ADVERTISEMENT

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും – 3

പന്നികളുടെ അടുത്തുനിന്ന് ജോമോനും വറീതും നീങ്ങിയത് മുയലുകളുടെ അടുത്തേക്കാണ്. ഭംഗിയായി തടിയിൽ തീർത്തിരിക്കുന്ന കൂട്. ശാന്തമായിരിക്കുന്ന മുയലുകളെ കണ്ടപ്പോൾ അവയെക്കുറിച്ച് അറിയണമെന്നും വറീതിനു തോന്നി.

"ജോമോനേ... മുയലുകൾക്കെന്താണ് തടികൊണ്ടുള്ള കൂട് ഒരുക്കിയിരിക്കുന്നത്. ടിവിയിലും മാസികകളിലുമൊക്കെ ഇങ്ങനെയുള്ളത് കണ്ടിട്ടില്ല."

"വറീതേട്ടാ... നമ്മൾ ടിവിയിലും മാസികയിലുമൊക്കെ കാണുന്നത് വൻകിട ഫാമുകളാണ്. വലിയ ഷെഡ് ഒരുക്കി നൂറുകണക്കിന് മുയലുകളെ വളർത്തുമ്പോൾ അത്തരത്തിലുള്ള കമ്പിവലക്കൂടുകളാണ് നല്ലത്. വലിയ ഫാമുകൾ അല്ലാതെ മുയലുകളെ വളർത്തുന്ന സാധാരണക്കാരും നമുക്കിടയിലുണ്ട്. തങ്ങൾക്ക് ലഭ്യമായ പാഴ്‌ത്തടികൾ ഉപയോഗിച്ചുള്ള കൂടായിരിക്കും അത്തരക്കാർ ഉണ്ടാക്കുക. വലിയ സംരംഭം അല്ലാത്തതിനാൽ ഷെ‍ഡ് ഒരുക്കാനും പറ്റില്ല. അപ്പോൾ പുറത്ത് വയ്ക്കുന്ന കൂട് വേണം. പുറത്തു വയ്ക്കാൻ കമ്പിവല ഉപയോച്ചുള്ള കൂടിനേക്കാളും സുരക്ഷിതം ഇതുപോലെ തടികൊണ്ടുള്ള കൂടാണ്. നായ്‌ശല്യമുള്ളിടത്തൊക്കെ ഇത്തരത്തിലുള്ള കൂടാണ് നല്ലത്. എനിക്ക് ഇവിടെ ഷെഡ് പണിയാൻ അനുയോജ്യമായ സ്ഥലം ഇല്ലാത്തതിനാലും ഒരുപാട് മുയലുകൾ ഇല്ലാത്തതിനാലും ഇതാണ് സൗകര്യം"- ജോമോൻ പറഞ്ഞു.

"ഒരു മുയലിന് എത്ര വലുപ്പമുള്ള കൂട് വേണം?" വറീത് ചോദിച്ചു.

"സാധാരണ രണ്ടടി നീളവും രണ്ടടി വീതിയും ഒന്നരയടി ഉയരവുമുള്ള കള്ളിയാണ് ഒരു മുയലിന് വണ്ടത്. കുഞ്ഞുങ്ങളുള്ള തള്ളമുയലിന് രണ്ടരയടി നീളമുള്ള കള്ളികളും വേണമെങ്കിൽ നൽകാം." ജോമോൻ പറഞ്ഞു.

"പുറത്തു കൂടുകൾ വയ്ക്കുമ്പോൾ മുയലുകളുടെ മേൽ വെയിലേൽക്കില്ലേ? ചൂട് കൂടിയാൽ എന്തു ചെയ്യും?" –വറീത് ചോദിച്ചു.

"ചൂട് താങ്ങാനോ നേരിട്ട് വെയിൽ ഏൽക്കുന്നത് താങ്ങാനോ മുയലുകൾക്ക് കഴിയില്ല. അതുകൊണ്ടുതന്നെ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്തുവേണം കൂട് സ്ഥാപിക്കാൻ. പിന്നെ, മേൽക്കൂരയായി ഓടോ, ഷീറ്റോ വയ്ക്കാം. അവിടെനിന്ന് താഴേക്ക് ചൂട് ഇറങ്ങാതിരിക്കാൻ ഇടയിൽ ചണച്ചാക്കോ പലകയോ നിരത്തണം. തടികൊണ്ട് നിർമിക്കുന്ന കൂടാണെങ്കിലും വായൂസഞ്ചാരം ഉറപ്പാക്കണം. കുറഞ്ഞത് രണ്ടു വശത്തെങ്കിലും ഒരിഞ്ചിന്റെ വെൽഡ് മെഷ് വയ്ക്കാം. അടിയിൽ ഒരിഞ്ചിന്റെ റീപ്പയും ഉപയോഗിക്കാം. കാഷ്ഠം കെട്ടിക്കിടക്കാതിരിക്കാനായി ഒരിഞ്ച് അകലത്തിൽ വേണം റീപ്പ അടിക്കാൻ. എന്നാൽ, ഷെ‍ഡിൽ വയ്ക്കുമ്പോൾ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മുയലുകളെ വളർത്താൻ കഴിയും. തട്ടുകളായോ സമാന്തര രീതിയിലോ കൂടുകൾ തായാറാക്കാം. ഷെഡിനുള്ളിൽ വയ്ക്കന്ന വിവിധ തരം കൂടുകൾ ഞാൻ കാണിക്കാം." - ജോമോൻ മൊബൈൽ എടുത്ത് വിവിധ രീതിയിലുള്ള കൂടുകൾ വറീതിനെ കാണിച്ചു.

rabbit-shed
വിവിധതരം മുയൽക്കൂടുകൾ

"നിലകളായി കൂട് പണിയുമ്പോൾ മുകളിലെ കാഷ്ഠവും മൂത്രവും താഴെയുള്ള കൂടുകളിലേക്ക് വീഴില്ലേ?" വറീതേട്ടന് സംശയം.

"അതിന് പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ടാകും. പ്ലാസ്റ്റിക് ഷീറ്റ് പോലെ എന്തെങ്കിലും വച്ച് വേസ്റ്റ് ഒരു വശത്തേക്ക് മാത്രമായി വീഴുന്ന രീതിയിൽ ക്രമീകരിക്കും. അതുകൊണ്ടുതന്നെ വൃത്തിയാക്കാനും എളുപ്പമായിരിക്കും." ജോമോൻ പറഞ്ഞു.

"കുടിവെള്ളം നൽകാൻ എന്താണ് ഒരുക്കേണ്ടത്?"

"രണ്ട് രീതിയിൽ ചെയ്യാം. പാത്രത്തിൽ വെള്ളം നൽകുന്നതാണ് ഒരു വഴി. അങ്ങനെ ചെയ്യുമ്പോൾ ദിവസേന പാത്രം വൃത്തിയാക്കി വേണം വെള്ളം നൽകാൻ. ചിലപ്പോൾ ഒരു ദിവസംതന്നെ പല തവണകളിൽ വെള്ളം നൽകേണ്ടതായി വരും. സമയം ലാഭിക്കാനും സൗകര്യപ്രദവുമായ രീതിയാണ് രണ്ടാമത്തേത്ത്. നിപ്പിൾ ഡ്രിങ്കർ വയ്ക്കുക. ഒരു ചെറിയ ടാങ്കിൽനിന്ന് 8 എംഎം പൈപ്പ് ഉപയോഗിച്ച് നിപ്പിൾ ഘടിപ്പിച്ചു നൽകാം. 40–50 രൂപ വരും ഒരു നിപ്പിളിന്. കൂടിനുള്ളിലെ സ്ഥലവും ഇതിലൂടെ ലാഭിക്കാം."– ജോമോൻ പറഞ്ഞു. 

തുടരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com