മൻസൂറിന്റെ മാടപ്രാവുകൾ

dove-04
SHARE

പറന്നുയർന്ന പ്രാവുവിപണി ചിറകൊടിഞ്ഞ് നിലംപൊത്തിയ കാലത്താണ് മൻസൂർ അലി പതിനായിരങ്ങൾ ചെലവിട്ട് പ്രാവുകളെ വാങ്ങുന്നത്. വാങ്ങിയെന്നു മാത്രമല്ല, പെറ്റ് ഷോകളിലൂടെ അലങ്കാരപ്രാവുകളുടെ വിപണി വീണ്ടെടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്തു മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ ഈ ചെറുപ്പക്കാരൻ. ചുരുങ്ങിയത് നാൽപതു ലക്ഷം രൂപ വരും ഇന്ന് തന്റെ പ്രാവു സമ്പത്തിന്റെ മൂല്യമെന്നു മൻസൂർ. 

കേരളത്തിൽ മികച്ച വളർച്ചയും വിപണിയും നേടുന്ന പെറ്റ്സ് വ്യവസായത്തിൽ പട്ടിക്കും പൂച്ചയ്ക്കുമൊപ്പം  പ്രാധാന്യം പ്രാവിനും കൈവന്നിരുന്നു. എന്നു മാത്രമല്ല മറ്റ് അലങ്കാരപ്പക്ഷിയിനങ്ങളെ അപേക്ഷിച്ച് പ്രാവുകൾക്കു വിലയും നിലയും അൽപം കൂടുതലുമായിരുന്നു. എന്നാൽ കച്ചവട ലാക്കോടെ മാത്രം കടന്നുവന്ന ചില ബ്രീഡർമാർ   പ്രാവുവിപണിയുടെ ചിറകരിഞ്ഞെന്ന് മൻസൂർ. ഏതു മുന്തിയ ഇനവും നിസ്സാര വിലയ്ക്കു കിട്ടുന്ന സ്ഥിതിയുണ്ടായി. വംശഗുണമോ അഴകളവുകളോ നോക്കാതെ പ്രാവിനങ്ങൾ വിപണിയിൽ സുലഭമായതോടെ ഈ രംഗത്തെ പ്രമുഖർപോലും പിൻവലിഞ്ഞു.  പക്ഷേ യഥാർഥ പ്രാവുസ്നേഹികൾ തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നു  മൻസൂർ. 

ഒാരോ ഇനത്തിലെയും വംശമഹിമയും സൗന്ദര്യലക്ഷണങ്ങളുമുള്ളവയെ കണ്ടെത്തി മോഹവിലയ്ക്കു സ്വന്തമാക്കി ഈ രംഗത്തേക്കു ചുവടുവച്ചത് ആ പ്രതീക്ഷയോടെ തന്നെ. അത് തെറ്റിയുമില്ല.അരുമകളുടെ കാര്യത്തിൽ ആദ്യം സ്നേഹത്തിനും അനുബന്ധമായി മാത്രം സംരംഭത്തിനും പരിഗണന നൽകണമെന്ന നിലപാടുകാരനാണ് മൻസൂർ. സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പ്രാവുവളർത്തൽ രണ്ടു വർഷം മുമ്പ് വിപണിയെക്കൂടി ലക്ഷ്യംവച്ചു നീങ്ങിയത് പണം മാത്രം കണ്ടല്ല, പുതിയ ഇനങ്ങളെ സ്വന്തമാക്കാനും കയ്യിലുള്ളവയെ മറ്റുള്ളവർക്കു ലഭ്യമാക്കാനും കൂടിയാണ്. 

dove-03

അരുമപ്രാവുകൾ

മുപ്പതു വർഷം മുമ്പ് വളർത്തിത്തുടങ്ങിയ നാടൻപ്രാവുകളുടെ വംശപരമ്പരകൾ ഇന്നുമുണ്ട് മൻസൂറിന്റെ പക്കൽ. വിദേശയിനം ഫാൻസി പ്രാവുകളുടെ മുട്ടയ്ക്ക് അടയിരിക്കുക എന്നതാണ് ഇപ്പോൾ അവരു ടെ ഡ്യൂട്ടി. ലാഹോർ, പൗട്ടർ തുടങ്ങിയ ഇനങ്ങളുൾപ്പെടെ ഒട്ടേറെ ഫാൻസി പ്രാവുകൾ കൈവശമുണ്ടെങ്കിലും മൻസൂറിന്റെ മനസ്സത്രയും മൂന്നു പേരിലാണ്;  ബൊക്കാറ ട്രമ്പറ്റർ, ജാക്കോബിൻ, ഫാൻടെയിൽ ഇനങ്ങളിൽ. മേൽപ്പറഞ്ഞവയിൽ ജാക്കോബിൻ, ഫാൻടെയിൽ ഇനങ്ങൾ മിക്ക പ്രാവുസ്നേഹികളുടെയും കൈവശമുണ്ടാവും. എന്നാൽ  ബൊക്കാറ അപൂർവം. 

dove-01

ഈ മൂന്നിനങ്ങളിലെയും ലക്ഷണമൊത്ത പ്രാവുകളും പെറ്റ് ഷോകളിലെ ചാമ്പ്യന്മാരും പാരമ്പര്യപ്പെരുമകൾ അവകാശപ്പെടുന്നവരും കൈവശമുണ്ട് എന്നതാണ് മൻസൂറിന്റെ ശേഖരത്തെ വ്യത്യസ്തമാക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിലെ ബ്രീഡർമാർ സെലക്ടീവ് ബ്രീഡിങ്ങിലൂടെ ദീർഘകാലംകൊണ്ട് സൃഷ്ടിച്ചെടുത്ത ഫാൻസിപ്രാവാണ് ബൊക്കാറ ട്രമ്പറ്റർ. ഇരുപാദങ്ങളിലും മനോഹരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന നീണ്ട തൂവലുകളും തലപ്പൂവുമാണ്  ബൊക്കാറയ്ക്ക് അഴകേറ്റുന്ന മുഖ്യഘടകം. മറ്റ് പ്രാവിനങ്ങളിൽനിന്ന് വ്യത്യസ്തമായി അന്യപ്രാവുകളെ അടുപ്പിക്കാതെ സ്വന്തം കൂട്് വരുതിയിൽത്തന്നെ നിലനിർത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വർണഭംഗികൊണ്ടും തൂവൽനിറങ്ങളുടെ മാർക്കിങ്ങിലെ കൃത്യതകൊണ്ടും വിദേശങ്ങളിൽ ഏറെ ആരാധകരുള്ള ഈ ഇനത്തിന് ജോടിക്ക് ലക്ഷങ്ങൾ വിലവരും. അതേസമയം ഇണചേരാനും മുട്ടയിടാനും മടിയുള്ളയിനം. ജർമൻ ബ്രീഡറിൽനിന്നു സ്വന്തമാക്കിയ കുല മഹിമയുള്ള ഈ ബൊക്കാറയാണ് വിപണിയിൽ മൻസൂറിന്റെ തുറുപ്പുചീട്ട്.

കേരളത്തിലെ അരുമപ്രേമികൾക്ക് ഫാൻടെയിൽ ഫാൻസി പ്രാവുകൾ പരിചിതമാണെങ്കിലും ഈയിനത്തിലെ അപൂർവ വർണങ്ങൾ അധികംപേരുടെ കൈകളിൽ ഇല്ലെന്ന് മൻസൂർ, ഫാൻപോലെ വിടർന്ന, വിശറിപോലെ സുന്ദരമായ വാൽതൂവലുകളാണ് ഫാൻടെയിലിന്റെ ആകർഷണം. 

dove-05

തൂവലുകളുടെ എണ്ണവും വർണവും അവ വിന്യസിക്കപ്പെട്ടിരിക്കുന്നതിന്റെ അഴകുമാണ് വിലയുടെ മാനദണ്ഡം. പെറ്റ് ഷോകളിൽ ഈ വിശറിവാൽ മുഴുവനായി വിരിച്ച് ഉടമയെ അനുസരിച്ച്, ഫാഷൻ ഷോകളിലെ മോഡലുകളെപ്പോലെ പോസ് ചെയ്തു നിൽക്കുകയും താളഭംഗിയോടെ ചലിക്കുകയും ചെയ്യും ഫാൻടെയ്ൽ സുന്ദരിമാർ.

ഷോകളിലെ മറ്റൊരു താരമാണ് തലയിൽ അതിമനോഹരമായ തൂവൽച്ചാർത്തുള്ള ജാക്കോബിനുകൾ, കഴുത്തിന്റെ കീഴ്ഭാഗം കാറ്റുനിറച്ച ബലൂൺപോലെ മുഴുപ്പിക്കുന്ന പൗട്ടർ ഇനങ്ങൾക്കും വിപണിയിൽ മുന്തിയ വിലയുണ്ട്. പുരാതന പേർഷ്യൻ സംസ്കാരത്തിന്റെ അരുമപ്രാവിനമായ ലാഹോറിന്റെ അത്യപൂർവമായ നിറങ്ങളും മൻസൂറിനു സ്വന്തം. കഴുത്തിലെ തൂവലുകളുടെ മാർക്കിങ് വരച്ചുവച്ചതുപോലെ കൃത്യമായുള്ളവയ്ക്ക് മോഹവിലയുണ്ട്. ഈ ലക്ഷണങ്ങൾക്കും സൗന്ദര്യത്തിനുമാണ് എന്നും മൻസൂർ ഊന്നൽ കൊടുക്കുന്നതും. അരുമകളെ വാങ്ങുന്നവരും ഇന്ന് ഇക്കാര്യങ്ങളിൽ ശ്രദ്ധയൂന്നാൻ തുടങ്ങിയ തോടെ ഫാൻസി പ്രാവു വിപണി കൂടുതൽ കരുത്തോടെ തിരിച്ചുവന്നു തുടങ്ങിയെന്ന് മൻസൂർ.

ഡിസംബർ മുതൽ ജൂൺ വരെ ആറു മാസം ബ്രീഡിങ്, തൂവൽ പൊഴിയുകയും പുതിയവ വരികയും ചെയ്യുന്ന ജൂലൈ മുതൽ നവംബർ വരെ ആറു മാസം വിശ്രമകാലം; ഈ രീതിയിലാണ് മൻസൂറിന്റെ പ്രാവു പരിപാലനം. പത്തു മാസം പ്രായമെത്തിയ പ്രാവുകളെ ബ്രീഡിങ്ങിന് ഉപയോഗിക്കാം. ഒറ്റത്തവണ ഒന്നിടവിട്ട ദിവസങ്ങളിലായി രണ്ടു മുട്ടകളിടും. ഇങ്ങനെ നാലോ അഞ്ചോ തവണ. ഇതേ സമയംതന്നെ കണക്കാക്കി നാടൻ പ്രാവുകളെയും  ഇണചേർക്കും. അവ മുട്ടയിടുമ്പോൾ അവ മാറ്റി ഫാൻസി ഇനങ്ങളുടെ മുട്ട പകരം വയ്ക്കും. ഫാൻസി പ്രാവുകളുടെ അടയിരിക്കൽകാലം അതിലൂടെ ഒഴിവാക്കാം. അമ്മപ്രാവുകളുടെ അന്നനാളത്തിൽനിന്ന് കൊക്കിലൂടെ ഊറിവരുന്ന ദ്രാവകമാണ്(Pigeon milk) മുട്ട വിരിഞ്ഞിറങ്ങുന്ന പ്രാവിൻകുഞ്ഞുങ്ങളുടെ ആദ്യദിവസങ്ങളിലെ ഭക്ഷണം. തുടർന്ന് ഗോതമ്പ്, ചോളം, ചെറുപയർ, തിന തുടങ്ങിയവ ചേർന്ന കൈത്തീറ്റ. വൈകുന്നേരം ഒരു നേരമാണ് തീറ്റ. കുടിവെള്ളം സദാ സമയവും കൂട്ടിൽ ലഭ്യം. മണൽ വിരിച്ച കമ്പിവലക്കൂടുകൾ ദിവസവും വൃത്തിയാക്കണം. ബ്രഷ് മണലിനു മീതെ ഒാടിച്ച് കാഷ്ഠം നീക്കിയാൽ മതി.

dove-02

കൂടുകളുടെയും തീറ്റപ്പാത്രത്തിന്റെയും വൃത്തിയും ഭക്ഷണത്തിന്റെ ഗുണനിലവാരവും  പ്രധാനമെന്ന് മൻസൂർ. അതല്ലെങ്കിൽ രോഗങ്ങൾ കടന്നു കയറും. പ്രാവു വസന്തയാണ് മുഖ്യ ഭീഷണി. ഇതിനെതിരെ പ്രതിരോധ വാക്സിൻ നൽകും. ശ്വാസകോശരോഗങ്ങൾ, വയറിളക്കം എന്നിവയ്ക്കുള്ള ഫലപ്രദമായ മരുന്നുകളും ഇന്നു ലഭ്യമാണ്. ആരോഗ്യത്തോടെ വളരാനും തൂവലുകൾ അനിയന്ത്രിതമായി കൊഴിയാതിരിക്കാനും വിറ്റമിൻ മിശ്രിതങ്ങൾ തീറ്റയിൽ ചേർത്തു നൽകുന്ന പതിവുമുണ്ട്.

ഫോൺ: 9946344237

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA