ADVERTISEMENT

ആടിന്റെ ചെവി കൂർത്തു നിൽക്കുന്നതു രോഗലക്ഷണമാണ്. എഴുന്നു നിൽക്കുന്ന രോമങ്ങളും തിളക്കമില്ലാത്ത കണ്ണുകളും തൂങ്ങിയുള്ള നിൽപ്പും രോഗലക്ഷണങ്ങൾ തന്നെ.

ദഹനക്കുറവും വയറുകമ്പിക്കലും മാറ്റാൻ: വെളുത്തുള്ളിയും കുരുമുളകും സമം എടുത്ത് ആവശ്യത്തിന് ഉപ്പു ചേർത്ത് അരച്ചു കൊടുക്കുക. തണുപ്പത്തു കുരുമുളകുതിരി (ചരട്) ഉപയോഗിച്ചു കൂടിനടിയിൽ പുകയ്ക്കുന്നതു കൊള്ളാം.

അകിടുവീക്കം മാറ്റാൻ: ഇരട്ടിമധുരവും ശതകുപ്പയും പനിക്കൂർക്കയുടെ ഇലയും തുല്യ അളവിലെടുത്തു നന്നായി അരച്ചു കുഴമ്പു പരുവത്തിലാക്കി മൂന്നു നാലു ദിവസം അകിടിൽ പുരട്ടുക.

ആടിനു വയറിളക്കം വന്നാൽ: ഇടിഞ്ഞിൽ ഇല പറിച്ചു കൊടുക്കുക.

മുലയ്ക്കു നീരിന്: പെരിങ്ങിലത്തിന്റെ കൂമ്പും ജീരകവും ചേർത്ത് അരച്ച് വെണ്ണ /നെയ്യ് ഒഴിച്ച് ചീനച്ചട്ടിയിലിട്ടു മൂപ്പിച്ചു പുരട്ടുക.

കുമിൾബാധയ്ക്ക്: വേപ്പെണ്ണയിൽ തുരിശ് ഒരു നുള്ളിട്ടു മൂപ്പിച്ചു പുരട്ടുക. ഏലാദിപ്പൊടി ചെറുനാരങ്ങാ നീരിലോ വെളിച്ചെണ്ണയിലോ കുഴച്ചു പുരട്ടിയാലും കുമിൾബാധ മാറും.

അകിടു നീരിന്: പുളിയിലയും പച്ചമഞ്ഞളും സമം അരച്ച് വിനാഗിരിയിൽ ചേർത്ത് പുരട്ടുകയോ കുരുമുളകും തുളസിയിലയും ചേർത്ത് അരച്ചു കൊടുക്കുകയോ ചെയ്യുക.

പനി, ജലദോഷം എന്നിവ മാറാൻ: യൂക്കാലിയിട്ട് ആവി പിടിക്കുക. കുരുമുളകുതിരിയും കുരുമുളകു ശുദ്ധീകരിച്ചതിന്റെ അവശിഷ്ടങ്ങളും ചട്ടിയിലിട്ട് കൂടിനടിയിൽ വച്ചു പുകച്ചാൽ ജലദോഷം മാറും. തുളസിയില, ഇഞ്ചി, ശർക്കര, കുരുമുളക്, ചെറുനാരങ്ങാനീര് എന്നിവ വെള്ളത്തിൽ സമം ചേർത്തു  തിളപ്പിച്ചശേഷം ആറിച്ചുകൊടുത്താലും ജലദോഷം മാറും. കുരുമുളക്, തിപ്പലി, കറുവ, ചുക്ക് എന്നിവ സമം പൊടിച്ച് പതിനഞ്ചു ഗ്രാം വീതം ശർക്കരയിൽ കുഴച്ചു കൊടുത്താൽ ജലദോഷം മാറും.

ദഹനക്കേടിന്: ചുക്ക്, കറിവേപ്പിലക്കുരുന്ന്, ഉണക്കമ​ഞ്ഞൾ, കറിയുപ്പ് എന്നിവ സമം പൊടിച്ചു  കലർത്തിയത് 20 ഗ്രാം ദിവസം ഒരു തവണ ശർക്കരയിൽ കുഴച്ചു കൊടുക്കുക. കുടംപുളിയും ഉപ്പും കുരുമുളകും വെളുത്തുള്ളിയും സമം അരച്ചതും ശർക്കരയുണ്ട പൊടിച്ചതും ചേർത്തു കൊടുത്താൽ ദഹനക്കേട് മാറും.

വയറിളക്കത്തിന്: പേരയിലയും മഞ്ഞളും സമം അരച്ചു കലക്കി കൊടുക്കുക. വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ടചൂർണം 15ഗ്രാം വീതം ശർക്കരയിൽ കുഴച്ചു കൊടുക്കുക.

കരൾരോഗത്തിനും വിശപ്പില്ലായ്മയ്ക്കും: കീഴാനെല്ലി അരച്ചുരുട്ടി കൊടുക്കുക. വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ടചൂർണം 15 ഗ്രാം വീതം ശർക്കരയിൽ കുഴച്ചു കൊടുക്കുക.

കട്ടു പിടിച്ചാൽ: ഉടൻ കരിക്കിൻവെള്ളം കൊടുക്കുക. തുടർന്ന് 25 മില്ലി ലീറ്റർ വെളിച്ചെണ്ണയും.

ചുമയ്ക്ക്: ആടലോടകം ഇടിച്ചുപിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്തു കൊടുക്കുക.

വയറുകടിക്ക്: കൂവളത്തിൻവേര്, ചുക്ക്, മുത്തങ്ങക്കിഴങ്ങ്, ജീരകം എന്നിവ സമം പൊടിച്ച് 15 ഗ്രാം വീതം രണ്ടുനേരം ശർക്കരയിൽ ചേർത്തു കൊടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com