sections
MORE

നായക്കുട്ടിക്ക് നല്ല ശീലങ്ങൾ

HIGHLIGHTS
  • ജനനസമയത്ത് പല്ലുകളെ‌ല്ലാം മുളച്ചിട്ടുണ്ടാവില്ല നായ്ക്കുട്ടികൾക്ക്.
  • കാറിന്റെയും ബൈക്കിന്റെയും പിന്നാലെയുള്ള ഓട്ടം നായ്ക്കളുടെ മറ്റൊരു മോശം ശീലമാണ്
pets
SHARE

കുലീനമായി പെരുമാറുന്ന നായ ഉടമയുടെ അഭിമാനമാണ്. മനുഷ്യരോടും മറ്റു മൃഗങ്ങളോടും ചേർച്ചയോടെ ജീവിക്കാനുള്ള പരിശീലനം നായ്ക്കൾക്കു നല്‍കണം. നായയെ ഉടമയുടെ ആജ്ഞകളെ‌ അനുസരിക്കുന്ന, വീട്ടിലെത്തുന്നവരോടും മറ്റു നായ്ക്കളോടും മാന്യമായി പെരുമാറുന്ന സൽസ്വഭാവിയായി വളർത്തിയെടുക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. 

പുതിയ അംഗമായി എത്തുന്ന നായ്ക്കുട്ടിയെക്കൊണ്ട് ആദ്യമുണ്ടാകുന്ന വിഷമം വീടിനുള്ളിലും പുറത്തും പല സ്ഥലത്തു മലമൂത്രവിസർജനം നടത്തുന്നതാവും. ആദ്യതവണ മൂത്രമൊഴിച്ച, മലവിസർജനം നടത്തിയ സ്ഥലത്തുതന്നെ വീണ്ടും അത് ചെയ്യാനുള്ള പ്രവണത നായ്ക്കൾക്കുണ്ട്. അതുകൊണ്ട് ആഹാരം കൊടുത്തു വയറു നിറഞ്ഞയുടനെ അവയെ പുറത്തേക്കു വിട്ട് എവിടെയാണോ മലമൂത്രവിസർജനത്തിന് നിശ്ചയിച്ചിരിക്കുന്നത് അവിടെയെത്തിക്കുക. ക്രമേണ ആ സ്ഥലം അവർക്ക് ശീലമായിക്കൊള്ളും. വീടിനുള്ളിലോ അനുവദനീയമല്ലാത്ത സ്ഥലത്തോ മലമൂത്ര വിസർജനം നടത്തിയാൽ ആ സ്ഥലം മണമില്ലാത്ത രീതിയിൽ വൃത്തിയാക്കണം. ഇതിനായി പ്രത്യേക ലോഷനുകളും മറ്റും പെറ്റ് സ്റ്റോറുകളിൽ ഇപ്പോൾ ലഭിക്കും. 

ദഹനക്കേടുള്ള നായ്ക്കുട്ടികൾക്ക് സ്വന്തം മലം കഴിക്കുന്ന സ്വഭാവമുണ്ട്. ഇങ്ങനെ കാണിച്ചാൽ ആദ്യംതന്നെ വിസർജ്യത്തിൽ മുളകുപൊടിയോ മറ്റോ ഇട്ട് അത് കഴിക്കുന്നത് നല്ലതല്ലെന്ന മുന്നറിയിപ്പു കൊടുക്കണം. കൂടാതെ, ദഹനത്തെ സഹായിക്കുന്ന മരുന്നുകളോ വിറ്റമിൻ മിനറൽ ലിവർ ടോണിക്കുകളോ നൽകാം. ദഹനം സുഗമമാക്കാൻ പൈനാപ്പിൾ പോലുള്ള പഴങ്ങൾ നൽകുന്നവരുമുണ്ട്. ഭക്ഷണശേഷം പുറത്തുവിട്ട് അൽപം ഓടിക്കുന്നപക്ഷം നായ മലമൂത്രവിസർജനം നടത്തിക്കൊള്ളും. അതു കൃത്യസ്ഥലത്ത് നടത്തുമ്പോൾ പ്രശംസിച്ചും ശീലം തെറ്റിച്ചാൽ അനിഷ്ടം കാണിച്ചും പരിശീലിപ്പിക്കണം.

ജനനസമയത്ത് പല്ലുകളെ‌ല്ലാം മുളച്ചിട്ടുണ്ടാവില്ല നായ്ക്കുട്ടികൾക്ക്. പക്ഷേ, രണ്ടു മാസം പ്രായമാകുമ്പോഴേക്കും 28 പാൽപ്പല്ലുകൾ അവയ്ക്കുണ്ടാകും. സാധാരണയായി 5–6 മാസത്തിനുള്ളില്‍ പാൽപ്പല്ലുകൾ പൊഴിഞ്ഞ് പുതിയ സ്ഥിരം പല്ലുകൾ വരും. ഈ സമയത്ത് കിട്ടുന്നതൊക്കെ കടിക്കാനുള്ള പ്രവണതയുണ്ടാകും. വിശേഷിച്ച് മനുഷ്യരുടെ കയ്യും, കാലുമൊക്കെ കടിച്ചു പൊട്ടിക്കാൻ ശ്രമിക്കും. ഈ ദുഃശീലം തടയണം. വിപണിയിൽ ലഭ്യമായ ലെതർ ബോണുകൾ, ച്യൂബോണുകൾ എന്നിവ ഇടയ്ക്കിടെ കടിക്കാൻ‌ കൊടുത്താൽ നായ്ക്കുട്ടികളുടെ പല്ലിന്റെ കിരുകിരുപ്പ് മാറിക്കിട്ടും. ഇവയൊന്നുമില്ലെങ്കിൽ മരക്കഷണമോ, തേങ്ങയോ ഇട്ടു കൊടുക്കുക. കടിക്കുന്ന ശീലമുള്ള നായ്ക്കുട്ടിയുടെ മൂക്കിൽ ശക്തമായി ഒരു ഞൊട്ടു കൊടുക്കുകയും ‘No’ എന്ന് ആജ്ഞാപിക്കുകയും ചെയ്യണം.

pets1

മനുഷ്യനായാലും നായയായാലും ചെറുപ്രായത്തിൽ മണ്ണു തിന്നുന്ന പ്രവണതയുണ്ടാകും. ദഹനപ്രശ്നങ്ങൾക്കു കാരണമാകുമെന്നതിനാൽ ഈ ശീലമുള്ള നായ്ക്കുട്ടികളെ വെളിയിൽ വിടുന്നത് കുറയ്ക്കുക. െവെറ്റമിൻ, മിനറൽ മിശ്രിതങ്ങൾ ഒരു പരിധിവരെ ഗുണം ചെയ്തേക്കാം. നായ്ക്കൾ പുല്ലു തിന്നുന്നത് ദുഃശീലമെന്ന നിലയിൽ കാണാൻ കഴിയില്ല. എങ്കിലും കീടനാശിനിപ്രയോഗമേറ്റ, ആന്തരിക പരാദങ്ങളുടെ മുട്ടകളുള്ള പുല്ലു തിന്നുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കാം. പുല്ലു തിന്നുകയും, ഛർദിക്കുകയും ചെയ്യുന്ന നായ്ക്കൾക്ക് ഡോക്ടർമാർ വിരമരുന്ന് നൽകുകയാണ് പതിവ്. അൽപം പുല്ലു തിന്നുന്നത് നായ്ക്കളുടെ പതിവാണ്. മാംസാഹാരത്തിലില്ലാത്ത നാരുകളും, ധാതുലവണ വിറ്റാമിനുകളും ലഭിക്കാൻ പുല്ലു തിന്നുന്ന ശീലം നായ്ക്കളെ സഹായിക്കുന്നുണ്ടെന്ന് കരുതുന്നു. പുല്ലു തിന്നുന്നതുപോലെ പഴയ വനജീവിത സ്വഭാവവും നായ്ക്കൾ കാണിക്കാറുണ്ട്. ആഹാരം സൂക്ഷിക്കാനും ഇരതേടാനും സുരക്ഷയ്ക്കും കുഞ്ഞുങ്ങളെ സൂക്ഷിക്കാനും കാലാവസ്ഥയിൽനിന്ന് സംരക്ഷണത്തിനും ആണ് നായ്ക്കൾ ഇതു ചെയ്തിരുന്നത്. എന്നാൽ വീട്ടിലെ നായമണ്ണുമാന്തൽ ശീലമാക്കിയാൽ അതൊഴിവാക്കുകതന്നെ വേണം.

മണ്ണു മാന്തുന്ന സമയത്ത് ശക്തമായ ഭാഷയിൽ ‘No’ പറഞ്ഞ് തടയുകയും, മറ്റു കളികളിലേക്കോ,കളിപ്പാട്ടത്തിലേക്കോ ശ്രദ്ധ മാറ്റുകയും ചെയ്യുക. ചൂടുള്ള സ്ഥലമാണെങ്കിൽ തണലിലേക്ക് മാറ്റിനിർത്താനും ശ്രമിക്കണം.

നായ അനാവശ്യമായി കുരയ്ക്കുന്നുവെന്ന് പല ഉടമകളും പരാതി പറയാറുണ്ട്. നമുക്ക് അനാവശ്യമെന്നു തോന്നുമെങ്കിലും നായയ്ക്ക് അതിന്റേതായ കാരണമുണ്ടാകാം. കാരണത്തിന് അനുസരിച്ച് കുരയുടെ രീതിയിലും മാറ്റമുണ്ടാകാം. എന്നാൽ നായ സദാ കുരയ്ക്കുന്നത് അയൽക്കാർക്കും നമുക്കും ശല്യമുണ്ടാക്കും. അനാവശ്യമായി കുരയ്ക്കുന്ന നായയുടെ അടുത്തുചെന്ന് ഇടതുകൈകൊണ്ട് അതിന്റെ വായ പതുക്കെ അടച്ചുപിടിക്കുകയും ‘No’ എന്ന് ആജ്ഞാപിക്കുകയും ചെയ്യുക. കുരനിർത്തുന്ന സമയത്ത് Good Boy എന്ന് സ്നേഹം കലർത്തി പറഞ്ഞ് പ്രശംസിക്കുകയും, വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്യണം. വീടിനുള്ളിൽ വളർത്തുന്ന നായ്ക്കൾ കട്ടിലിലും, സോഫയിലുമൊക്കെ കയറിക്കിടക്കാറുണ്ട്. ഇത് തടയുകയും അവർക്കായി പ്രത്യേക സ്ഥലം ഒരുക്കുകയും ചെയ്യണം.

കൂട്ടിൽ കയറാൻ മടിക്കുന്ന നായ്ക്കളുടെ മനസ്സിലെന്താവും? വേറൊന്നുമല്ല, കയറിയാൽ പിന്നെ ഇറങ്ങാൻ കഴിയില്ലെന്ന അനുഭവപാഠംതന്നെ. അതിനാൽ കൂട്ടിൽ സ്ഥിരമായി പാർപ്പിക്കാതെ ഇടയ്ക്കിടെ അഴിച്ചു വിടണം. കയറിയാലും ഇറങ്ങാം എന്ന വിശ്വാസമുണ്ടായാൽ നായകൂട്ടിൽ കയറാനുള്ള ആജ്ഞ അനുസരിക്കും. മുറ്റത്തു നടക്കുന്ന നായ്ക്കളെ കാർ, സൈക്കിൾ തുടങ്ങിയ വാഹനങ്ങൾ വരുമ്പോഴും അതിഥികൾ വരുമ്പോഴും കൂട്ടിൽ കയറ്റുകയും ആവശ്യശേഷം തുറന്നു വിടുകയും ചെയ്യുക. ഇങ്ങനെ ചെയ്ത് ശീലമായാൽ ഇത്തരം സന്ദർഭങ്ങളിൽ നായ്ക്കൾ സ്വയം കൂട്ടിൽ കയറുന്നത് കാണാം. ഉടമ പുറത്തേക്ക് വാഹനത്തിലോ മറ്റോ പോകുമ്പോഴും അവയെ കൂട്ടിൽ കയറാൻ പരിശീലിപ്പിക്കാം.

കാറിന്റെയും ബൈക്കിന്റെയും പിന്നാലെയുള്ള ഓട്ടം നായ്ക്കളുടെ മറ്റൊരു മോശം ശീലമാണ്. ഇത് അപകടമുണ്ടാക്കുന്നതുമാണ്. ഇത്തരം നായ്ക്കളെ റോഡിലിറക്കുമ്പോൾ ചോക്ക് ചങ്ങല, ഹാർണസ് എന്നിവകൂടി കരുതണം. കൂടാതെ, റോഡിലെ ഈ ശീലം തടയാൻ വേറൊരു പരിശീലനം നൽകാം. ഏകദേശം ആറു മീറ്റർ നീളമുള്ള കയറിന്റെ അറ്റത്ത് ഹാർണസിൽ നായയെ കെട്ടിയിടണം. വാഹനം വരുന്ന സമയത്ത് നായ ഓടിയാലും കയറിന്റെ നീളം ഹാർണസിൽ മു‍ൻപിലത്തെ കാൽ വലിഞ്ഞു പൊങ്ങിയ നിലയിൽ നിന്നുപോകും. ഈ അനുഭവം ആവർത്തിച്ചാൽ ഈ ശീലത്തിന് ശമനമുണ്ടാകും. മറ്റൊരു രീതിയിലും ഈ ശീലം മാറ്റാം. 

കപ്പിലോ ഗാർഡൻ സ്പ്രെയറിലോ വെള്ളമെടുത്ത് വാഹന ത്തിന്റെ പിന്നിലെ സീറ്റിലിരുന്ന് ഓടിവരുന്ന നായയുടെ മുഖത്തേക്ക് ഒഴിച്ചോ, സ്പ്രേ ചെയ്തോ ‘No’ എന്ന് ആജ്ഞാപിക്കുക. ഇതു പല തവണ ആവർത്തിച്ചാൽ ചെയ്യാൻ പാടില്ലാത്തതാണ് താന്‍ ചെയ്യുന്നതെന്നു നായയ്ക്കു മനസ്സിലാകും. വീട്ടിലെ ചെരുപ്പുകളും, ഷൂസുകളും കടിച്ചു നശിപ്പിക്കുന്ന ശീലം തടയാനും വിദ്യ കളുണ്ട്. നായയുടെ മുന്നിൽ വച്ച് ഷൂസോ, ചെരുപ്പോ അഴിച്ചിടുക. കടിക്കാൻ വന്നാൽ ‘No’ എന്ന് ശക്തമായി വിലക്കുക. അൽപം കുരുമുളകുപൊടി, പച്ചമുളകരച്ചത് എന്നിവയിലൊന്ന് വിനാഗിരിയിൽ ചേർത്ത് ഒരു നുള്ള് നായയുടെ മൂക്കിലും ഒരു നുള്ള് അവന്റെ‌ കൺമുമ്പിൽ വച്ച് ഷൂസിലും ചെരുപ്പിലും പുരട്ടുന്നതും അവനൊരു സന്ദേശം നല്‍കും. വൈദ്യുതി വയര്‍, കേബിൾ എന്നിവ നശിപ്പിക്കുന്നവയ്ക്കും ഇത്തരം ചെറുശിക്ഷ മുന്നറിയിപ്പാകും. 

വെറുതെ മോങ്ങുന്ന, ഓരിയിടുന്ന സ്വഭാവമുള്ള നായ്ക്കളും ശല്യക്കാർതന്നെ. പലപ്പോഴും മോങ്ങൽ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ്. നായ്ക്കുട്ടികൾ മോങ്ങി മോങ്ങി തള്ളയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നു. എന്നാൽ വലുതായിട്ടും മോങ്ങുന്ന നായ വീടിനു ഭാരമാകും. മോങ്ങുന്ന നായയെ അവഗണിക്കുന്നതാണ് നല്ലത്. അതിനാൽ നായ മോങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതിനു പകരം വിലക്കുകയും അവഗണിക്കുകയും ചെയ്യണം. ശ്വാനവർഗത്തിൽപ്പെട്ട മൃഗങ്ങൾ ഓരിയിടുന്നതിന് കാട്ടിൽ പല അർഥങ്ങളുണ്ട്. വീട്ടിലെ നായ ഓരിയിടുന്നതിനും കാരണമുണ്ടാകും. കാരണങ്ങൾ അനുസരിച്ച് ഓരിയിടുന്ന രീതിക്കും വ്യത്യാസമുണ്ടാകും. സന്തോഷം, സന്താപം, വിരഹം, കാലാവസ്ഥാമാറ്റം, ഇടിയും മിന്നലും, ഇണചേരല്‍ എന്നിങ്ങനെ പല അവസരത്തില്‍ പലതരത്തിൽ ഓരിയിടാം. അതിനാൽ ഓരിയിടുന്ന സമയത്തു ശ്രദ്ധിച്ചാൽ കാരണം കണ്ടെത്താൻ കഴിയും. 

ഇണങ്ങിയ നായ അതിന്റെ ഉടമയെ അല്ലെങ്കിൽ വീട്ടുകാരെ പെ‌ട്ടെന്നൊരു ദിവസം കടിക്കാൻ തുടങ്ങുന്നു. ഇതിനും കാരണങ്ങൾ കണ്ടുപിടിക്കാം. ഉദാഹരണത്തിന് തന്റെ സ്വന്തമായി കരുതുന്ന വീട്ടിലേക്ക് പുതിയ ഒരു നായക്കുട്ടിയെത്തുകയും, ഉടമയും വീട്ടുകാരും അതിനോട് അമിത വാത്സല്യം കാണിക്കുകയും ചെയ്യുന്നത് നായയ്ക്ക് താങ്ങാൻ കഴിയാതെ വരും. പു തിയ നായ്ക്കുട്ടി വരുമ്പോൾ മാത്രമല്ല, വീട്ടിലേക്ക് അപരിചിതനായ പുതിെയാരു അംഗം വന്നാലും പുതിയ കുട്ടി ജനിച്ചാലുമൊക്കെ നായ ഇത്തരം സ്വഭാവം കാണിക്കാം. നായ കടിക്കാൻ വരുമ്പോൾ ഓടാതെ ഒഴിഞ്ഞു മാറുക. വീട്ടിലെ ഉടമയെ പേരെടുത്ത് വിളിക്കുക. ഒരു കാരണവശാലും നായയുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കരുത്, കാരണം കണ്ണിലേക്കുള്ള നോട്ടം നായയെ സംബന്ധിച്ച് പോർവിളിയാണ്. 

വിലാസം: അസി. പ്രഫസർ, വെറ്ററിനറി കോളജ്, പൂക്കോട്. ഫോൺ: 9446203839

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA