അരുമയെ കരുതണം വാർധക്യത്തിലും

DSC_7353
SHARE

കളിയും ചിരിയുമായി തനിക്കു കൂട്ടായിരുന്ന അരുമയെ അതിന്റെ ജീവിതസായാഹ്നത്തിലും സംരക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. പ്രായമായ ഓമനമൃഗങ്ങളെ പലരും  തെരുവില്‍ ഉപേക്ഷിക്കുന്നത് സാമൂഹികപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വൃദ്ധജനങ്ങളെ സംബന്ധിക്കുന്ന വാർധക്യസഹജ രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ജെറിയാട്രിക്സ് (Geriatrics) അരുമ മൃഗങ്ങളുടെയും ഓമനപ്പക്ഷികളുടെയും കാര്യത്തിലും കൂടുതൽ പ്രസക്തമാകുകയാണ്.പത്തു – പതിനഞ്ചു വർഷം ആയുർദൈർഘ്യമുള്ള നായ്ക്കളിലും പൂച്ചകളിലും ആറു വയസ്സ് കഴിയുന്നതോടെ  വാർധക്യസഹജ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. അരുമപ്പക്ഷികൾ 20 മുതൽ 80 വർഷം വരെ ആയുസ്സുള്ളവയാണ്. 

വാർധക്യലക്ഷണങ്ങൾ എല്ലായിനം മൃഗങ്ങളിലും ഒരുപോലെയാകണമെന്നില്ല. ഉദാഹരണത്തിന് ടോയ് ബ്രീഡ്സ് എന്നു വിളിക്കുന്ന കുഞ്ഞൻ നായ്ക്കളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണുമ്പോൾ പൂച്ചകളിൽ വൃക്കസംബന്ധമായ പ്രശ്നങ്ങളാണ് പ്രായമേറുന്നതിന്റെ ആദ്യ സൂചനകൾ.  പ്രായമാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങളോട് സമരസപ്പെടാൻ ഓമനമൃഗങ്ങളെ സഹായിക്കുക എന്നതു പ്രധാനമാണ്. വാർധക്യസഹജമായ മാറ്റങ്ങളെയും രോഗങ്ങളെയും എത്രയും നേരത്തേ കണ്ടെത്തുക, ആവശ്യമായ ചികിത്സ നൽകുക, ജീവിത സാഹചര്യങ്ങൾ പരിഷ്കരിക്കുക എന്നിവയാണ് ഉടമയുടെ ദൗത്യം.

ജീവിതശൈലീരോഗങ്ങള്‍

പ്രായമാകുന്നതോടെ ഓട്ടവും ചാട്ടവും ചുറുചുറുക്കും കുറയുമ്പോള്‍ ശരീരത്തിനാവശ്യമായ ഊർജത്തിന്റെ അളവും കുറയും. അപ്പോൾ ശേഷിക്കുന്ന ഊർജം കൊഴുപ്പായടിഞ്ഞ് പൊണ്ണത്തടി അഥവാ അമിതഭാരമെന്ന പ്രശ്നത്തിലേക്കും പ്രമേഹത്തിലേക്കും നയിക്കുന്നു. വ്യായാമത്തോടു മടുപ്പ്, എഴുന്നേൽക്കാനും നടക്കാനും ബുദ്ധിമുട്ട് എന്നിവ പൊണ്ണത്തടിയുടെ ലക്ഷണങ്ങളാകുമ്പോൾ അമിതമായ ദാഹവും മൂത്രവിസർജനവും ശരീരഭാരം നഷ്ടപ്പെടലും ഛർദിയും ക്ഷീണവും പ്രമേഹലക്ഷണങ്ങളാണ്. ഭക്ഷണത്തിലെ ഊർജത്തിന്റെ  അളവ്  കുറയ്ക്കാൻ കൊഴുപ്പു കുറഞ്ഞ, കൂടുതൽ നാരടങ്ങിയ ഭക്ഷണരീതിയിലേക്ക് നായ്ക്കളെ മാറ്റണം. രോഗങ്ങളോ മറ്റു കാരണങ്ങൾകൊണ്ടോ വയസ്സായ നായ്ക്കൾ തീറ്റയെടുക്കുന്നതു കുറഞ്ഞാൽ അത് നികത്താനുള്ള സപ്ലിമെന്റുകൾ നൽകണം.   വയസ്സുകാലത്തുംഊർജാവശ്യത്തിൽ കുറവുവരാത്ത പൂച്ചകളിൽ പൊണ്ണത്തടി ഉണ്ടാകാറില്ല. പകരം, വയസ്സായ പൂച്ചകളിൽ കൊഴുപ്പ് നഷ്ടപ്പെടാമെന്നതിനാൽ തീറ്റയിലെ കൊഴുപ്പിന്റെ അളവോ ഗുണമോ കൂട്ടേണ്ടി വരുന്നു.

DSC_0845

ചർമവും രോമാവരണവും

കൗമാര, യൗവനങ്ങളിൽ സൗന്ദര്യത്തിന്റെ കണ്ണാടിയായിരുന്ന ചർ‌മവും രോമാവരണവും കട്ടി കുറഞ്ഞ് ശുഷ്കിക്കുന്നു. മനുഷ്യനെപ്പോലെ നരവീണു തുടങ്ങുന്ന രോമങ്ങൾ മൂക്കിന്റെ അറ്റത്തും കണ്ണുകൾക്കു ചുറ്റിലും ചാരനിറത്തിൽ മങ്ങിത്തുടങ്ങുന്നു. രോമാവരണത്തിന് ശ്രദ്ധയോടെ കൃത്യമായ ഗ്രൂമിങ് നടത്തണം, വിശേഷിച്ച് മലദ്വാരത്തിന്റെ ഭാഗങ്ങളിലും മറ്റും. ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്ലിമെന്റുകൾ ഒരു പരിധിവരെ രോമാവരണത്തിന്റെ തിളക്കം തിരിച്ചുപിടിക്കാന്‍ സഹായിക്കും. നായ്ക്കളിലും പൂച്ചകളിലും ചർമത്തിന്റെ കനം കുറയുന്നതിനാൽ പരുക്കേൽക്കാൻ‌ സാധ്യത കൂടുന്നു. അർ‌ബുദങ്ങളോ മുഴകളോ ചർ‌മത്തിൽ പ്രത്യക്ഷപ്പെടാം. വരണ്ടുതുടങ്ങുന്ന ചർമവും പ്രശ്നമുണ്ടാക്കുന്നു. ചൊടിയും ചുണയും നഷ്ടപ്പെട്ട്  കൂടുതൽ സമയവും കിടക്കുന്നതിനാൽ കൈമുട്ടുകളിൽ കട്ടിയുള്ള തഴമ്പുകൾ വരുന്നു. പരുക്കൻ പ്രതലങ്ങളിൽ കിടക്കുന്നവയിൽ ഈ പ്രശ്നം കൂടുതലായിരിക്കും. വലിയ ജനുസുകളിലാണ് ഇത് അധികവും കാണുക. നായ്ക്കൾക്കായുള്ള മെത്തകളോ അല്ലെങ്കിൽ ഓർത്തോപീഡിക് ബെഡുകളോ ഉപയോഗിച്ച് ഈ പ്രശ്നം ലഘൂകരിക്കാം. കാൽപാദത്തിന്റെ അടിഭാഗമായ ഫുട്പാഡുകളുടെയും കട്ടി കൂടുന്നു.

നഖങ്ങൾ എളുപ്പത്തിൽ പൊട്ടുന്നതിനാൽ നഖം വെട്ടുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം.   നഖം ഇടയ്ക്കിടെ വെട്ടുകയും വേണം. നടപ്പും ഓട്ടവും കുറയുന്നതോടെ നഖങ്ങൾക്ക് സ്വാഭാവിക തേയ്മാനത്തിനുള്ള അവസരം കുറയുന്നുവെന്നും ഓർക്കുക.ഉന്മേഷക്കുറവ്, സന്ധിവീക്കംവലുപ്പമേറിയ ജനുസ്സുകളിലും നട്ടെല്ലിന് രോഗസാധ്യത കൂടുതലുള്ള ഡാഷ്ഹണ്ട്, ബാസ്റ്റ് ഹൂണ്ട് മുതലായ ജനുസ്സുകളിലും പ്രായമാകുമ്പോൾ സന്ധിവാതം അല്ലെങ്കിൽ വീക്കം സാധാരണമാണ്. ചെറുപ്രായത്തിൽ സന്ധികളിൽ ക്ഷതമേറ്റ നായ്ക്കളും പ്രായമാകുമ്പോൾ ഇതിനടിമയാകും. സന്ധിയിൽ ഒരു ചെറിയ പിടിത്തം  മുതൽ ചലനസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന സ്ഥിതി വരെയുണ്ടാകാം. എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്,  പടികൾ കയറാനും ചാടാനുമുള്ള പ്രയാസം, സ്വഭാവ വ്യതിയാനങ്ങൾ, നീർവീക്കം എന്നിവ ലക്ഷണങ്ങളാണ്. പേശീവലുപ്പം കുറയുകയും അസ്ഥാനത്ത് മലമൂത്രവിസർജനം നടത്തുകയുമൊക്കെ ചെയ്യാം. കോൺഡ്രോയിറ്റിൻ, ഗ്ലൂക്കോസാമൈൻ എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ, വേദനസംഹാരികൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം നൽകാം. എന്നാൽ ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ പൂച്ചകൾക്ക് വേദനസംഹാരികൾ  നൽകരുത്. വ്യായാമം കുറയുന്നതോടെ പേശികളുടെ വലുപ്പം കുറയുന്നു. നടക്കാൻ ബുദ്ധിമുട്ടു തോന്നുന്നതോടെ നടപ്പുതന്നെ ഒഴിവാക്കുന്നു. ഈ അവസ്ഥ വ്യായാമക്കുറവിനും മറ്റു പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. മാംസപേശികൾ, ഹൃദയം, മനോഭാവം  എന്നിവ മെച്ചപ്പെടാൻ വ്യായാമം അനിവാര്യമാണ്. നായ്ക്കളുടെ കഴിവനുസരിച്ച് ഹ്രസ്വമായ വ്യായാമം പലവട്ടം നൽകി മസിലുകളെ ബലപ്പെടുത്തണം. കയറാനും ഇറങ്ങാനും പടികൾ, ചരിവുകൾ എന്നിവ നൽകുക. ഉയർത്തി വയ്ക്കാവുന്ന തീറ്റപ്പാത്രങ്ങൾ, ഓർത്തോപീഡിക് മെത്തകൾ എന്നിവ നടക്കുമ്പോൾ ബുദ്ധിമുട്ടുന്ന, വേദന കാണിക്കുന്ന നായ്ക്കൾക്ക് കൈത്താങ്ങാകും. 

ദന്തരോഗങ്ങൾ

ദന്തരോഗങ്ങളാണ് വാർധക്യകാല പ്രശ്നങ്ങളിൽ ഏറ്റവും പൊതുവായുള്ളത്. മൂന്നു വയസ്സു കഴിയുന്നതോടെതന്നെ എൺപതു ശതമാനത്തിലധികം നായ്ക്കളിലും  ദന്ത–മോണ രോഗങ്ങൾ കാണാം. വായ്നാറ്റം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയുക എന്നിവയാണ്  ലക്ഷണങ്ങള്‍. ചെറുപ്പം മുതല്‍ കൃത്യമായ ദന്തപരിചരണം വിശേഷിച്ച്  ബ്രഷ് ചെയ്യൽ,  രോഗസാധ്യത കുറയ്ക്കും.  ദന്തരോഗങ്ങൾ ജീവനുവരെ ഭീഷണിയാകുമെന്നതിനാൽ ശാസ്ത്രീയ ദന്തപരിചരണത്തിൽ ഉപേക്ഷ വേണ്ട.ദഹനവ്യൂഹ പ്രശ്നങ്ങൾ പ്രായമാകുന്നതോടെ ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. മലവിസർജനസമയത്ത് വേദനയുള്ള നായ്ക്കളിൽ ഈ പ്രശ്നം കൂടുതലായിരിക്കും. ഇടുപ്പെല്ലിന്റെ പ്രശ്നം, മലദ്വാരത്തിലെ ഗ്ലാൻഡുകളുടെ അസുഖം എന്നിവ വേദനയ്ക്കു കാരണമാകും. നിഷ്ക്രിയമായ ജീവിതശൈലിയും ചില രോഗങ്ങളും മലബന്ധത്തിനു കാരണമാകാം. മലബന്ധമുള്ള നായ്ക്കളെ വിദഗ്ധ പരിശോധന നടത്തണം. വയറിളക്കാനുള്ള മരുന്നുകൾ, കൂടുതൽ നാരടങ്ങിയ ഭക്ഷണം, ധാരാളം ശുദ്ധജലം   എന്നിവ നല്‍കുന്നതിനൊപ്പം സന്ധിപ്രശ്നങ്ങൾ, മലദ്വാരഗ്രന്ഥിയുടെ അസുഖങ്ങൾ എന്നിവയ്ക്കു  ചികിത്സിക്കണം. 

പൂച്ചകളിൽ ആമാശയത്തിൽ മുടിക്കെട്ടുകൾ അടിഞ്ഞുകൂടി മലബന്ധം ഉണ്ടാകാം. ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, മലത്തിൽ ചോരയുടെഅംശം, കറുത്ത ടാറിന്റെ നിറമുള്ള മലം, മലവിസർജനത്തിന്റെ തോതിലുള്ള വർധന ഇവയൊക്കെ പ്രായമാകുമ്പോൾ ദഹനവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ, രോഗങ്ങളുടെ ലക്ഷണങ്ങളാകാം.

ഫോൺ: 9446203839

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA