മുയലിനു കൃത്യനിഷ്ഠയോടെ ഭക്ഷണം ഇല്ലെങ്കിൽ ദഹനക്കേട്

rabbit
SHARE

മുയലിനു കൃത്യനിഷ്ഠയോടെ ഭക്ഷണം നൽകിയില്ലെങ്കിൽ ദഹനക്കേട് ഉണ്ടാകും. ഇത് വളർച്ചയെയും ബാധിക്കും

മുയലിന്റേത് ഒരു അറ മാത്രമുള്ള ആമാശയമാണ്. ഇവയുടെ വയറ് സാധാരണ ഒഴിഞ്ഞു കാണാറില്ല. ആരോഗ്യമുള്ള മുയലുകൾ അൽപാൽപമായി തു‌ടരെത്തുടരെ ഭക്ഷണം തിന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് കൃത്യനിഷ്ഠയോടെ ഭക്ഷണം നൽകിയില്ലെങ്കിൽ ദഹനക്കേട് ഉണ്ടാകും. ഇത് വളർച്ചയെയും ബാധിക്കും.

സമതുലിതാഹാരം 

ചോളം, അരി, ഗോതമ്പ്, അരിത്തവിട്, ഗോതമ്പുതവിട്, ഉണക്കമരച്ചീനി, പുല്ല്, പ്രോട്ടീൻ ലഭ്യതയ്ക്കായി പയർവർഗങ്ങൾ, കപ്പലണ്ടി പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരിപ്പുകൾ, കടല, ജന്തുജന്യ പ്രോട്ടീനായ പാൽപ്പൊടി, ഇറച്ചി – എല്ലുപൊടി, മീൻപൊടി എന്നിവ ചേർത്തു സമീകൃത തീറ്റ ഒരുക്കാം.  സ്വാദ് കൂട്ടാനും  പെല്ലറ്റ്  രൂപത്തിലാക്കാനും മൊളാസസ് ചേർക്കാറുണ്ട്. ഒപ്പം ധാതുലവണങ്ങളും വൈറ്റമിനുകളും കൂടി ചേർക്കണം. ചെറുകിട സംരംഭകർ ചോറ്, പച്ചക്കറി അവശിഷ്ടങ്ങൾ, റൊട്ടിക്കഷണം, വിവിധതരം ഇലകൾ എന്നിവയും നൽകാറുണ്ട്.

സമതുലിത ഖരാഹാരം 

പ്രാദേശികമായി  കിട്ടുന്ന പദാർഥങ്ങൾ ഉപയോഗിച്ച് സമതുലിത ഖരാഹാരം തയാറാക്കാം. ഒരു മാതൃക താഴെ:

കടല                    – 35 ശതമാനം

ഗോതമ്പ്               – 30 ശതമാനം 

കപ്പലണ്ടി പിണ്ണാക്ക് – 23.5 ശതമാനം

ഇറച്ചി–എല്ലുപൊടി    – 10 ശതമാനം

ധാതുലവണങ്ങൾ    –  1 ശതമാനം

ഉപ്പ്                       – 0.5 ശതമാനം

മൊത്തം                – 100 ശതമാനം

ഖരാഹാരം തരികളായോ പെല്ലറ്റ് ആയോ നൽകാം. തരികൾ ചേർത്ത ‘മാഷ്’ ആയി നൽകുമ്പോൾ  കുറച്ചു വെള്ളം തളിക്കുന്നത് നല്ലതാണ്. വ്യാവസായി സംരംഭകർ പെല്ലറ്റ് തീറ്റയാണ് നൽകുന്നത്. ഇതുകൊണ്ട് അധ്വാനഭാരം കുറയ്ക്കാനും സമതുലിത ആഹാരം നല്‍കാനും ആഹാരനഷ്ടം ഒഴിവാക്കാനും സാധിക്കുന്നു.

ഭക്ഷണത്തിന്റെ അളവ്

പ്രായപൂർത്തിയായ ഒരു മുയൽ ദിവസേന 125 ഗ്രാം ഖരാഹാരം തിന്നുന്നു. കൂ‌ടാതെ, 150 മുതൽ 200 ഗ്രാം വരെ  പച്ചിലയും 40 മുതൽ 60 ഗ്രാം വരെ കാരറ്റും 20 ഗ്രാം കുതിർത്ത കടലയും തിന്നുന്നു. പ്രത്യുൽപാദനം, പാലുൽപാദനം എന്നിവയ്ക്ക് തീറ്റയുടെ അളവു കൂട്ടേണ്ടിവരും. പ്രസവിച്ച് 3–5 ദിവസമായ തള്ളമുയലുകൾക്കു നൽകുന്ന തീറ്റയിലും വർധന വരുത്തണം. പ്രസവശേഷം ആറ് ആഴ്ച മുതൽ 12 ആഴ്ച വരെ ആഴ്ചതോറും 10 ഗ്രാം വീതം ഖരാഹാരത്തിൽ വർധന വരുത്തണം. കുഞ്ഞുങ്ങൾകൂടി തള്ളയുടെ ഭക്ഷണത്തിന്റെ വീതം പറ്റുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടത്.

വെള്ളം 

മുയലുകൾക്കു വെള്ളം സദാസമയം കിട്ടത്തക്കവണ്ണം ക്രമീകരിക്കണം.  പ്രായം, ശരീരസ്ഥിതി, കാലാവസ്ഥ, ഭക്ഷണത്തിന്റെ ഘടന എന്നിവയെ ആശ്രയിച്ച് അത് അളവു കൂട്ടിയും കുറച്ചും നൽകണം. പ്രായം കൂടിയ മുയലുകളും ഗർഭിണികളും പ്രായമാകാത്ത മുയലുകളേക്കാൾ കൂടുതൽ വെള്ളം കു‌ടിക്കും. പച്ചപ്പുല്ലും പച്ചിലയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ വെള്ളത്തിന്റെ ആവശ്യം കുറയും. വേനൽക്കാലത്ത് വെള്ളം അധികം നൽകണം. വെള്ളത്തി ന്റെ കുറവു കാരണം പാലുൽപാദനം കുറയുകയും കുട്ടികളുടെ വളർച്ച മുരടിക്കുകയും പലതരത്തിലുള്ള അസുഖങ്ങൾ വരികയും ചെയ്യും.

കുടിവെള്ളം  മൺചട്ടികളില്‍ നല്‍കാം. ചട്ടികൾക്ക് വൃത്താകൃതിയായതിനാൽ ഒന്നിലധികം മുയലുകൾക്ക് വെള്ളം കുടിക്കാന്‍  കഴിയും. വെള്ളം വൃത്തികേടാവാൻ സാധ്യതയുള്ളതുകൊണ്ട് ഇടയ്ക്കിടെ മാറ്റണം.

വെള്ളം വൃത്തികേടാകാതിരിക്കാൻ – നോസിൽ ഘടിപ്പിച്ച കുപ്പികളിൽ വെള്ളം നിറച്ച് കൂടിനു പുറത്ത് തലകീഴായി കെട്ടിത്തൂക്കിയിടുന്ന രീതി ഉപയോഗപ്പെടുത്താം. നോസിലിന്റെ പുറം അറ്റം കൂടിനകത്തേക്കു തള്ളിയിരിക്കണം. ഒഴിഞ്ഞ സലൈൻ കുപ്പികൾ ഇതിനായി ഉപയോഗപ്പെടുത്താം. 

പ്രഭാതസമയത്ത് മുയലുകൾ വിസർജിക്കുന്ന ആദ്യത്തെ കാഷ്ഠം മൃദുലവും ഇളം പച്ചനിറത്തിലുള്ളതുമായിരിക്കും. ഇതിൽ മൂന്നിരട്ടി മാംസ്യവും ബി കോംപ്ളക്സ് ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ കാഷ്ഠം മുയലുകൾ തിന്നുന്നത് പതിവാണ്. ഇതിലൂടെ ധാരാളം മാംസ്യവും ജീവകങ്ങളും ഇവയ്ക്കു  ലഭിക്കുന്നു. ഈ പ്രതിഭാസത്തെ ‘കോപ്രാഫാജി’ എന്നാണു പറയുന്നത്.

വിലാസം : മുൻ ഡപ്യൂട്ടി ഡയറക്‌ടർ, മൃഗസംരക്ഷണ വകുപ്പ്.  ഫോൺ : 9947452708. Email : gangadharannair@yahoo.co.in         

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA