ADVERTISEMENT

‘‘വിളകളെല്ലാം വിലത്തകർച്ച നേരിട്ടപ്പോൾ വയനാട്ടിലെ ഒട്ടേറെ കർഷകരെ ആത്മഹത്യാമുനമ്പിൽനിന്നു രക്ഷിച്ചത് പന്നിവളർത്തലാണ്. എന്നാൽ കേരളത്തിലേറ്റവും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന സംരംഭവും പന്നിവളർത്തൽ തന്നെ. എപ്പോഴാണ് ഭീഷണികളും സ്റ്റേയുമെത്തുക എന്ന ആശങ്കയിലാണ് മിക്കവരും. ഈ സ്ഥിതി മാറണം. ആദായകരമായൊരു കൃഷി ഉപേക്ഷിക്കാൻ കർഷകനു കഴിയില്ല. അതേ സമയം പന്നിഫാമുകൾ സമീപവാസികൾക്കു ശല്യമാകാനും പാടില്ല. അതിനാണ് ഞങ്ങളുടെ ശ്രമം’, ഇരുനൂറിലേറെ പന്നികളെ പരിപാലിക്കുന്ന കർഷകനും വയനാട് സ്വൈൻഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ചെയർമാനുമായ കെ.എസ്. രവീന്ദ്രന്‍ പറയുന്നു. 

പന്നിവളർത്തൽ ലാഭകരമാണെന്നതില്‍ സംശയമില്ല. ഹോട്ടലവശിഷ്ടങ്ങൾ മാത്രം തീറ്റയായി നൽകുന്നതിനാൽ വളർത്തൽച്ചെലവു നന്നേ കുറവ്. വർഷത്തിൽ രണ്ടു പ്രസവം. ഒറ്റ പ്രസവത്തിൽ 10–14 കുഞ്ഞുങ്ങൾ. 60 ദിവസം പ്രായമെത്തിയ പന്നിക്കുഞ്ഞിനെ വിൽക്കുമ്പോൾ ഒന്നിന് ചുരുങ്ങിയത് 4000 രൂപ ലഭിക്കും. പത്തു മാസം വളർത്തി 110–120 കിലോ തൂക്കമെത്തുമ്പോഴാണു വിൽപനയെങ്കിൽ കിലോയ്ക്ക് 120 രൂപ വിലയുണ്ട് നിലവിൽ. 

കർഷകനു നേട്ടമെങ്കിലും പന്നിഫാമുകൾക്കെതിരെ പരിസരവാസികൾ തിരിയുന്നതു പതിവു കാഴ്ച. ദുർഗന്ധമാണു പ്രശ്നം. നാട്ടുകാരുടെ പരാതികളും കർഷകരുടെ പ്രതിസന്ധിയും രൂക്ഷമായപ്പോഴാണ് ഈ മേഖലയിലെ കർഷകർ സംഘടിക്കാൻ തീരുമാനിച്ചതെന്നു രവീന്ദ്രൻ. ഫാമുകൾ ആധുനികമാക്കാനുള്ള ആലോചന തുടങ്ങുന്നതും അങ്ങനെ. വയനാട് ജില്ലാ മൃഗസംരക്ഷണവകുപ്പിനു കീഴിൽ മീനങ്ങാടിയിലുള്ള പ്രാദേശിക മൃഗസംരക്ഷണകേന്ദ്രം പരിസ്ഥിതി സൗഹൃദ മാതൃകയിൽ പന്നിവളർ ത്താനുള്ള നിർദേശങ്ങളുമായി വന്നത് കർഷകർക്ക് ഊർജമായി. ഫാമുകൾ നവീകരിക്കാനും ഹൈടെക് സംവിധാനങ്ങളൊരുക്കാനും കർഷകർ നടത്തുന്ന ശ്രമങ്ങൾ വലിയ മാറ്റങ്ങൾ വരുത്തുന്നുവെന്ന് രവീന്ദ്രനും പ്രാദേശിക മൃഗസംരക്ഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രോജക്ട് ഒാഫിസർ ഡോ.അനിൽ സഖറിയയും പറയുന്നു. പൂട്ടേണ്ടിവരുമോ എന്ന ആശങ്കയോടെയാണ് പലരും പന്നിഫാം തുടങ്ങുന്നത്. കാര്യമായ മുതൽമുടക്കോടെ, കാര്യക്ഷമമായ മാലിന്യസംസ്കരണമാർഗങ്ങൾക്കു തുനിയാത്തതും അതുകൊണ്ടുതന്നെ. മതിയായ സംവിധാനങ്ങളൊരുക്കിയാൽ മാലിന്യ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാം. മോശമല്ലാത്ത ലാഭം ലഭിക്കുന്ന സംരംഭമെന്ന നിലയ്ക്ക് അതിനുള്ള മുതൽമുടക്കു നഷ്ടമായി കാണേണ്ടതില്ലെന്ന് ഡോ. അനിൽ. 

pig-farm1

വൃത്തിയും ശ്രദ്ധയും

വില കുറഞ്ഞ ടൈലുകൾ വാങ്ങി പരുപരുത്ത അടിവശം മുകളിലാക്കി നിരത്തിയാണ് രവീന്ദ്രൻ ഉൾപ്പെടെയുള്ള പല കർഷകരും പന്നിക്കൂടുകൾ വൃത്തിയുള്ളതാക്കിയത്. പ്രഷർ പമ്പ് ഉപയോഗിച്ച് കൂടു കഴുകുന്നപക്ഷം ജലം ലാഭിക്കാമെന്ന് ഡോ. അനിൽ. അധ്വാനം കുറയും, കൂടുകൾ കൂടുതൽ വൃത്തിയാകും. മലിനജലം പുറത്തേക്ക് ഒഴുകാനുള്ള ഡ്രെയ്നേജ് സംവിധാനം ഉറപ്പാക്കണം. മലിനജലം ശുദ്ധിചെയ്യാനുള്ള പല അറകളുള്ള ടാങ്കാണ് നിരവിൽപ്പുഴയിലെ ജിജുവിന്റെ ഫാമിലെ മുഖ്യ ആകർഷണം. കൂടു കഴുകുന്നതിനു മുമ്പുതന്നെ ഭക്ഷ്യാവശിഷ്ടങ്ങളും വിസർജ്യവും കോരി മാറ്റും. വേനലിൽ ഇവ ഫാം വളപ്പിലുള്ള വാഴക്കൃഷിക്കു വളമാക്കുകയാണ് ജിജു. പകൽച്ചൂടിൽ ഇവ അതിവേഗം ഉണങ്ങിപ്പൊടിയുമെന്നതിനാൽ അൽപവും ദുര്‍ഗന്ധമുണ്ടാവില്ല. മഴക്കാലത്ത് തുമ്പൂർമുഴി മാതൃകയിലുള്ള കമ്പോസ്റ്റിങ്ങിലേക്കു തിരിയും. 

കൂടു കഴുകുന്ന മലിനജലം ബയോഗ്യാസ് പ്ലാന്റിലേക്ക് വിടും. വലിയ ഫാമുകളിൽ ആവശ്യത്തിലധികം ഗ്യാസ് ഉൽപാദിപ്പിക്കപ്പെടും എന്നതാണ് പോരായ്മ. മലിനജലം പല അറകളായുള്ള ടാങ്കിലൂടെ ശുദ്ധീകരിച്ച് കൃഷിക്കു പ്രയോജനപ്പെടുത്തുന്നതാണ് കൂടുതൽ ഗുണകരമെന്നും ജിജു.

പന്നിക്കൂടുകളെ തമ്മിൽ വേർതിരിക്കുന്ന ഭിത്തികൾ കമ്പിയഴികൊണ്ട് നിർമിക്കുകവഴി കൂടിൽ കൂടുതൽ വായുസഞ്ചാരം ലഭിക്കുകയും ദുർഗന്ധം കുറയുകയും ചെയ്യുമെന്നു ജിജു. കൂടുകളിൽ നിപ്പിൾ ഡ്രിങ്കർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചുണ്ടു മുട്ടിച്ചാൽ മാത്രം വെള്ളം ലഭിക്കുമെന്നതിനാൽ കൂട് നനഞ്ഞ് ഈർപ്പവും മലിനജലവും കെട്ടിനിൽക്കുന്ന സാഹചര്യമില്ല. പന്നിക്കു പ്രസവിച്ചു കിടക്കാനുള്ള ഹൈടെക് കേജാണ് മറ്റൊരു കൗതുകക്കാഴ്ച. തള്ളപ്പന്നിയുടെ അടിയിൽപ്പെട്ട് കുഞ്ഞുങ്ങൾ ചത്തുപോകാതിരിക്കാനും മികച്ച ആരോഗ്യത്തോടെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും കേജ് ഉപകരിക്കുന്നു. 

ഹോട്ടലുകളിലെ ഭക്ഷ്യാവശിഷ്ടങ്ങൾ  ഫാമിലേക്കുകൊണ്ടുവരുന്ന വാഹനങ്ങൾ ശരിയായ രീതിയിൽ മൂടിയിരിക്കണമെന്നു സൊസൈറ്റി അംഗങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് രവീന്ദ്രൻ. മിച്ചഭക്ഷണം ശേഖരിക്കാനായി ഹോട്ടലുകളിൽ വയ്ക്കുന്ന ക്യാനുകൾ ദിവസവും വൃത്തിയായി കഴുകും. ഫലപ്രദമായ മാലിന്യസം സ്കരണ മാർഗങ്ങളോടെ സ്ഥലപരിമിതിക്ക് അനുസൃതമായി പന്നികളുടെ എണ്ണം നിജപ്പെടുത്തി ഫാം നടത്തിയാൽ പരിസര വാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാവില്ലെന്ന് രവീന്ദ്രനും ജിജുവും പറയുന്നു. മാലിന്യം വളമാക്കി കൃഷിക്കു നല്‍കാമെങ്കിൽ വളരെ നല്ലത്. ശാസ്ത്രീയമാർഗങ്ങളിലൂടെ പന്നി വളർത്താനുള്ള മോഡൽ ഫാം പ്രോ ജക്ടുകൾ തയാറാക്കി കർഷകർക്കു നൽകി സംരംഭത്തെ കൂടുതൽ ആധുനികവും പരിസ്ഥിതിസൗഹൃദവുമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഡോ. അനിൽ സഖറിയയും പറയുന്നു.

ഫോൺ: 9446783747(രവീന്ദ്രൻ), 7012237608(ഡോ. അനിൽ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com