ആടുകളിൽ കൃത്രിമ ബീജാധാനം

goat
SHARE

പശുക്കളിലെന്നപോലെ ആടുകളിൽ കൃത്രിമ ബീജാധാനത്തിനു സൗകര്യം ലഭ്യമാണോ. ആടുകളിലെ കൃത്രിമ ബീജാധാനം എപ്പോൾ, എങ്ങനെയാണ് നടത്തേണ്ടത്. പ്രായോഗിക നിർദേശങ്ങൾ നൽകാമോ.

കേരളത്തിൽ കേരള കന്നുകാലി വികസന ബോർഡിന്റെ ധോണി ആടുവളർത്തൽകേന്ദ്രത്തിൽ വളർത്തുന്ന മലബാറി ആടുകളുടെ മേൽത്തരം ബീജം ഗാഢശീതീകരിച്ച് സ്ട്രോകളിൽ നിക്ഷേപിച്ചു തിരഞ്ഞെടുത്ത  മൃഗാശുപത്രികൾ വഴി നൽകിവരുന്നു.

കൂടക്കൂടെയുള്ള  കരച്ചില്‍,  ഇടവിട്ടു മൂത്രം ഒഴിക്കൽ, പുറത്തു കയറാൻ നിന്നുകൊടുക്കൽ, ഈറ്റത്തിൽനിന്നു കൊഴുത്ത ശ്ലേഷ്മം, നിർത്താതെ വാലാട്ടല്‍ എന്നീ മദിലക്ഷണങ്ങൾ കണ്ടറിയണം. ആടുകളിൽ മദിയുടെ ദൈർഘ്യം 14 മുതൽ 72 മണിക്കൂർ വരെയാണ്. കർഷകർ അവരുടെ ആടുകളുടെ മദിലക്ഷണങ്ങൾ മനസ്സിലാക്കി നോട്ടുബുക്കിൽ കുറിച്ചുവയ്ക്കുക. രണ്ടു മദികാലം തമ്മിലുള്ള ഇടവേള ശരാശരി 21 ദിവസമാണ്. മദിലക്ഷണങ്ങൾ എല്ലാം ഒരേസമയം കാണിക്കണമെന്നില്ല. മദിലക്ഷണങ്ങൾ കാണിച്ച് ഒരു മണിക്കൂറിനുള്ളിൽ ബീജാധാനം നടത്തുന്ന ആടുകളിൽ ഗർഭധാരണനിരക്കു കൂടുതലാണ് എന്നതാണു നിരീക്ഷണം. മദിയുടെ ദൈർഘ്യം അവരവരുടെ ആടുകളിൽ എങ്ങനെയാണെന്നു മനസ്സിലാക്കി കൃത്യസമയത്ത് ബീജാധാനം നടത്തണം. കൃത്രിമ ബീജാധാനം നടത്തിയതിനുശേഷം ആടിന്റെ പിൻകാലുകൾ അഞ്ചു മിനിറ്റ് സമയം ഉയർത്തിപ്പിടിക്കണം. മതിയായ ശരീരതൂക്കം ഉള്ള ആടുകളിൽ വേണം കൃത്രിമ ബീജാധാനം നടത്തേണ്ടത്. 

കന്നി ആടുകളിൽ ആദ്യത്തെ രണ്ടു മദിയിൽ അണ്ഡോൽപാദനസാധ്യത കുറവായതിനാൽ അതിനുശേഷമുള്ള മദിയിൽ മാത്രം ബീജാധാനം നടത്തുക. ബീജാധാനത്തിന് ഒരു മാസം മുൻപു വിരമരുന്ന് നൽകണം. പിന്നീട് 10–15 ഗ്രാം ധാതുലവണമിശ്രിതം, 50 മുതൽ 100 ഗ്രാം വരെ  അധിക തീറ്റ  എന്നിവ നൽകിയാൽ ഗർഭധാരണശേഷി കൂടും. ബീജം സൂക്ഷിക്കുന്ന പെട്ടിയിൽനിന്നു പുറത്തെടുത്താൽ എത്രയും പെട്ടെന്നു ബീജാധാനം ചെയ്തിരിക്കണം. അതിനാൽ ആടിനെ ബീജാധാനകേന്ദ്രങ്ങളിൽ കൊണ്ടുവരണം.   മൃഗാശുപത്രിയിൽ ആടുകളിലെ ബീജാധാനം സൗജന്യമാണ്. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA