ADVERTISEMENT

പ്രകൃതിയെയും മരങ്ങളെയും പക്ഷികളെയും പ്രണയിച്ച ബാല്യ, കൗമാരങ്ങളാണ് ഇരിങ്ങാലക്കുടക്കാരൻ പാറമ്മേക്കാട്ടിൽ ജിത്തുരാജിന്റേത്. പഠനകാലത്ത് പ്രാവുകളെയും മറ്റും വളർത്തി ഉള്ളിലെ പക്ഷിഭ്രമം അണയാതെ കാത്തുസൂക്ഷിച്ച ജിത്തുവിന്റെ പക്ഷിസ്നേഹം ഒടുവില്‍ കൂടുതുറന്നു പുറത്തേക്കു വരികത ന്നെ ചെയ്തു. ഭാര്യയുടെയും കുട്ടികളുടെയും കൂടി പിന്തുണ ലഭിച്ചതോടെ പക്ഷിവളർത്തൽ ഒഴിവുസമയ വിനോദവും വരുമാനമാർഗവുമായി വളർന്നു. പക്ഷികൾക്കൊപ്പമുള്ള യാത്രയിൽ ജിത്തുരാജ് എത്തിനിൽക്കുന്നത് ആഫ്രിക്കൻ ലവ്ബേർഡുകളെന്ന കുഞ്ഞൻ തത്തകളിലാണ്.

ഇണയെ ഒരിക്കലും പിരിയാനാഗ്ര ഹിക്കാതെ,നിത്യപ്രണയികളായി, മണിക്കൂറുകളോളം മരച്ചില്ലയിൽ കൊക്കു രുമ്മിയിരുന്ന് സല്ലപിക്കുന്ന ആഫ്രിക്കൻ സ്നേഹത്തത്തകളുടെ എൺപതോളം പ്രജനന ജോടികളെയാണ് വീട്ടുമുറ്റത്തെ പക്ഷിക്കൂടാരത്തിൽ ജിത്തുരാജ് പരിപാലിക്കുന്നത്. ചെറുവാലുകളുള്ള, ദൃഢഗാത്രരായ, ഉത്സാഹഭരിതരായ കുഞ്ഞൻതത്തകളെ കൂടെ കൂട്ടാനെന്തേ കാരണമെന്നു ചോദിച്ചാൽ ജിത്തുവിന് കൃത്യമായ ഉത്തരമുണ്ട്– വർണങ്ങളുടെ ഉത്സവമൊരുക്കുന്ന കാഴ്ചഭംഗി. മറ്റു തത്തയിനങ്ങളെപ്പോലെ അസാമാന്യ കഴിവുകളോ, ഇണക്കമോ ഒന്നുമില്ലാത്ത ഇവയുടെ നിറഭേദങ്ങളിലാണ് ജിത്തു വീണുപോയത്. അടിസ്ഥാനപരമായി ഹരിത വർണമുള്ള ഇവയിൽ ചുവപ്പ്, മഞ്ഞ, നീല എന്നീ നിറഭേദങ്ങളും കാണുന്നു. ഫിഷർ, മാസ്ക്ഡ്, പീച്ച് എന്നീ മുഖ്യവിഭാഗങ്ങളിലുള്ള ഇനങ്ങളാണ് ഇവിടെയുള്ളത്. ഇണകൾ തമ്മിലുള്ള അഗാധബന്ധമാണ് ഇവയ്ക്ക് സ്നേഹപ്പക്ഷികൾ എന്ന വിശേഷണം നൽകുന്നത്.

ഇണകൾ തമ്മിലുള്ള അഗാധബന്ധമാണ് ഇവയ്ക്ക് സ്നേഹപ്പക്ഷികൾ എന്ന വിശേഷണം നൽകുന്നത്

കൂട്ടിലെ സൗകര്യങ്ങൾ 

കൂട്ടിനുള്ളിൽ പുറമെനിന്നു നിറയ്ക്കാവുന്ന വിധം വെള്ളപ്പാത്രവും തീറ്റപ്പാത്രവും വച്ചിട്ടുണ്ട്. പക്ഷികൾക്ക് നീരാടാനും ഉൗയലാടാനുമുള്ള സൗകര്യവുമുണ്ട്. അടയിരിക്കുമ്പോൾ ഏറെ സ്വകാര്യതയും സുരക്ഷിതത്വവും ആവശ്യമുള്ള ഇവയ്ക്കായി രണ്ട് അറകളുള്ള അടയിരിക്കൽ പെട്ടിയും കൂടിനോടു ചേർത്തുവയ്ക്കുന്നു. അറയൊരുക്കാൻ മരച്ചില്ലകളും തെങ്ങിൻ പട്ടയുമൊക്കെയാണ് നൽകുന്നത്. വലകളും ചില്ലകളും തത്തച്ചുണ്ടിന്റെ പ്രഹരം താങ്ങാൻ ശേഷിയുള്ളതായിരിക്കണം.

വിത്തുകളുടെ മിശ്രിതമാണ് സ്നേഹത്തത്തകൾക്കുള്ള തീറ്റ. ഇത് വിപണിയിൽനിന്നു വാങ്ങിനൽകുകയോ, വീട്ടിൽത്ത‌ന്നെ മിക്സ് ചെയ്തു നൽകുകയോ ചെയ്യുന്നു. മുളപ്പിച്ച കടല, മുതിര, ചോളം, ക്യാരറ്റ്, ബീറ്റ്റൂട്ട്, എഗ്ഫുഡ് എന്നിവ ഇവയുടെ മെനു വിലുണ്ടാകും. പ്രജനനസമയത്ത് സപ്ലിമെന്റുകൾ ഉണ്ടാകും. ആര്യവേപ്പ്, മുരിങ്ങ, തുളസി എന്നിവയുടെ ഇലകളും മിക്കവാറും തീറ്റയിലുണ്ടാകും. ശരാശരി അഞ്ചു മുട്ടകളാണ് ആഫ്രിക്കൻ ലവ്ബേർഡ് ഒരു സമയത്ത് ഇടാറുള്ളത്. ഒരു വർഷം 3 തവണ മുട്ടയിടുന്നു. പെൺപക്ഷി അടയിരുന്ന് 21–ാം ദിവസം മുതൽ മുട്ടകൾ വിരിഞ്ഞുതുടങ്ങുന്നു. 45 ദിവസത്തിനു ശേഷം കുഞ്ഞുങ്ങൾ അടയിരിക്കുന്ന അറയിൽനിന്നു പുറത്തുവരും. പിന്നെ 10–15 ദിവസം കൂടുകളും, അടയിരിക്കാനുള്ള അറകളും വൃത്തിയാക്കുന്ന സമയമാണ്. കൂടുകളുടെയും നെസ്റ്റ് ബോക്സിന്റെയും വൃത്തിയും വെടിപ്പും അസുഖങ്ങൾ ഒഴിവാക്കാൻ ഏറെ പ്രധാനമാണെന്ന് ജിത്തുരാജ് പറയുന്നു. ട്രേ രൂപത്തിലുള്ള കൂടുകളായതിനാൽ വൃത്തിയാക്കൽ എളുപ്പമാണ്.

ശരാശരി അഞ്ചു മുട്ടകളാണ് ആഫ്രിക്കൻ ലവ്ബേർഡ് ഒരു സമയത്ത് ഇടാറുള്ളത്. ഒരു വർഷം 3 തവണ മുട്ടയിടുന്നു. പെൺപക്ഷി അടയിരുന്ന് 21–ാം ദിവസം മുതൽ മുട്ടകൾ വിരിഞ്ഞുതുടങ്ങുന്നു

മുട്ട വിരിയുന്ന സമയത്തിന്റെ ഇടവേളകളിൽ മുട്ടയിടുന്ന അറയും കൂടുകളും വൃത്തിയാക്കാനുള്ള സമയമാണ്. പത്താം ദിവസംതന്നെ കുഞ്ഞുങ്ങളുടെ കാലുകളിൽ തിരിച്ചറിയൽ വളയങ്ങൾ ഇടുന്നു. 2–3 മാസം പ്രായമാകുമ്പോൾ ഡിഎൻഎ പരിശോധന നടത്തി ആണും പെണ്ണും തരംതിരിച്ചാണ് വിൽപന. വിപണിയിൽ 2500 രൂപ മുതൽ 20,000 രൂപവരെ വിലയുണ്ട് ഇൗ സ്നേഹപ്പക്ഷികൾക്ക്. വിപണനം പ്രധാനമായും സോഷ്യൽ മീഡിയയുടെ സഹായത്തോടെ.

ഫോൺ: 94466 38666 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com