ADVERTISEMENT

താറാവുവസന്ത പോലുള്ള രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം ?

വി.പി. മനോഹരൻ, ആലപ്പുഴ

താറാവുകളെ ബാധിക്കുന്ന പകർച്ച വ്യാധികളായ താറാവു വസന്ത, ഡക്ക് പാസ്ച്വറലോസിസ് എന്നീ അസുഖങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്, വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ എടുക്കണം.

പ്രതിരോധ കുത്തിവയ്പിനുള്ള വാക്സിനുകൾ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരത്ത് പാലോടുള്ള ബയളോജിക്കൽ സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. താറാവുകൾക്കു നൽകുന്ന തീറ്റയിൽ പൂപ്പല്‍ബാധ പാടില്ല. പൂപ്പലുള്ള തീറ്റയിലെ അഫ്ലാടോക്സിൻ എന്ന വിഷാംശം താറാവുകളുടെ രോഗപ്രതിരോധശേഷി നശിപ്പിച്ച് രോഗങ്ങൾക്കടിമപ്പെടുത്തി മരണത്തിനിടയാക്കും. ബി– ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവയുടെ കുറവു നിമിത്തം പോഷകക്കമ്മി രോഗങ്ങൾ താറാവുകളിൽ ഉണ്ടാകും. താറാവുകൾക്ക് സമീകൃത തീറ്റ, കുഞ്ഞുങ്ങൾക്ക് സ്റ്റാർട്ടർ, വളരുന്നവയ്ക്കു ഗ്രോവർ, മുട്ടയിടുന്നവയ്ക്കു ലേയർ തീറ്റ എന്നിങ്ങനെ നൽകണം. താറാവുകൾക്ക് നൽകുന്ന വെള്ളം മലിനപ്പെട്ടാൽ അതുവഴി സൂക്ഷ്മാണുക്കൾ ശരീരത്തിൽ കയറിപ്പറ്റി അസുഖങ്ങൾക്കിടയാക്കും. താറാവിൻകുഞ്ഞുങ്ങളെയാണ് ഇത്തരം അസുഖങ്ങൾ കൂടുതലായും ബാധിക്കുന്നത്. കേരളത്തിൽ പുതിയതായി കണ്ടെത്തിയ താറാവുരോഗമാണ് റൈമറെല്ലാ രോഗം. കഴുത്തും തലയും വെട്ടിക്കുക, തളർച്ച, ക്ഷീണം, തുമ്മലും ചീറ്റലും, പച്ചനിറത്തിലുള്ള വയറിളക്കം എന്നിവയാണ് റൈമറെല്ലാ രോഗത്തിന്റെ ലക്ഷണങ്ങൾ. 

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനടി മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തണം. തിരുവല്ലയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലും വെറ്ററിനറി കോളജിലും രോഗനിർണയത്തിനുള്ള സൗകര്യം ലഭ്യമാണ്. റൈമറെല്ലാ രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് കേരളത്തിൽ ലഭ്യമല്ല. രോഗാണുക്കളെ നശിപ്പിക്കുന്നതിലേക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം. ശരിയായ രോഗനിർണയം നടത്തി, നിശ്ചിത ആന്റിബയോട്ടിക്കുകൾ നിശ്ചിത ദിവസത്തേക്ക് ശരിയായ അളവിൽ വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം നൽകണം. ആന്റിബയോട്ടിക് മരുന്നുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ കർഷകർ ശ്രദ്ധിക്കണം. 

ഉത്തരങ്ങൾ തയാറാക്കിയത്,

ഡോ. സി.കെ. ഷാജു, പെരുവ

സീനിയർ വെറ്ററിനറി സർജൻ, വെറ്ററിനറി ഹോസ്പിറ്റൽ, കോഴ. 

ഫോൺ: 9447399303

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com