ADVERTISEMENT

ഞാൻ മടങ്ങുകയാണ് എന്റെ ചുമതല കഴിഞ്ഞു പുറപ്പെട്ടപ്പോൾ കൂടെയിറങ്ങി നിങ്ങൾക്കാവുമായിരുന്നില്ല എന്നെ കൂടാതെ നയിച്ചവനെ നായകനെന്നു വിളിച്ച നാക്ക് അർധോക്തിയിൽ നിർത്തി നിങ്ങൾ വിളിച്ചു; നായ ക്രമേണ ഞാൻ നിങ്ങൾക്ക് പോരാത്തവനായി ചേരാത്തവനായി’’ – കൽപറ്റ നാരായണൻ

തെരുവിൽ അലയുന്ന നായ്ക്കൂട്ടം പുതുമയല്ല. എന്നാൽ പെരുവഴിയിൽ അനാഥമായി റോട്ട്‌വെയ്‌ലറോ സെയിന്റ് ബർണാഡോപോലെ കുലമഹിമയുള്ള നായ്ക്കളെ കണ്ടുമുട്ടിയാലോ?  നമ്മുടെ നാട്ടിൽ അതും പതിവുകാഴ്ചയാകുകയാണ്. മാന്യമായ അരുമപാലന സംസ്കാരമില്ലാതെ, അരുമ വളർത്തൽ വ്യാപകമായതിന്റെ ദുഷ്ഫലം. പെരുവഴിയമ്പലങ്ങൾ പെരുവഴിയിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾ മൂന്നു തരത്തിൽപ്പെടാം. തെരുവുനായ്ക്കൾ എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന  ഒന്നാമത്തെ വിഭാഗം തെരുവിൽ ജനിച്ച് പെറ്റുപെരുകി കഴിയുന്നവരാണ്.  ഉടമയുടെ കൈയിൽനിന്നു നഷ്ടപ്പെട്ടവയും സ്വന്തം വീട് കണ്ടെത്താനാവാത്തവയുമാണ്  രണ്ടാം വിഭാഗം.  ഒരിക്കൽ വീടുകളിൽ ഓമനയായി വളർത്തി പിന്നീട്  ഉടമ  ഉപേക്ഷിച്ചവര്‍  മൂന്നാമത്തെ വിഭാഗം. ഇവര്‍ക്കു പക്ഷേ, നാടൻ തെരുവുനായ്ക്കളെപ്പോലെ  തെരുവിൽ അതിജീവനം എളുപ്പമാകില്ല.

അനാഥന്റെ ദുഃഖം മുപ്പതിനായിരത്തോളം വർഷം നീളുന്ന സ്നേഹബന്ധമാണ് നായയും മനുഷ്യനും തമ്മില്‍. സ്നേഹത്തിനും ഭക്ഷണത്തിനും സുരക്ഷിതാലയത്തിനുമായി നമ്മളെ ആശ്രയിക്കുന്ന നായ്ക്കൾ സ്വന്തം ശരീരപ്രകൃതിയും സഹജസ്വഭാവഗുണങ്ങളും, തലച്ചോറുപോലും നമുക്കായി മാറ്റിയെടുത്തവയാണെന്ന് ഓർമിക്കുക. അൻപതിലേറെ ജീനുകളാണ്, മനുഷ്യനൊപ്പം ജീവിക്കാൻ വേണ്ടി നായയുടെ  തലച്ചോറിൽ ക്രമേണ ഉണരുകയോ നവീകരിക്കപ്പെടുകയോ ചെയ്തത്. ഇണക്കി വളർത്തിയ നായയെ തെരുവിലേക്ക് ഇറക്കി വിടുമ്പോൾ അതിന് കാടിനും നാടിനും ഇടയ്ക്കൊരു ഇടമില്ല. അപ്പോൾ മനുഷ്യനോട് പൂർണമായി ഇണങ്ങിയ, അവനായി മാത്രം സൃഷ്ടിക്കപ്പെട്ട, ‌ശുദ്ധജനുസ്സ് നായ്ക്കൾ എത്ര കടുത്ത ദുരിതങ്ങളിലൂടെയാവണം തെരുവു ജീവിതത്തിൽ കടന്നുപോകുന്നത്. വിശപ്പിനും രോഗങ്ങൾക്കുമൊപ്പം കടുത്ത മാനസിക, ശാരീരികവ്യഥകളും.

ഭയം, ആകാംക്ഷ, ഏകാന്തത, സമ്മർദം തുടങ്ങിയ വൈകാരികപ്രശ്നങ്ങൾ ഇവയ്ക്കു ശാരീരികവേദനയായി മാറും. മനുഷ്യന്റെ തണലിൽ ദീർഘകാലം കഴിഞ്ഞ ഇവയ്ക്ക് സഹജവാസനകളും കഴിവുകളും നഷ്ടപ്പെട്ടതിനാല്‍  ഭക്ഷണവും വെള്ളവുംപോലും സ്വയം നേടിയെടുക്കാനാവില്ല. ഉപേക്ഷിക്കുന്നതിനു പിന്നിൽ

മേൽത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നായ്ക്കളെ ഉടമകൾ പാതിവഴിയിൽ  ഉപേക്ഷിക്കുന്നതിനു കാരണങ്ങൾ നായയെ വളർത്താനുള്ള തീരുമാനത്തിൽനിന്നുതന്നെ തുടങ്ങുന്നു. ഒരു നായയെ, വിശേഷിച്ച് ഒരു പ്രത്യേക ജനുസ്സിനെ പരിപാലിക്കാനുള്ള കഴിവും സാഹചര്യവും മനസ്സും ഉ ണ്ടോയെന്ന  ആത്മപരിശോധന  പല രും നടത്താറില്ല. വർഷങ്ങൾ നീളുന്ന സവിശേഷബന്ധത്തിനു തുടക്കമിടുമ്പോൾ അനിവാര്യമായ ഗൃഹപാഠം പോലും നടത്തുന്നില്ല പലരും. വാങ്ങുന്ന ജനുസ്സിന്റെ  സവിശേഷതകൾ, ആവശ്യങ്ങൾ, പരിപാലനരീതി  ഇവയെക്കുറിച്ചൊന്നും അടിസ്ഥാനധാരണപോലും പലർക്കും ഇല്ല. ‘‘ഞാൻ വീട്ടിലേക്കു കൊണ്ടുവരുന്ന നായയെ കുടുംബാംഗത്തെപ്പോലെ എന്നും കരുതിക്കൊള്ളാം’’ എന്ന് പ്രതിജ്ഞയെടുത്ത് പ്രാവർത്തികമാക്കുന്നവർ മാത്രമേ ഉത്തരവാദിത്തമുള്ള ഉടമയാകുകയുള്ളൂ.

പെറ്റ്ഷോപ്പിലോ കൂട്ടുകാരുടെ വീട്ടിലോ ബ്രീഡറുടെ പക്കലോ ഉള്ള  സുന്ദരനെയോ, സുന്ദരിയെയോ െപട്ടെന്നൊരാവേശത്തില്‍ വാങ്ങിയതാകാം; അല്ലെങ്കിൽ കുട്ടികളുടെ നിർബന്ധത്താലാകാം. നായ്ക്കുട്ടി വളരുന്നതോടെ ആദ്യകൗതുകം അവസാനിക്കുന്നു. നായയുടെ വ്യായാമത്തിനോ പരിശീലനത്തിനോപോലും സമയം മാറ്റിവയ്ക്കാൻ ഉടമയ്ക്കു കഴിയാതെവരുമ്പോൾ നായ്ക്കൾക്ക് ആക്രമണസ്വഭാവവും നശീകരണ പ്രവണതയുമുണ്ടാകാം. സഹികെട്ട് ഉടമ ഒടുവിൽ നായയെ ഉപേക്ഷിക്കുന്നു. ഉടമയുടെ പ്രണയബന്ധം, വിവാഹം, കുട്ടിയുടെ ജനനം, വിവാഹമോചനം  തുടങ്ങിയവയൊക്കെ ഉടമയും അരുമയും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കാം. സാമ്പത്തികപ്രശ്നങ്ങളും അരുമകളെ ഉപേക്ഷിക്കാൻ കാരണമാകാറുണ്ട്. തൊഴിൽനഷ്ടം, തൊഴിൽമാറ്റം, നായയെ വളർത്താനുള്ള അമിത ചെലവ് തുടങ്ങിയവ പ്രശ്നമാകാം. പുതിയ വീട്   വാങ്ങുമ്പോഴോ, വീടു മാറുമ്പോഴോ  ഒക്കെ നായ പ്രശ്നമാകാം. ചില സ്ഥലങ്ങളിൽ ഫ്ലാറ്റുകളിലും മറ്റും നായയെ വളർത്താൻ നിയന്ത്രണമുണ്ടാകും. അപ്പാർട്ട്മെന്റ്, വില്ലകൾപോലെയുള്ള കമ്യൂണിറ്റി ലിവിങ് കൂടുതലാകുന്ന ഇക്കാലത്ത് ഇത്  അപൂർവമല്ല. കുടുംബത്തില്‍ നായയോട് താല്‍പര്യമുള്ള ആള്‍ മരണപ്പെട്ടാലും നായ ഉപേക്ഷിക്കപ്പെടാം. 

ഉപഭോഗസംസ്കാരത്തിന്റെ ഭാഗമായുള്ള ‘ഉപയോഗിച്ച് വലിച്ചെറിയൽ’ സംസ്കാരവും അരുമകളെ ബാധിക്കുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇഷ്ടം പോലെ വാങ്ങാനാകുന്ന വിധത്തിൽ പെറ്റ്ഷോപ്പുകളും ബ്രീഡിങ് കേന്ദ്രങ്ങളും വ്യാപകമാണിപ്പോൾ. പലപ്പോഴും സ്റ്റാറ്റസിന്റെയും ഫാഷന്റെയും ഭാഗമായിട്ടാവും വാങ്ങലും ഉപയോഗവും. എന്നാൽ ഒരു കാര്യം മറക്കാതിരിക്കൂ; നായയ്ക്ക് ശരാശരി 10 വർഷം ആയുസ്സുണ്ടാകും. ഈ പത്തു വർഷത്തിനിടയിൽ തനിക്കും തന്റെ അരുമയ്ക്കും എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാമെന്ന ബോധ്യം ഉടമയ്ക്കാവശ്യമാണ്. ഇത്തരം മാറ്റങ്ങളുടെ സമയത്തും ഉലയാതെ നിർത്താൻ പറ്റുന്ന ബന്ധമാവണം ഇരുവർക്കുമിടയിലുള്ളത്. ജനുസ്സിനെക്കുറിച്ച് മുന്നറിവില്ലാതെ വാങ്ങുകയും, കൊണ്ടുനടക്കാൻ പറ്റാതെ വരുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയാണ് അരുമകളെ തെരുവിലാക്കുന്നത്. ബിസിനസ് മാത്രം ലക്ഷ്യമാക്കി നായ്ക്കളെ യന്ത്രംപോലെ പ്രജനനം നടത്തുന്നവരും ഇതിൽ പ്രതികളാണ്.

വാർധക്യമാണ് അരുമകളെ ഉപേക്ഷിക്കാൻ മറ്റൊരു പ്രധാന കാരണം. അരുമയ്ക്കു പ്രായം കൂടുമ്പോൾ വരാവുന്ന മാറ്റങ്ങളെയും രോഗങ്ങളെയും എത്രയും നേരത്തേ കണ്ടെത്താനും യഥാസമയം ചികിൽസിക്കാനും ഉടമ ശ്രദ്ധിക്കണം. നിയമ സംരക്ഷണംമൃഗസംരംക്ഷണത്തിന്  മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960), അനിമൽ വെൽഫെയർ ബോർഡ് പോലുള്ള സ്ഥാപനങ്ങൾ, പെറ്റ്ഷോപ്പും ബ്രീഡിങ് കേന്ദ്രങ്ങളും നായവളർത്തൽ കേന്ദ്രങ്ങളും നടത്തുന്നതിനു മാനദണ്ഡങ്ങൾ എന്നിവ നിലവിലുണ്ട്. പ്രജനനത്തിനുള്ള നായ്ക്കളുടെ ഇറക്കുമതി നിരോധനം തുടങ്ങി സർക്കാർ, സർക്കാരിതര മേഖലകളിൽ നിയമങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളും ഒട്ടേറെയുണ്ട്. അമേരിക്കയുൾപ്പെടെ പല രാജ്യങ്ങളിലും നായ്ക്കളെ ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ഉപേക്ഷിക്കപ്പെടുന്ന നായ്ക്കൾക്കായി ഷെൽട്ടറുകളും അനാഥാലയങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ ഉടനെയൊന്നും വ്യാപകമായി വരാനിടയില്ല. എന്നാൽ ലൈസൻസിങ് കർശനമാക്കി പെറ്റ് ഷോപ്പുകൾ, പ്രജനനകേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രിക്കാനാകും. ഒപ്പം ഉടമകളുടെ ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ ഉത്തമ അരുമപരിപാലന സംസ്കാരം വളർത്തിയെടുക്കണം. അരുമകൾക്കുള്ള ക്ലിനിക്കുകളും ചികിൽസാസൗകര്യങ്ങളും വർധിപ്പിക്കണം.

drsabingeorge10@gmail.com

ഫോണ്‍: 94462 03839

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com