അരുമകളുടെ ലോകത്ത് സംരംഭസാധ്യതയേറെ

doctor
SHARE

അണുകുടുംബ സംവിധാനത്തിൽ അരുമകൾ അനിവാര്യ ഘടകമാണിപ്പോള്‍. അതുകൊണ്ടുതന്നെ അരുമകളുടെയും അനുബന്ധസാമഗ്രികളുടെയും വിപണി വന്‍ വളര്‍ച്ച നേടുന്നു.

“Dogs are not our whole life, but theymake our lives whole”...... Roger Cavas (അമേരിക്കൻ‍ എഴുത്തുകാരൻ)നായ്ക്കൾ ഇന്നു കേവലം വീടുകളിലെ അന്തേവാസികളോ കാവൽക്കാരോ അല്ല, മറിച്ച് മനുഷ്യന്റെ സന്തതസഹചാരികളോ കുടുംബാംഗങ്ങളോ ആണ്. ജോലി കഴിഞ്ഞ് ക്ഷീണിതരായി വീട്ടിലെത്തുന്ന ഗൃഹനാഥനായാലും ഗൃഹനാഥയായാലും പഠനം കഴിഞ്ഞെത്തുന്ന കുട്ടികളായാലും  ആദ്യം കാണുന്നത് തങ്ങളെ സ്വീകരിക്കാൻ പ്രത്യേക ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ആവേശത്തോെട  ഓടിയലച്ചെത്തുന്ന നായയെയാണ്. അവയുടെ മതിവരാത്ത സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ, അനുഭവിക്കുമ്പോൾ ശരീരത്തിന്റെ ക്ഷീണവും  മനസ്സിന്റെ  പിരിമുറുക്കങ്ങളും  നിമിഷനേരംകൊണ്ട് ഇല്ലാതാകും.  അരുമ മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധവും അതിന്റെ ഊഷ്മളതയും ഈ ആധുനിക കാലഘട്ടത്തിലും അനുദിനം ശക്തമാവുകയാണ്. അണുകുടുംബ സംവിധാനത്തിൽ അരുമകൾ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. അരുമമൃഗങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും  വിപണിയിൽ അനുദിനം ഉണ്ടാകുന്ന വളർച്ചതന്നെ ഇതിനു തെളിവ്.

മനുഷ്യന്റെ മാനസികാരോഗ്യവും സാമൂഹിക ജീവനവും മെച്ചപ്പെടുത്താൻ അരുമമൃഗങ്ങളുടെ സാന്നിധ്യവും സ്വാധീനവും ഉപകരിക്കുമെന്നു ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടതാണ്. ഏകാന്തത, വിഷാദരോഗം, കുട്ടികളിലെ മാനസിക വൈകല്യങ്ങൾ എന്നിവയുടെ ചികിത്സയുടെ ഭാഗമായി അരുമ മൃഗങ്ങളെ പരിപാലിക്കാൻ മനഃശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നത് ഇന്ന് അപൂർവമല്ല.

എട്ടു വർഷം മുൻപ് ഞങ്ങൾ എറണാകുളം പനമ്പിള്ളി നഗറിൽ കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ മൾട്ടി സ്പെഷ്യല്‍റ്റി ആശുപത്രി തുടങ്ങുമ്പോള്‍ ഏവർ‌ക്കും അതൊരു കൗതുകമായിരുന്നു. എന്നാൽ ഇന്ന് ഈ ആശുപത്രി നൂറുകണക്കിന് അരുമമൃഗങ്ങൾക്ക് 24 മണിക്കൂറും സേവനം നൽകുന്ന ബൃഹത് സ്ഥാപനമാണ്. ഇത്തരം ആശുപത്രികള്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വേണമെന്ന് മൃഗസ്നേഹികൾ ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

മനുഷ്യരെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഉള്ളതുപോലെ മെഡിസിൻ, സർജറി, ഗൈനക്കോളജി വിഭാഗങ്ങള്‍, ആധുനിക ലബോറട്ടറി, 24 മണിക്കൂർ‌ ഫാർമസി, എക്സ്റേ, സ്കാനിങ്, ഇസിജി, എക്കോ കാർഡിയോഗ്രഫി, നിയോനേറ്റൽ ഐസിയു, രക്തദാന യൂണിറ്റ് എന്നിവ കൂടാതെ, നായ്ക്കളിൽ കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യം മുതൽ വൃക്കരോഗ ചികിത്സയ്ക്കുള്ള ഡയാലിസിസ് യൂണിറ്റ് വരെ ഇത്തരം പെറ്റ്സ് ആശുപത്രികളിൽ ഇന്നു ലഭ്യമാണ്. കിടത്തിച്ചികിത്സയ്ക്കുള്ള സൗകര്യം, ആംബുലൻസ്, സൗന്ദര്യ പരിചരണത്തിന് പെറ്റ് ബ്യൂട്ടിപാർലർ, പരിശീലനത്തിന് ട്രെയിനിങ് സെന്റർ‌, ഒപ്പം ബോർ‌ഡിങ് സൗകര്യവും ഇത്തരം ആശുപത്രികളിലുണ്ട്.

അരുമമൃഗങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനം നായ്ക്കൾക്കു തന്നെ. സാധാരണബ്രീഡുകളായ ജർ‌മൻ ഷെപ്പേർഡ്, ലാബ്രഡോർ‌, ഡോബർമാൻ, പഗ്, റോട്ട്‌വെയ്‌ലർ, ബോക്സർ എന്നിവയ്ക്കു പുറമെ ഷിറ്റ്സൂ, ചിവാവ, ബീഗിൾ, ഗോൾഡൻ റിട്രീവർ, ബാസ്റ്റ് ഹൗണ്ട്, ബുൾമാസ്റ്റിഫ്, സൈബീരിയൻ ഹസ്കി, ഗ്രേറ്റ് ഡേൻ, സെന്റ് ബർണാർ‌‍ഡ് തുടങ്ങിയവയ്ക്ക് ഇന്നു പ്രിയം ഏറിവരുന്നു.   മാസ്റ്റിഫുകൾ, അകിത, ചൗചൗ, ബുൾഡോഗുകൾ എന്നിവയും കേരളത്തിൽ ഇന്നു സുലഭം. ഇന്ത്യൻ ജനുസ്സുകളായ രാജപാളയം, കോമ്പയ്, കന്നി തുടങ്ങിയവയ്ക്കും ആവശ്യക്കാർ ഏറെ. കെന്നൽ ക്ലബ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റോടെ മുന്തിയ ഇനത്തിൽ‌പ്പെട്ട നായ്ക്കുട്ടിയെ വേണമെങ്കിൽ ചുരുങ്ങിയത് 20,000 രൂപ മുടക്കണം. ഫ്ളാറ്റുകളിലും മറ്റും സ്ഥലപരിമിതിമൂലം ചെറു ബ്രീഡുകൾക്കും ഇന്ന് വിപണിയിൽ പ്രിയമേറിവരുന്നു. 

പൂച്ച  ഭാവിതാരം

അരുമമൃഗങ്ങളുടെ വിപണിയിൽ പൂച്ചകളുടെ സ്ഥാനം തെല്ലും പിന്നിലല്ല. സാഹചര്യങ്ങളുടെ സവിശേഷത മൂലം നായ്ക്കളെ വളർത്താനാവാത്ത മൃഗസ്നേഹികൾക്കു പൂച്ചകളോടാണ് താൽപര്യം. ഒട്ടേറെ വിദേശജനുസ്സുകൾ ഇന്ന് വിപണിയിൽ‌ സുലഭം. 

iguana

എങ്കിലും പേർഷ്യൻ ഇനത്തിനാണ് ഏറ്റവും പ്രിയം. ഹിമാലയൻ, ബംഗാൾ ക്യാറ്റ്, ബ്രിട്ടിഷ് ഷോർ‌ട്ട് ഹെയർ, മെയിൻ കൂൺ, റാഗ് ഡോൾ തുടങ്ങിയവയും വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

അമൂല്യം അലങ്കാരപ്പക്ഷികൾ

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അലങ്കാരപ്പക്ഷികൾക്കാണ് ഇന്നു പ്രിയം. ഓസ്ട്രേലിയൻ‌ തത്തകൾ, ആമസോണിയൻ മക്കാവ്, ഗ്രേ പാരറ്റ്, സൺകുനൂർ, കുക്കറ്റൂ, ലൗബേർഡ്സ്, വിശറി പ്രാവുകൾ തുടങ്ങി നൂറുകണക്കിന് ഇനത്തിൽപ്പെട്ട ഒാമനപ്പക്ഷികൾ ഇന്ന് കേരളത്തിൽ ലഭ്യമാണ്.

എക്സോട്ടിക് പെറ്റ്സ് 

വിദേശരാജ്യങ്ങളിൽ ഹരമായി മാറുന്നഎക്സോട്ടിക് പെറ്റ്സ് (Exotic pets) കേരളവിപണിയിലും എത്തിത്തുടങ്ങി. ഹാംസ്റ്റേഴ്സ് (Hamsters), ഗിനിപ്പന്നികൾ (Guniea pigs), ഇഗ്വാന, ഹെഡ്ജ് ഹോഗ്, ഷുഗർ‌ ഗ്ലൈഡർ‌,മോർ‌മോസെറ്റ് മങ്കികൾ (Mormoset monkeys) മുതൽ ബർമീസ് പൈതൺ (Burmese Python) വരെ ആവശ്യപ്പെടുന്നവരുണ്ട്. എന്നാൽ വിദേശത്തുനിന്ന് ഇവയെ വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്നത് കേന്ദ്ര സർ‌ക്കാർ‌ നിയമം മൂലം വിലക്കിയിട്ടുള്ളതിനാൽ ഇവയെ നാട്ടിൽ‌ തന്നെ പ്രജനനം നടത്തി വിപണിയിലെത്തിക്കുകയാണ്. ഇത്വളർന്നുവരുന്ന ഒരു തൊഴിൽ മേഖലയുമാണ്.

അരുമമൃഗങ്ങളോടുള്ള താൽപര്യമേറുന്നതനുസരിച്ച് ഇവയുടെ പരിപാലനത്തിനും ആരോഗ്യസംരക്ഷണത്തിനും വേണ്ട സാമഗ്രികളുടെ വിപണിയും അനുദിനം വളരുന്നു, തീറ്റയും അനുബന്ധ സാധനങ്ങളും വിൽക്കുന്ന പെറ്റ് ഷോപ്പുകൾ ഇന്ന് നഗരങ്ങളിൽ മാത്രമല്ല, നാട്ടിൻപുറങ്ങളിലുമുണ്ട്. എറണാകുളം ജില്ലയിൽ മാത്രം ഇത്തരം മുപ്പതോളം വൻകിട സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്ക്. വിദേശനിർ‌മിത പെറ്റ്ഫുഡുകൾ ഇറക്കുമതി ചെയ്ത് വിപണിയിൽ എത്തിക്കുന്നത് വൻബിസിനസായി വളരുന്നു. അരുമകൾക്കായി ചൈന, അമേരിക്ക, ജർ‌മനി, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങൾ, അനുബന്ധ സാമഗ്രികൾ, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്കും പ്രിയമേറുകയാണ്.

വിലാസം: ഡയറക്ടര്‍, കൊച്ചിന്‍ 

പെറ്റ് ഹോസ്പിറ്റല്‍, കൊച്ചി. 

ഫോണ്‍: 9847135759

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA