ചാർലിയുണ്ട് കൂടെ

cochin-care-centre
SHARE

ജീവികളോടു പ്രത്യേക സ്നേഹം സൂക്ഷിക്കുന്നവരാണ് ബെംഗളൂരുവാസികൾ. തെരുവിൽ അലയുന്ന കന്നുകാലികൾക്കു പഴം വാങ്ങിക്കൊടുക്കുന്നതും വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ ഫയർഫോഴ്സിനെ വരുത്തി രക്ഷപ്പെടുത്തുന്നതുമെല്ലാം ഇവിടെ കൗതുക കാഴ്ചയല്ല.ഇത്രയേറെ ശ്രദ്ധ കൊടുത്തിട്ടും വാഹനമിടിച്ചും അസുഖം ബാധിച്ചും ഒട്ടേറെ മിണ്ടാപ്രാണികൾ തെരുവിൽ ദുരിതമനുഭവിക്കുന്നുമുണ്ടിവിടെ.

cochin-charly-statue

ഇങ്ങനെ തെരുവിൽ ദുരിതം അനുഭവിക്കുന്ന നായകൾക്കും പൂച്ചകൾക്കുമെല്ലാം അഭയമേകുന്ന ഇടമാണ് ജെക്കൂർ തടാകത്തിനു സമീപമുള്ള ചാർലീസ് ആനിമൽ റെസ്ക്യു സെന്റർ(കെയർ). മലയാളി വനിതകൾ നേതൃത്വം നൽകുന്ന കെയർ മലയാളികൾ ഇത്തരം ജീവികൾക്കു സഹായവുമായി പറന്നെത്താൻ മലയാളികൾ നേതൃത്വം നൽകുന്ന ഈ സന്നദ്ധ സംഘടന അസുഖം ബാധിച്ചും പരുക്കേറ്റും അന്ധത ഉൾപ്പെടെ വൈകല്യങ്ങൾ ബാധിച്ചും തെരുവിൽ അലയുന്ന മിണ്ടാപ്രാണികൾക്കു തണലാണ്. 

cochin-dog

ശസ്ത്രക്രിയ ഉൾപ്പെടെ സമ്പൂർണ ചികിൽസ, ഭക്ഷണം തുടങ്ങി ജീവിതകാലം വരെ ഇവർക്കു സുരക്ഷ ഏകുമെന്നതാണ് കെയറിന്റെ പ്രതിജ്ഞ. ആറു വർഷം മുൻപാരംഭിച്ച കെയർ ഇപ്പോൾ നായ്, പൂച്ച, ഗിനിപന്നി, താറാവ്, മുയൽ തുടങ്ങി നൂറുകണക്കിനു ജീവികളുടെ സ്വർഗലോകമാണ്. ഇവർക്കു സ്നേഹവും പരിചരണവുമായി നാൽപതോളം പേരും ഒപ്പമുണ്ട്. 

പ്രചോദനമായി ചാർലി 

18 വർഷം മുൻ‌പ് വണ്ടി കയറി ഗുരുതരാവസ്ഥയിലായ പട്ടിക്കുട്ടിയെ രക്ഷിച്ചതാണ്, തെരുവിൽ ദുരിതം അനുഭവിക്കുന്ന ജീവികളെ സഹായിക്കാൻ പ്രേരണയായത്. ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നിട്ടും മൂന്നുകാലുമായി 15 വയസു വരെ ജീവിച്ച ചാർലി നൂറുകണക്കിനു കുരുന്നുകൾക്കു പ്രചോദനമായിരുന്നുവെന്നു കെയർ ട്രസ്റ്റി മല്ലിക മേനോൻ പറയുന്നു. ആർടി നഗർ നിവാസിയും മലയാളിയുമായ സുധ നാരായണനാണ് സംഘടന രൂപീകരിച്ചത്.

cochin-carea

അപകടത്തിൽപ്പെട്ടും അസുഖങ്ങളും വൈകല്യങ്ങളും ബാധിച്ചും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കുകയും പിന്നീട് അതിനു ആജീവനാന്തകാലം സംരക്ഷണം നൽകുകയുമാണ് കെയർ ചെയ്യുന്നത്. ബെംഗളൂരുവിൽ എവിടെയാണെങ്കിലും ഇവയെ കെയറിൽ കൊണ്ടുവന്നു ചികിൽസ നൽകും. അവശനിലയിലുള്ള മൃഗങ്ങളെ കൊണ്ടുവരാൻ രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ച് വരെ ഹെൽപ്‌ലൈനും ആംബുലൻസും പ്രവർത്തന സജ്ജമാണ്. മൃഗങ്ങളെ ചികിൽസിക്കാനുള്ള ഇൻപേഷ്യന്റ് സൗകര്യം, വിദഗ്ധ മെഡിക്കൽസംഘം, ഓപറേഷൻ തിയേറ്റർ, എക്സ്‌റേ, സ്കാനിങ്, ലേസർ മെഷീൻ, രക്ഷിച്ചെടുത്ത മൃഗങ്ങളെ ദത്തെടുക്കാനുള്ള എഡോപ്ഷൻ യൂണിറ്റ് എന്നിങ്ങനെ പോകുന്നു കെയറിലെ സജ്ജീകരണം. 

അവധിയെടുത്തും മറ്റും ബെംഗളൂരുവിൽ നിന്നു ദിവസങ്ങളോളം മാറി നിൽക്കുന്നവർക്കു വളർത്തുമൃഗങ്ങളെ ഇവിടെ പരിചരണത്തിന് ഏൽപിക്കാനും സൗകര്യമുണ്ട്. തെരുവിൽ നിന്നെത്തിക്കുന്ന മൃഗങ്ങൾക്ക് അടിയന്തര വൈദ്യ സഹായം നൽകുകയാണ് ആദ്യപടി. ഇവയുടെ പരിചരണത്തിനും നിരീക്ഷണത്തിനുമായി പ്രത്യേക സംഘമുണ്ട്. പരുക്ക് വേഗം ഭേദമാകാൻ ആവശ്യമെങ്കിൽ‌ ശസ്ത്രക്രിയ, ഫിസിയോതെറപ്പി, ലേസർ തെറപ്പി എന്നിവയുമുണ്ട്. കൂട്ടമായി ജീവിക്കുന്നവയെ, പരുക്ക് ഭേദമായാൽ രക്ഷിച്ചെടുത്ത അതേ മേഖലയിൽ തന്നെ കൊണ്ടുപോയി തുറന്നുവിടും. ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ കെയറിന്റെ അഡോപ്ഷൻ യൂണിറ്റിലേക്കു മാറ്റും. ദത്തെടുക്കാൻ സന്നദ്ധരായവർക്ക്, എല്ലാ നിബന്ധനകൾക്കും വിധേയമായി മൃഗങ്ങളെ വളർത്താൻ നൽകും. കൃത്യമായ മെ‍ഡിക്കൽ പരിശോധനയും ഉറപ്പാക്കും. 

തെരുവിലെത്തും ഭക്ഷണം 

അലഞ്ഞുതിരിയുന്ന നായകൾക്കും പൂച്ചകൾക്കുമെല്ലാം കെയറിലെ ചിലർ തെരുവിൽ ഭക്ഷണമെത്തിക്കുകയും ചെയ്യുന്നുണ്ട്. ഡേവിസ് റോഡിലെ മുപ്പതോളം നായകൾക്കു ദിവസവും ഭക്ഷണം എത്തിക്കാറുണ്ടെന്നു മല്ലിക മേനോൻ പറയുന്നു. ചിക്കനും ചോറുമാണ് ദിവസേന ഒരു നേരം ഇവിടെയെത്തുക. ഇതു തയാറാക്കാനും പൊതിയിലാക്കി നായകൾക്കു കൊണ്ടുപോയി കൊടുക്കാനുമെല്ലാം ഒട്ടേറെപ്പേർ സഹായത്തിനുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇങ്ങനെ തെരുവുജീവികളുടെ വിശപ്പടക്കുന്നതിനുള്ള ചെലവ് ഓരോരുത്തരും സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. 

ബോധവൽകരണം 

മൃഗ സംരക്ഷണം ഫലപ്രദമാകാൻ ജനങ്ങൾക്കു ബോധവൽകരണ പരിപാടികളും കെയർ സംഘടിപ്പിക്കാറുണ്ട്. ദി യങ് ഏഞ്ചൽസ്, ചാർലീസ് പാക്ക് എന്നിവയാണ് ഇതിൽ പ്രധാനം. സ്കൂളുകളിലെത്തി കുട്ടികൾക്കു ബോധവൽകരണം നൽകുന്ന ദി യങ്ക് ഏഞ്ചൽസ് പരിപാടി മാർസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റ‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. സ്കൂൾ വിദ്യാർഥികൾക്കു കെയറിൽ എത്തി മൃഗപരിചരണംനേരിട്ടു മനസിലാക്കാൻ വേണ്ടിയുള്ളതാണ് ചാർലീസ് പാക്ക്. 

മൃഗങ്ങളോടു സഹാനുഭൂതിയും വളർത്തിയെടുക്കാനും ഇവയുടെ പരിചരണം അടുത്തറിയാനും ഈ പരിപാടികൾ സഹായിക്കുമെന്നു കെയറിലെ അംഗങ്ങൾ‌ പറയുന്നു. കലാ പ്രദർശനങ്ങൾ, പുസ്തകമേള, സംഗീത പരിപാടികൾ, അവധിക്കാല ക്യാംപുകൾ എന്നിങ്ങനെ ഒട്ടേറെ പരിപാടികളും കെയറിന്റെ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്. 

മൃഗസ്നേഹികൾ നൽകുന്ന സംഭാവനകളിലൂടെയും കോർപറേറ്റ് കമ്പനികളുടെയും സഹായത്തോടെയാണ് യാതൊരു തടസവുമില്ലാതെ കെയർ തങ്ങളുടെ മൃഗ പരിപാലനവുമായി മൂന്നോട്ടു പോകുന്നത്. വളർത്തുമൃഗങ്ങൾക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഒട്ടേറെ പ്രചാരണ പരിപാടികളും നടത്തിവരുന്നുണ്ട്. രാത്രിയും സേവനം ഏർപ്പെടുത്തുന്നതിനായി ഒരു ആംബുലൻസ് കൂടി വാങ്ങാനുള്ള ഫണ്ട് ശേഖരണത്തിലാണ് കെയർ ഇപ്പോൾ. 

വൈറ്റ്‌ഫീൽഡിൽ ഒരു പൂച്ചവീട് 

തെരുവിൽ നിന്നും മറ്റും രക്ഷിച്ചെടുത്ത പൂച്ചക്കുട്ടികൾക്കായി വൈറ്റ്ഫീൽഡിൽ ഒരു വീടും കെയർ ആരംഭിച്ചിട്ടുണ്ട്. പല ഇനത്തിലും പ്രായത്തിലും പെട്ട എഴുപതോളം പൂച്ചകളാണ് ഈ കുടുംബത്തിലുള്ളത്.അതിന്റെ പരിചരണത്തിലും കെയർ പ്രവർത്തകർ സഹായിക്കുന്നുണ്ട്. ചാർലിയെന്ന ഹീറോ കഴിഞ്ഞ വർഷം വിടപറഞ്ഞെങ്കിലും ജീവിച്ചിരുന്ന 15 വർഷം ചാർലി ഏവർക്കും ഹീറോ ആയിരുന്നു. ഭിന്നശേഷിയുള്ള സ്കൂളുകളിലെ കുട്ടികൾക്കു ജീവിതത്തിൽ പുതിയ പ്രതീക്ഷകളും ആത്‌മവിശ്വാസവും നൽകാൻ പ്രത്യേക പരിശീലനം നേടിയ(കനൈൻ തെറപ്പി) നായ്ക്കുട്ടി ആയിരുന്നു ചാർ‌ലി. കാറപകടത്തിൽ കാലറ്റ ഓട്ടിസം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിടുന്ന നൂറുകണക്കിനു കുരുന്നുകൾക്ക് ആവേശവും ആത്മവിശ്വാസവും പകർന്നു. പല കുട്ടികളുടെയും ജീവിതത്തിൽ ഇതു കാര്യമായ മാറ്റമുണ്ടാക്കിയെന്നു ‍ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ചാർലി വിടപറഞ്ഞെങ്കിലും പ്രത്യേക പരിശീലനം ലഭിച്ച വേറെയും തെറപ്പി നായകൾ ഇത്തരം സ്കൂളുകളിൽ സേവന സജ്ജരാണ്.   കെയറിലേക്ക് സ്വാഗതം വളർത്തുമൃഗങ്ങളോടു സ്നേഹവും സഹാനുഭൂതിയുമുള്ള ആർക്കും കെയർ സന്ദർശിക്കാം, ഇവിടുത്തെ സ്ഥിരം അന്തേവാസികളെ പരിചയപ്പെടാം. ഇവയുടെ സംരക്ഷണത്തിൽ പങ്കാളികളാകാൻ ഉദ്ദേശിക്കുന്നവർക്കു കെയർ വൊളന്റിയറുമാകാം. പപ്പിക്കുട്ടികളെ ദത്തെടുക്കാനും സൗകര്യമുണ്ട്. ദത്തെടുക്കാൻ കഴിയാത്തവർക്കു ഭക്ഷണം, ചികിൽസ എന്നിവയുടെ പങ്കുവഹിക്കാം. 

വാഹനമിടിച്ച് മരിച്ച മയിലിനെ ദേശീയപതാക പുതപ്പിച്ച് സംസ്കരിച്ചതും കിദ്വായ് ആശുപത്രിയിൽ നായകളിലെ അർബുദ പരിശോധനയ്ക്കു റേഡിയേഷൻ തെറപ്പി തുടങ്ങിയും മിണ്ടാപ്രാണികളോടുള്ള പ്രതിബന്ധത വെളിവാക്കുന്ന ബെംഗളൂരുവിൽ കെയറിന്റെ പ്രവർത്തനങ്ങളും വേറിട്ടു നിൽക്കുന്നു. കൂടുതൽ വിവരങ്ങൾക്കു www.charlies-care.com

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA