sections
MORE

വേനൽച്ചൂടിൽ നായ്ക്കള്‍ക്കു കരുതൽ

s-care5
SHARE

നായ്‌ക്കൾ ശരീര താപനില നിലനിർത്തുന്ന രീതിയെക്കുറിച്ച് അൽപം അറിഞ്ഞിരിക്കുക. നായ ഉൾപ്പെടുന്ന സസ്തനികളടക്കമുള്ള വലിയ വിഭാഗം ജീവികളുടെ ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം നടത്തുന്നത് പ്രത്യേക പരിധിയിലുള്ള താപനിലയിലാണ്. ഓരോ ജീവിക്കും സ്വന്തമായ താപനില പരിധിയുണ്ടാകും. ഈ ശരീര താപനില പരിസരതാപനിലയുടെ ഉയർച്ചതാഴ്‌ചകൾക്കനുസരിച്ചു ക്രമീകരിക്കാൻ കൃത്യമായ മാർഗം ശരീരത്തിൽതന്നെയുണ്ട്. ശ്വാസകോശം, ഹൃദയം, രക്തക്കുഴലുകൾ, ഹോർമോണുകൾ, മൂത്രാശയവ്യൂഹം, നാഡീവ്യൂഹം, ചർമം തുടങ്ങി പല വ്യവസ്ഥകള്‍ ഒരുമിച്ചു പ്രവർത്തിച്ചാണ് ഇതു സാധ്യമാക്കുന്നത്. ശരീരത്തിന്റെ ഉൾതാപനില കൃത്യമായ പരിധിക്കുള്ളിൽ നിർത്തി ശരീരപ്രവർത്തനങ്ങൾ താളം തെറ്റാതെ നോക്കാൻ ഇവ നിരന്തരം പ്രവർത്തിക്കുന്നു. പ്രായമെത്തിയവരിലും, പ്രായം തീരെ കുറഞ്ഞവരിലും ഇതു പൂർണമായും പ്രവർത്തനസജ്ജമല്ല. കൂടാതെ, പുതിയ പ്രദേശങ്ങളിലെ ത്തുമ്പോൾ അവിടത്തെ കാലാവസ്ഥയുമായി ക്രമേണ ചേർന്നുപോകാനും ഈ സംവിധാനം സഹായിക്കുന്നു. 

അന്തരീക്ഷ താപനില വർധിക്കുമ്പോൾ ശരീര താപനില സാധാരണതോതില്‍ നിലനിർത്താനുള്ള പല സംവിധാനങ്ങളിൽ ഒന്നാണ് ചർമത്തിലേക്കുള്ള രക്തയോട്ടം കൂട്ടാനായി അവിടെയുള്ള രക്തക്കുഴലുകൾ വികസിക്കുകയും വിയർപ്പുണ്ടാകുകയും ഈ വിയർപ്പ് ബാഷ്‌പീകരിക്കാനായുള്ള ചൂട് ശരീരത്തിൽനിന്ന് വലിച്ചെടുത്ത് താപനില കുറയ്‌ക്കുകയും ചെയ്യുകയെന്നത്. എന്നാൽ നായ്‌ക്കളില്‍ ഈ രക്തക്കുഴൽ വികാസം നാവിലും സമീപപ്രദേശങ്ങളിലും രോമം ഇല്ലാത്ത ചെവിയുടെ ഭാഗങ്ങളിലുമേ ഉണ്ടാകുന്നുള്ളൂ. രോമാവരണം ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ രോമാം കൂടുതലുള്ള നായ്‌ക്കൾ ബുദ്ധിമുട്ടിലാകുന്നു. കൂടാതെ, നായ്‌ക്കൾ വിയർക്കാറില്ല. വളരെക്കുറച്ചു വിയർപ്പുഗ്രന്ഥികളേ ഇവയ്ക്കുള്ളൂ. ഇവതന്നെ കാൽപാദങ്ങളിലാണുള്ളത്. വിയർക്കാൻ കഴിയാത്തതിനാൽ ബാഷ്‌പീകരണം നടക്കുന്നത് ശ്വാസകോശത്തിന്റെ മുകൾഭാഗം (മൂക്ക്, ശ്വാസനാളം), വായ തുടങ്ങിയ ഭാഗങ്ങളിലെ ശ്ലേഷ്‌മസ്തരങ്ങളിൽ നിന്നാണ്. നാവ് പുറത്തിട്ട് അണച്ചും, വായിലൂടെയും നാക്കിലൂടെയും ഉമിനീർ ബാഷ്‌പീകരിച്ചുമാണ് ഇവ ശരീരതാപം ക്രമീകരിക്കുന്നത്. താപനിലയിലുള്ള വ്യത്യാസമനുസരിച്ച് ശ്വസനം, അണയ്‌ക്കൽ എന്നിവയുടെ രീതി ഇവ വ്യത്യാസപ്പെടുത്തുകയും ചെയ്യും. മൂക്കിലൂടെ മാത്രമുള്ള ശ്വസനം പിന്നീടു വായിലൂടെയും കൂടിയാകുന്നു. നാവ് കൂടുതൽ പുറത്തേക്കു നീട്ടി അണയ്ക്കുകയും ചെയ്യുന്നു. നല്ല രീതിയിൽ ശരീരത്തിൽ ജലത്തിന്റെ അളവുള്ള, ആരോഗ്യമുള്ള നായ്‌ക്കൾ ഇത്തരം പ്രവൃത്തികൾ വഴി താപനില സാധാരണതോതില്‍ നില നിർത്തുന്നു. എന്നാൽ പ്രായമായവയും കുഞ്ഞുങ്ങളും പിടിച്ചുനിൽക്കാൻ കഴിയാതെ താപാഘാതമേറ്റ് മരണംവരെ സംഭവിക്കാവുന്ന നിലയിലാകുന്നു. 

ബ്രാക്കിസിഫാലിക്ക് വര്‍ഗത്തില്‍പ്പെട്ട ഇംഗ്ലിഷ് ബുൾഡോഗ്, ഫ്രഞ്ച് ബുൾഡോഗ്, പഗ്ഗ്, പെക്കിൻഗീസ്, ബോസ്റ്റൺ, ടെറിയർ തുടങ്ങി പതിഞ്ഞ മൂക്കും മുഖവുമുള്ള നായ ഇനങ്ങള്‍ക്കു ബാഷ്‌പീകരണം വഴി താപനില ക്രമീകരിക്കാനുള്ള കഴിവു കുറവായിരിക്കും. ശരീര താപനിലയുടെ ക്രമീകരണം അവതാളത്തിലാക്കുന്ന വേറെയും ഘടകങ്ങളുണ്ട്. നായ്‌ക്കളുടെ സ്വതവേയുള്ള പ്രശ്‌നങ്ങളാണ് ഒന്ന്. ബ്രാക്കി സിഫാലിക്ക് നായ്‌ക്കൾക്കും അമിതവണ്ണമുള്ളവയ്ക്കും ഹൃദയം, നാഡീവ്യൂഹം എന്നിവ സംബന്ധിച്ച രോഗമുള്ളവയ്ക്കും പ്രായമേറിയവയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊക്കെ ഈ പ്രശ്‌നമുണ്ട്. കാലാവസ്ഥയോടുയോജിക്കാൻ കഴിയാത്ത സ്ഥലത്തു കെട്ടിയിടുക, ആവശ്യത്തിനു വെള്ളം നൽകാതിരിക്കുക, ഉയർന്ന അന്തരീക്ഷ ആർദ്രത തുടങ്ങി പുറമെനിന്നുള്ള പ്രശ്‌നങ്ങൾ അവസ്ഥ രൂക്ഷമാക്കുന്നു. അതുകൊണ്ടുതന്നെ ആൽപ്‌സ് പർവതത്തിൽ വളർന്നുവന്ന സെയിന്റ് ബർണാഡും, മഞ്ഞുമലകളിൽ പിച്ചവച്ചു നടന്ന സൈബീരിയൻ ഹസ്‌കിയുമൊക്കെ കടുത്ത ചൂടിൽ ഉരുകിയൊലിച്ചുപോകുന്നു. 

ഉയർന്ന അന്തരീക്ഷ ഊഷ്‌മാവിനോടും, ആർദ്രതയോടും താദാത്മ്യം പ്രാപിക്കാത്ത അരുമ മൃഗങ്ങൾ ദീർഘസമയത്തേക്ക് ഉയർന്ന താപനിലയിൽ നിൽക്കേണ്ടി വരുമ്പോൾ നിർജലീകരണത്തിന്റെ ഫലമായി രക്തധമനികൾ ചുരുങ്ങുകയും ഹൃദയത്തിന്റെ പ്രവർത്തനം കുറയുകയും ചെയ്യുന്നു. കോശങ്ങളിലേക്കു രക്തപ്രവാഹം കുറയുകയും അവയുടെ ഓക്സിജൻ ലഭ്യത കുറഞ്ഞ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യുന്നു. ഇതുമൂലം രക്തം കലർന്ന വയറിളക്കം, ധമനികളിൽ രക്തം കട്ടപിടിക്കൽ, ഹൃദയതാളത്തിൽ വ്യതിയാ നം, വൃക്കകളുടെ പ്രവർത്തന തടസ്സം എന്നിവയുണ്ടാകുന്നു. വൃക്കകളുടെ തകരാറാണ് താപാഘാതത്തിന്റെ പ്രധാന പരിണതഫലം. രക്തസമ്മർദം കുറയുന്നതിനൊപ്പം അസിഡോസിസ്, നേരിട്ട് താപം ഏൽക്കുന്ന ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ എന്നിവയും ഉണ്ടാകുന്നു. ശരീരവ്യവസ്ഥകളും, കോശപ്രവർത്തനങ്ങളും, കോശജാലങ്ങളും ക്ഷയിച്ചു തുടങ്ങുന്നു. നീണ്ട സമയത്തേക്കു ചൂടുള്ള അവസ്ഥ തുടർന്നാൽ അരുമ മൃഗങ്ങളിൽ വ്യക്തമായ ലക്ഷണങ്ങളുടെ അഭാവത്തിൽപോലും വെറ്ററിനറി പരിശോധന നടത്തണം. ലക്ഷണങ്ങൾ കണ്ടാൽ അതിദ്രുതം ചികിത്സിക്കണം. ഉന്മേഷക്കുറവ്, ബലക്ഷയം, ഉടമയുടെ ആജ്‌ഞകളോടു തണുപ്പൻ പ്രതികരണം, ദ്രുതഗതിയില്‍ അണപ്പ്, ഉമിനീരൊലിപ്പ്, തുടർച്ചയായ കുര, നാവിനു നീലനിറം, പനി, ഉയർന്ന ഹൃദയസ്പന്ദനം, ശ്ലേഷ്‌മസ്തരങ്ങൾ വരളല്‍, നാഡീസ്‌പന്ദനം ദുർബലമാകല്‍, താളംതെറ്റല്‍, നടക്കാന്‍ ബുദ്ധിമുട്ട്, അന്ധത, കോച്ചിപ്പിടിത്തം, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

ചെറിയ നാസാരന്ധ്രങ്ങളുള്ള ഷിവാവ, പിറ്റ്‌ബുൾ, പഗ്ഗ്, പരന്ന മുഖമുള്ള ബോക്സർ ഇനങ്ങളും ഇളംനിറത്തിലോ, പിങ്ക്നിറത്തിലോ മൂക്കുള്ളവയും നീളം തീരെക്കുറഞ്ഞ രോമങ്ങളുള്ളവയും സൂര്യാതപത്തിന് എളുപ്പം ഇരയാകും. ചർമത്തിൽ ചെറിയ ചുവന്ന രക്തസ്രാവപ്പൊട്ടുകൾ കാണപ്പെടാം. സൂര്യാതപം ബാധിച്ചവയുടെ രക്തപരിശോധനയിൽ മൊത്തം ഖരപദാർഥങ്ങൾ, ബിലിറൂബിൻ, ക്രിയാറ്റിൻ എന്നിവയിൽ വ്യത്യാസം കാണാം. 

നായ്‌ക്കളും പൂച്ചകളും നല്ല രോമാവരണമുള്ളവയാണ്. തണുപ്പുകാലത്ത് ശരീരത്തിനു സംരക്ഷണം നല്‍കുന്ന രോമാവരണം വേനൽക്കാലത്തും ചെറിയ സഹായങ്ങൾ ചെയ്യുന്നുണ്ട്. അധികതാപം ശരീരത്തിൽ ഏൽക്കാതെ കാക്കുന്നതു കൂടാതെ സൂര്യകിരണങ്ങൾ നേരിട്ടേൽക്കുന്നതു മൂലമുള്ള ചർമപ്രശ്‌നങ്ങൾ, നിർജലീകരണം, ഈച്ചശല്യം എന്നിവ കുറയ്‌ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ വേനൽക്കാലത്ത് രോമം വടിച്ചുകളയുന്നതോ അമിതമായി മുറിച്ചുകളയുന്നതോ നല്ലതല്ല. അടിയിലുള്ള കനം കൂടിയ രോമാവരണത്തെക്കാൾ പുറമെയുള്ള രോമാവരണമാണ് ചൂടുകാലത്ത് പ്രയോജനപ്പെടുക. എന്നാല്‍ വേനലിൽ രോമം പൊഴിയുന്നത് ഒരു പരിധിവരെ ചൂടിൽനിന്നു സംരക്ഷണം നൽകുന്നുണ്ട്. നായയെ കുളിപ്പി ക്കുന്നതും കൂട്ടില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നതും ഫാൻ ഇടുന്നതുമൊക്കെ ചൂടു കുറയ്ക്കാന്‍ സഹായകമാണ്. 

വിലാസം: അസി. പ്രഫസര്‍, വെറ്ററിനറി കോളജ്, പൂക്കോട്. ഫോണ്‍: 9446203839.

താപാഘാതമേറ്റാല്‍ പ്രഥമ ശുശ്രൂഷ 

petss

അധികസമയവും വീടിനുള്ളിൽ ചെലവഴിക്കുന്ന പൂച്ചകളെക്കാൾ നായ്‌ക്കളാകും താപാഘാതത്തിന്റെ ഇരകൾ. താപാഘാതമേറ്റാല്‍ പ്രഥമ ശുശ്രൂഷ ഏറെ പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ മൃഗത്തെ ചൂടുള്ളിടത്തുനിന്നു തണുപ്പുള്ള സ്ഥലത്തേക്കു മാറ്റണം. തല ഉയർത്തിപ്പിടിച്ച് കഴുത്തുവരെയുള്ള ഭാഗം വെള്ളത്തിൽ മുക്കുക. ശരീരം നനയ്‌ക്കുക, തണുത്ത തുണികൊണ്ട് ശരീരം പൊതിയുക, പിൻകഴുത്തിലും പിൻകാലുകളിലും നനഞ്ഞ തുണിവയ്‌ക്കുക എന്നിവയും നന്ന്. തണുത്ത ശുദ്ധജലം കുടിക്കാൻ നൽകുക, തനിയെ കുടിക്കുന്നില്ലെങ്കിൽ തുള്ളി തുള്ളിയായി വീഴ്ത്തി നാവു നനയ്‌ക്കുക. ബലം പ്രയോഗിച്ചു കുടിപ്പിച്ചാൽ വെള്ളം ശ്വാസകോശത്തിൽ കയറാനിടയുണ്ട്. ഐസ് കട്ട കൊടുത്താൽ പെട്ടെന്നു താപനില കുറയാം. ഇതുനന്നല്ല. കാലുകൾ തിരുമ്മിക്കൊടുത്തു രക്തയോട്ടം കൂട്ടാം. ചൂടു കുറയ്‌ക്കാൻ ആസ്‌പിരിൻ ഗുളികയും മറ്റും കൊടുക്കുന്നതും ദോഷം ചെയ്യും. വേനലാകും മുമ്പ് െവെദ്യപരിശോധന നടത്തണം. ബാഹ്യ, ആന്തര പരാദങ്ങൾക്കെതിരെയുള്ള മരുന്നും നൽകണം. വേനൽക്കാലത്ത് അധിക വ്യായാമം വേണ്ട. കൂടുകൾ തണലുള്ള സ്ഥലത്തു പണിയുകയും എപ്പോഴും ശുദ്ധജലം ലഭിക്കാൻ സൗകര്യമേർപ്പെടുത്തുകയും ചെയ്യുക. ഈർപ്പമുള്ള മണൽ നിറച്ച െപട്ടികൾ ഇരിക്കാനും നിൽക്കാനുമായി നൽകാം. ദിവസേന ബ്രഷ് ചെയ്യുക. അധിക നീളമുള്ള രോമങ്ങൾ മുറിക്കുക. 

സൂര്യപ്രകാശം പെട്ടെന്നു പതിക്കുന്ന ശരീരഭാഗങ്ങളിൽ സിങ്ക് ഒാക്‌സൈഡ് ചേർക്കാത്ത സൺക്രീമുകൾ പുരട്ടുക. വേനൽക്കാലത്ത് ഉച്ചഭക്ഷണം ഒഴിവാക്കി രാവിലെയും വൈകുന്നേരവും ഭക്ഷണം നൽകുക. കൊഴുപ്പ് കുറഞ്ഞതും ജലാംശം കൂടിയതുമായ ഭക്ഷണം പാകം ചെയ്‌ത ഉടനെ നൽകുക. മധുരക്കിഴങ്ങ് നല്ല അളവില്‍ ബീറ്റാ– കരോട്ടിൻ നൽകുമെന്നതിനാല്‍ ഇതു ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തണുത്ത വെള്ളം ധാരാളം നൽകുക. വെള്ളത്തിൽ ഒരു നുള്ള് ഉപ്പു ചേർത്ത് ധാതുലവണ നഷ്‌ടം കുറയ്‌ക്കാം. നായ്‌ക്കുട്ടികൾക്ക് ഏത്തപ്പഴം, നുറുക്കി വേവിച്ച മാംസം, മുറിച്ച കാരറ്റ്, ആപ്പിൾ എന്നിവ തണുപ്പിച്ചു നൽകാം. വേവിച്ച കോഴിയിറച്ചിയോ, ബീഫോ, ഐസ്ക്യൂബ്ട്രേയിൽ വച്ചു തണുപ്പിച്ച് നൽകാം. നേന്ത്രപ്പഴം, കാരറ്റ്, ആപ്പിൾ, ഇഷ്‌ടപ്പെട്ട മറ്റു പഴങ്ങൾ, യോഗർട്ട് എന്നിവ ചേർത്തുണ്ടാക്കിയ ഐസ്‌ക്രീമുകൾ നൽകാം. സവോള, വെളുത്തുള്ളി, മുന്തിരി, കശുവണ്ടി എന്നിവ ഒഴിവാക്കണം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA