sections
MORE

അടുക്കളമാലിന്യം നൽകി പന്നിയെ വളർത്താം, അധിക ചെലവില്ലാതെ നേടാം 20,000 രൂപ

HIGHLIGHTS
  • അല്പം ബുദ്ധിമുട്ടാൻ തയാറായാൽ കൃഷി നല്ലൊരു വരുമാനമാർഗമാണ്
  • ബ്രീഡിങ് നോക്കുന്നില്ലെങ്കിൽ അഞ്ചടി നീളവും 10 അടി വീതിയുമുള്ള കൂട് നിർമിക്കാം
pig
SHARE

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും – 1

''എന്താ രാവിലെ വീട്ടിൽനിന്നൊരു ബഹളം കേട്ടത്?" ഉച്ചയ്ക്ക് കവലയിൽവച്ചു കണ്ട ജോമോനോട് കുശലം ചോദിക്കുന്നതിനിടെ വറീതുചേട്ടൻ ചോദിച്ചു.

നാട്ടിലെ പ്രധാന യുവകർഷകനാണ് ജോമോൻ. വീട്ടിലില്ലാത്ത കൃഷിയൊന്നുമില്ല. റബറാണ് പ്രധാന വരുമാനമാർഗമെങ്കിലും ആട്, കോഴി, പന്നി, പശു, മുയൽ, മത്സ്യം മുതലായവയും പച്ചക്കറികൃഷിയും വീടിനോടു ചേർന്നുതന്നെയുണ്ട്. രാവിലെ ജോമോന്റെ വീട്ടിൽനിന്ന് പതിവില്ലാത്ത രീതിയിൽ പന്നിയുടെ ശബ്ദം കേട്ടതാണ് വറീതുചേട്ടന്റെ ചോദ്യത്തിനു കാരണം.

"അതോ, രാവിലെ ഒരു പന്നിയെ അങ്ങു തട്ടി. ഒരു കാറ്ററിങ് ഓർഡർ കിട്ടിയതുകൊണ്ട് പെട്ടെന്നായിരുന്നു." പന്നിയെ കൊന്ന സ്ഥിതിക്ക് ഇറച്ചിയുടെ കാര്യം തന്നോടൊന്നു പറയാമായിരുന്നില്ലേ എന്ന് വറീതുചേട്ടൻ ചോദിക്കുമെന്ന് അറിയാമായിരുന്ന ജോമോൻ മുൻകൂട്ടി പറഞ്ഞു.

"എന്നിട്ട് ആരാ കൊല്ലാൻ കൂടിയത്?"

"ഓ... പുറത്തുനിന്ന് ആരുമില്ല. എല്ലാം ഞങ്ങളു തന്നെ... രാവിലെ അപ്പനും മക്കളും ഒന്ന് മിനക്കെട്ടിറങ്ങി. പുറത്തുനിന്ന് ആളെ വിളിച്ചാൽ 7–8 മാസം നോക്കി വളർത്തിയതിന് പ്രയോജനം ഉണ്ടാകാതെ വരും."– ജോമോൻ പറഞ്ഞു.

"ഇപ്പോൾ എത്ര പന്നിയുണ്ട്?"–വറീതു ചേട്ടൻ ചോദിച്ചു.

"ഇനി രണ്ട് പെൺപന്നികൾക്കൂടിയുണ്ട്. പേറടുത്തിരിക്കുന്നതാ. കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിൽ പറയണം."–  ജോമോൻ പറഞ്ഞു. ഇന്ന് ഫേസ്ബുക്കും വാട്സാപ്പും മാർക്കറ്റിങ് സാധ്യത തുറന്നുതരുന്നുണ്ടെങ്കിലും നാട്ടിൻപുറങ്ങളിൽ എപ്പോഴും സഹായിക്കുന്നത് ഇതുപോലുള്ള സൗഹൃദങ്ങളാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ വിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാറുമില്ല. അതുകൊണ്ടാണ് നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയായ വറീതുചേട്ടനോട് ജോമോനിത് പറഞ്ഞത്.

"പന്നിയെ വളർത്തൽ വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലേ ജോമോനേ?"

"എന്തു കാര്യത്തിനാ വറീതുചേട്ടാ ബുദ്ധിമുട്ടില്ലാത്തത്? ഒരു കർഷകന് ചുമ്മാ നോക്കിയിരുന്നാൽ പണമുണ്ടാക്കാൻ കഴിയുമോ? അൽപം ബുദ്ധിമുട്ടാൻ തയാറായാൽ കൃഷി നല്ലൊരു വരുമാനമാർഗമാണ്. എന്റെ അഭിപ്രായത്തിൽ സ്ഥലസൗകര്യമുള്ളവർ വീട്ടിൽ ഒരു പന്നിയെങ്കിലും വളർത്തണം. ഒരു വീട്ടിൽനിന്നുള്ള അടുക്കളമാലിന്യം മതി നല്ല രീതിയിൽ ഒരു പന്നിയെ വളർത്താൻ. വെറുതെ കളയുന്ന കഞ്ഞിവെള്ളവും പച്ചക്കറി അവശിഷ്ടങ്ങളുമെല്ലാം നല്കി അനായാസം പന്നിയെ വളർത്തിയെടുക്കാവുന്നതേയുള്ളൂ. കൂട് ദിവസേന വൃത്തിയാക്കുക, കുളിപ്പിക്കുക എന്നിവ ചെയ്താൽ മണവും ഉണ്ടാകില്ല. ഒരു പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് ഉണ്ടെങ്കിൽ പന്നിയുടെ കാഷ്ഠം ഉപയോഗിച്ച് ഗ്യാസും ഉത്പാദിപ്പിക്കാം."–ജോമോൻ വാചാലനായി. കൃഷിയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ ജോമോന് മടിയില്ല.

"ഒരു പന്നിക്ക് എത്രവലിയ കൂട് വേണം?" പന്നിയെ വളർത്തിയാൽക്കൊള്ളാമെന്ന ചിന്തയോടെ വറീതുചേട്ടൻ ചോദിച്ചു.

"ബ്രീഡിങ് നോക്കുന്നില്ലെങ്കിൽ അഞ്ചടി നീളവും 10 അടി വീതിയുമുള്ള കൂട് നിർമിക്കാം. നാല് സോളിഡ് ബ്രിക്കിന്റെ ഉയരം മതി. തറ കല്ലുകൊണ്ടു കെട്ടി അല്പം ഉയർത്തിയാൽ നല്ലതാണ്. നാലു വശവും തറയും പരുക്കനിടണം. തറയ്ക്ക് ഒരു വശത്തേക്ക് ചെരിവുണ്ടെങ്കിൽ കൂട് കഴുകുമ്പോഴുള്ള വെള്ളവും മൂത്രവുമൊക്കെ ഒഴുകിപ്പോകാൻ എളുപ്പമുണ്ട്. മാത്രമല്ല കൂട് വൃത്തിയായി ഇരിക്കുകയും ചെയ്യും. അധികം വെയിൽലേൽക്കാത്ത സ്ഥലത്ത് കൂട് നിർമിക്കുന്നതാണ് നല്ലത്. മഴയും വെയിലും ഏൽക്കാതിരിക്കാൻ അല്പം ഉയരത്തിൽ മേൽക്കൂര സ്ഥാപിക്കാം. നല്ല രീതിയിൽ നിർമിച്ചാൽ കൂടുതൽ കാലം ഈടു ലഭിക്കും."–ജോമോൻ പറഞ്ഞു.

"ജോമോനെ ഒരു സംശയം? ഇവർക്ക് തീറ്റ എന്തിലാണ് കൊടുക്കേണ്ടത്. സിമന്റിൽ കഞ്ഞിവെള്ളം ചാടിയാൽ പെട്ടെന്നു പൊളിയില്ലേ?" വറീതുചേട്ടന് സംശയം.

pig
സ്റ്റീൽ ബേസിൻ‍ ഉപയോഗിച്ചുള്ള തീറ്റപ്പാത്രം

"സിമന്റിൽ കഞ്ഞിവെള്ളം വീണാൽ പൊളിയും. അതിന്റെ ശാസ്ത്രീയ വശം വിശദീകരിക്കാൻ എനിക്ക് അറിയില്ല. എങ്കിലും ഞാൻ പിന്തുടരുന്ന രീതി പറയാം." ജോമോൻ തുടർന്നു, "പണ്ട് വീട്ടിൽ ഉപയോഗിച്ചിരുന്ന ആട്ടുകല്ലാണ് ഇപ്പോൾ ഒരു പന്നിക്ക് കഴിക്കാനുള്ള മരവിയായി മാറിയത്. കല്ലു കൊത്തി വലിയ പാത്രമാക്കി എടുത്തിരിക്കുന്നതാണ്. ദിവസവും കഴുകുന്നതുകൊണ്ട് വൃത്തിയായി ഇരുന്നുകൊള്ളും. മറ്റൊരു പന്നിക്ക് സ്റ്റീൽ ബേസിനാണ് മരവിയാക്കി നല്കിയിട്ടുള്ളത്."

"സ്റ്റീൽ ബേസിനോ? അതെങ്ങനെ? മറിച്ചുകളയില്ലേ?" വറീതുചേട്ടന് ആകാംക്ഷ കൂടി.

"ഉറപ്പിച്ചുവച്ചിരിക്കുകയാണ്. ഒരു ബേസിൻ വാങ്ങി വക്കത്ത് മൂന്നോ നാലോ തുള ഇട്ട് നട്ടും ബോൾട്ടും ഇടും. ഇത് നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു വച്ചശേഷം കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കുകയാണ്. നട്ട്–ബോൾട്ട് ഇട്ടിരിക്കുന്നതിനാൽ പന്നി തട്ടിയാലും ബേസിൻ ഇളകില്ല." – ജോമോൻ പറഞ്ഞു.

"അപ്പോൾ തീറ്റയോ?"

"ഞാൻ നേരത്തെ പറഞ്ഞതുപോലെ വീട്ടിലെ മാലിന്യത്തിനൊപ്പം കഞ്ഞിവച്ചും പന്നിക്കു കൊടുക്കുന്നുണ്ട്. ഇതിനായി മില്ലിൽനിന്നു പുറംതള്ളുന്ന വേസ്റ്റ് അരി വാങ്ങുകയാണ് ചെയ്യുക. ഇതിനൊപ്പം ചിക്കൻ വേസ്റ്റും വേവിച്ച് കൊടുക്കുന്നുണ്ട്. നല്ല ഇനം പന്നികളെ വേണം വളർത്താനായി തെരഞ്ഞെടുക്കേണ്ടത്. അന്തർപ്രജനനം ഒഴിവാക്കുകയും വേണം. എങ്കിലേ തീറ്റ കൊടുക്കുന്നതിനനുസരിച്ചുള്ള തൂക്കം ലഭിക്കൂ."

"അന്തർപ്രജനനം എന്നാൽ എന്താണ്?" വറീത് ചേട്ടനു സംശയം തീരുന്നില്ല.

"വറീതുചേട്ടാ ഇവയെക്കുറിച്ചൊക്കെ പറഞ്ഞാലും പറഞ്ഞാലും തീരില്ല. ഇപ്പോൾ ഏതായാലും സമയം വൈകി. ഇനിയും സംസാരിച്ചിരുന്നാൽ എന്റെ മക്കൾ പട്ടിണിയിലാകും. ഇനി കാണുമ്പോൾ ബാക്കി കാര്യങ്ങൾ പറഞ്ഞുതരാം. സംശയങ്ങൾ എല്ലാം ആലോചിച്ചുവച്ചോ...." തന്റെ ബൈക്കിൽ കയറി ജോമോൻ വീട്ടിലേക്കു പോയി. 

പുതിയ സംരംഭം മനസിലുറപ്പിച്ച് വറീതുചേട്ടനും വീട്ടിലേക്കു നടന്നു.

തുടരും...

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA