സമ്മാനമായി കിട്ടിയ അലങ്കാരക്കോഴികളില്‍ തുടങ്ങിയ ഹോബി; ഇന്നു ആദായമാര്‍ഗം

Black-polish-cap-(5)
SHARE

കണ്ണിലും കനവിലും  കോഴിച്ചന്തം നിറച്ച് നടന്ന ആറു വർഷംകൊണ്ട് വീട്ടുമുറ്റത്തെ ചെറുകൂടുകളി‍ൽ സന്തോഷ് ശേഖരിച്ചത് പതിനഞ്ചോളം അലങ്കാരക്കോഴി ഇനങ്ങൾ. കേരള കാർഷിക സർവകലാശാലയിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തില്‍ സൂപ്രണ്ടായ സന്തോഷിന്റെ ഒഴിവുസമയ വിനോദമാണ് അലങ്കാരക്കോഴികളുടെ പരിചരണവും, പ്രജനനവും, വിപണനവും.

ആറു വർഷം മുൻപ് സമ്മാനമായി കിട്ടിയ അമേരിക്കൻ സിൽക്കിക്കോഴി ജോടിയിൽനിന്നാണു തുടക്കം. ഇന്റർനെറ്റും, പുസ്തകങ്ങളും പരതി സുന്ദരിക്കോഴികളുടെ വിവരങ്ങൾ ശേഖരിച്ചു പഠിച്ചതിലൂടെ ഒരു കാര്യം വ്യക്തമായി. മുട്ടയ്ക്കും, മാംസത്തിനും മാത്രമല്ല, കോഴികളുടെ സൗന്ദര്യത്തിനും ആവശ്യക്കാരേറെയുണ്ട്. വരുമാനത്തെക്കാൾ സന്തോഷിനെ ആകർഷിച്ചത് ‘അഴകേഴും നിറയുന്ന’ കോഴികളുടെ ലോകമാണ്. കേരളത്തിലെ അറിയപ്പെടുന്ന ബ്രീ‍ഡർമാരിൽനിന്നു ശേഖരിച്ച മാതൃശേഖരത്തിൽനിന്ന് സന്തോഷ് സുന്ദരിക്കോഴികളുടെ വൻശേഖരംതന്നെ  സൃഷ്ടിച്ചെടുക്കുകയാണ്. 

ഭൂഗോളത്തിന്റെ ഒരു പ്രത്യേക സ്ഥലത്തു ജന്മംകൊണ്ട്, ഒരു ബ്രീഡറുടെ കരവിരുതിലൂടെ മറ്റൊരു രാജ്യത്ത് പുതുരൂപം പ്രാപിച്ച്, ലോകമെമ്പാടും പ്രചരിക്കുന്ന ചരിത്രമാണ് അലങ്കാരക്കോഴികളുടേത്. ശരീരവലുപ്പം, തൂക്കം, തൂവലുകളുടെ അടിസ്ഥാന നിറം, വിന്യാസം, വർണങ്ങളുടെ ചേർച്ച, കോഴിപ്പൂവിന്റെ ആകൃതിയും വലുപ്പവും, അങ്കവാല്, ചർമത്തിന്റെയും മുട്ടത്തോടിന്റെയും നിറം തുടങ്ങി രൂപത്തിലും സ്വഭാവത്തിലും വരെ എന്തെന്തു വൈവിധ്യമാണ് അലങ്കാരക്കോഴികൾക്ക്. 

02

ചെറുകോഴികൾ ബാന്റം എന്നറിയപ്പെടുന്നു. ശരിയായ ബാന്റം കോഴികളിൽ വലിയ കോഴികൾ ഉണ്ടാവില്ല. ‘ചെറുതായിരിക്കുക’ എന്നതാണ് അവയുടെ നൈസർഗിക സൗന്ദര്യം. ബ്രഹ്മ, അമേരിക്കൻ സിൽക്കി, ഹാംബർഗ്, സെബ്രൈറ്റ്, മില്ലി‍ഫ്ളൂർ, പോളിഷ്ക്യാപ്, അമേരിക്കൻ ബാന്റം, ഫ്രിസ്സ്ല്ഡ് തുടങ്ങിയ ഇനങ്ങളും അവയുടെ വിവിധ വർണവ്യതിയാനങ്ങളും ഉൾപ്പെടെ പതിനഞ്ചോളം ഇനങ്ങളിൽപ്പെട്ട അലങ്കാരക്കോഴികളുടെ ശേഖരമാണ് സന്തോഷിന്റെ വീട്ടുമുറ്റത്തെ കൂടുകളിലുള്ളത്. ഇരുനിലകളിലായി പണിതിരിക്കുന്ന കമ്പിവലക്കൂടുകളിൽ ഒാട്ടമാറ്റിക് ഡ്രിങ്കറുകളും തീറ്റ നൽകാനുള്ള സൗകര്യവുമുണ്ട്. കൂടിനടിയിൽ വച്ച ട്രേയിൽ ശേഖരിക്കുന്ന കാഷ്ഠം അടുക്കളത്തോട്ടത്തിൽ വളമാകുന്നു. മൂന്നടി നീളവും വീതിയും രണ്ടടി ഉയരവുമുള്ള ചെറു മുറികളായി തിരിച്ചിരിക്കുന്ന ഭാഗങ്ങളിൽ ഒരു പൂവനും, രണ്ടോ മൂന്നോ പിടക്കോഴികളുമാണ്  ഉണ്ടാവുക. നാലു മാസം പ്രായമുള്ള പൂവനെയും പിടയെയുമാണ് മാതൃശേഖരത്തിലേക്കു വാങ്ങുന്നത്.

സ്വന്തം രൂപത്തെയും, അഴകളവുകളെയും, നിറവിന്യാസത്തെയും, തൂവൽ ചാർത്തുകളെയും, പാരമ്പര്യത്തെയും കുറിച്ച് ഓരോ ഇനത്തിനും പറയാൻ ഏറെയുണ്ട്. ചൈനയിൽ ബ്രഹ്മപുത്ര തീരത്തു ജന്മം കൊണ്ട് അമേരിക്കയിൽ വികസിപ്പിച്ചെടുത്ത ബ്രഹ്മ എന്ന ഇനം വലുപ്പത്തിലാണ് ഊറ്റം കൊള്ളുന്നത്. പതിന്നാലാം നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഹംബർഗ് പതിനൊന്നു നിറവ്യതിയാനങ്ങളിലാണ് ലോകത്ത് പ്രചരിച്ചത്. പട്ടുേപാലെയുള്ള രോമങ്ങളുള്ള, ശാന്തസ്വഭാവിയായ ചൈനക്കാരാണു സിൽക്കിക്കോഴികൾ. സർ ജോൺ സൗണ്ടർ സെബ്രൈറ്റ് എന്ന ബ്രിട്ടിഷുകാരന്റെ സൃഷ്ടിയായ സെബ്രറ്റ് ലോകത്തിലെ ഏറ്റവും പാരമ്പര്യമുള്ള യഥാർഥ ബാന്റം അലങ്കാരക്കോഴിയാണ്. ആരാധകരേറെയുള്ള ഈ ഇനത്തിനാണ് ലോകത്ത്  ആദ്യമായി സുന്ദരിക്കോഴികള്‍ക്കുള്ള  സ്പെഷലിസ്റ്റ് ക്ലബ് രൂപം കൊണ്ടത്. 

01

ആയിരം പൂക്കൾ എന്നർഥം വരുന്ന മില്ലിഫ്ളൂർ, തൂവലിന്റെ വിന്യാസവും, നിറവിന്യാസവുംകൊണ്ട് ശ്രദ്ധേയമായ ബാന്റം കോഴിയാണ്. കോഴിപ്പൂവിനൊപ്പം വലിയൊരു ഉച്ചിപ്പൂവുകൊണ്ട് തലയിൽ മകുടം ചാർത്തിയവരാണ് പോളിഷ് ക്യാപ്.മുട്ട വിരിയിച്ചെടുക്കാൻ സന്തോഷ് ഒരു  ചെറിയ ഇൻക്യുബേറ്റർ വാങ്ങിയിട്ടുണ്ട്. മുന്നൂറു മുട്ട ഒരു സമയത്ത് ഇതില്‍ വിരിയിച്ചെടുക്കാം. ബ്രഹ്മ ആഴ്ചയിൽ നാല് മുട്ടയിടും. പോളിഷ് ക്യാപ്പുകൾ മുട്ടയിടാൻ മിടുക്കികളും, സിൽക്കികൾ അൽപം മടിച്ചികളുമാണെന്നാണ് സന്തോഷിന്റെ അനുഭവം. എന്നാല്‍ അടയിരിക്കാനും, കുഞ്ഞുങ്ങളെ നോക്കാനും സിൽക്കിയോളം പോന്ന അമ്മമനസ്സില്ല. ഇൻക്യുബേറ്ററിൽ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് രണ്ടാഴ്ചക്കാലം കൃത്രിമ ചൂട് നൽകി ബ്രൂഡിങ്ങിനായി ഒരുക്കിയ പ്രത്യേക സ്ഥലത്ത് വളർത്തണം. ആദ്യത്തെ രണ്ടു ദിവസം ഗ്ലൂക്കോസ് വെള്ളമൊക്കെ നൽകി ഉഷാറാക്കി നിർത്തുന്ന ഇവയ്ക്ക് ഒരു മാസം വരെ സ്റ്റാർട്ടർ തീറ്റയും പിന്നീട് അഞ്ചുമാസംവരെ ഗ്രോവർ തീറ്റയും പിന്നെ ലെയർ തീറ്റയും നൽകുന്നു. ഒപ്പം വിറ്റമിൻ, കാൽസ്യം സപ്ലിമെന്റും മേമ്പൊടിയായി നല്‍കും. കോഴിവസന്തയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പും, ശാസ്ത്രീയമായ വിരയിളക്കലും നിർബന്ധം. ആഴ്ചയിൽ രണ്ടു ദിവസം കൂടിനടിയിലെ ട്രേ മാറ്റി കാഷ്ഠം വളമാക്കുന്നു.

സന്തോഷിന്റെ ഈ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കുചേരാൻ ഭാര്യ നിതയും മക്കളായ വൈശാഖും, ശ്വേതയും ഒപ്പം അമ്മയുമുണ്ട്. സുന്ദരിക്കൂട്ടത്തെ അമ്മയുടെ കൈകളിൽ ഏൽപിച്ചാണ് സന്തോഷും ഭാര്യയും ജോലിക്കു പോകുന്നത്. മകൻ വൈശാഖിനാണ് വിപണനത്തിന്റെ ചുമതല. പുതുതലമുറയുടെ ആവേശത്തോടെ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങി നവ മാധ്യമങ്ങളിലൂടെ മാർ‌ക്കറ്റിങ്ങിന് പുതിയ തന്ത്രങ്ങൾ. ഒരു ദിവസം പ്രായത്തിൽ 600 രൂപയിൽ തുടങ്ങുന്ന വില പ്രജനന സമയമാകുമ്പോൾ ജോടിക്ക് 3000–14,000 രൂപ എന്ന നിലയിലേക്ക് ഇനമനുസരിച്ച് ഉയരുന്നു. വീടിനു ചുറ്റുമുള്ള ഇത്തിരിവട്ടത്തിൽ സന്തോഷും കുടുംബവും കണ്ടെത്തുന്നത് ഒത്തിരി സന്തോഷവും വരുമാനത്തിന്റെ പുതുവഴിയുമാണ്. 

ഫോൺ: 99619 27190. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA