ADVERTISEMENT

നായ്ക്കൾക്ക് സൗന്ദര്യബോധമുണ്ടോ എന്നറിയില്ല. ഏതായാലും നായ്പ്രേമികളുടെ സൗന്ദര്യബോധം നാൾക്കുനാൾ കൂടി വരുന്നുണ്ടെന്ന് പെറ്റ് ഗ്രൂമറായ എം.വി. രാധാകൃഷ്ണൻ. കേരളത്തിലെ അപൂർവം പ്രഫഷനൽ പെറ്റ് ഗ്രൂമർമാരിൽ ഒരാളാണ് കൊച്ചി പാലാരിവട്ടത്തുള്ള റോംസ് ആൻഡ് റാക്സ് പെറ്റ്സ് സ്റ്റോറിലെ രാധാകൃഷ്ണൻ.

 

മനോഹരമായി മുറിച്ചിട്ട നീളൻ രോമങ്ങളും വെട്ടിയൊതുക്കി പോളിഷ് ചെയ്ത നഖങ്ങളും തിളങ്ങുന്ന കണ്ണുകളുമായി ഡോഗ്ഷോകളിൽ താരമാകുന്ന നായ്ക്കളെ കണ്ടിട്ടില്ലേ. അവയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പിന്നിൽ ഒരു പെറ്റ് ഗ്രൂമറുടെ അറിവും കരവിരുതുമുണ്ട്. ‘‘മുമ്പ് ആളുകൾ നായ്ക്കളെ വളർത്തിയിരുന്നത് കാവലിനു വേണ്ടി മാത്രമായായിരുന്നു. ഇന്നു പക്ഷേ കൂടുതൽ പേരും– നഗരങ്ങളിൽ നല്ല പങ്കും–നായ്ക്കളെ വളർത്തുന്നത് ഒാമനിക്കാനാണ്. പലർക്കും മക്കളെപ്പോലെ പ്രിയം. ഫ്ലാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും വളർത്താൻ യോജിച്ച ചെറിയ ബ്രീഡുകളായ ഷിറ്റ്സു, ലസാപ്സോ എന്നിവയ്ക്കാണ് ആരാധകർ ഏറെ. ഒപ്പം പഗ്ഗും ബീഗിളുമുണ്ട്. വീട്ടിലെ അംഗമായിത്തന്നെ കരുതുന്നതിനാൽ അവയ്ക്കു വേണ്ടി എത്ര പണം മുടക്കാനും മടിയില്ല പലർക്കും. നായ്ക്കൾക്ക് ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഗ്രൂമിങ്ങിൽ ഇന്ന് ഒട്ടേറെപ്പേർ താൽപര്യം കാണിക്കുന്നതും അതുകൊണ്ടുതന്നെ’’, രാധാകൃഷ്ണൻ പറയുന്നു.

 

ടീത്ത് ബ്രഷിങ്, നെയിൽ ട്രിമ്മിങ്, ബാത്തിങ്, ഹെയർ കട്ടിങ് ആൻഡ് സ്റ്റൈലിങ്, പെർഫ്യൂമിങ് ആൻഡ് ഫിനിഷിങ് എന്നിങ്ങനെ നീളുന്നു ഗ്രൂമിങ്. മനോഹരമായ ബാത്ത്ടബ്ബിൽ വിലകൂടിയ വിദേശ ഷാമ്പൂ തേച്ച് വിശാലമായ കുളി, വെട്ടിയൊതുക്കിയും ചീകി മിനുക്കിയും രോമങ്ങൾ മനോഹരമാക്കൽ, നഖം വെട്ടി പോളിഷിടൽ എന്നിങ്ങനെ സാമാന്യമായി പറയാം. മനുഷ്യരെപ്പോലെ ഇരുന്നു തരില്ലല്ലോ നായ്ക്കൾ. അതുകൊണ്ടുതന്നെ അവയുടെ ഇഷ്ടവും ഇണക്കവുമൊക്കെ നോക്കി മണിക്കൂറുകൾ നീളും ഗ്രൂമിങ്.

 

നായ്ക്കളെ കുളിപ്പിക്കാൻ ഒാരോ ബ്രീഡിനും യോജിച്ച ഷാമ്പൂ ഇനങ്ങൾ തന്നെ ഉപയോഗിക്കും. പിന്നാലെ അതിനിണങ്ങിയ കണ്ടീഷ്നറും. (കൂട്ടത്തിൽ പറയട്ടെ, വീടുകളിൽ നായ്ക്കളെ കുളിപ്പിക്കുന്ന പലരും മനുഷ്യർക്കുള്ള ഷാമ്പു നായയ്ക്കും ഉപയോഗിക്കുന്നു. അത് നായയുടെ രോമങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുമെന്നും ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും രാധാകൃഷ്ണൻ). 

 

കുളി കഴിഞ്ഞ് വെള്ളം നീക്കിയ ശേഷം രോമങ്ങൾ ചീകിയൊതുക്കുന്നതിനിടയിൽ കണ്ണും മൂക്കും ചെവിയും ശരീരമാകെയും വിശദമായി പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള അണുബാധയോ മറ്റോ ഉണ്ടെങ്കിൽ കണ്ടെത്താൻ അതുവഴി കഴിയും. നീണ്ട രോമങ്ങളുള്ള ബ്രീഡുകളുടെ വാലിന് വർണങ്ങൾ നൽകുന്ന പതിവ് വിദേശങ്ങളിലുണ്ട്. നമ്മുടെ നാട്ടിൽ അതത്ര പ്രചാരം നേടിയിട്ടില്ലെന്നു രാധാകൃഷ്ണൻ. 20 ദിവസത്തിലൊരിക്കൽ ഗ്രൂമിങ് നടത്താം. എല്ലാ ദിവസവും നായ്ക്കളെ കുളിപ്പിക്കുന്ന രീതി നല്ലതല്ലെന്നും രാധാകൃഷ്ണൻ. രോമത്തിലുള്ള നേരിയ എണ്ണമയം നഷ്ടപ്പെടാൻ അതിടയാക്കും. അതും സൗന്ദര്യത്തെയും ആരോഗ്യത്തെയും ബാധിക്കും. 

 

ഗ്രൂമിങ്ങിന്റെ ഭാഗമായി കുളി മാത്രമെങ്കിൽ ഫീസ് 1000 രൂപയിൽ ഒതുങ്ങും. ബാക്കി കൂടി ചേർന്നാൽ 2500–3000 വരെ എത്തും. അതുതന്നെ ബ്രീഡിനനുസരിച്ചു വ്യത്യാസപ്പെടും. നീളൻ രോമമുള്ളവയെയും അല്ലാത്തവയെയും അണിയിച്ചൊരുക്കാൻ ഒരേ അധ്വാനം പോരാ. നായയ്ക്കു വേണ്ടി മാസം മൂവായിരമല്ല, മുപ്പതിനായിരം മുടക്കാൻ മടിയില്ലാത്തവർ കൊച്ചിപോലുള്ള നഗരങ്ങളിലുണ്ടെന്നും രാധാകൃഷ്ണൻ. 

 

ഫോൺ: 8921406724 (രാധാകൃഷ്ണൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com