sections
MORE

നായ്ക്കളുടെ പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ

Dog2
SHARE

ഉത്തരവാദിത്തമുള്ള ഉടമ തന്റെ നായ്ക്കളെ വീടിനും നാടിനും ചേരുന്ന നല്ല പെരുമാറ്റരീതികളും അനുസരണശീലവും പഠിപ്പിക്കേണ്ടതുണ്ട്. അവർ ശ്വാനപരിശീലനത്തിന്റെയും നായ മനഃശാസ്ത്രത്തിന്റെയും പ്രാഥമിക പാഠങ്ങൾ അറിഞ്ഞിരിക്കുകയും വേണം.

പ്രധാനമായും മൂന്നു ഘട്ടങ്ങളായുള്ള പരിശീലനമാണ്   നൽകേണ്ടത്. നായ്ക്കളുടെ പല സഹജസ്വഭാവങ്ങളും നമുക്ക് ദുഃശീലങ്ങളായി തോന്നുന്നതിനാൽ അവ മാറ്റിയെടുത്ത് വീട്ടിലും നാട്ടിലും അനുവർത്തിക്കേണ്ട പ്രാഥമിക മര്യാദകളാണ് ആദ്യം പഠിപ്പിക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ അടിസ്ഥാന അനുസരണശീലവും. അതായത്, വിളിച്ചാൽ വരാനും പറഞ്ഞാൽ എഴുന്നേൽക്കാനും പറയുന്നതുവരെ ക്ഷമയോടെ ഇരിക്കാനുമൊക്കെ പഠിപ്പിക്കണം. മൂന്നാംഘട്ടം വിദഗ്ധപരിശീലനമാണ്. ഇത് സാധാരണയായി പൊലീസിലും പട്ടാളത്തിലും സ്ഥാപനങ്ങളിലുമൊക്കെ സേവനത്തിനായി തിരഞ്ഞെടുക്കുന്നവയ്ക്കുള്ളതാണ്. മണം പിടിച്ച് തൊണ്ടിസാധനങ്ങൾ, മയക്കുമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെത്തുക, അന്ധർക്ക് വഴികാട്ടിയാവുക, വിഷാദരോഗികൾക്കുംഏകാന്തതയിലകപ്പെട്ടവർക്കും ആശ്വാസമേകുന്ന പെറ്റ് തെറപ്പിയുടെ ഭാഗമാവുക തുടങ്ങിയ ജോലികൾ ചെയ്യുന്നവയ്ക്കാണ് ഇത്തരം  പരിശീലനം ആവശ്യമുള്ളത്.

കുടുംബാംഗങ്ങൾ പറയുന്നത് അനുസരിക്കാനും ചീത്തശീലങ്ങൾ ഒഴിവാക്കാനും വീട്ടിലെ വസ്തുക്കൾ ചീത്തയാക്കാതിരിക്കാനും കൃത്യസ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാനുമുള്ള പരിശീലനമെങ്കിലും   നിർബന്ധമായും നൽകണം. ചെറുപ്രായത്തിൽ കിട്ടുന്ന പരിശീലനം നായ്ക്കളെ എന്നും അനുസരണശീലമുള്ളവരാക്കും.

മുന്നനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് നായ്ക്കൾ പലപ്പോഴും പെരുമാറുന്നത്.  വിവേചനശക്തിയോ ചിന്തിക്കാനുള്ള കഴിവോ ഇവയ്ക്കില്ല. മുൻപ് സമാനസന്ദർഭത്തിൽ ഉണ്ടായ അനുഭവത്തെ അടിസ്ഥാനമാക്കി അവയുടെ അബോധമനസ്സ് പ്രവർത്തിക്കുന്നു. നല്ല അനുഭവങ്ങൾ ഉണ്ടായ സന്ദർഭങ്ങളിൽ നായ അതേ പെരുമാറ്റരീതികൾ ആവർത്തിക്കും. ഉദാഹരണത്തിന് ഇരിക്കാൻ പറയുമ്പോൾ ഇരുന്നപ്പോൾ ലഭിച്ച സമ്മാനമായ ബിസ്കറ്റ് അല്ലെങ്കിൽ സ്നാക്സ് വീണ്ടും ഇരിക്കാൻ പറയുമ്പോൾ അനുസരിക്കാൻ പ്രചോദനം നൽകുന്നു. മനുഷ്യന്റെ ഉള്ളിലെ ഭയം പെട്ടെന്നു തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിയും. ഭയമെന്നത് നായ്ക്കള്‍ക്ക് ആക്രമിക്കാനുള്ള പ്രേരണയാണ്. അതിനാൽ ഭയത്തോടെ  ഇടപഴകുകയോ  സമീപിക്കുകയോ ചെയ്താൽ അവ ആക്രമിച്ചേക്കാം. അടിച്ചു പഠിപ്പിക്കുക എന്ന പ്രമാണം നായയുടെ കാര്യത്തിൽ നടക്കില്ല. വിവേചനശക്തി കുറവായതിനാൽ തല്ലിന്റെ വേദനയെ അതു കിട്ടാനുള്ള കാരണവുമായി ബന്ധപ്പെടുത്താൻ അവയ്ക്കു കഴിയില്ല. തല്ലിയ ആളിനോടു ഭയം മാത്രമായിരിക്കും മിച്ചം. ഉടമയുടെ ആജ്ഞകളെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സ്നേഹവും സമ്മാനങ്ങളും (ഭക്ഷണം) ആണ് അനുസരണശീലത്തിന് അടിസ്ഥാനം. അനുസരണയ്ക്കു പ്രതിഫലവും അനുസരണക്കേടിന് ഉടമയുടെ ഇഷ്ടക്കേടും ചെറുശിക്ഷയും ശാസനയും നൽകിയാവണം പരിശീലനം മുന്നേറേണ്ടത്. നായ്ക്കളെ സ്ഥിരമായി കൂട്ടിലടച്ചിടുന്നതും അവയ്ക്കായി ദിവസവും അൽപസമയം പോലും നീക്കിവയ്ക്കാതിരിക്കുന്നതും ഒന്നു ശ്രദ്ധിക്കാൻപോലും തുനിയാതിരിക്കുകയും ചെയ്യുമ്പോഴാണ് നായ്ക്കളിൽ ചീത്ത ശീലങ്ങൾ ഉണ്ടാകുന്നത്. 

അടിസ്ഥാന തത്വങ്ങൾ

നായ്ക്കുട്ടികൾക്ക് മൂന്നു മാസം പ്രായമാകുമ്പോൾ ലഘു  പരിശീലനം തുടങ്ങാം. മൂന്നു മുതൽ ആറു മാസം വരെ പ്രായമാണ് നല്ലത്. ഉടമയെ അനുസരിക്കുമ്പോൾ ലഭിക്കുന്ന സുഖകരമായ അനുഭവം, അത് അഭിനന്ദനവാക്കാകാം, സ്നേഹപൂർവമായ തലോടലാകാം അല്ലെങ്കിൽ ഒരു കഷണം സ്നാക്സ് ആകാം. ഈ അനുഭവവും അനുസരണയും തമ്മിൽ ബന്ധിപ്പിക്കുന്നിടത്താണ് പരിശീലനത്തിന്റെ വിജയം. ഒരേ സ്വരത്തിൽ ഒന്നോ രണ്ടോ വാക്കുകളിലായിരിക്കണം ആജ്ഞ നൽകേണ്ടത്. 

dog_1

പരിശീലനത്തിന്റെ ഒരു ഘട്ടം പത്തു മിനിറ്റില്‍ അധികമാകരുത്. പ്രതിദിനം രണ്ടോ മൂന്നോ തവണ പരിശീലനമാകാം. തുടക്കത്തിൽ നമ്മുടെ ആവശ്യം എന്താണെന്നത് നായ്ക്കുട്ടിയെക്കൊണ്ടു ചെയ്യിച്ച് മനസ്സിലാക്കിക്കണം. ഓരോ തവണയും സമ്മാനവും നൽകാം. വിവേചനശക്തിയില്ലാത്ത മൃഗത്തിനു മുൻപിൽ ക്ഷമയാണ് ആയുധം. അടിയും ഉപദ്രവവും തീർത്തും ഒഴിവാക്കണം. വാക്കുകളിലൂടെ  അനിഷ്ടം കാണിക്കുന്നതു നായ്ക്കൾക്കു  നല്ല ശിക്ഷ തന്നെയാണ്. കാരണം നായ  ഉടമയെ തന്റെ സംഘത്തലവനായാണ്  കാണുന്നത്. തലവന്റെ സന്തോഷമാണ്    നായയുടെയും  സന്തോഷം. 

ആദ്യപാഠങ്ങളിലേക്ക്

വീട്ടിലും പുറത്തും ജീവിക്കുമ്പോൾ മനുഷ്യസമൂഹത്തിൽ ഉചിതമായി പെരുമാറാൻ പഠിപ്പിക്കുകയാണ് ആദ്യപടി. ചെയ്യരുതാത്ത പ്രവൃത്തി വിലക്കുന്നതിന് ആദ്യമായി നായയുടെ  മനസ്സിലുറപ്പിക്കേണ്ട വാക്ക് ‘No’ എന്നതാണ്.  ചെറിയ ശിക്ഷകൾ നൽകിയാണ് പലപ്പോഴും  ഈ പാഠം  പഠിപ്പിക്കേണ്ടത്. ഉദാഹരണത്തിന്, ഉചിതമല്ലാത്ത പ്രവൃത്തി ശ്രദ്ധയിൽ പെട്ടാൽ ഒരു പത്രക്കടലാസ് ചുരുട്ടി നായയുടെ മുഖത്ത് അടിച്ചുകൊണ്ട് No എന്ന് കനത്ത സ്വരത്തിൽ ആജ്ഞാപിക്കണം. കൂടാതെ, അനിഷ്ടം പ്രകടമാക്കി മറ്റൊന്നും മിണ്ടാതെ തിരിച്ചുപോരുകയും പത്തു മിനിറ്റിനു ശേഷം നായ്ക്കുട്ടി ചെയ്ത പ്രവൃത്തി ശരിയായി ചെയ്തുകാണിച്ച് അതിനെ പഠിപ്പിക്കുകയും വേണം. ശരിയായി ചെയ്യുമ്പോൾ നായ ഹൃദിസ്ഥമാക്കേണ്ട അടുത്ത വാക്ക് Good Boy / Good Girl. അതു സ്നേഹത്തോടെ ഉച്ചരിച്ച് അഭിനന്ദിക്കുകയുംലാളിക്കുകയും സ്നാക്സുകൾ സമ്മാനമായി നൽകുകയും ചെയ്യാം. ഇങ്ങനെ ചെറിയ ശിക്ഷ, തിരുത്തൽ, അഭിനന്ദനം എന്ന രീതിയിൽ പരിശീലനം തുടങ്ങുക. ക്രമേണ പത്രം ചുരുട്ടിയുള്ള അടിക്കു പകരം ഉടമയുടെ വലതുകൈയിലെ ചൂണ്ടുവിരൽ നായയുടെ മുഖത്തിനു നേരെ ചൂണ്ടി ദേഷ്യഭാവത്തിൽ No എന്നു പറഞ്ഞാൽ  നായ കാര്യം മനസ്സിലാക്കി പ്രതികരിച്ചുകൊള്ളും. ഈ രീതിയിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് No എന്ന ശബ്ദത്തിന് ചെയ്യരുതാത്തത് എന്നാണ് എന്നത് നായ്ക്കുട്ടിയുടെ മനസ്സിൽ മായാത്ത പാഠമാകുന്നു. ഒപ്പം നായ ഏറെ കൊതിക്കുന്ന അഭിനന്ദന സ്വരമായ Good Boy അല്ലെങ്കിൽ Good Girl എന്ന പദവും മനസ്സിൽ പതിയുന്നു. 

കാരണമില്ലാതെ കുരയ്ക്കുന്ന നായ വീടിനു ചേർന്നതല്ല. ഈ ശീലം മാറ്റിയെടുക്കാൻ അനാവശ്യമായി കുരയ്ക്കുന്ന  നായയുടെ അടുത്തു ചെന്ന് ഇടതുകൈകൊണ്ട് അവന്റെ വായ പതുക്കെ അടച്ചുപിടിക്കുകയും No എന്ന ആജ്ഞ നൽകുകയും കുര നിർത്തുമ്പോൾ Good Boy എന്ന് പ്രശംസിച്ച്, ലാളിക്കുകയും വേണം.  

വീടിനു പുറത്തു വളർത്തുന്ന നായ്ക്കൾ വീട്ടിനുള്ളിൽ കയറുക, വീടിനകത്തു വളർ‌ത്തുന്ന നായ്ക്കൾ അനുവദനീയമല്ലാത്ത മുറികളിൽ കയറുക, വീട്ടുമുറ്റത്തും മറ്റും കുഴികുഴിക്കുക തുടങ്ങിയ പല ചീത്ത ശീലങ്ങളും ഈ രീതിയിൽ മാറ്റിയെടുക്കാം.

വിലാസം:  അസി. പ്രഫസർ, വെറ്ററിനറി കോളജ്, പൂക്കോട്. ഫോൺ: 9446203839

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA