sections
MORE

ഡെയറി ഫാമിന് ജൈവസുരക്ഷ

Diary-Farm
SHARE

ഡെയറി ഫാമിന്റെ ജൈവ സുരക്ഷ എന്നാല്‍ എന്താണ്. 

കെ. പീതാംബരന്‍, വെണ്ണല

വലിയ മുതൽമുടക്കിൽ ഒട്ടേറെ കന്നുകാലികളെ വളർത്തുന്ന ഡെയറിഫാമുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ അവയുടെ ജൈവസുരക്ഷ ഏറെ പ്രധാനമാണ്. രോഗാണുക്കളുടെ പ്രവേശനം തടയുകയും അതുവഴി രോഗബാധ ഒഴിവാക്കുകയും ചെയ്യുക, പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവയ്പുകൾ യഥാസമയം എടുത്ത് രോഗ പ്രതിരോധം ഉറപ്പാക്കുക,ഫാമിലെ ഉരുക്കളിലെ രോഗസാധ്യത അറിയാന്‍ നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തുക, ഫാമിൽ ശുചിത്വം ഉറപ്പാക്കുക,പുതുതായി എത്തുന്ന ഉരുക്കളെ നിലവിലുള്ളവയുമായി സമ്പർക്കത്തിൽ വരുത്തുന്നതിനു മുമ്പ് നിശ്ചിത ദിവസത്തേക്ക് മാറ്റി (ക്വാറ ന്റൈന്‍) പാർപ്പിക്കുക എന്നിവയാണ് ജൈവസുരക്ഷാമാർഗങ്ങൾ. രോഗമുള്ള ഉരുക്കളെ ഉടന്‍ ചികിത്സിക്കണം. ഫാം ജീവനക്കാരും സന്ദർശകരും ശുചിത്വം പാലിക്കുന്നതായി ഉറപ്പുവരുത്തണം. തീറ്റ, ഫാം ഉപകരണങ്ങൾ, ഫാമിലെത്തുന്ന വാഹനങ്ങൾ എന്നിവയിലൂടെ രോഗ, കീടങ്ങള്‍ എത്താതെ നോക്കണം. ഫാമിലെ അവശിഷ്ടങ്ങൾ യഥാസമയം നീക്ക ണം. രോഗം വന്നു ചത്തുപോകുന്ന മൃഗങ്ങളെ യഥാവിധി മറവുചെയ്യണം. എലികൾ, ക്ഷുദ്രജീവികൾ, നായ്ക്കൾ, പൂച്ചകൾ എന്നിവ ഫാമില്‍ കടക്കാതെ സൂക്ഷിക്കണം. 

ഫാം ജീവനക്കാർക്കു രോഗമില്ലെന്ന് ഉറപ്പാക്കുക. അവർ വ്യക്തിശുചിത്വം പാലിക്കണം. പശുക്കളെ കറക്കുന്നവർ കൈ സോപ്പിട്ടു നന്നായി കഴുകണം. മാസ്ക്, ഗംബൂട്ട് എന്നിവ ധരിക്കണം. സന്ദർശകർ ഫാമിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കണം. ഫാമിലെ പ്രവേശനകവാടത്തിൽ ഫുട്ബാത്തിലെ (പാദങ്ങൾ കഴുകുന്നതിനുള്ള സൗകര്യം– FOOT BATH) അണുനാശിനിയിൽ കാലുകൾ മുക്കണം. കാലിത്തീറ്റ ഇൗർപ്പം തട്ടാത്ത വിധം മരപ്പലകയിൽ വയ്ക്കണം. നനഞ്ഞ കൈകൊണ്ട് തീറ്റ കൈകാര്യം ചെയ്യരുത്. തീറ്റ വയ്ക്കുന്ന മുറിയിൽ എലി കയറാത്തവിധം ശ്രദ്ധിക്കണം. എലിക്കെണി, എലിവിഷം എന്നിവ ഉപയോഗിച്ച് ഫാമിൽ എത്താനിടയുള്ള എലികളെ നശിപ്പിക്കണം.

ഫാം ഉപകരണങ്ങൾ: ഫാമിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കഴുകി വൃത്തിയായി സൂക്ഷിക്കണം. വിശേഷിച്ച് കറവയന്ത്രം. കറവയന്ത്രത്തിൽ കറക്കുന്ന ടീറ്റ് കപ്പ് കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കണം. കറവയന്ത്രം വഴിയുള്ള അകിടുവീക്കസാധ്യത ഒഴിവാക്കണം.

തൊഴുത്തിന്റെ ശുചിത്വം: തൊഴുത്തിലേക്ക് സൂര്യപ്രകാശം വീഴുന്നുവെങ്കിൽ വളരെ നല്ലത്. തൊഴുത്തിലെ ഇൗർപ്പം ഒഴിവാക്കാൻ ഉപകരിക്കും. പ്രഷർ വാഷർ ഉപയോഗിച്ച് തൊഴുത്തിലെ ചാണകവും മറ്റും കഴുകി വൃത്തിയാക്കി ബ്ലീച്ചിങ് പൗഡർപോലുള്ള അണുനാശിനി ഉപയോഗിച്ച് തൊഴുത്തിലെ അണുക്കളുടെ സാന്നിധ്യം പരമാവധി ഒഴിവാക്കി ശുചിത്വം ഉറപ്പാക്കുക.

തൊഴുത്തിലെ അവശിഷ്ടങ്ങൾ: ഫാമിലെ തീറ്റയവശിഷ്ടങ്ങൾ, പ്രസവശേഷമുള്ള പ്ലാസന്റ എന്നിവ അകലെ കുഴിയെടുത്ത് മറവു ചെയ്യണം. ഫാമിലെ ചത്ത ഉരുക്കളെയും ആഴമേറിയ കുഴിയിൽ മറവുചെയ്യണം. ജലസ്രോതസ്സിൽനിന്ന് 10 മീറ്റര്‍ എങ്കിലും അകലത്തിൽ വേണം മറവുചെയ്യേണ്ടത്. മണ്ണിൽ കുമ്മായം നന്നായി വിതറി അണുനശീകരണം ഉറപ്പാക്കണം. കുന്തിരിക്കം, തുമ്പ, കർപ്പൂരം എന്നിവ ഉപയോഗിച്ചു ഫാമിൽ പുകയ്ക്കുന്നതു നന്ന്. അന്തരീക്ഷത്തിലെ അണുക്കളുടെ സാന്നിധ്യം കുറയ്ക്കാം. ബാഹ്യപരാദങ്ങൾ ഒട്ടേറെ രോഗങ്ങൾ പകർത്തുന്നതിനാൽ അവയെ ഒഴിവാക്കണം. അതിനുള്ള മരുന്നുകൾ നിശ്ചിത ഗാഢതയിൽ ഉരുക്കളുടെ ദേഹത്ത് ആഴ്ചയിൽ ഒരിക്കൽ എന്ന തോതിൽ തളിക്കണം.

ഡോ.സി.കെ. ഷാബു, പെരുവ

ഡപ്യൂട്ടി ഡയറക്ചർ, ലൈവ്സ്റ്റോക്ക്

മാനേജ്മെന്റ് പരിശീലനകേന്ദ്രം,  ആലുവ

 ഫോൺ:9447399303

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA