sections
MORE

അലിയുടെ പക്ഷിവീട്

HIGHLIGHTS
  • 36 അടി നീളത്തിൽ 20 അടി ഉയരത്തിൽ വിശാലമായ വലിയ പക്ഷിക്കൂടുകൾ
  • ചാറ്ററിങ് ലോറിയും റെയിൻബോ ലോറിയും വായാടികളായ സുന്ദരികൾ
aali-new
മുഹമ്മദലി തന്റെ അരുമകൾക്കൊപ്പം
SHARE

സ്നേഹം നിറയുന്ന ഈ വീടിന്റെ ജാലകവാതിലുകൾ തുറക്കുന്നത് വർണപ്പക്ഷികളുടെ വിസ്മയലോകത്തേക്കാണ്. തങ്ങൾക്കായി തുറക്കുന്ന ജനലുകളിലൂടെ ആ പക്ഷിക്കൂട്ടം മുഹമ്മദലിയും റംലയും ചേർന്നൊരുക്കുന്ന തീൻമേശയിലേക്കു പറന്നെത്തുന്നു. ഇവിടെ ഇവരുടെ കരുതലും വാൽസല്യവും ആവോളം നുകരുകയാണ് അരുമപ്പക്ഷികൾ.

തൃശൂർ പുന്നയൂർക്കുളം ചമ്മന്നൂരിലെ പഷ്ണത്തുകായിൽ അലി എന്ന മുഹമ്മദലിയുടെ വീട് കറപുരളാത്ത പക്ഷിസ്നേഹത്തിന്റെ പറുദീസയാണ്. കുട്ടിക്കാലത്ത് അണ്ണാൻകുഞ്ഞുങ്ങളായിരുന്നു മുഹമ്മദലിയുടെ ചങ്ങായിമാർ. പിന്നീടത് പ്രാവുകളായി. പത്തു മക്കളുള്ള വീട്ടിൽ ബാക്കിയുള്ളവരെല്ലാം പഠിക്കാൻ മിടുക്കർ. അവരെല്ലാം ഇന്ന് വിദേശത്ത് ഡോക്ടർമാരും എൻജിനീയർ‌മാരും. പക്ഷേ, പടച്ചോന്റെ കിത്താബിൽ അലിക്കായി കാത്തുവച്ചത് പഠനമല്ല, പക്ഷികളോടും മൃഗങ്ങളോടുമുള്ള അഭിനിവേശമായിരുന്നു.ജീവിതമാർഗം തേടി ഗൾഫിൽ ജോലി ചെയ്യുമ്പോഴും പിന്നീട് ബിസിനസ് നടത്തുമ്പോഴും മായാതെ, മറയാതെ നാട്ടിലെ പക്ഷിക്കൂട്ടം മനസ്സിൽ ചിറകടിച്ചിരുന്നു. ഇന്നും അലി ഗൾഫ് യാത്ര നടത്താറുണ്ട്. പക്ഷികൾക്കു തീറ്റ വാങ്ങാനാണെന്നു മാത്രം. ലാഭവും നഷ്ടവുമൊന്നും നോക്കുന്ന ബിസിനസല്ല അലിക്ക് പക്ഷിവളർത്തൽ. സ്വന്തം മക്കളായി ദൈവം നൽകിയത് അവരെയെന്നു കരുതിയുള്ള സ്നേഹമാണ്.

അലി, സ്വന്തം മക്കളെ ബന്ധുരകാഞ്ചനക്കൂട്ടിൽ ബന്ധിച്ചിടുന്നില്ല. കൂടുകളിലല്ല, വിശാലമായ പക്ഷിശാല (Aviary) യാണ് അവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 36 അടി നീളത്തിൽ 20 അടി ഉയരത്തിൽ വിശാലമായ വലിയ പക്ഷിക്കൂടുകൾ. പ്രകൃതിസമാനമായ അന്തരീക്ഷമാണ് ഇവിടെ പക്ഷികൾ‌ക്കുള്ളത്. ചെറുമുളങ്കാടുകളും പേര, ചാമ്പ മരങ്ങളും നിറഞ്ഞ വീട്ടുമുറ്റത്തെ വനസ്ഥലിയിൽ പക്ഷികൾക്ക് ഇരിക്കാൻ ചില്ലകൾ, ചാഞ്ചാടാൻ ഊഞ്ഞാലുകളും. തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും മുട്ടയിടാനും അടയിരിക്കാനുമുള്ള അറകളുമൊക്കെ ഈ വിശാലതയുടെ പല ഭാഗങ്ങളിലായി സൗകര്യപ്രദമായി വച്ചിരിക്കുന്നു. ഓരോ പക്ഷിശാലയുടെയും മുൻപിൽ‌ പ്രത്യേക ഭാഗത്താണ് തീറ്റയും വെള്ളവും. അതിനാൽ രാവിലെ തീറ്റയും വെള്ളവുമെടുക്കാനായി ഈ ഭാഗത്ത് എത്തുമ്പോൾ‍ പക്ഷികളെ നിരീക്ഷിക്കാൻ സാധിക്കുന്നു. രോഗമോ മറ്റ് എന്തെങ്കിലും പ്രശ്നമോ ഉണ്ടെങ്കില്‍ അപ്പോള്‍ തിരിച്ചറിയാനാവും.

aviary
മുഹമ്മദലിയുടെ പക്ഷിശാ ല

ഇനങ്ങളുടെ വൈവിധ്യമാണ് ഈ പക്ഷിശേഖരത്തിന്റെ സവിശേഷത. വിശാലമായ കൂടുകളും അവയുടെ കൃത്യമായ വിഭജനവും പലജാതി പക്ഷികളെ പാർപ്പിക്കാവുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു ഇണക്കത്തിലും ബുദ്ധിശക്തിയിലും അനുകരണശേഷിയിലും മുമ്പൻമാരായ ആഫ്രിക്കൻ ചാരത്തത്തകൾ, വർണങ്ങൾ നിറഞ്ഞ മേനിയുള്ള മക്കാത്തത്തകൾ, സുന്ദരികളായ കൊന്യൂർ തത്തകൾ, നിറപ്പകിട്ടുള്ള മേനിയും പട്ടുചേല പോലെ നീണ്ട വാലുകളുമുള്ള ഫെ‍ഡന്റുകൾ, തേനും പൂമ്പൊടിയും ഭക്ഷണമാക്കുന്ന ലോറികളും ലോറിക്കീറ്റുകളും തലയിൽ വിശറിപ്പൂവുകളുള്ള കൊക്കറ്റു തുടങ്ങിയവയാണ് ഇവിടെ താരങ്ങൾ. ഒപ്പം ജനപ്രിയരായ കൊക്കറ്റീലുകൾ, ഫിഞ്ചുകൾ, ജാവ, ബഡ്ജറിഗുകൾ തുടങ്ങിയ ചെറുപക്ഷികളുമുണ്ട്. പക്ഷികളുടെ സൗന്ദര്യവും ഇണക്കവും സ്നേഹപ്രകടനവുമാണ് ഇവിടെ തിരഞ്ഞെടുപ്പിന്റെ അളവുകോൽ. വിൽപന പ്രധാന ലക്ഷ്യമല്ലാത്തതിനാൽ വിപണിപ്രിയം നോക്കാറില്ല.

ചാറ്റിങ് ലോറിയും റെയിൻബോ ലോറിയും വായാടികളായ സുന്ദരികൾ. ഇവയ്ക്ക് നീരാടാനുള്ള സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നു. മുഖത്തും കവിളിലും ശോണിമ കലർന്ന മഞ്ഞ മേനിയുള്ളതും വാലിനടിയിലും ചിറകറ്റങ്ങളിലും പച്ചവർണങ്ങളുള്ളതുമായ സൺ കൊന്യൂറുകൾ ഇക്കൂട്ടത്തിലെ സൗന്ദര്യറാണിമാരാണ്. കൊക്കറ്റു വിഭാഗത്തിൽ മൊളൂക്കൻ, സ്കാർലറ്റ് എന്നീ ഇനങ്ങളുണ്ട്. തൂവെള്ളനിറവും നേരിയ പിങ്ക് കലർന്ന തലപ്പൂവുമുള്ള, വിശ്വസ്തരായ മൊളൂക്കൻ കൊക്കറ്റുവാണ് അലിയുടെ കുലീനനായ സുഹൃത്ത്. നീല,  സ്വർണ നിറങ്ങൾ ഇടകലർന്ന മേനിയുമായി ബ്ളൂ ആൻഡ്  ഗോൾഡ് മക്കാവു, സ്വർണവർണവും നീണ്ട വാലുമായി ഗോൾഡൻ ഫെഡന്റ്, ഹരിത സൗന്ദര്യമുള്ള ബഡ്ജികൾ, മാന്യൻമാരായ കൊക്കറ്റീലുകൾ, ആൽബിനോ റെഡ്ഐ ജാവകൾ, മാന്ത്രികചലനങ്ങളോടെ ഫിഞ്ചസ് എന്നകുഞ്ഞിക്കുരുവികൾ ഇവയൊക്കെ ഈ പക്ഷി പ്രപഞ്ചത്തെ സജീവമാക്കുന്നു. തത്തയിനത്തിൽപ്പെട്ട കെയ്ക്യൂ (Caique)കളും അന്തേവാസികൾ. ഇവയുടെ വൈറ്റ് ബെല്ലീസ്, ബ്ലാക്ക് ക്യാപ്പസ്  ഇനങ്ങളാണുള്ളത്.

തത്തകൾ, ഫിഞ്ചുകൾ, ഫെഡന്റുകൾ, ലോറികൾ തുടങ്ങി വൈവിധ്യമാർന്ന അരുമപ്പക്ഷിയിനങ്ങളെ ഒരുമിച്ചു വളർത്തുന്നത് വലിയ വെല്ലുവിളിയാണ്. വിശാലമായ പക്ഷിശാലയിൽ ഇവ ഒരുമയോടെ വാഴുമെങ്കിലും ഓരോന്നിനും ചേർന്ന തീറ്റ തയാറാക്കുക വലിയ ജോലിയാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് വിശേഷിച്ച്, വില കൂടിയ തത്തയിനങ്ങളിൽപെട്ടവയ്ക്ക്് വിപണിയിൽ ലഭിക്കുന്ന പ്രത്യേക തീറ്റ, കൈത്തീറ്റയായി കൊടുക്കുകയാണ് പതിവ്. ഇവയെ തിരിച്ചറിയാനുള്ള വളയങ്ങൾ അണിയിക്കുകയും ഡിഎൻഎ ടെസ്റ്റ് നടത്തി ലിംഗനിർണയം നടത്തുകയും ചെയ്യുന്നു. വിപണിയിൽ ലഭിക്കുന്ന ഫ്രൂട്ട് പെല്ലറ്റ് തീറ്റകൾക്കൊപ്പം ഗൾഫിൽനിന്നെത്തിക്കുന്ന സീഡ് മിക്സും നൽകുന്നു. സൂര്യകാന്തിക്കുരുവും വാൾനട്ടും ചെറുധാന്യങ്ങളുമൊക്കെ തീറ്റയിലുണ്ടാവും. തീറ്റയുടെ അളവിലോ ഗുണത്തിലോ കുറവു വരുത്താതിരിക്കാൻ മുഹമ്മദലി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

തത്തകളുടെയും മറ്റും ഭക്ഷണക്രമത്തിൽ പ്രധാനമാണ് പഴങ്ങളും പച്ചക്കറികളും. വിഷം തീണ്ടാത്ത പഴങ്ങളും പച്ചക്കറികളും ഇവയ്ക്കു നൽകാൻ സ്വന്തം പറമ്പിൽ ജൈവരീതിയിൽ വാഴപ്പഴവും പപ്പായയും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നു മുഹമ്മദലി. പ്രജനനകാലത്തും വളർച്ചക്കാലത്തും രോഗബാധയ്ക്ക് സാധ്യതയുള്ള സമയങ്ങളിലും എഗ്ഫുഡ് അഥവാ മൃദുതീറ്റ വീട്ടിൽ തയാറാക്കിയോ വിപണിയിൽനിന്നു വാങ്ങിയോ ആണ് പക്ഷിപ്രേമികൾ അരുമകൾക്കു സാധാരണയായി നൽകാറുള്ളത്. എന്നാൽ തന്റെ അരുമകൾക്ക് എഗ്ഫുഡ് ഒരുക്കാൻ വീട്ടുമുറ്റത്ത് നാടൻ കോഴികളെ വളർത്തി പരിപാലിക്കുകയാണ് മുഹമ്മദലി.

ഏവികൾച്ചർ അസോസിയേഷൻ ഓഫ് കേരള പോലുള്ള പക്ഷിപ്രേമികളുടെ കൂട്ടായ്മയിൽ അംഗമാണ് അലി. പക്ഷിവളർത്തൽ രംഗത്ത് എല്ലാവരുടെയും ഇക്കയാണെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനും പറഞ്ഞു കൊടുക്കാനും അലിക്ക് എന്നും ത്രില്ലാണ്. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലും അമൽ ഇംഗ്ലിഷ് സ്കൂൾ എന്ന സ്ഥാപനത്തിന്റെ ട്രഷറർ കൂടിയായ അലി സജീവം.

ഫോൺ: 96455 03838

ലേഖകന്റെ വിലാസം: അസി. പ്രഫസർ, വെറ്ററിനറി കോളജ്, പൂക്കോട്, വയനാട്. ഫോൺ: 94462 03839 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA