ADVERTISEMENT

ചെടികളിലും പച്ചക്കറികളിലുമെല്ലാം ഒച്ചിന്റെ ശല്യം കാണുന്നു. കൂട്ടംകൂട്ടമായി വരുന്ന ഒച്ചുകൾ പലപ്പോഴും ഒരു പ്രദേശത്തു കൂടുതലായി കാണുന്നു. മരങ്ങളിൽവരെ ഇവ നിറഞ്ഞുവരുന്നു. എങ്ങനെ നിയന്ത്രിക്കാം. 

 

ജോഫി ജോർജ്, കറുകുറ്റി.

 

കേരളത്തിലെ പല സ്ഥലങ്ങളിലും ഒച്ചിന്റെ ശല്യം രൂക്ഷമാണ്. ചിലയിടങ്ങളിൽ ആഫ്രിക്കൻ ഒച്ച് എന്നറിയപ്പെടുന്ന വലിയ കവചത്തോടുകൂടിയ ഒച്ചുകളാണെങ്കിൽ മറ്റു ചില സ്ഥലങ്ങളിൽ കുഞ്ഞൻ ഒച്ചുകളും പെരുകുന്നു. ചെടികളെ ആക്രമിക്കുന്നതോടൊപ്പം പരിസരം വൃത്തിഹീനമാകുന്നു എന്ന പ്രശ്നവുമുണ്ട്. ഇവയെ നിയന്ത്രിക്കാൻ ചില മാർഗങ്ങൾ.

1. ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. അതിനാൽ മാലിന്യങ്ങൾ നിർമാർജനം ചെയ്ത് വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. 

2. ഒച്ചുകൾ ഉള്ള സ്ഥലങ്ങളിൽ നനച്ച ചണച്ചാക്ക് വിരിച്ച് അതിൽ കാബേജ് ഇലകൾ മുറിച്ച് ഇടുക. ഇതിലേക്ക് ആകൃഷ്ടരായി എത്തുന്ന ഒച്ചുകളെ നശിപ്പിക്കാം. 

3. കാർഷികവിളകളിൽ ഒച്ചിന്റെ ശല്യം കൂടുതലായി കാണുന്നുണ്ടെങ്കിൽ പുകയില– തുരിശുലായനി തളിക്കാം. ഇതിനായി പുകയില 25 ഗ്രാം ഒന്നര ലീറ്റര്‍ വെള്ളത്തില്‍ എടുത്തു നന്നായി തിളപ്പിക്കണം. 60 ഗ്രാം തുരിശ് ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് തലേ ദിവസം തന്നെ എടുത്തു വയ്ക്കണം. ഈ രണ്ടു ലായനികളും നന്നായി യോജിപ്പിച്ച് അരിച്ചെടുത്ത് വിളകളിലോ മരങ്ങളിലോ തളിച്ചുകൊടുക്കാം. 

4. പൊടിച്ച മുട്ടത്തോട് ഒച്ചിന്റെ ശല്യമുള്ള സ്ഥലങ്ങളിലോ ചെടിച്ചട്ടികളിലോ വിതറിക്കൊടുക്കാം. വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന ഒച്ചുകൾക്കു മുട്ടത്തോട് കാരണമുണ്ടാകുന്ന തടസ്സം കാരണം മുന്നോട്ടുപോയി ചെടികളെ നശിപ്പിക്കുന്നതിനു തടസ്സം നേരിടുന്നു. അപ്പോഴേക്കും ഏതെങ്കിലും നിയന്ത്രണമാർഗങ്ങൾ ഉപയോഗിക്കാം. 

5. ഒച്ചിന്റെ ശക്തമായ ആക്രമണത്തെ നിയന്ത്രിക്കുന്നതിനുള്ള രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്. ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ ഇവ വാങ്ങി ഉപയോഗിക്കാം

 തയാറാക്കിയത്,

 ജോസഫ് ജോൺ തേറാട്ടിൽ

 കൃഷി ഒാഫിസർ, പഴയന്നൂർ കൃഷിഭവൻ,

 തൃശൂർ. മെയിൽ: Johntj139@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com