sections
MORE

ജോടിക്ക് 12,000 മുതൽ ഒരു ലക്ഷം വരെ വിലയുള്ള കോന്യൂറുകളുടെ ശേഖരവുമായി ഒരു വൈദികൻ

HIGHLIGHTS
  • സൺ കൊന്യൂറാണ് കേരളത്തിലെ പക്ഷിസ്നേഹികൾക്കു കൂടുതൽ പരിചയം
  • കുടിവെള്ളത്തിന് ഓരോ കൂട്ടിലും നിപ്പിൾ ഡ്രിങ്കർ സംവിധാനം
conure
SHARE

‘ഈ അരുമപ്പക്ഷികളെ പരിപാലിക്കാൻ ദിവസം എത്ര രൂപ ചെലവാകും അച്ചന്’ എന്നു ചോദിച്ചാൽ ദീപുവച്ചൻ ഒരു കുസൃതിച്ചിരി ചിരിക്കും, എന്നിട്ടു ശബ്ദം താഴ്ത്തി ചോദിക്കും, ‘അതു വേണോ...? ചെലവിന്റെ കണക്കൊക്കെ വീട്ടിലറിഞ്ഞാൽ പ്രശ്നമാവും’. അങ്ങനെ പറയുമെങ്കിലും നല്ലൊരു തുക കൊന്യൂർ തത്തകൾക്കു വേണ്ടി അച്ചൻ ചെലവിടുന്നുണ്ടെന്നു ഭാര്യ റോഷ്നിക്കും അമ്മ രമണിക്കുമെല്ലാമറിയാം. അവരതങ്ങു സമ്മതിക്കും. കാരണം അവർക്കും അരുമകൾ തന്നെ ഈ കൊന്യൂറുകൾ. 

സ്കൂളിൽ പഠിക്കുന്ന കാലത്ത് അലങ്കാരമത്സ്യം വളർത്തലും ബോൺസായ് പരിപാലനവുമായിരുന്നു അച്ചന്റെ ഇഷ്ട വിനോദങ്ങൾ. കോട്ടയം ബസേലിയസ് കോളജ് പ്രിൻസിപ്പലായിരുന്ന പിതാവ് ഫാ. ഇ.എം. ഫിലിപ്പ്, വിശ്വാസത്തിലും അച്ചടക്കത്തിലുമുള്ള നിഷ്ഠകൾ നിർബന്ധമാക്കിയപ്പോഴും മകന്റെ വിനോദ, കൗതുകങ്ങൾക്കു സന്തോഷപൂർവം ഇളവു നൽകി.

conure-1
അമ്മ രമണി, ഭാര്യ റോഷ്‌നി, മക്കളായ മറിയം, ഫിലിപ്പ് എന്നിവർക്കൊപ്പം കൊന്യൂറുകളുടെ കൂടിനരികെ ദീപു അച്ചൻ

സെമിനാരി പഠനകാലത്തും വിവിധ പള്ളികളിൽ വികാരിയായി തിരക്കുപിടിച്ച ജീവിതത്തിലേക്കു കടന്നപ്പോഴും കൗതുകങ്ങൾ കൈവിട്ടില്ല ദീപുവച്ചൻ. വീടിരിക്കുന്ന ഒരേക്കറിൽ അപൂർവയിനം വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടു വളർത്തുന്നതിലായി പുതിയ താൽപര്യം. രുദ്രാക്ഷവും ഊദും ഒാക്കും ബോധിയും മുളയിനങ്ങളും മുതൽ രാമതുളസിയും കരിമഞ്ഞളുമുൾപ്പെടെ ഒട്ടേറെയിനങ്ങൾ. കർഷകശ്രീയിൽനിന്ന് കൊന്യൂർ തത്തകളെക്കുറിച്ചു വായിച്ചറിഞ്ഞാണ് അച്ചൻ ആ അരുമപ്പക്ഷിയെ തേടിയിറങ്ങുന്നത്. ഇന്നു ജോടിക്ക് 12,000 മുതൽ 1 ലക്ഷം രൂപ വരെ വിലയുള്ള കൊന്യൂറുകൾ അച്ചനു സ്വന്തം; പരിപാലനത്തിനും പുതിയ ഇനങ്ങൾ വാങ്ങാനുമുള്ള പണം കൊന്യൂറുകളുടെ ബ്രീഡിങ്ങിലൂടെ തന്നെ കയ്യിലെത്തും.

കൊന്യൂറുകളുടെ കൂടെ

ലോകമെങ്ങുമുള്ള പക്ഷിപാലകർക്കു പ്രിയങ്കരമാണ് മക്കാവു തത്തകളോട് ഏറെ രൂപസാദൃശ്യമുള്ള കൊന്യൂറുകൾ. കൂട്ടത്തിൽ, സൺ കൊന്യൂറാണ് കേരളത്തിലെ പക്ഷിസ്നേഹികൾക്കു കൂടുതൽ പരിചയം. എന്നാൽ ജോടിക്ക് 30,000 രൂപ വിലവരുന്ന സൺ കൊന്യൂറിനൊപ്പം 45,000 രൂപ വില വരുന്ന ബ്ലൂ ക്രൗൺഡ് കൊന്യൂറും അതിലപ്പുറം പോകുന്ന പാറ്റഗോണിയ കൊന്യൂറും സെന്റ് തോമസ് കൊന്യൂറുമെല്ലാം അച്ചന്റെ ശേഖരത്തിലുണ്ട്. യെല്ലോ സൈഡഡ് കൊന്യൂർപോലെ താഴ്ന്ന വിലയുള്ളവയുമുണ്ട്. 

വിശാലമായ കൂടുകളാണ് അരുമതത്തകൾക്കായി നിർമിച്ചിരിക്കുന്നത്. ഓരോന്നിലും ഇണകൾ. മൂന്നുനേരം മികച്ച ഭക്ഷണം. രാവിലെ കടലയും പയറും മുതിരയും ഗ്രീൻപീസും പോലുള്ള പോഷകധാന്യങ്ങൾ മുളപ്പിച്ചത്. ഉച്ചയാവുന്നതോടെ പഴങ്ങളും പച്ചക്കറികളും. ചാമയും വരകുംപോലുള്ള ധാന്യങ്ങൾ വൈകുന്നേരം. ഇടയ്ക്ക് പറമ്പിലെ പനിക്കൂർക്കയും വേപ്പും പോലെയുള്ള ഔഷധസസ്യങ്ങളുടെ ഇലകളും. ബ്രീഡിങ് കാലങ്ങളിൽ എഗ്ഗ് ഫുഡ് പോലെ പ്രത്യേക പോഷകവിഭവങ്ങളുമുണ്ട്. 

കുടിവെള്ളത്തിന് ഓരോ കൂട്ടിലും നിപ്പിൾ ഡ്രിങ്കർ സംവിധാനം. പരിപാലനത്തിലെ  ശ്രദ്ധയും വൃത്തിയും തന്നെയാണു വിജയഘടകമെന്നു ദീപുവച്ചൻ. ഇക്കാര്യത്തിൽ അച്ചനെപ്പോലെതന്നെ ശ്രദ്ധാലുവാണ് ഭാര്യ റോഷ്‌നിയും. കുറിച്ചിയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥയാണ് റോഷ്നി‌‌.

കൊന്യൂറുകൾ ഒരു ശീലി(ക്ലച്ച്)ല്‍  4–6 മുട്ടകളിടും. വർഷത്തിൽ മൂന്നു ക്ലച്ചുകൾ. ഏതെങ്കിലും പക്ഷി ആരോഗ്യത്തിൽ  അൽപം പിന്നോട്ടെന്നു തോന്നിയാൽ ബ്രീഡിങ് രണ്ടിലൊതുക്കും. അരുമ സംരംഭങ്ങളുടെ കാര്യത്തിൽ ഇഷ്ടത്തിനും ഒരുപടി താഴെയേ എപ്പോഴും ലാഭചിന്ത കടന്നുവരാവൂ എന്ന് അച്ചൻ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മറ്റു  ബ്രീഡർമാരിൽനിന്നു കുഞ്ഞുങ്ങളെ വാങ്ങി മറിച്ചുവിറ്റ് ലാഭം നേടാനൊന്നും താൽപര്യമില്ല അച്ചന്. 16 ജോടി വരുന്ന സ്വന്തം കൊന്യൂറുകളുടെ മുട്ട വിരിഞ്ഞെത്തുന്നവ മാത്രമാണ് ആവശ്യക്കാർക്കു നൽകുക. ബ്രീഡറുടെയും ഇനത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തിയ റിങ് ഉണ്ടാവും ഓരോന്നിന്റെയും കാലിൽ. കേരളത്തിലെ പക്ഷിപാലനകരുടെ സംഘടനയായ ഏവികൾച്ചർ അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡന്റുകൂടിയാണ് പനച്ചിക്കാട് പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയായ ദീപുവച്ചൻ.

ഫോൺ: 9446996224

? ഈ രംഗത്തേക്കുള്ള വഴികൾ

ശാസ്ത്രീയ അറിവുകൾ തന്നെയാണ് ആദ്യം സ്വന്തമാക്കേണ്ടത്. 2014ൽ സ്ഥാപിതമായ ഏവികൾച്ചർ അസോസിയേഷൻ ഒാഫ് കേരള ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ശാസ്ത്രീയമായ പരിപാലനമുറകൾക്കൊപ്പം പക്ഷികളെ പരിപാലിക്കുന്നതിന്റെ നിയമവശങ്ങളും സംരംഭകർ അറിയണം. ഇന്ത്യ

യിലാദ്യമായി ഷോ ബഡ്ജികളുടെയും ആഫ്രിക്കൻ ലവ് ബേർഡ്സിന്റെയും പ്രദർശനമത്സരം സംഘടിപ്പിച്ച ഏവികൾച്ചർ അസോസിയേഷൻ ഓഫ് കേരള, ഇത്തരം പ്രദർശനങ്ങളിലൂടെയും സെമിനാറുകളിലൂടെയും കൂടുതൽ സംരംഭകർക്ക് അവസരമൊരുക്കുകയാണു ചെയ്യുന്നത്.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA