sections
MORE

കേരളത്തിലും മുറയെ വളര്‍ത്താം

Calf1
SHARE

പാലുൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും മുന്നിൽ. ലഭ്യമായ കണക്കുപ്രകാരം ഇന്ത്യയിൽ പ്രതിവർഷ ഉൽപാദനം13.20 കോടിടണ്ണാണ്. ഇതിൽ 55 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് എരുമകളാണ്. പശു ജനുസ്സുകളിൽ ഹോൾസ്റ്റിൻ ഇനത്തിനുള്ള സ്ഥാനമാണ് എരുമകളിൽ മുറ ജനുസ്സിനുള്ളത്. ജനുസ്സു തിരിച്ചുള്ള കണക്കെടുത്താൽ ഇന്ത്യയിലെ പാലുല്‍പാദനത്തിൽ ഏറ്റവും കൂടുതൽ സംഭാവന നല്‍കുന്നത് മുറ എരുമ ളാണെന്നു മനസ്സിലാകും. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പാൽക്കാരിയെന്ന് മുറ എരുമകളെ വിശേഷിപ്പിക്കാം. 

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മുറ എരുമകൾ സുലഭമാണ്. ഇതിന്റെ പ്രധാന പ്രജനനകേന്ദ്രങ്ങൾ ഹരിയാനയിലെ കർണാൽ, ഹിസ്സാർ, രോഹ്‌തക്, സിർസ ജില്ല കളാണ്. ഏറ്റവും നല്ല മുറ എരുമകളും ഈ സ്ഥലങ്ങളിലാണുള്ളത്. ഈ പ്രദേശങ്ങളിലെ ജനജീവിതവുമായി മുറ എരുമകൾ ഗാഢബന്ധം പുലർത്തുന്നു. ഇവിടെ കർഷകർ നല്ല പങ്കും സസ്യഭക്ഷണം ഇഷ്‌ടപ്പെടുന്നവരാണ്. ഇവരുടെ പ്രധാന മാംസ്യ സ്രോതസ്സ് പാലും, പാലുല്‍പന്നങ്ങളുമാണ്. രാവിലെ കറന്ന ഉടൻ വലിയ ഒരു ഗ്ലാസ് പാല്‍ കുടിക്കുക ഇവിെട പതിവു ഭക്ഷണക്രമമാണ്. പനീർ, ഖോവ, തൈര് തുടങ്ങിയ പാലുൽപന്നങ്ങളും പതിവു ഭക്ഷണഘടകങ്ങള്‍. 

വീടിന്റെ മുൻവശത്താണ് എരുമകളുടെ സ്ഥാനം. ഇവയെ പോറ്റുന്നതു പ്രധാനമായും സ്‌ത്രീകളാണ്. ഗ്രാമത്തിലെ വലിയ കുളങ്ങളിലാണ് എരുമകളുടെ നീരാട്ട്. ഇവയുടെ ആഹാരകാര്യത്തിലും കർഷകര്‍ക്കു പ്രത്യേക ശ്രദ്ധയുണ്ട്. എരുമയെ അവര്‍ കുടുംബത്തിലെ അംഗമായിത്തന്നെ കരുതുന്നു. 

കടും കറുപ്പു നിറമാണ് മുറ എരുമകൾക്കുള്ളത്. സവിേശഷമാണ് ഇവയുടെ കൊമ്പുകള്‍. ചുരുണ്ടു വളരുന്ന കൊമ്പുകൾ ഒരു കൈവിരലിനുപോലും കടക്കാനാവാത്ത അത്രയും അടുത്തായി ചുരുണ്ടിരിക്കും. മറ്റു പല ജനുസ്സുകളെ അപേക്ഷിച്ച് ഇവയുടെ കൊമ്പുകൾക്കു നീളം കുറയും. മുറ എരുമകളുടെ വാലിന്റെ അറ്റത്ത് വെളുത്ത നിറമായിരിക്കും. നെറ്റിയിൽ കാണുന്ന വെളുത്ത പാട് ജനുസ്സിന്റെ സ്വഭാവസവിശേഷതകളിൽ ഉൾപ്പെടുന്നതാണെങ്കിലും, അതില്ലാത്ത എരുമകളെയാണ് ഉത്തരേന്ത്യൻ കർഷകർക്കിഷ്‌ടം. ഇന്ത്യയിലെ വലിയ എരുമകളുടെ കൂട്ടത്തിലാണ് മുറ ജനുസ്സിനു സ്ഥാനം. മുറ എരുമകളുടെ കഴുത്തിനും തലയ്ക്കും മറ്റു ജനുസ്സുകളേതിനെ അപേക്ഷിച്ച് നീള മേറും. 

ഉത്തരേന്ത്യയിലെ കടും ചൂടും, തീവ്രമായ തണുപ്പും ഇവയ്‌ക്ക് സഹിക്കാൻ കഴിയും. എന്നാൽ അത്തരം സ്ഥലങ്ങളിൽ മുറ എരുമകളുടെ പ്രജനനത്തിലും, പ്രത്യുല്‍പാദനത്തിലും കാലാവസ്ഥയുടെ സ്വാധീനം കണ്ടിട്ടുണ്ട്. വസന്തകാലത്ത് പ്രസവിക്കുന്ന രീതിയിലാണ് പലപ്പോഴും ഇവയുടെ പ്രത്യുല്‍പാദനചക്രം പ്രവർത്തിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കാലാവസ്ഥാവ്യതിയാനം പ്രകടമല്ലാത്ത കേരളത്തിൽ ഈ സ്വാധീനം അനുഭവപ്പെട്ടിട്ടില്ല.

ഉത്തരേന്ത്യയിലെ കാലാവസ്ഥയിൽ ചൂടുകാലത്ത് ദിവസവും മൂന്നുനാലു മണിക്കൂറെങ്കിലും ഇവ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ചൂടിനെ പ്രതിരോധിക്കാനാണിത്. സ്വേദഗ്രന്ഥികൾ കുറഞ്ഞ എരുമകൾക്ക് ചൂട് ക്രമീകരിക്കാൻ ഏറ്റവും ഫലപ്രദമായ രീതിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കല്‍. വ്യാവസായികാടിസ്ഥാനത്തിലുള്ള എരുമഫാമുകളിൽ ഇടയ്ക്കിടെ ഷവറിലൂടെ വെള്ളം നൽകി ചൂടു ക്രമീകരിക്കണം. അത്തരം കേന്ദ്രങ്ങളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കാന്‍ കുളമോ മറ്റു സംവിധാനങ്ങളോ ഉണ്ടാകാറില്ല. 

പൂർണ വളർച്ചയെത്തിയ മുറ എരുമകൾക്ക് 500 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടാകും. ഇന്ത്യയിലെ എരുമകളുടെ ജനുസ്സുകളിൽ ജാഫറബാദി ഇനത്തിനു മാത്രമാണ് ഇതിലും കൂടുതൽ ശരീരഭാരമുള്ളത്. ജനിക്കുന്ന സമയത്ത് മുറ എരുമക്കുട്ടികൾക്ക് 40 കിലോയും രണ്ടാം വർഷത്തിൽ 200 കിലോയ്ക്കു മുകളിലും ശരീരഭാരമുണ്ടാകും. ഇത്തരം ഉയർന്ന വളർച്ചനിരക്ക് മാംസത്തിനു വേണ്ടി പോത്തിൻകുട്ടികളെ വളർത്തുന്ന രീതിക്ക് അനുയോജ്യമാണ്. 19–ാം അഖിലേന്ത്യാ കന്നുകാലി സെൻസ സ് പ്രകാരം കേരളത്തില്‍ പോത്തിൻകുട്ടി കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ട്. മൊത്തമുള്ള എരുമകളുടെ രണ്ടരയിരട്ടിയോളം പോത്തുകളും, പോത്തിൻകുട്ടികളും കേരളത്തിലുണ്ട്. അതിൽതന്നെ മൊത്തത്തിന്റെ 55% രണ്ടു വയസ്സിനു താഴെയുള്ളവയാണ്. മാംസാവശ്യത്തിനുവേണ്ടിയുള്ള പോത്തിൻകുട്ടികളുടെ വിപണി വളരു ന്നതു കർഷകർക്ക് വളരെ പ്രയോജനകര മാണ്. 

ഉയർന്ന ശരീരഭാരം കാരണം എരുമ കൾക്ക് പശുക്കളെക്കാൾ കൂടുതൽ തീറ്റ ആവശ്യമുണ്ട്. അതുപോലെയാണ് പാലിന്റെ ഗുണവ്യത്യാസങ്ങളും. പശുവിന്‍പാലിലുള്ളതിന്റെ ഒന്നരയിരട്ടിയോളം കൊഴുപ്പും, മറ്റു ഖരപദാർഥങ്ങളും എരുമപ്പാലിലുണ്ട്. അതിനാൽതന്നെ ഇതുൽപാദിപ്പിക്കാൻ കൂടുതൽ പോഷണം ആവശ്യമാണ്. ഓരോ കിലോ പാലിനും അര കിലോ തീറ്റയെങ്കിലും നൽകണം. ഇതു കൂടാതെ, ചെനയുള്ള എരുമകൾക്ക് 6–ാം മാസം മുതൽ1.5 കിലോ തീറ്റ അധികമായി നൽകണം. 

മുറ എരുമകളുടെ പരിപാലനത്തിൽ ഏറ്റവും പ്രാധാന്യം നല്‍കേണ്ടതു പോഷ ണത്തിലാണ്. നല്ല എരുമകൾക്ക് ദിവസം 20 ലീറ്ററോളം പാലുല്‍പാദിപ്പിക്കാൻ കഴി യും. ഒരു പ്രസവത്തില്‍ ശരാശരി പാലുൽ പാദനം 2000 മുതൽ 2500 കിലോവരെയാ യിരിക്കും. ഇത്തരം എരുമകൾക്ക് എന്നും പോഷകസമൃദ്ധമായ തീറ്റ അനിവാര്യമാ ണ്. ഉത്തരേന്ത്യയിൽ പരുഷാഹാരമായി കൊടുക്കുന്നത് ചോളം, മക്കച്ചോളം, പയ റുവർഗത്തിൽപ്പെട്ട ആൽഫാൽഫ എന്നിവ യാണ്. എരുമകൾക്കു വേണ്ടി മാത്രം ഇവ പ്രത്യേകമായി കൃഷി ചെയ്യുന്നു. നേപ്പിയർ പോലെയുള്ള പുല്ലിനങ്ങൾ നൽകിയാൽ ഓക്സലേറ്റിന്റെ കൂടിയ സാന്നിധ്യം മൂലം പാലുല്‍പാദനം കുറയുമെന്ന് ഉത്തരേ ന്ത്യൻ കർഷകർ വിശ്വസിക്കുന്നു. അതി നാൽതന്നെ ഇവ സാധാരണയായി എരുമ കൾക്കു നൽകാറില്ല. ഇങ്ങനെതന്നെയാ ണ് നെല്ലിന്റെയും വൈക്കോലിന്റെയും കാ ര്യവും. ഗോതമ്പിന്റെ വൈക്കോൽ ആണ് ഉണങ്ങിയ പരുഷാഹാരമായി നൽകുന്ന ത്. ഖരാഹാരം നൽകുന്നതിലും അവിടെ വ്യത്യാസമുണ്ട്. സ്വന്തമായി കൂട്ടുന്നതും കൂടുതൽ അന്നജം അടങ്ങിയതുമായ തീറ്റ യാണ് അവര്‍ നൽകുക. 

കേരളത്തിലെ സാഹചര്യത്തിൽ വിപണിയിൽ കിട്ടുന്ന സാധാരണ തീറ്റകൾ എരുമകൾക്കു മതിയാകില്ല. ഗ്രേഡ് വൺ തീറ്റതന്നെ നൽകണം. അതു കൂടാതെ പരുത്തിക്കുരുപോലെയുള്ള മാംസ്യത്തിന്റെയും, ചോളപ്പൊടിപോലെയുള്ള അന്നജത്തിന്റെയും സ്രോതസ്സുകളും നൽകണം. സമീകൃതാഹാരത്തിലൂടെ മാത്രമേ എരുമകള്‍ക്കു മികച്ച ഉല്‍പാദനം ഉറപ്പുവരുത്താനാകൂ. ചോളം, മക്കച്ചോളം, പയറുവർഗത്തിൽപ്പെട്ട തീറ്റകൾ എന്നിവ കൃഷി ചെയ്‌തു കൃത്യ സമയത്ത് വിളവെടുത്ത് ചെ റിയ കഷണങ്ങളായി മുറിച്ചു കൊടുക്കുന്നതാകും അഭികാമ്യം. അസംസ്കൃത നാരുകളുടെ ലഭ്യത തീറ്റയിൽ ഉണ്ടാകുന്നതും മിക ച്ച ഉൽപാദനം ഉറപ്പുവരുത്തുന്നു. 

എരുമകളുടെ തൊഴുത്തും പ്രധാനം. അതു വളരെ ശ്രദ്ധയോടെ നിർമിക്കണം. ഏറ്റവും നിര്‍ണായകം സ്വതന്ത്രമായ വായു സഞ്ചാരമാണ്. നല്ല വായുസഞ്ചാരം അന്ത രീക്ഷ സാന്ദ്രത മൂലമുണ്ടാകുന്ന പ്രശ്‌ന ങ്ങൾക്കു വലിയൊരളവുവരെ പരിഹാരമാ ണ്. പൂർണവളർച്ചയെത്തിയ ഓരോ എരുമ യ്‌ക്കും അതിന്റെ തൊഴുത്തിൽ3.6 മീറ്റർ നീ ളവും1.3 മീറ്റർ വീതിയും ഉള്ള സ്ഥലം വേ ണം. തീറ്റത്തൊട്ടിയുടെ വീതി 0.9 മീറ്ററാക ണം. ഒന്നോ, രണ്ടോ എരുമക്കുട്ടികളോ കി ടാരികളോ മാത്രമെയുള്ളൂവെങ്കിൽ അവ യെയും എരുമത്തൊഴുത്തിൽതന്നെ സംര ക്ഷിക്കാം. ഇത്തരത്തിൽ കിടാരികളെയും, കുട്ടികളെയും കെട്ടുമ്പോൾ ഓരോ കിടാരി ക്കും 3.5 ചതുരശ്രമീറ്ററും, ഓരോ കുട്ടി2.5 ചതുരശ്രമീറ്ററും സ്ഥലം പ്രത്യേകം നൽ കണം. തൊഴുത്തിന്റെ തറ ഉറച്ചതും ചെറി യ ചെരിവുള്ളതും ആയിരിക്കണം.

മൂന്നു വയസ്സിനോടടുത്തേ മുറ എരുമകൾ പ്രജനനത്തിനു പരുവമാകുകയുള്ളൂ. അതിനാൽതന്നെ ആദ്യ പ്രസവം മിക്കവാറും നാലു വയസ്സിനടുത്തായിരിക്കും. പ്രായത്തെക്കാൾ ശരീരഭാരത്തിനാണ് പ്രജനനസന്നദ്ധത നിർണയിക്കുന്നതിൽ പ്രാധാന്യം. 300 കിലോ ശരീരഭാരം ഉണ്ടെങ്കിൽ മാത്രം ആദ്യത്തെ കൃത്രിമ ബീജാധാനം നടത്തുന്നതാണ് അഭികാമ്യം. പശുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ എരുമകളിലെ മദിലക്ഷണങ്ങൾ മിക്കവാറും നിശ്ശബ്‌ദമായിരിക്കും. അതുകൊണ്ടുതന്നെ തു തിരിച്ചറിയുക വളരെ പ്രധാനം. പാലുൽ പാദനത്തിലെ പെട്ടെന്നുള്ള കുറവോ, ജനനേന്ദ്രിയഭാഗത്തുള്ള തടിപ്പോ, ചുവന്ന നിറമോ മാത്രമാണ് മദിലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാലുടൻതന്നെ സമർഥനായ സാങ്കേതികവിദഗ്‌ധന്റെ സഹായത്തോടെ കൃത്രിമ ബീജാധാനം നടത്താം. മദിലക്ഷണങ്ങൾ കണ്ട് 14 മണിക്കൂറിനു ശേഷമാണ് കുത്തിവയ്‌ക്കാൻ ഏറ്റവും അ നുയോജ്യ സമയമെങ്കിലും, നിശ്ശബ്‌ദ മദി ലക്ഷണങ്ങൾ കാരണം, പെട്ടെന്നുതന്നെ കൃത്രിമ ബീജാധാനം നടത്തുന്നതാണ് നന്ന്. കേരളത്തിലെ എല്ലാ മൃഗാശുപത്രിക ളിലും ലഭ്യമായ ബീജം മുറ ഇനത്തിൽപ്പെട്ട പോത്തുകളുടേതു മാത്രമായതിനാൽ ബീജാധാനം എളുപ്പമാണ്. ഗർഭകാലം 310 ദിവസവും രണ്ടു പ്രസവങ്ങൾ തമ്മിലുള്ള അകലം15 മാസം മുതൽ18 മാസംവരെയും ആയിരിക്കും. 

പ്രതിരോധ കുത്തിവയ്പുകൾ എരുമകൾക്കും ആവശ്യമുണ്ട്. കുളമ്പുകേടിനും ആവശ്യമെങ്കിൽ അടപ്പൻ, കുരലടപ്പൻ എന്നീ രോഗങ്ങൾക്കെതിരെയുമുള്ള പ്രതിരോധ കുത്തിവയ്പുകളും എടുക്കണം. എരുമപ്പാലിലെ ഉയർന്ന കൊഴുപ്പും, കൊഴുപ്പേതര ഖരപദാർഥങ്ങളും എരുമപ്പാലിനു കൂടുതൽ വില ഉറപ്പാക്കുന്നു. അതു കൊണ്ടുതന്നെ പാലിൽനിന്നുണ്ടാക്കുന്ന മൂല്യവർധിത ഉൽപന്നങ്ങൾക്കെല്ലാം പശുവിൻപാലിനെക്കാൾ നല്ലത് എരുമപ്പാലാണ്. ഹോട്ടലുകളിലും ബേക്കറികളിലും എരുമപ്പാലിന് കൂടുതൽ ആവശ്യമുണ്ട്. ഇ ത്തരം സംരംഭങ്ങളുമായി നേരിട്ടു ബന്ധ പ്പെട്ട് എരുമപ്പാലിനു വിപണിയും കൂടുതൽ വിലയും ഉറപ്പാക്കാം. 

ശുദ്ധജനുസ്സിൽപ്പെട്ട മുറ എരുമകൾ കേരളത്തിൽ കുറവാണ്. വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി, തിരുവിഴാംകുന്ന് ഫാമുകളിൽ ശുദ്ധമായ മുറ എരുമകൾ ഉണ്ട്. എന്നാല്‍ കർഷകർക്കു നല്‍കാൻ വേണ്ടത്ര കന്നുകുട്ടികളെ ഇവിടെ ഉൽപാദിപ്പിക്കുന്നില്ല. ആന്ധ്രാപ്രദേശിൽനിന്നും ഉത്തരേന്ത്യയിൽനിന്നുമാണ് കേരളത്തിലേക്കു ശുദ്ധജനുസ്സിൽപ്പെട്ട മുറ എരുമകളെ കൊണ്ടുവരുന്നത്. ഇത്തരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്ന എരുമകൾ ബ്രൂസെല്ല, ക്ഷയം, പരാക്ഷയം എന്നീ അസുഖങ്ങളുള്ളതല്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനകളിലൂടെ കേരള മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ/സംസ്ഥാനകേ ന്ദ്രങ്ങളിലോ വെറ്ററിനറി യൂണിവേഴ്‌സിറ്റി സ്ഥാപനങ്ങളിലോ ഇതു പരിശോധിച്ച് അറിയാം. പലപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നവയ്ക്ക് ബ്രൂസെല്ല രോഗം ഉണ്ടായിരുന്നതുകൊണ്ട് കർഷകർ ക്കു വലിയ നഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് ഏറ്റവും ശ്രദ്ധിക്കണം. കറവയുള്ള എരുമകളുടെ പാലിന്റെ പരിശോധനയിലൂടെയും ഈ രോഗത്തിന്റെ സൂചനകൾ ലഭിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന എരുമകളെ രണ്ടാഴ്‌ചക്കാലമെങ്കിലും പ്രത്യേകം പാർപ്പിച്ച് നിരീക്ഷിക്കണം. രോഗങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ ഇവയെ മറ്റു മൃഗ ങ്ങളുമായി സമ്പർക്കത്തിലേർപ്പെടാൻ അനുവദിക്കാവൂ.

Calf

കുട്ടികളുടെ പരിചരണം

മാതൃഗുണം ഏറെയുള്ള ജനുസ്സായതിനാൽ എരുമ പാൽ ചുരത്താൻ കുട്ടികളുടെ സാന്നിധ്യം ആവശ്യമാകാറുണ്ട്. അതിനാൽതന്നെ കുട്ടികളുടെ പരിചരണവും പ്രധാനം. പെട്ടെന്നു വളരുന്ന ജനുസ്സായതിനാൽ പോത്തിൻകുട്ടികളും കർഷകർക്കു നല്ല വരുമാനമാർഗമാണ്. യഥാസമയത്തു വിരമരുന്നു നൽകലും പോഷകസമൃദ്ധമായ തീറ്റ ഉറപ്പുവരുത്തലും വഴി ഇവയുടെ ആരോഗ്യം പരിരക്ഷിക്കണം. ആദ്യത്തെ കറവ മുതൽ തന്നെ പരിശീലിപ്പിച്ചെടുത്താൽ യന്ത്രം ഉപയോഗിച്ച് ഇവയെ കറക്കാം. വലിയ ശരീര മാണെങ്കിലും പോറ്റുന്നവരോടു നന്നായി ഇണങ്ങുന്ന സ്വഭാവമാണു മുറ എരുമകൾ ക്കുള്ളത്. ചില പശുക്കളെപ്പോലെ പിൻകാലുകൊണ്ടു തൊഴിക്കുന്ന സ്വഭാവം എരുമ കള്‍ക്കില്ല. സ്ഥിരമായി ഒരേയാൾതന്നെ കറക്കുന്നത് പാലുൽപാദനത്തിൽ കുറവു വരാതിരിക്കാൻ സഹായിക്കും. കറക്കുന്ന സമയത്ത് തീറ്റ നൽകുന്നത് എരുമകളുടെ പാൽചുരത്തലും തീറ്റയുമായി ബന്ധപ്പെടുത്താനും അതുവഴി പാലുല്‍പാദനം സുഗമ മാക്കാനും ഉപകരിക്കും. 

വിലാസം: പ്രഫസർ, വെറ്ററിനറി കോളജ്, മണ്ണുത്തി. ഫോൺ: 9447352616

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA