ADVERTISEMENT

മുയൽ വളർത്തലിലേക്ക് കടന്നുവന്ന പലരും ചോദിക്കുന്ന പതിവു ചോദ്യമാണിത്. മുയലുകൾ ഒരിക്കലും കുഞ്ഞുങ്ങളെ പാലൂട്ടാറില്ല, നാം തള്ള മുയലിനെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ അതിന്റെ മുലയിൽ വച്ചുകൊടുക്കണം എന്ന് കരുതുന്നവർ ഏറെയുണ്ട്. മുയലുകൾ മുലയൂട്ടുന്നത് കാണാറില്ല എന്നതാണ് ഇതിനു കാരണം. പുല്ലുകൊണ്ട് മെത്ത ഒരുക്കി പ്രസവിക്കുന്ന മുയലുകള്‍ സാധാരണ കുഞ്ഞുങ്ങള്‍ക്ക് പാലുകൊടുക്കാതിരിക്കില്ല. ഇനി കൊടുക്കാൻ മടിക്കുന്നുണ്ടെങ്കിൽ തക്കതായ കാരണവും കാണും.

പിടിച്ചു കുടിപ്പിക്കണോ?

മുയലുകള്‍ സാധാരണ പുലച്ചെയോ രാത്രിയിലോ ആണ് കുഞ്ഞുങ്ങളെ പാലൂട്ടുക. അതുകൊണ്ടുതന്നെ പകല്‍ പാലൂട്ടുന്നത് നമുക്ക് കാണാന്‍ കഴിയില്ല. പാലൂട്ടുന്നില്ല എന്ന് തെറ്റിദ്ധരിച്ച് അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയില്‍ വച്ച് മുലയൂട്ടുന്ന രീതിയാണ് പലരും ഇന്ന് സ്വീകരിക്കുന്നത്. എന്നാല്‍, ഇത് തള്ളമുയലിനെ കൂടുതല്‍ ഭയപ്പെടുത്തുകയും പിന്നീട് തനിയെ മുലകൊടുക്കാന്‍ മടികാണിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. സാധാരണ വൈകുന്നേരങ്ങളിലോ പുലര്‍ച്ചെയോ ആണ് മുയലുകള്‍ പ്രസവിക്കുക. പിറ്റേന്ന് കുഞ്ഞുങ്ങളുടെ വയര്‍ നിറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. വയര്‍ നിറയെ പാലുകുടിച്ച കുഞ്ഞുങ്ങള്‍ നന്നായി ഉറങ്ങുന്നതു കാണാം. എന്നാല്‍, പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ ശരീരം ചുക്കിച്ചുളിഞ്ഞിട്ടുണ്ടാകും. കൂടാതെ നന്നായി ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥത കാണിക്കുന്നതും കാണാം.

പ്രസവത്തിനുമുമ്പ് എന്തുചെയ്യണം?

ഇണചേര്‍ത്ത ദിവസം കൃത്യമായി ഓര്‍ത്തിരിക്കാന്‍ കഴിഞ്ഞാല്‍ പ്രസവത്തീയതിയും നമുക്ക് കണക്കുകൂട്ടാന്‍ കഴിയും. സാധാരണ 28–31 ദിവസമാണ് മുയലുകളുടെ ഗര്‍ഭകാലം. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം മുന്നോട്ടുപോകാറുമുണ്ട്. ഇണചേര്‍ത്ത് 25 ദിവസം ആകുമ്പോഴെങ്കിലും പ്രവസപ്പെട്ടി കൂട്ടില്‍ ഒരുക്കിനൽകണം. ഇതിനായി കുറഞ്ഞത് ഒരടി നീളവും അരയടി വീതിയും 5 ഇഞ്ച് ഉയരവുമുള്ള പെട്ടി നൽകാം. അടിയില്‍ ചെറിയ ഇരുമ്പുവല തറയ്ക്കുന്നത് കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ കൃത്യമായി പോയി വൃത്തിയായിരിക്കാന്‍ ഉപകരിക്കും. 

എല്ലാ മുയലുകളും തനിയെ മുലയൂട്ടുമോ?

rabbit-3
ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളുടെ ശരീരത്തിൽ മടക്കുകളുണ്ടാകും

ഇല്ല എന്ന് പറയേണ്ടിവരും. മാതൃഗുണം ഇല്ലാത്തവ കുഞ്ഞുങ്ങളെ നല്ലരീതിയില്‍ സംരക്ഷിക്കുകയോ മുലയൂട്ടുകയോ ഇല്ല. എന്നാല്‍, ചില പെണ്‍മുയലുകള്‍ ആദ്യ പ്രസവത്തില്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ മടിച്ചാലും അടുത്ത പ്രസവംതൊട്ട് നല്ലരീതിയില്‍ സംരക്ഷിക്കുന്നത് കാണാം.

മുലയൂട്ടാന്‍ മടിച്ചാല്‍ എന്തു ചെയ്യണം?

തള്ളമുയൽ പാൽ നൽകുന്നില്ല എന്നു കണ്ടാൽ തള്ളമുയലിനെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ അതിന്റെ‌ മുലകളോട് ചേർത്തുവച്ചു നല്കാം. എന്നാൽ, ഇങ്ങനെ ചെയ്യുമ്പോൾ മുക്കണ്ണിലുള്ള പാലു മാത്രമേ കുഞ്ഞുങ്ങൾക്കു ലഭിക്കൂ. തള്ളമുയൽ പാൽ ചുരത്തി നൽകില്ല. മാത്രമല്ല രണ്ടു പേരുണ്ടെങ്കിൽ മാത്രമേ ഈ രീതി സ്വീകരിക്കാൻ കഴിയൂ. കൂടാതെ ദിവസം മൂന്നു നേരമെങ്കിലും ഇതേ രീതി പിന്തുടരേണ്ടിവരും. എങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് ആരോഗ്യത്തിനുള്ള പാൽ ലഭ്യമാകൂ. 

മറ്റൊരു രീതിയും ഈ സാഹചര്യത്തിൽ ഉപയോഗിക്കാം. പ്രസവപ്പെട്ടിയിലേക്ക് തള്ളമുയലിനെ കയറ്റി അതേ വലുപ്പത്തിലുള്ള ഒരു പെട്ടി ഉപയോഗിച്ച് മൂടുക. ആദ്യം അസ്വസ്ഥതയും വെപ്രാളവും കാണിക്കുമെങ്കിലും കുഞ്ഞുങ്ങള്‍ പാലുകുടിക്കാന്‍ തുടങ്ങിയാല്‍ അടങ്ങിനിന്നുകൊള്ളും. 5-10 മിനിറ്റ് കഴിയുമ്പോള്‍ തള്ളമുയലിനെ തുറന്നുവിടാം. ഈ രീതിയിൽ കുഞ്ഞുങ്ങൾക്ക് ആവശ്യമായ രീതിയിൽ പാൽ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു നേരം പാലൂട്ടിയാലും മതി. മാത്രമല്ല ഒരാൾക്കു തനിയെ ചെയ്യാവുന്നതേയുള്ളൂ.‌

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അവസ്ഥ ഇല്ലാതാക്കാം

1. ഗർഭിണിയായ മുയലുകളെ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെ വാങ്ങുന്ന മുയലുകൾ യാത്ര ചെയ്ത് ക്ഷീണിക്കുന്നതിനൊപ്പം ഭയപ്പെടുകയും ചെയ്യും. ഇത് അബോർഷനു കാരണമാകും. ഇനി പ്രസവിച്ചാൽത്തന്നെ മെത്തയൊരുക്കാനോ കുഞ്ഞുങ്ങളെ സംരക്ഷിക്കാനോ ശ്രമിക്കില്ല.

2. ഇണചേരലിനു ശേഷം പെൺമുയലുകളെ ഒറ്റയ്ക്ക് പാർപ്പിക്കുക. മറ്റു മുയലുകളുമായുള്ള സമ്പർക്കം കുഞ്ഞുങ്ങളെ സംരക്ഷിക്കാത്ത അവസ്ഥയിലെത്തിക്കും.‌

3. പ്രസവത്തിന് 4 ദിവസം മുമ്പെങ്കിലും കൂട്ടിൽ പ്രസവപ്പെ‌ട്ടി ഒരുക്കി നൽകിയിരിക്കണം. പ്രസവലക്ഷണങ്ങൾ കാണിക്കുമ്പോൾ പെട്ടി വച്ചു നല്കിയാൽ അത് അവ ഉൾക്കൊള്ളണമെന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com