തേനിൽ കുരുങ്ങുന്നത് കർഷകർ

HIGHLIGHTS
  • വടക്കേ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന തേനിൽ ജലാംശം 20 ശതമാനത്തിൽ താഴെയാണ്
  • ഒട്ടേറെ പുഷ്പങ്ങളിൽ നിന്നു തേനീച്ചയ്ക്ക് 'തേൻ' ലഭിക്കുന്നുണ്ട്. ഇതൊന്നും തേനല്ല
bee-1
SHARE

അഗ്‌മാർക്ക് (AGMARK), ബിഐഎസ് (BIS), എഫ്എസ്എസ്എഐ (FSSAI) തുടങ്ങിയ ഉൽപന്ന ഗുണനിലവാര നിയന്ത്രണ ഏജൻസികൾ തേനിൽ ജലാംശം (Moisture Content) 25 ശതമാനം വരെയാകാമെന്ന് അംഗീകരിച്ചിരുന്നു. എന്നാൽ ജലാംശം 20 ശതമാനത്തിൽ താഴെയാകണമെന്ന് എഫ്എസ്എസ്എഐ ഈയിടെ നിഷ്കർഷിച്ചതോടെ കേരളത്തിലെ തേനീച്ച വളർത്തലുകാർ പ്രതിസന്ധിയിലായി. 20 ശതമാനത്തിലേറെ ജലാംശമുള്ള തേൻ നിലവാരമില്ലാത്തതാണെന്നാണ് പുതിയ നിലപാട്. കേരളത്തിലെ തേനിന്റെ ജലാംശം  20–25 ശതമാനമായിരിക്കെ അത് 20 ശതമാനത്തിൽ താഴെയാകണമെന്നു വന്നാൽ വിപണിയില്‍നിന്നു കേരളത്തിന്റെ തേൻ പുറത്താവും. നറുമണവും രുചിയും, ഉന്നത നിലവാരവുമുള്ള  സ്വന്തം തേൻ ഉപയോഗിക്കാനുള്ള അവകാശം കേരളീയർക്കു നഷ്ടമാവുകയും ചെയ്യും.

വടക്കേ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന തേനിൽ ജലാംശം 20 ശതമാനത്തിൽ താഴെയാണ്. കാരണം അവിടെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നത് ഇറ്റാലിയൻ തേനീച്ച(Apis Mellifera)യെ ആണ്. കൂടാതെ, അവിടെ അന്തരീക്ഷ ഈർപ്പം (Humidity) കുറവുമാണ്. കേരളത്തിൽ പല കർഷകരും ഇറ്റാലിയൻ തേനീച്ചയെ വളർത്താൻ ശ്രമിച്ചിരുന്നെങ്കിലും തെക്കേ ഇന്ത്യയിൽ ഇവ നന്നായി വളരുന്നില്ല. ഇന്ന് കേരളത്തിൽ ചുരുക്കം കർഷകരേ ഇവയെ വളർത്തുന്നുള്ളൂ, അതും ഹോബിയെന്ന നിലയിൽ. കേരളത്തിൽ വ്യാപകമായി വളർത്തുന്നത് ഞൊടിയൽ (Apis Cerana Indica) ഇനമാണ്. ഇവയുടെ തേനിൽ സ്വാഭാവികമായും ജലാംശം കൂടും.

ഒരു ഇറ്റാലിയൻ തേനീച്ചക്കൂട്ടിൽനിന്ന് ഒരു വർഷം 40–60 കിലോ തേൻ ലഭിക്കുമ്പോൾ ഞൊടിയൽ തേനീച്ചക്കൂട്ടിലെ ഉൽപാദനം  10–12 കിലോ മാത്രമാണ്. കുറഞ്ഞ ഉൽപാദനക്ഷമതയുള്ള ഈയിനം തേനീച്ചയെ മാത്രം വളർത്താൻ കഴിയുന്ന നമ്മുടെ കർഷകന് താരതമ്യേന കുറഞ്ഞ അളവിൽ ലഭിക്കുന്ന തേൻ ഗുണനിലവാരമില്ലാത്തതാണെന്നു കൽപിച്ച്, വിൽക്കാൻ കഴിയാത്ത സാഹചര്യം കൂടിയുണ്ടായാൽ ? തേനിനു തീരെ ആകർഷകമല്ലാത്ത വില മാത്രം നൽകുന്ന വ്യാപാരികൾ ഇനി ഗുണമേന്മക്കുറവിന്റെ കാര്യം ചൂണ്ടിക്കാട്ടി കർഷകനെ വീണ്ടും ചൂഷണം ചെയ്യുന്ന സാഹചര്യവും ഉണ്ടാകും.

കേരളത്തിൽ ഈയിടെയായി സ്വന്താവശ്യത്തിനായോ വരുമാനത്തിനായോ, ശുദ്ധമായ തേനിനായി തേനീച്ചയെ വളർത്തുന്നവരുടെ എണ്ണമേറിവരികയാണ്. ഖാദി കമ്മീഷൻ, ഹോർട്ടികോർപ്പ്, റബർ ബോർഡ്, കുടുംബശ്രീ മുതലായ ഏജൻസികൾ തേനീച്ച വളർത്തലിന് വൻ പ്രചാരണവും സഹായവും നൽകുന്നുമുണ്ട്. മേൽപ്പറഞ്ഞ ഏജൻസികളുടെ പ്രചാരണഫലമായി തേനിന്റെ ഉപഭോഗവും ഇവിടെ കൂടുകയാണ്. അപ്പോഴാണ് ഇരുട്ടടിപോലെ എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം.

bee
റാഗൽ

എന്താണ് തേൻ ?

തേനീച്ചകള്‍ വിവിധതരം പൂക്കളിൽനിന്ന് സ്വീകരിച്ച് കൂട്ടിൽ സംഭരിക്കുന്ന വസ്തുവാണു തേൻ എന്നാണ് പൊതുവേ കരുതുന്നതെങ്കിലും ഇത് പൂർണമായി ശരിയല്ല. കേരളത്തിൽ ലഭിക്കുന്ന തേനിൽ നല്ലൊരു പങ്കും പുഷ്പേതര സ്രോതസ്സിൽനിന്നാണ്. റബർ, മരുത്, മഹാഗണി മുതലായ മരങ്ങളുടെ ഇലയിൽനിന്നാണ് തേനീച്ചയ്ക്കു ‘തേൻ’ ലഭിക്കുന്നത്. കൂടാതെ പ്ലാവ്, ആഞ്ഞിലി, ഞാവൽ, റംബുട്ടാൻ തുടങ്ങിയ പഴവർഗങ്ങളിൽനിന്നും  തേനീച്ച ‘തേൻ’ ശേഖരിക്കുന്നുണ്ട്. എഫിഡ് (Aphid) പോലുള്ള ജീവികൾ സ്രവിക്കുന്ന മധുരസ്രവവും തേനീച്ച എടുക്കുന്നു. ഒട്ടേറെ പുഷ്പങ്ങളിൽ നിന്നു തേനീച്ചയ്ക്ക് ‘തേൻ’ ലഭിക്കുന്നുണ്ട്. ഇതൊന്നും തേനല്ല, മറിച്ച് മധു (Nectar) വാണ്, അഥവാ പഞ്ചസാരലായനിയാണ്.

പ്രകൃതിയിൽ വിവിധ സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന പഞ്ചസാരലായനി അഥവാ മധുരം തേനീച്ച വലിച്ചു കുടിക്കുന്നു. അവയുടെ തേൻസഞ്ചി(Crop)യിലെത്തുന്ന പ്രസ്തുത ദ്രാവകം ദഹനരസങ്ങളുടെ പ്രവർത്തനത്താൽ ദഹിപ്പിക്കപ്പെട്ട് ലഘുപഞ്ചസാരകളാവുന്നു. ഈ തന്മാത്രകളെ ശരീരത്തിന് ആഗിരണം ചെയ്യാനാവും. ആവശ്യമെങ്കിൽ തേനീച്ചകൾ അവയുടെ ശാരീരികപ്രവർത്തനങ്ങൾക്ക്, ഊർജത്തിനായി ഈ പഞ്ചസാര ഉപയോഗിക്കുന്നു. മിച്ചമുള്ളത് തേനീച്ചകൾ കൂട്ടിലെത്തി ഛർദിക്കുന്നു (Regurgitating). കൂട്ടിലുള്ള തേനീച്ചകൾ ആവശ്യമെങ്കിൽ അതു ഭക്ഷിക്കുന്നു, ബാക്കിയുള്ളത് തേനറകളിൽ സംഭരിക്കുന്നു.

ഇപ്രകാരം സംഭരിക്കുന്ന ലായനിയുടെ ജലാംശം കൂടുതലായതിനാൽ തേൻ പുളിച്ചുപോവും (Fermentation). ഇതുണ്ടാവാതിരിക്കാൻ വേലക്കാരി തേനീച്ചകൾ ചിറകടിച്ച് കൂട്ടിലെ ഊഷ്മാവ് ഉയർത്തി, ഈ പഞ്ചസാര ലായനിയിലെ ജലാംശത്തെ ബാഷ്പീകരിക്കുന്നു. ഇപ്രകാരം ജലാംശം കുറച്ച് അത് 20–നും 24 ശതമാനത്തിനും ഇടയ്ക്കാവുമ്പോൾ തേനീച്ചകൾ മെഴുക് ഉപയോഗിച്ച് തേനറ അടയ്ക്കും. ഇതാണ് പക്വമായ തേൻ (Mature honey). ഇപ്രകാരം തേനീച്ച അറയിൽ അടച്ചു സൂക്ഷിച്ച തേൻ ഒരിക്കലും കേടാവില്ല. ഇതാണ് വസ്തുതയെങ്കിൽ തേനീച്ചകൾ സ്വയം സംസ്കരിച്ച് അവയുടെ കൂട്ടിൽ സൂക്ഷിക്കുന്ന തേൻ എങ്ങനെ നിലവാരമില്ലാത്തതാവും?

bee-2
കേരളത്തിൽ കാണപ്പെടുന്ന തേനീച്ചയിനങ്ങൾ

കേരളത്തിൽ പ്രധാനമായും പെരുന്തേനീച്ച (Indian Rock Bees–Apis dorsata), കോൽ തേനീച്ച  (Indian Little Bees–Apis Florea), ഞൊടിയൽ തേനീച്ച(Indian Bees–Apis Cerana Indica), ഇറ്റാലിയൻ തേനീച്ച (European Bees–Apis Mellifera), ചെറുതേനീച്ച (Stingless Bees–Trigona iridipennis) എന്നീ ഇനങ്ങളാണുള്ളത്.  ഇവയിലോരോന്നിന്റെയും തേനിലെ ജലാംശത്തോത് വ്യത്യാസപ്പെട്ടിരിക്കും. ഒരേ കൂട്ടിൽതന്നെ വിവിധ കാലങ്ങളിലും തേനിലെ ജലാംശം വ്യത്യസ്തമായിരിക്കും.

തേൻ ഒഴുക്കുകാലത്ത് (Honey flow season) മഴ ഉണ്ടായാലും തേനിന്റെ ഗാഢതയിൽ മാറ്റമുണ്ടാകും. കൂടാതെ, അന്തരീക്ഷത്തിൽനിന്ന് ഈർപ്പത്തെ വലിച്ചെടുക്കുന്നതിനാൽ അന്തരീക്ഷ ഈർപ്പം (Humidity) കൂടിയ നമ്മുടെ നാട്ടില്‍ തേനില്‍ ജലാംശം കൂടുതലാവാന്‍ സാധ്യതയേറെയാണ്. ഇക്കാരണങ്ങളാൽ വിപണിയിൽ  നമ്മുടെ തേൻ സുഗമമായി വിറ്റഴിക്കണമെങ്കിൽ കേരളത്തിലെ തേനിന്റെ ജലാംശ പരിധി, തേനീച്ചകൾ തേനറകളിൽ അടച്ചു സൂക്ഷിക്കുന്ന തേനിന്റെ ജലാംശം എത്രയോ അത്രയുമായി നിര്‍ണയിക്കുകയും  അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. 

ഏറെ നാൾ സൂക്ഷിക്കുന്നതിനുവേണ്ടി കർഷകർ തേൻ സംസ്കരിക്കാറുണ്ട്. കുറച്ചുമാത്രം തേൻ ഉൽപാദിപ്പിക്കുന്ന കർഷകർ അത് ഒന്നോ രണ്ടോ വെയിൽ കൊള്ളിച്ച് അരിച്ച് പാത്രങ്ങളിലാക്കി വായു കടക്കാത്തവിധം അടച്ച് സൂക്ഷി ക്കുന്നു. എന്നാൽ ഏറെ തേൻ ഉള്ളവർ വാട്ടർ ബാത്തിൽ (Water Bath) ഡബിൾ ബോയ്ൽ (Double Boil) ചെയ്ത് അരിച്ച്, തണുപ്പിച്ച് പാത്രങ്ങളിൽ അടച്ചു സൂക്ഷിക്കുന്നു. എന്നാൽ മേൽപ്പറഞ്ഞപ്രകാരം സംസ്കരിക്കുമ്പോൾ പരമാവധി ഒന്നര മുതൽ 2 ശതമാനം വരെയേ ജലാംശം കുറയ്ക്കാനാവൂ. ഏറെ സമയമോ, ഏറെത്തവണയോ, ഏറെ ചൂടിലോ തേൻ ചൂടാക്കിയാൽ തേനിന്റെ സ്വാഭാവിക നറുമണവും രുചിയും നിറവും നഷ്ടമാവും. കൂട്ടിൽനിന്നുള്ള  തേൻ അതേപടി അരിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ടൺ കണക്കിനു തേൻ വിപണനം നടത്തുന്നവർ ആധുനികരീതിയിലുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെ തേൻ സംസ്കരിക്കുന്നു. തേനിലെ ജലാംശം ആവശ്യാനുസരണം കുറയ്ക്കാൻ ഇവയ്ക്കാവും. കേരളത്തിൽ ഇത്തരം നാലോ അഞ്ചോ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. 18 ലക്ഷം മുതൽ കോടികൾ ചെലവുവരുന്ന ഇത്തരം സംവിധാനങ്ങൾ സാധാരണ കർഷകർക്ക് പ്രാപ്യമല്ല. മാത്രമല്ല തേനിന്റെ ജലാംശം കുറയ്ക്കുക എന്നതല്ല, മറിച്ച് നമ്മുടെ ശുദ്ധമായ തേൻ അതിന്റെ നറുമണവും രുചിയും നിറവും ഔഷധഗുണവും നഷ്ടമാവാതെ അതേപടി വിൽക്കുവാനുള്ള അവകാശമാണ് നമുക്കു വേണ്ടത്.

കർഷകരും സൂക്ഷിക്കണം

കേരളത്തിലെ തേനിനെക്കുറിച്ചു പഠിക്കുമ്പോള്‍ അതിലെ ജലാംശം  20 മുതൽ 25 ശതമാനം വരെ ആണെന്നു  കാണാം. എന്നാല്‍ ഈ വസ്തുതകൾക്ക് ഒരു മറുവശവും ഉണ്ടെന്നു നാം അറിയണം. അതായത്, അമിതലാഭേച്ഛ മൂലം ചില കർഷകരെങ്കിലും തേനീച്ചകൾ തേനറകൾ അടയ്ക്കുന്നതിനു മുമ്പേ തേൻ എടുക്കാറുണ്ട്. ജോലിഭാരം കുറയ്ക്കാനും കൂടുതൽ തവണ തേൻ എടുക്കാനും ഇക്കൂട്ടർ അടയ്ക്കാത്ത അറകളിലെ അപക്വമായ തേൻ എടുക്കുന്നു. ഈ തേൻ നിലവാരമില്ലാത്തതും ഏറെ നാൾ സൂക്ഷിക്കാൻ കൊള്ളാത്തതുമാണ്. ചെയ്യുന്ന ജോലിയോട് ആത്മാർഥത കാട്ടാത്ത ഇക്കൂട്ടരെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. 75 ശതമാനം എങ്കിലും അടച്ച അറകളുള്ള റാഗലുകളിലെ (Comb) തേനേ എടുക്കാവൂ.  എങ്കിലേ തേൻ കേടാവാതെ ദീർഘകാലം സൂക്ഷിക്കാനാവുകയുള്ളൂ.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA