sections
MORE

ഇറച്ചിക്കോഴികളിൽ ആന്റിബയോട്ടിക്: ചില യാഥാർഥ്യങ്ങൾ

HIGHLIGHTS
  • സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നു മുക്തി നേടാനാണ് ആന്റിബയോട്ടിക്കുകൾ
broilor-chicken
SHARE

കേരളത്തിൽ ഒരു ദിവസം ആഹരിക്കപ്പെടുന്നത് 15 ലക്ഷത്തിലേറെ ഇറച്ചിക്കോഴികളാണ്. അതുകൊണ്ടു തന്നെ ഇറച്ചിക്കോഴികളെ സംബന്ധിച്ച വാർത്തകളും വിവാദങ്ങളും ഇവിടെ എന്നും ചൂടുള്ളതു തന്നെ. ഇവയിലേറ്റവും ഒടുവിലത്തേതാണ് ആന്റിബയോട്ടിക് ഉപയോഗം സംബന്ധിച്ച വിവാദം. 

ശാസ്ത്രീയ പ്രജനനപ്രക്രിയയുടെയും സൂക്ഷ്മതലത്തിലുള്ള പോഷണത്തിന്റെയും ഉൽപന്നമാണ് ഇറച്ചിക്കോഴികൾ. ആന്റിബയോട്ടിക്കുകൾ സാധാരണ ഉപയോഗിക്കുന്നത് സൂക്ഷ്മാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങളിൽനിന്നു മുക്തി നേടാനാണ്. ആന്റിബയോട്ടിക് ഉപയോഗം രണ്ടു തരത്തിലുണ്ട്. രോഗപ്രതിരോധത്തിനും രോഗചികിത്സയ്ക്കും. ഇറച്ചിക്കോഴികളുടെ പ്രാരംഭവളർച്ചഘട്ടത്തിൽ, പ്രതിരോധശേഷി കുറവായ അവസ്ഥയിൽ രോഗബാധ ഒഴിവാക്കാൻ കുറഞ്ഞ അളവിൽ ലഘു ആന്റിബയോട്ടിക്കുകൾ (ഉദാ:ബാസിട്രാസിൻ) പ്രീസ്റ്റാർട്ടർ തീറ്റയിൽ ചേർക്കാറുണ്ട്. ഏറ്റവും ലഘുവായതും ഉപാപചയപ്രവർത്തനം കഴിഞ്ഞ് ശരീരത്തിൽനിന്ന് എത്രയും പെട്ടെന്ന് പുറന്തള്ളപ്പെടുന്നതുമായ ആന്റിബയോട്ടിക്കുകളാണ് ഇതി നായി തിരഞ്ഞെടുക്കേണ്ടത്. ശരീരം ആന്റിബയോട്ടിക്കിനെ പുറന്തള്ളാൻ എടുക്കുന്ന സമയത്തെ സൂചിപ്പിക്കാൻ ‘Withdrawal period’ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഈ കാലയളവ് ഏറ്റവും കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് ഇറച്ചിക്കോഴികളുടെ തീറ്റയിൽ ചേർക്കാറുള്ളത്. ബ്രോയിലർ പ്രീസ്റ്റാർട്ടർ തീറ്റ കൊടുക്കുന്നത് ആദ്യത്തെ പത്തു ദിവസമാണ് പരമാവധി. ഇത്തരം ആന്റിബയോട്ടി ക്കുകൾ മൂന്ന് മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ശരീരത്തിൽനിന്ന് പൂർണമായി പുറന്തള്ളപ്പെടും. ഇതു പരമാവധി 15 ദിവസംവരെ നീളാം. കോഴിയുടെ തുടർന്നുള്ള വളർച്ചയിൽ ഇത് ദൂഷ്യഫലമൊന്നും ഉണ്ടാക്കുന്നില്ല. 

തീറ്റക്രമത്തിലെ രണ്ടാംഘട്ടമായ ബ്രോയിലർ സ്റ്റാർട്ടർ (11–25 ദിവസം), മൂന്നാം ഘട്ടമായ ബ്രോയിലർ ഫിനിഷർ (26–40 ദി വസം) എന്നിവയിൽ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുത്താറില്ല. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ഗുരുതരമായ കാര്യമായതുകൊണ്ട് തീറ്റ നിർമാണ കമ്പനികളുടെ സംഘടനകൾ ഇക്കാര്യത്തിൽ കർശന നിയന്ത്രണം ഉറപ്പുവരുത്താറുണ്ട്. ആന്റിബയോട്ടിക് ഉപയോഗം ഇനിയുള്ളത് രോഗചികിത്സയിലാണ്. സാധാരണയിൽ കവിഞ്ഞ മരണനിരക്കും രോഗ ലക്ഷണങ്ങളും കാണുമ്പോഴാണ് ആന്റിബയോട്ടിക് ചികിത്സ നടത്തുക. പൗൾട്രി ഫാമുകളില്‍ മരണം അനുവദനീയമായ നിരക്കിൽ (2–5%) കൂടുതലാവുമ്പോൾ മാത്രമാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാറുള്ളത്. കാരണം ആന്റിബയോട്ടിക് ചികിത്സ ചെലവേറിയതാണ്. 1500–2000 കോഴികൾ ഉള്ള ഫാമിന് ആന്റിബയോട്ടിക് ചികിത്സയുടെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കാൻ 4000 രൂപ ചെലവുണ്ട്. മാത്രമല്ല, ആന്റിബയോട്ടിക് ചികിത്സ കാരണം വളർച്ച നിരക്ക് കുറയുകയും ചെയ്യും. ഇതു കാരണം തൂക്കം 150–200 ഗ്രാം വരെ കുറയാമെന്നാണ് പഠനങ്ങളിൽ കാണുന്നത്. അതിനാൽ ഇറച്ചിക്കോഴികളുടെ തൂക്കം വർധിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നു കരുതാന്‍ ന്യായമുണ്ട്.

vaccination

ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്താൻ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല നടത്തിയ പഠനത്തിൽ വിപണിയിൽനിന്നുള്ള സാമ്പിളുകളാണ് ഉപയോഗിച്ചത്. വിവിധ ആന്റിബയോട്ടിക് ശേഷിപ്പ് പരിശോധിച്ചപ്പോൾ സുരക്ഷിതമെന്ന റിപ്പോർട്ടാണ് ലഭിച്ചത്. 

കോഴിവളർത്തലുകാർ ശ്രദ്ധിക്കേണ്ടത്: ഫാമിൽ എന്തെങ്കിലും രോഗം ബാധിച്ചാൽ പ്രദേശത്തെ വെറ്ററിനറി സർജനെയോ കോഴിവളർത്തൽ കമ്പനികളുടെ പൗൾട്രി കൺസൽട്ടന്റിനെയോ വിവരമറിയിക്കുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. ചികിത്സ പൂർത്തിയായശേഷം ഡോക്ടറു ടെ സർട്ടിഫിക്കറ്റോടുകൂടി ഇറച്ചിക്കോഴികളെ വിപണിയിൽ എത്തിക്കുക.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, പൗൾട്രി സയൻസ് വിഭാഗം,

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല, 

പൂക്കോട്. ഫോൺ: 94956 49730. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA