ADVERTISEMENT

മലപ്പുറം ∙ കയ്യിൽ മത്തിയുമായി സൈനുൽ ആബിദ് ബ ബ്ബ ബ്ബ അടിച്ചാൽ ചിറകു വിരിച്ച് അനുസരണയോടെ ജുഗുരു അരികിലെത്തും. സാവധാനം മീൻ സ്വന്തമാക്കും. കിട്ടാൻ അൽപം താമസിച്ചാലോ.. കയ്യടക്കത്തോടെ ഒരൊറ്റ റാഞ്ചലാണ്. ജുഗുരു കോഴിയോ താറാവോ അല്ല, നല്ല ഉശിരൻ പരുന്താണ്. ഒരാഴ്ചയായി ജുഗുരുവും അരീക്കോട് മൈത്ര ചുണ്ടത്ത് സൈനുൽ ആബിദും കൂട്ടായിട്ട്.

 

പക്ഷികളുടെ ആക്രമണമേറ്റ് വീട്ടുമുറ്റത്തു വീണ പരുന്തിനെ ആബിദ് സംരക്ഷിക്കുകയായിരുന്നു. ക്ഷീണിച്ചു കിടന്ന പരുന്ത് വെള്ളവും ഭക്ഷണവും ലഭിച്ചതോടെ തലപൊക്കിത്തുടങ്ങി. മീനും ഇറച്ചിയും ഇഷ്ടമുള്ള പരുന്തിന് ആബിദ് ജുഗുരു എന്നു പേരുമിട്ടു. ഇടയ്ക്ക്  ഒന്നു കറങ്ങാൻ പോകുമെങ്കിലും ആബിദിന്റെ തലവെട്ടം കണ്ടാൽ താഴെയെത്തും. വീടിന്റെ പരിസരത്തെ മാവുകളിലാണ് താമസം. നേരം വെളുക്കുമ്പോഴേക്കും അടുക്കളയ്ക്കരികിലെത്തും. മീൻ കിട്ടിയാൽ ഹാപ്പി.

 

ആബിദ് മീനുമായി വിളിച്ചാൽ കുഞ്ഞുങ്ങൾ കരയുന്നതുപോലൊരു ശബ്ദമുണ്ടാക്കി അടുത്തുവരും. ചിറകുകൾ മുറുക്കി കയ്യിൽ പിടിക്കുന്നത് അത്ര ഇഷ്ടമല്ല, അപ്പോൾ വേറെ ശബ്ദമുണ്ടാക്കും. ഈ സൗഹൃദം എല്ലാവരോടുമില്ല, പരിചയമില്ലാത്ത ആളുകൾ എത്തിയാൽ കൊത്തിപ്പറഞ്ഞയയ്ക്കും. വീട്ടിലെ സ്ത്രീകളെയും അത്ര പഥ്യമല്ല. പ്രവാസിയായ സൈനുൽ ആബിദ് അവധിക്ക് നാട്ടിലെത്തിയതാണ്. അവധി കഴിഞ്ഞ് ആബിദ് സൗദിക്കു പോയാൽ പരുന്തിനെ എന്തുചെയ്യുമെന്നാലോചിക്കുകയാണ് വീട്ടുകാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com