ADVERTISEMENT


എറണാകുളം ജില്ലയിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഒരു കർഷകനാണ് ഞാൻ. പ്രധാന കൃഷി റബർ ആണെങ്കിലും വിവിധ പ്രായത്തിലുള്ള മുപ്പതോളം തെങ്ങും എനിക്കുണ്ട്. കൊമ്പൻചെല്ലിയുടെയും ചെമ്പൻ ചെല്ലിയുടെയും ആക്രമണം കാരണം 5 തെങ്ങുകള്‍ നശിച്ചുപോയി. കൃത്യമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കുകയും ഫിറമോൺ കെണി വയ്ക്കുകയും ചെയ്തതാണ്. എന്നിട്ടും ഫലമില്ല. ഇവയെ തുരത്താനുള്ള ശാശ്വതമാർഗം നിർദേശിക്കാമോ.

ജിബിൻ തോമസ്, പൈങ്ങോട്ടൂർ, എറണാകുളം.

കേരളത്തിലെ തെങ്ങുകളെ വൻതോതിൽ ബാധിക്കുന്ന കീടങ്ങളാണ് കൊമ്പൻചെല്ലിയും ചെമ്പൻചെല്ലിയും. പത്തു വർഷത്തിനു താഴെയുള്ള തൈത്തെങ്ങുകളെയാണ് ചെമ്പൻചെല്ലി ആക്രമിക്കുന്നത്. ഇവയുടെ ആക്രമണം മൂലം തെങ്ങിൻതൈകൾ പൂർണമായി നശിക്കുന്നു. ഇതിനെതിരെ ഫലപ്രദമെന്നു കാണുന്ന പലതും താങ്കള്‍ ഉപയോഗിച്ചതായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആക്രമണം കുറയാത്ത സാഹചര്യത്തിൽ രാസ കീടനാശിനികൾ ഉപയോഗിക്കേണ്ടതായി വരും. ചെമ്പൻ ചെല്ലിയുടെ ആക്രമണം കണ്ട തെങ്ങിന്റെ മണ്ടയിലൂടെയോ ചെമ്പൻചെല്ലി ഉണ്ടാക്കിയ ദ്വാരങ്ങളിലൂടെയോ ക്ലോർ പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലീറ്റർ വെള്ളം എന്ന തോതിലെടുത്ത് ഒഴിച്ചുകൊടുക്കാം. ഇതു കാലവർഷാരംഭത്തിനും തുലാവർഷാരംഭത്തിനും മുമ്പായി ചെയ്യേണ്ടതാണ്. (കൊല്ലത്തിൽ രണ്ടു തവണ). കുള്ളൻ തെങ്ങുകൾ പെട്ടെന്നുതന്നെ ചെമ്പൻ ചെല്ലിക്കു കീഴ്പ്പെടുന്നതായാണ് കണ്ടുവരുന്നത്. നാടൻ തെങ്ങുകൾക്ക് (ഉയരം കൂടിയവയ്ക്ക്) അൽപം പ്രതിരോധ ശേഷിയുണ്ട്. തെങ്ങിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കീടമാണ് ചെമ്പൻചെല്ലി.

കൊമ്പൻചെല്ലി എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ആക്രമിക്കാറുണ്ട്. തെങ്ങിനെ പൂർണമായി നശിപ്പിക്കാറില്ലെങ്കിലും വിളവിനെ ബാധിക്കുന്ന വിധം നാശം വിതയ്ക്കാറുണ്ട്. വളർച്ചയെത്തിയ ഇലകൾ ത്രികോണാ കൃതിയിൽ മുറിഞ്ഞിരിക്കുന്നതാണ് പ്രധാന ലക്ഷണം. ചെല്ലിക്കോൽ ഉപയോഗിച്ച് ചെല്ലിയെ കുത്തിയെടുക്കാം. കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് എന്ന രാസ കീടനാശിനി 20 ഗ്രാം ഒരു തെങ്ങിന്റെ മണ്ടയിൽ എന്ന അളവിൽ ഇട്ടുകൊടുക്കാം. ഒപ്പം മെറ്റാറൈസിയം എന്ന മിത്രകുമിൾ 250 മില്ലി ഒരു ലീറ്ററിൽ കലക്കി കൊമ്പൻചെല്ലി പെരുകാനിടയുള്ള ചാണകക്കുഴി, കമ്പോസ്റ്റ് കുഴി എന്നിവിടങ്ങളിൽ തളിച്ചുകൊടുക്കണം. തെങ്ങിൻതടത്തിലും തളിച്ചു കൊടുക്കാം. കൃഷിഭൂമിയുടെയും തെങ്ങിന്റെയും ശുചിത്വം രണ്ടു കീടങ്ങളെയും നിയന്ത്രിക്കാൻ അനിവാര്യമാണ്.

തയാറാക്കിയത്,
ജോസഫ് ജോൺ തേറാട്ടിൽ
കൃഷി ഒാഫിസർ, പഴയന്നൂർ കൃഷിഭവൻ,
തൃശൂർ. മെയിൽ: Johntj139@gmail.com

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com