sections
MORE

പോരാളിമത്സ്യങ്ങളിലൂടെ മാസം 65,000 രൂപ; ഇത് സുവിന്റെ ലോകം

HIGHLIGHTS
  • തുടക്കം ഒരു ജോടി വെള്ള പോരാളിമത്സ്യങ്ങളിലൂടെ
  • കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം
fish-suvin
സുവിൻ
SHARE

കംപ്യൂട്ടർ പ്രഫഷനലായിരുന്നു കൊടുങ്ങല്ലൂർ കാട്ടാകുളം പൊക്കത്ത് പി.വി സുവിൻ. ഐടി കമ്പനി ജീവനക്കാരനായും സംരംഭകനായും പിന്നീട് നെറ്റ്‌വർക്ക് വി‌ദഗ്ധനായുമൊക്കെ പ്രവർത്തിച്ച ഈ മുപ്പത്ത‍ഞ്ചുകാരൻ ഇപ്പോൾ കൂടുതൽ സമയവും വീട്ടിൽതന്നെയുണ്ട്. പിന്നാമ്പുറത്തെ ഷെഡിൽ കുറെയേറെ പഴയ പ്ലാസ്റ്റിക് കുപ്പികളിലും പെട്ടികളിലും വെള്ളം നിറച്ച് അലങ്കാരമത്സ്യങ്ങളെ വളർത്തുകയാണ് ഇപ്പോൾ മുഖ്യ പരിപാടി. ജോലി നഷ്ടപ്പെട്ടതായിരിക്കുമെന്നു കരുതിയവർക്കു തെറ്റി. ജോലി നഷ്ടപ്പെടുത്തിയതാണ്. സമ്മർദമൊഴിയാത്ത ഐടി മേഖല വേണ്ടെന്നുവച്ച സുവിൻ പകരം കണ്ടെത്തിയ വരുമാനമാർഗമാണ് അലങ്കാരമത്സ്യക്കൃഷി. മാനസികസുഖം മാത്രമല്ല വരുമാനവർധനയും ഇതുവഴി നേടാനായെന്നു സുവിൻ.

ആറു വർഷം മുമ്പ്, ജോലിയുണ്ടായിരുന്ന കാലത്ത് മാനസികസന്തോഷത്തിനുവേണ്ടിയാണ് സുവിൻ അലങ്കാരമത്സ്യങ്ങളെ വളർത്തി തുടങ്ങിയത്. ഒരു ജോടി വെള്ള പോരാളിമത്സ്യങ്ങളായിരുന്നു തുടക്കത്തിൽ. അവയുെട അഴകേറിയ ചലനങ്ങൾ കണ്ടു നിൽക്കുമ്പോൾ എല്ലാ ടെൻഷനും മാറുമെന്ന് സുവിൻ പറയുന്നു. ആറു മാസം കഴിഞ്ഞ് മത്സ്യജോടികളുടെ പ്രജനനം നടത്തിയപ്പോൾ 250ലധികം കുഞ്ഞുങ്ങളെ കിട്ടി. കൗതുകം മൂലം നടത്തിയ പരീക്ഷണ പ്രജനനത്തിൽ ഇത്രയധികം മത്സ്യക്കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതിയിരുന്നില്ല. എണ്ണം കുറയ്ക്കുന്നതിനായാണ് വിൽക്കാനുണ്ടെന്ന ഓൺലൈൻ പരസ്യം നൽകിയത്. അന്വേഷണങ്ങളുെട പ്രവാഹമായിരുന്നു പിന്നെ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ മത്സ്യവിത്തും വിറ്റുതീർന്നു. മികച്ച ആദായവും കിട്ടി. അതോടെ സുവിന്റെ മനസ്സിൽ ലഡു പൊട്ടി. ജോലിയോടൊപ്പം ഒരു സൈഡ് ബിസിനസായി ഫൈറ്റർ മത്സ്യങ്ങളുെട പ്രജനനം തുടങ്ങി. എന്നാൽ ബിസിനസ് മെച്ചപ്പെട്ടതോടെ രണ്ടിലൊന്നു മാത്രം സ്വീകരിക്കാൻ നിർബന്ധിതനാവുകയായിരുന്നു. അങ്ങനെ ആറു മാസം മുമ്പ് മുഴുവൻസമയ മത്സ്യപ്രജനനത്തിലേക്കു മാറി.

കംപ്യൂട്ടർജോലി ഉപേക്ഷിക്കാൻ മാത്രം എന്തു വരുമാനമാണ് സുവിൻ നേടുന്നതെന്നറിയേണ്ടേ? അതും കഴിക്കാൻ കൊള്ളാത്ത അലങ്കാരമീനുകളിൽ നിന്ന്! എങ്കിൽ കേട്ടോളൂ, ദിവസേന ശരാശരി 2500 രൂപയുടെ കച്ചവടം കിട്ടുന്നുണ്ടെന്ന് സുവിൻ പറയുന്നു. അവധി ദിനങ്ങളിൽ ഇത് ഇരട്ടിയാകാറുണ്ട്. ഒരു മാസം ഏറ്റവും കുറഞ്ഞത് 65,000 രൂപ ആദായം. മുടക്കമില്ലാതെ എല്ലാ മാസവും ഇതു കിട്ടുന്നുണ്ടെന്നും വർധിക്കുന്നതല്ലാതെ വരുമാനം കുറയുന്നില്ലെന്നും സുവിൻ കൂട്ടിച്ചേർത്തു. ഇത്രയും വരുമാനമുണ്ടാക്കുന്നതിന്റെ പത്രാസൊന്നും സുവിന്റെ ഫാമിനില്ലെന്നും അറിയണം. ഏകദേശം 1000 പ്ലാസ്റ്റിക് കുപ്പികളും 15 പ്ലാസ്റ്റിക് ബോക്സുകളും 15 പോർട്ടബിൾ ടാങ്കുകളും 15 സ്ഫടിക ടാങ്കുകളും ചേർന്നാൽ സുവിന്റെ ഫാമായി. സ്ഫടിക ടാങ്കൊഴികെ എല്ലാം ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ. പലയിടങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് വാങ്ങുകയായിരുന്നു. കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന സംരംഭം കൂടിയാണിത്.

അന്തരീക്ഷവായു ശ്വസിക്കുന്ന പോരാളിമത്സ്യങ്ങൾ തന്നെയാണ് ഇപ്പോഴും ഈ ഫാമിലെ പ്രധാന ഇനം. കൂടാതെ ഗപ്പികൾ, മാലാഖമത്സ്യങ്ങൾ, ഓസ്കാർ, ഫ്ലവർ ഹോൺ എന്നിവയെ ഉൾപ്പെടുത്തി വൈവിധ്യമൊരുക്കാനും സുവിൻ ശ്രമിക്കുന്നുണ്ട്. എങ്കിലും ഫൈറ്റർ മത്സ്യങ്ങളാണ് പ്രധാന വരുമാനസ്രോതസ്.

വിനോദത്തിനായി അവയെ വളർത്തുന്നവരാണ് പ്രധാന ഇടപാടുകാർ. ആദ്യകാലങ്ങളിൽ കേരളത്തിനു പുറത്തായിരുന്നു കൂടുതൽ വിപണി. എന്നാൽ ഇപ്പോൾ സംസ്ഥാനത്തുതന്നെ ആവശ്യക്കാർ വർധിച്ചുവരുന്നതിനാൽ ഇതരസംസ്ഥാന വിപണികളെ കാര്യമായി ആശ്രയിക്കേണ്ടിവരുന്നില്ല. ഓൺലൈൻ വിപണിയിലൂടെയാണ് സുവിൻ പുതിയ ഇടപാടുകാരെ കണ്ടെത്തുന്നത്. വിനോദത്തിനു വേണ്ടി മാത്രമല്ല ഇത്. പഠനകാലത്ത് വരുമാനത്തിനായി അലങ്കാരമത്സ്യങ്ങളുെട പ്രജനനം നടത്തുന്ന കൗമാരക്കാരും യുവാക്കളും ഏറെയുണ്ട്.

betta
റെഡ് ഡ്രാഗൺ (ഇടത്ത്), മാർബിൾ ഡബിൾ ടെയിൽ (വലത്ത്) ബേറ്റാഫിഷുകൾ

വീടുകളിൽ വളർത്താനായി വാങ്ങുന്നവർക്കു വില കുറഞ്ഞ ഇനങ്ങളോടാണ് താൽപര്യം. എന്നാൽ പ്രജനനത്തിനായുള്ള മത്സ്യങ്ങൾക്ക് വിലയേറും. ചെറുമത്സ്യങ്ങളാണെങ്കിലും ഗപ്പികളുടെയും ഫൈറ്ററുകളുടെയും വിലയിൽ ഈ വിലവ്യത്യാസം കൂടുതൽ പ്രകടമാണെന്ന് സുവിൻ ചൂണ്ടിക്കാട്ടി. 30,000 രൂപവരെ വിലയുള്ള ഗപ്പി ഇവിടെ വിൽപനയ്ക്കെത്തുന്നുണ്ട്; 6,000രൂപ വരെ വിലയുള്ള ഫൈറ്റർ ഇനങ്ങളും. ജോടിക്ക് 2500 രൂപ വിലയുള്ള ഗാലക്സി കോയി ഹാഫ് മൂൺ, 1200 രൂപ വിലയുള്ള നെമോ കാൻഡി ഹാഫ് മൂൺ എന്നിവ സുവിന്റെ ശേഖരത്തിലുണ്ട്. കൂടാതെ സ്വന്തമായി വികസിപ്പിച്ച ഡ്രാഗൺ ഡബിൾ ടെയിൽ ഇനവും. ജോടിക്ക് 1000 രൂപയ്ക്കാണ് ഇതിന്റെ വിൽപന.

അലങ്കാരമത്സ്യങ്ങളുടെ രാജ്യാന്തര പ്രദർശന മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള സുവിൻ ദേശീയതലത്തിൽ ജേതാവായിട്ടുണ്ട്. കേരളത്തിലാവശ്യമുള്ള അലങ്കാര മത്സ്യങ്ങളുെട 20 ശതമാനം മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ. ബാക്കി അയൽ സംസ്ഥാനങ്ങളിൽനിന്നും അന്യദേശങ്ങളിൽനിന്നും വരുന്നവയാണ്. പുതിയ ഇനങ്ങൾ ലഭിക്കാൻ ഇറക്കുമതി തന്നെയാണ് ശരണം. ആവശ്യക്കാർക്ക് അലങ്കാരമത്സ്യങ്ങളെ ഇറക്കുമതി ചെയ്തു നൽകുന്ന ഏജന്റുമാരുണ്ട്. ബേറ്റാ ഫിഷ് എന്നറിയപ്പെടുന്ന ഫൈറ്റർ മത്സ്യങ്ങൾ ജന്മദേശമായ തായ്‌ലഡിൽനിന്നാണ് കൂടുതലായും വരുന്നത്.

അലങ്കാരമത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് കടന്നുവരാൻ യോജ്യമായ മേഖലയാണിതെന്നു സുവിൻ ചൂണ്ടിക്കാട്ടി. ചെറിയ തോതിൽ വളർത്തി മത്സ്യങ്ങളുെട സ്വഭാവസവിശേഷതകളും മറ്റും മനസ്സിലാക്കിയശേഷം പ്രജനനസംരംഭമായി മാറുന്നതാവും ഉചിതം. ഇതൊരു കൃഷിയാണെന്നും തിരിച്ചടികൾക്കു സാധ്യതയുണ്ടെന്നും പലരും മനസ്സിലാക്കുന്നില്ല. കാലാവസ്ഥാമാറ്റം, രോഗങ്ങൾ തുടങ്ങിയവ മൂലം നഷ്ടമുണ്ടാകാം. അത്തരം കാര്യങ്ങൾ കൂടി ചിന്തിച്ചുമാത്രമെ ഇതിലേക്കു കടന്നുവരാവൂ. ‘‘മികച്ച വരുമാനം നേടിയാലും ഈ മേഖലയെ വരുമാനമാർഗമായി അംഗീകരിക്കാൻ സമൂഹത്തിനു മടിയാണ്. അലങ്കാരമത്സ്യക്കൃഷിയിലൂെട ജീവിതനിലവാരം മെച്ചപ്പെടുമ്പോൾ മാത്രമേ ഇതു കുട്ടിക്കളിയല്ലെന്ന് അവർ തിരിച്ചറിയൂ’’.– സുവിൻ അഭിപ്രായപ്പെട്ടു.

ഫോൺ: 9605797532

മോഹവിലയ്ക്കു പിന്നിൽ

മൊബൈൽഫോണിന്റെ വിലപോലെയാണ് ഫൈറ്റർ മത്സ്യങ്ങളുടെ വില. പുതിയ മോഡലുകളെത്തുമ്പോൾ തീവിലയായിരിക്കും. ഇതുവരെ കാണാത്ത നിറഭേദങ്ങളും സവിശേഷതകളും കാണാം.എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നാട്ടിലെങ്ങും വ്യാപകമാകുന്നതോെട വില നാലിലൊന്നും പത്തിലൊന്നുമൊക്കെയായി ചുരുങ്ങും. അപ്പോഴേക്കും പുതിയ ഇനങ്ങൾ കളം പിടിച്ചിരിക്കും, ഉയർന്നവിലയോടെ.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA