രക്രിയയ്ക്കായി മാത്രം ഓപ്പറേഷൻ തിയറ്റർ ഒരുക്കുന്നു.

കാതോടുകാതോരം

യജമാനന്റെ വിളിയും അപകടസൂചനയും കാതോർക്കുന്ന സൂക്ഷ്മ സംവേദനശക്തിയുള്ള ചെവികളാണ് നായ്ക്കൾക്കു ള്ളത്. വിവിധ ജനുസ്സുകൾ തമ്മിൽ ചെവികളുടെ ആകൃതിയിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. നീളവും ആകൃതിയും നിൽപും അനുകരിച്ച് പത്തോളം തരത്തിലുള്ള ചെവികൾ വിവിധ ജനുസ്സുകളിൽ കാണുന്നു. നീണ്ടു തൂങ്ങുന്ന ചെവികളുള്ള ലാബ്രഡോർ, സ്പാനിയൽ, ബ്ലഡ് ഹൂണ്ട്, ഡാഷ് ഹണ്ട്, ബാസറ്റ് ഹൂണ്ട് എന്നീ ഇനങ്ങളിൽ ചെവിയുടെ പ്രശ്നങ്ങൾ കൂടും. ധാരാളം രോമങ്ങളുള്ള ഇനങ്ങൾക്കും കാതുകളിൽ പ്രശ്നങ്ങളേറും. ബധിരത പാരമ്പര്യമായി വെള്ളനിറമുള്ള ഡാൽമേഷ്യൻ ഇനങ്ങളിലും വയസ്സാകുമ്പോൾ റിട്രീവർ ജനുസ്സുകളിലും വരാം. നായ്ക്കളിൽ ചെവിയുടെ പ്രശ്നങ്ങൾ ഉടമകൾക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കുന്നു. ശ്രവണനാളിയുടെ ഉൾഭാഗമോ, നടുഭാഗമോ, പുറംഭാഗമോ വീർക്കുന്ന ഓട്ടൈറ്റിസ്, ചെവിയുടെ പുറംഭാഗമോ, അകം ഭാഗമോ വീർത്തു തൂങ്ങിക്കിടക്കുന്ന ഹെമറ്റോമ എന്നിവയാണ് പ്രധാന രോഗങ്ങൾ. ശ്രവണശേഷി നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലൻസ് തെറ്റുക, തല കുലുക്കുക, ചെവിയിൽ ചൊറിയുക, രോമം കൊഴിയുക തുടങ്ങിയവ രോഗലക്ഷണങ്ങളാകാം.

dental-scaling-(1)

ഓട്ടൈറ്റിസ്, ഹെമറ്റോമ എന്നീ അവസ്ഥകൾ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാം. ചെവി ശുചിയാക്കാനുള്ള മരുന്നുകൾ മേൽപറ‍ഞ്ഞ രോഗങ്ങളെ ഒരു പരിധിവരെ തടയുന്നു. ചെവിക്ക് ഉദ്ദേശിക്കുന്ന ആകൃതി നൽകാൻ നടത്തുന്ന ഇയർ ക്രോപ്പിങ് നായ്ക്കളിലെ സൗന്ദര്യവർധക ശസ്ത്രക്രിയയാണ്. ഓട്ടോസ്കോപ്പ്, വിഡിയോ ഓട്ടോസ്കോപ്പ്, ഡിജിറ്റൽ എക്സ്– റേ എന്നീ സൗകര്യങ്ങൾ ചെവിയുടെ പരിശോധനയും രോഗനിർണയവും എളുപ്പമാക്കുന്നുണ്ട്.

ദന്തകാന്തി കാത്തുസൂക്ഷിക്കാൻ

പല്ലില്ലാതെ പിറന്നുവീഴുന്ന നായ്ക്കുട്ടികൾക്ക് രണ്ടു മാസംകൊണ്ട് 28 താൽക്കാലിക പല്ലുകളും ആറു മാസത്തിനുള്ളിൽ അവ പൊഴിഞ്ഞ് 42 സ്ഥിരം പല്ലുകളും മുളയ്ക്കുന്നു. കാട്ടിൽ വേട്ടയാടി നടന്ന നായ്ക്കൾക്ക് ദന്ത പരിചരണം സ്വാഭാവികമായിരുന്നെങ്കിൽ നാട്ടിലെ നായയ്ക്ക് വിശേഷിച്ച് സസ്യഭുക്കുകളായി വളരുന്നവയ്ക്ക് പല്ലുകളിൽ ടാർടാർ അടിഞ്ഞുകൂടി പ്രശ്നമുണ്ടാകാം. എന്നാൽ പുഴുപ്പല്ല്, ദന്തക്ഷയം എന്നിവ നായ്ക്കളിൽ കുറവാണ്. ബാക്ടീരിയയ്ക്കു വളരാ‍ൻ പറ്റിയ സാഹചര്യം ഇ ല്ലാത്തതാണ് പല്ലുകളെ രക്ഷിക്കുന്നത്. അതേസമയം ഡെന്റൽ ടാർടാർ, മോണരോഗങ്ങൾ, ഹൈപ്പോപ്ലേഷ്യ, ഗം ട്യൂമർ എന്നിവയ്ക്കു സാധ്യതയേറെ. നാലു വയസ്സു കഴിയുന്നതോടെ എഴുപതു ശതമാനം നായ്ക്കളിലും മോണരോഗങ്ങൾ കാണുന്നു. പൂഡിൽ, യോർക്ക്ഷെയർ, ടെറിയർ തുടങ്ങി തലയോട്ടിയുടെ ആകൃതിയുടെ സവിശേഷതയാൽ പല്ലുകൾ കൂടുതൽ അടുത്തിരിക്കുന്ന ജനുസ്സുകളിൽ ദന്തരോഗങ്ങൾ കൂടും. വായ്നാറ്റമാണ് ആദ്യ ലക്ഷണം. ഉമിനീരൊലിക്കുക, ആഹാരം കഴിക്കുന്ന രീതിയിൽ വ്യത്യാസം, പല്ലിലും മുഖത്തും മാന്തുക, ചുവന്നു തുടുത്ത മോണകൾ, പല്ലുകൾക്ക് നിറവ്യത്യാസം എന്നിവ കണ്ടാൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കൃത്യമായ ദന്തപരിചരണം ഏറെ പ്രധാനം. ദന്തപ്രശ്നങ്ങൾ മറ്റു രോഗങ്ങൾക്കും വഴിവയ്ക്കാം.

പല്ലുകളിൽ അടിഞ്ഞുകൂടുന്ന ടാർടാർ നീക്കം ചെയ്യാൻ അൾട്രാസൗണ്ട് സ്കെയിലിങ് എന്ന ചികിത്സ ചെയ്തുവരുന്നു. ഇത് പൂർണമായി മയക്കിയിട്ടു ചെയ്യുന്ന ശസ്ത്രക്രിയയാണ്. ടാർടാർ നീക്കുന്നതോടൊപ്പം മറ്റു പല്ലുകളുടെ അവസ്ഥയും പരിശോധിക്കാം. മോണരോഗങ്ങൾക്കു മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയുണ്ട്. മോണയിലെ ട്യൂമറുകൾ ഇലക്ട്രോ സർജറി വഴി നീക്കം ചെയ്യാം. അപകടത്താലും ദന്തക്ഷയത്താലും ആടി നിൽക്കുന്ന പല്ലുകൾ നീക്കം ചെയ്യാം.

ഉടമതന്നെ കൃത്യമായ ഇടവേളയിൽ നായയുടെ പല്ലും മോണയും പരിശോധിക്കണം. നായ്ക്കൾക്കുള്ള ബ്രഷും പേസ്റ്റും വിപണിയില്‍ കിട്ടും. കടിക്കാൻ എല്ലുകൾ നൽകുന്നതു പഴയ രീതിയാണ്. ഇന്ന് ദന്തസംരക്ഷണത്തിനു നായ്ക്കൾക്കു നൽകാൻ സസ്യനാരുകൾ അടങ്ങിയ, വായിലെ ബാക്ടീരിയ വളർച്ച തടയുന്ന, രാസത്വരകങ്ങൾ അടങ്ങിയ, പല്ലിനു കേടുവരുത്താതെ ടാർടാർ നീക്കുന്ന ച്യൂ വിപണിയില്‍ കിട്ടും.

orthopaedics-(4)

അസ്ഥിക്കു കരുത്ത്

ഈടു നിൽക്കുന്ന, വേഗവും അനായാസ ചലനവും ഉറപ്പാക്കുന്ന ശരീരഘടനയാണ് വേട്ടക്കാരായ നായ്ക്കൾക്കു പ്രകൃതി നൽകിയത്. മുൻകാലുകൾ ശരീരഭാരത്തിന്റെ 60 ശതമാനവും താങ്ങുമ്പോൾ പിൻകാലുകൾ വേഗവ്യതിയാനം നൽകുന്ന ശക്തമായ അച്ചുകോലുകളായി പ്രവർത്തിക്കുന്നു. ഇങ്ങനെ ഉത്തോലകംപോലെയുള്ള എല്ലുകളും എണ്ണയിട്ടതുപോലെയുള്ള സന്ധികളും സ്നായുക്കളും അസ്ഥിബന്ധങ്ങളും ഒക്കെ ചേരുന്ന കരുത്തുറ്റ അസ്ഥിവ്യൂഹ വും മാംസപേശികളുമുള്ള ഉത്കൃഷ്ട ശരീരം എളുപ്പത്തിൽ ഒടിവുകൾക്കും മുറിവുകൾക്കും വശപ്പെടാം. നിയന്ത്രിത പ്രജനനത്തിലൂടെ ഉരുത്തിരിച്ച ഇനങ്ങളിൽ പലതിലും അസ്ഥിരോഗങ്ങൾ കൂടുതലായി കാണുന്നു. ഗ്രേറ്റ് ഡെയിൻ, അൽസേഷ്യൻ, ലാബ്രഡോർ, ഡാഷ്ഹണ്ട് ബീഗിൾ, ബാസറ്റ് ഹൗണ്ട് തുടങ്ങിയ ജനുസ്സുകളിൽ വിശേഷിച്ചും. എല്ലുകളുടെ ഒടിവ്, ഡിസ്ക് പ്രൊലാപ്സ്, ഹിപ്പ് ഡിസ്പ്ലേഷ്യ, സന്ധികളുടെ സ്ഥാനചലനം, സ്നായുക്കളുടെയും അ സ്ഥിബന്ധങ്ങളുടെയും താളം തെറ്റൽ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണ് നായ്ക്കൾക്കുണ്ടാകുന്നത്. നടക്കാനുള്ള ബുദ്ധിമുട്ട്, നീർവീക്കം, സന്ധിവേദന, എല്ലുകളുടെ ആകൃതിയിലുള്ള വ്യത്യാസം, എല്ലുകളുടെ ബലക്ഷയം, തളർച്ച, പ്രത്യേക രീതിയിലുള്ള നടത്തം തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. അപകടങ്ങൾ, വീഴ്ച, മറ്റു നായ്ക്കളുടെയോ മനുഷ്യരുടെയോ ആക്രമണം, പ്രായം, പാരമ്പര്യം, വളർച്ചയിലെ പ്രശ്നങ്ങൾ, പോഷകാഹാരക്കുറവ്, വിറ്റമിനുകളുടെയും ധാതുക്കളുടെയും കുറവ്, മറ്റു രോഗങ്ങൾ, പാരമ്പര്യം എന്നിവയൊക്കെ രോഗസാധ്യത കൂട്ടുന്നു. ഉദാഹരണത്തിന് നായ്ക്കളുടെ സന്ധിരോഗങ്ങളിൽ പ്രധാനമാണ് ഹിപ്പ് ഡിസ്പ്ലേസിയ. തുടയെല്ലും ഇടുപ്പെല്ലും ചേരുന്ന സന്ധിഭാഗത്തെ തേയ്മാനമാണു കാരണം. വേദനയും മുയലിനെപ്പോലെ ചാടിച്ചാടിയുള്ള നടത്തവും ലക്ഷണങ്ങള്‍. കൃത്യമായ രോഗനിർണയം നടത്തണം. രോഗലക്ഷണങ്ങളും എക്സ്റേ പരിശോധനയും വഴിയാണ് രോഗനിർണയം.

സാരമല്ലാത്ത ഒടിവുകൾ പ്ലാസ്റ്റർ ഓഫ് പാരിസ് കാസ്റ്റ്, ബാൻഡേജ് എന്നിവ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതു മുതൽ കൃത്രിമ സന്ധി ഘടിപ്പിക്കുന്നതുവരെ പലതരം ചികിത്സാരീതികൾ ഇന്നുണ്ടെന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ ഡോ. പി.ടി. ദിനേശ് പറഞ്ഞു. പഴയ പ്ലാസ്റ്റർ‌ കാസ്റ്റിനു പകരം ഫൈബർ‌ ഗ്ലാസ് കാസ്റ്റുകളെത്തി. സങ്കീർണമായ ഒടിവുകൾക്ക് ഇൻട്രാ മെഡുല്ലറി പിന്നിങ്, പ്ലേറ്റിങ് തുടങ്ങിയ ശസ്ത്രക്രിയാമാർഗങ്ങൾ ഉപയോഗിക്കുന്നു. ഹിപ്പ് ഡിസ്പ്ലേസിയ നേരിടാൻ എക്സിഷൻ ആർത്രോപ്ലാസ്റ്റി മുതൽ കൃത്രിമ സന്ധി പിടിപ്പിക്കൽവരെ ചെയ്യാൻ കഴിയുന്നു. ശസ്ത്രക്രിയ വഴി അസഹ്യവേദന ഒഴിവാക്കാനും കഴിയും. സ്പൈനൽ‌ ഫിക്സേഷൻ, സ്പൈനൽ ഡികംപ്രഷൻ, ക്രൂഡിയേറ്റ് ലിഗ്മെന്റ്, മുട്ടുചിരട്ടയുടെ സ്ഥാനഭ്രംശം തുടങ്ങിയവയ്ക്കുള്ള ശസ്ത്രക്രിയകളും ചെയ്യാം.

ചർമകാന്തിക്ക്

നായ്ക്കളുടെ ചർമത്തിന്റെയും രോമത്തിന്റെയും പ്രശ്നങ്ങൾ ഉടമകളെ ഏറെ അലട്ടുന്നതിനാൽ ഡെർമറ്റോളജി വിഭാഗവും പുതിയ തന്ത്രങ്ങളുമായി വളരുകയാണ്. ബാക്ടീരിയ, ഫംഗസ്, ബാഹ്യപരാദങ്ങൾ, യീസ്റ്റ്, പോഷകക്കുറവ്, അലർജി, ഹോർമോൺ വ്യതിയാനം, ശരീരത്തിലെ മറ്റു രോഗങ്ങൾ, ഉപാപചയപ്രവർത്തന തകരാര്‍, അർബുദം, പാരമ്പര്യം എന്നിവ രോഗത്തെ വിളിച്ചുവരുത്തും. ചൊറിച്ചിൽ, രോമം കൊഴിയൽ, ചർമത്തിലെ നിറവ്യത്യാസം, അസ്വസ്ഥത എന്നിവ പൊതുലക്ഷണങ്ങൾ. നായ്ക്കൾ സ്ഥിരമായി ചൊറിയുകയും നക്കുകയും കടിക്കുകയും ചെയ്യാം. ചിലപ്പോൾ ചർമത്തിൽ മുഴകൾ കാണാം. കോക്കർ സ്പാനിയൽ, ഗോൾഡൻ റിട്രീവർ, പോമറേനിയൻ, ലാസാ ആപ്സോ തുടങ്ങിയ ‘മുടി’യന്മാർക്ക് ചർമരോഗ സാധ്യതയേറും. കൃത്യമായ ഗ്രൂം ചെയ്യുകയാണ് പ്രധാന പ്രതിരോധം. ചർമരോഗലക്ഷണങ്ങൾ കണ്ടാ‍ൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.ലക്ഷണങ്ങൾ, മൈക്രോസ്കോപ്പി പരിശോധന എന്നിവ വഴി രോഗകാരണ ങ്ങൾ കണ്ടുപിടിച്ച് ആന്റിബയോട്ടിക്, ആ ന്റിഫംഗൽ തുടങ്ങിയ മരുന്നുകൾ ഉപയോഗിച്ചാണു സാധാരണ ചികിത്സ. രക്തപരിശോധനയിലൂടെ ഹോർമോൺ വ്യതിയാനങ്ങൾ കണ്ടുപിടിച്ചു ചികിത്സിക്കുന്ന പുത്തൻ‌ രീതിയുമുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ പ്രത്യേകിച്ച് തൈറോയിഡ്, അഡ്രീനൽ കോർട്ടക്സ് ഹോർമോൺ അളവുകൾ ചർമരോഗങ്ങൾക്കും രോമം പൊഴിയുന്നതിനും പ്രധാനകാരണമാണെന്ന് ഓർക്കണം.

ചർമമെന്ന പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി നിലനിർത്തുന്ന, ചർമത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളുടെ ബാലൻസ് നിലനിർത്തുന്ന പ്രതിരോധ പരിപാടികൾക്കു മുൻതൂക്കം നൽകേണ്ടതുണ്ട്. എസ്സൻഷ്യൽ ഫാറ്റി ആസിഡുകളും എസ്സൻഷ്യൽ ഓയിലും അടങ്ങിയ മരുന്നുകൾ ചർമസംരക്ഷണത്തിൽ ഏറെ പ്രധാനം. കൂടാതെ, ചർമത്തിന്റെ സ്രവങ്ങളുടെ അളവ് പരിധിയിൽ നിർ‌ത്തുന്ന ചർമം വൃത്തിയാക്കുന്ന മരുന്നുകൾ, ലോഷൻ ഷാംപൂ എന്നിവയും ലഭ്യമാണ്.

കുടുംബത്തിലെ അംഗമായി, മനുഷ്യന്റെ ചങ്ങാതിയായി, പ്രതിരൂപം പോലുമായി അരുമകൾ മാറുമ്പോൾ അംഗപ്രത്യംഗം അവയെ കരുതാൻ സമയവും പണവും കണ്ടെത്തുന്ന യജമാനന്മാർക്കായി മൃഗചികിത്സയും ആധുനികവൽക്കരിക്കപ്പെട്ട് ആവശ്യങ്ങളറിഞ്ഞ് ശാഖോപശാഖകളായി നമ്മുടെ നാട്ടിലും വളർച്ചയുടെ പുതിയ പാതകൾ തേടുന്നു. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA