വളർത്തു നായ്ക്കൾ കടുത്ത ചൂടിൽ തളരുമ്പോൾ

srelatha-knr-1
SHARE

മധ്യവേനലിലെ ഒരു പകൽ. ഉദ്ദേശം 12.30 മണി ആയിട്ടുണ്ടാകും. പെട്ടെന്ന് ഒരു ഫോൺ കോൾ... ഡോക്ടർ പെട്ടെന്ന് ഇവിടം വരെയൊന്നു വരണം... ഞങ്ങളുടെ... പിങ്കി ... പതറിയ ശബ്ദം കേട്ടപ്പോഴേ മനസ്സിലായി, മായേച്ചിയാണ്. “ എന്താ... എന്തു പറ്റി... പിങ്കിക്ക് ?

അതു പിന്നെ... ചേച്ചിക്കു മുഴുമിപ്പിക്കാൻ പറ്റുന്നില്ല. റിസീവർ വാങ്ങി ഉണ്ണിയേട്ടൻ പറഞ്ഞു. “ഡോക്ടർ, അര മണിക്കൂർ മുമ്പുവരെ അവൾക്ക്  വിശേഷമൊന്നുമില്ലായിരുന്നു. എന്നാല്‍ അല്‍പം മുമ്പ് അവൾ  അതിശക്തമായി അണയ്ക്കാന്‍ തുടങ്ങി. അവളുടെ വായിൽനിന്ന് ഉമിനീരൊലിച്ചുകൊണ്ടുമിരുന്നു. ഇപ്പോൾ ബോധം പോയതുപോലെ തളർന്നു കിടക്കുകയാണ്. ഡോക്ടർ പെട്ടെന്നു വരണം. 

ഉണ്ണിയേട്ടന്റെയും മായേടത്തിയുടെയും അരുമയാണ്  മൂന്നു വയസ്സുള്ള പഗ് ഇനം  പെൺനായ ‘പിങ്കി’. മകളെപ്പോലെയാണ് അവര്‍ അവളെ പരിപാലിക്കുന്നത്. അവരുടെ വീട് ഭൂനിരപ്പിൽനിന്ന് അൽപം ഉയർന്നിരിക്കുന്നതുകൊണ്ടും മുറ്റത്തുണ്ടായിരുന്ന മരങ്ങളൊക്കെ മുറിച്ചുമാറ്റി തറയോട് പാകിയിരിക്കുന്നതുകൊണ്ടും ഉഷ്ണസമ്മർദമായിരിക്കാം പിങ്കിയുടെ കുഴപ്പത്തിനു കാരണമെന്നു ഞാൻ ഊഹിച്ചു.... പിന്നെ ഓട്ടോയിൽ പിങ്കിയുടെ വീട്ടിലേക്ക് ...

ഊഹം തെറ്റിയില്ല, വില്ലൻ കടുത്ത ചൂട് തന്നെ. പ്രഥമശുശ്രൂഷയും ആവശ്യമായ മരുന്നുകളും ഉടന്‍ നൽകി. നിർജലീകരണം കുറയ്ക്കാൻ സിരകളിലൂടെ ഫ്ളൂയിഡുകളും നൽകി. പിന്നെ പിങ്കിയുടെ പ്രശ്നം വിശദമായി പറഞ്ഞു. 

അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതനുസരിച്ച് മൃഗങ്ങളുടെ ശരീരോഷ്മാവും വർധിക്കും. എന്നാല്‍ ശരീരത്തിൽ അധികമായി ഉൽപാദിപ്പിക്കുന്ന ചൂട്  അണപ്പും  വിയർപ്പും വഴി   പുറന്തള്ളപ്പെടും. നായ്ക്കളുടെ ശരീരത്തിൽ വിയർപ്പുഗ്രന്ഥികൾ കുറവായതിനാല്‍ മറ്റ് മൃഗങ്ങളെപ്പോലെ   അധിക താപം വിയർപ്പിലൂടെ പുറത്തു കളയാന്‍ അവയ്ക്കാവില്ല.

ലക്ഷണങ്ങൾ

നായ്ക്കൾ ഉടമസ്ഥന്റെ ആജ്ഞകൾ അനുസരിക്കാതിരിക്കുകയോ, വിളിക്കുമ്പോൾ അസാധാരണമായി പെരുമാറുകയോ ചെയ്യുന്നത് ഉഷ്ണസമ്മർദത്തിന്റെ പ്രാരംഭ ലക്ഷണമാണ്. തുടര്‍ന്ന് പിങ്കിക്കുണ്ടായതുപോലെ അമിതമായ ഉമിനീരൊലിപ്പ്, ധൃതഗതിയിലുള്ള അണയ്ക്കൽ, തുടർച്ചയായി കുരയ്ക്കല്‍, നാവിനു നീലനിറം തുടങ്ങി ഉയർന്ന ഹൃദയമിടിപ്പ്, പനി, ക്ഷീണം, ബോധക്ഷയം, ഹൃദയാഘാതം എന്ന ഗുരുതരമായ അവസ്ഥവരെ ഉണ്ടാകാം. കനത്ത ചൂടിൽ നായ്ക്കൾ നടക്കാൻ മടിക്കുകയോ, മുടന്തുകയോ തുടർച്ചയായി ഉള്ളം കാൽ നക്കുകയോ ചെയ്യുന്നതും ലക്ഷണങ്ങളാണ് .

ചെറിയ നാസാരന്ധ്രങ്ങളുള്ള  ഷിവാവെ, പിറ്റ് ബുൾ, പഗ്, പരന്ന മുഖമുള്ള ബോക്സർ  എന്നീ   ഇനങ്ങള്‍, ഇളം നിറത്തിലോ പിങ്ക് നിറത്തിലോ മൂക്കുള്ളവ, നീളം തീരെ കുറഞ്ഞ രോമങ്ങളുള്ളവ എന്നിവയെ സൂര്യാതപം  എളുപ്പത്തിൽ ബാധിക്കും.

പ്രഥമ ശുശ്രൂഷ 

വേനൽ ദിവസത്തിൽ മറ്റു  കാരണങ്ങളൊന്നുമില്ലാതെ നായ്ക്കൾ മേൽ വിവരിച്ച ലക്ഷണങ്ങൾ കാണിച്ചാൽ അത് ഉഷ്ണസമ്മർദത്തിന്റെ ഫലമെന്നു സംശയിക്കാം.  മൃഗത്തെ കടുത്ത ചൂടിൽനിന്നു തണുത്ത സ്ഥലത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.ക്ലിനിക്കൽ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് അളക്കുകയും 106  ഡിഗ്രി ഫാറന്‍ഹീറ്റില്‍ കൂടുതലാണെങ്കിൽ ഉടന്‍തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടുക. 

തൊട്ടടുത്ത് ശുദ്ധജലം ലഭ്യമാണെങ്കിൽ തല ഉയർത്തി പിടിച്ച് കഴുത്തു വരെയുള്ള ഭാഗം വെള്ളത്തിൽ മുക്കുകയോ, ശരീരം നനയ്ക്കുകയോ ചെയ്യാം. അല്ലെങ്കിൽ തണുത്ത തുണികൊണ്ട് ശരീരം തുടയ്ക്കുകയോ ശരീരം മുഴുവന്‍ പൊതിയുകയോ വേണം.  പിൻകഴുത്തിലും പിൻ കാലുകൾക്കിടയിലും നനഞ്ഞ തുണി  വയ്ക്കുന്നതും നന്ന്. സ്വമേധയാ കുടിക്കാൻ സാധിക്കുമെങ്കിൽ തണുത്ത ശുദ്ധജലം കൊടുക്കുക.തനിയെ  കുടിക്കുന്നില്ലെങ്കിൽ  സ്പൂണിൽ വെള്ളമെടുത്ത് തുള്ളിതുള്ളിയായി ഒഴിച്ച് നാവ് നനച്ചു കൊടുക്കുക.  ബലം പ്രയോഗിച്ചോ നിർബന്ധിച്ചോ കുടിപ്പിക്കരുത്. അത് വെള്ളം ശ്വാസകോശത്തിൽ കയറാന്‍ കാരണമായേക്കാം. ഐസ് കട്ടകൾ നുണയാൻ കൊടുക്കരുത്. അത് ശരീരോഷ്മാവ് പൊടുന്നനെ കുറയാൻ ഇടയാക്കും. കാലുകൾ ശക്തമായി  തിരുമ്മിക്കൊടുക്കുന്നത് രക്തചംക്രമണം വർധിപ്പിക്കും. ഈ സമയത്ത് ശരീരതാപം കുറയ്ക്കുന്നതിനുള്ള ആസ്പിരിൻ ഗുളികകൾ കൊടുക്കരുത്.

വേനൽക്കാലത്തു ശ്രദ്ധിക്കാൻ

വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ്  വൈദ്യപരിശോധന നടത്തുന്നതു നന്ന്. വിരയ്ക്കെതിരെയും  ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങൾക്കെതിരെയും മരുന്നു കൊടുക്കണം.  നായ്ക്കളെ വീടിനു പുറത്ത് കൂട്ടിലാണു വളര്‍ത്തുന്നതെങ്കില്‍ നല്ല തണൽ സൗകര്യം ഏർപ്പെടുത്തുകയോ തണൽമരങ്ങൾ വച്ചുപിടിപ്പിക്കുകയോ വേണം. കൂട്ടിനുള്ളിൽ എപ്പോഴും ശുദ്ധജലം ലഭ്യമാക്കണം.

ദാ... പിങ്കിയുടെ കാലിലേക്ക് ഒന്നു നോക്കിയേ...! അവ കരിവാളിച്ചും, ഉള്ളംകാൽ ചുവന്നിരിക്കുന്നതും അവിടെ പൊള്ളിയതുപോലെ കുമിളകളും കണ്ടോ? ചൂടുകാലത്ത്  പകൽ ടൈൽ വിരിച്ച തറയിലും കോൺക്രീറ്റ് തറയിലും നില്‍ക്കുകയും നടക്കുകയും ചെയ്യുന്നതുകൊണ്ടാണിത്. പകരം ഇരിക്കാനും നില്‍ക്കാനും ഈർപ്പമുള്ള മണൽ നിറച്ച പെട്ടികൾ വച്ചു കൊടുക്കാം. ഉഷ്ണകാലത്തു വ്യായാമം  ഒഴിവാക്കുക. നായ്ക്കളുടെ മുന്നിൽ ഫാൻ വച്ചു കൊടുക്കാം. നായ്ക്കുട്ടികൾക്കും  നീന്താനും വെള്ളത്തില്‍ കളിക്കാനുമുള്ള സൗകര്യമുണ്ടെങ്കില്‍ നന്ന്.

ദിവസേന ബ്രഷ് ചെയ്യുന്നത് കട്ടപിടിച്ചിരിക്കുന്ന കൊഴിഞ്ഞ രോമങ്ങൾ നീക്കം ചെയ്യാനും ശരീരം ചൂടുപിടിക്കുന്നത് തടയാനും  ഉപകരിക്കും.  അധികം നീളമുള്ളരോമങ്ങൾ മുറിക്കുക. അവയുടെ കട്ടി കുറച്ചും ചൂട് കുറയ്ക്കാം. മൂക്ക്, ചെവി, അടിവയർ തുടങ്ങി  സൂര്യപ്രകാശം പെട്ടെന്ന് പതിക്കുന്ന ശരീരഭാഗങ്ങളിൽ സിങ്ക് ഓക്സൈഡ് ചേർക്കാത്ത സൺ ക്രീമുകൾ പുരട്ടുന്നത് നന്ന്. 

ഭക്ഷണം കൊടുക്കുമ്പോൾ  

സാധാരണയായി ചൂടുകാലത്ത് നായ്ക്കൾക്കു വിശപ്പ് കുറവായിരിക്കും. കഴിവതും ഉച്ച സമയത്തെ ഭക്ഷണം ഒഴിവാക്കി അത് രാവിലെയും വൈകിട്ടുമായി നൽകുക.  ഭക്ഷണം  കൊഴുപ്പു കുറഞ്ഞതും ജലാംശം കൂടുതലുള്ളതും ആകണം.   പാകം ചെയ്ത ഉടനെ  നൽകുകയും വേണം. ആഹാരം  ചവച്ചരച്ചു തിന്നുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

സവാള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കുക. തൊലി കളയാതെ വേവിച്ച് ഉടച്ച മധുരക്കിഴങ്ങ് നൽകുന്നത് ബീറ്റാ -കരോട്ടീൻ കൂടുതലായി ലഭിക്കാൻ സഹായിക്കും.തണുത്ത വെള്ളം ധാരാളം  കൊടുക്കണം. വെള്ളത്തിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നതു വഴി, വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ധാതുലവണങ്ങൾ പുനഃസ്ഥാപിക്കാം.

നായ്ക്കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ നേന്ത്രപ്പഴം, നുറുക്കി വേവിച്ച ഇറച്ചി, മുറിച്ച കാരറ്റ്, ആപ്പിൾ എന്നിവ നിറച്ച് തണുപ്പിച്ചു നൽകാം. വേവിച്ച കോഴിയിറച്ചിയോ ബീഫോ ഐസ് ക്യൂബ് ട്രേയിൽ വച്ച് തണുപ്പിച്ചു  കൊടുക്കാം.നേന്ത്രപ്പഴം, കാരറ്റ്, ആപ്പിൾ, ഇഷ്ടപ്പെട്ട മറ്റു പഴങ്ങൾ, യോഗർട്ട് എന്നിവ ചേർത്തുണ്ടാക്കിയ ഐസ് ക്രീമുകൾ നൽകുന്നതും ഉഷ്ണസമ്മർദം ഒഴിവാക്കാൻ സഹായിക്കും. കാത്തിരിപ്പിന്റെ വിരസത അറിയിച്ചുകൊണ്ട്  ഓട്ടോറിക്ഷയുടെ ഹോൺ മുഴങ്ങിയതും പിങ്കി കണ്ണു തുറന്നതും ഒരുമിച്ചായിരുന്നു. അവൾ പതിയെ അനങ്ങാൻ തുടങ്ങി; തിരികെ ജീവിതത്തിലേക്ക്. 

വിലാസം: അസി. പ്രഫസര്‍, കന്നുകാലി 

പ്രജനനകേന്ദ്രം, തുമ്പൂര്‍മുഴി. 

ഫോണ്‍: 9495539063

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA