sections
MORE

തിലാപ്പിയയിൽ നിന്ന് ഗിഫ്റ്റിലേക്ക്

HIGHLIGHTS
  • വളർത്തുമത്സ്യങ്ങളിൽ രണ്ടാം സ്ഥാനം തിലാപ്പിയയ്ക്കാണ്
tilapia
SHARE

ലോകത്തിൽ അതിവേഗം വളരുന്ന ഭക്ഷ്യോൽപാദക മേഖലയാണ് മത്സ്യകൃഷി. ഇതിൽത്തന്നെ ഏറ്റവുമധികം വളർത്തുന്ന വളർത്തുമത്സ്യങ്ങളിൽ രണ്ടാം സ്ഥാനം തിലാപ്പിയയ്ക്കാണ്. അക്വാകൾ‍ച്ചർ മേഖലയുടെ വളർച്ചയ്ക്കു ചുക്കാൻ പിടിക്കുന്ന മത്സ്യവും തിലാപ്പിയ തന്നെ.

തിലാപ്പിയയിൽത്തന്നെ ഒരിനം, അതായത് ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ (ഗിഫ്റ്റ്) ചെറുകിട കർഷകർക്കുവരെ വലിയ നേട്ടം നല്കുന്നുണ്ട്. 1988ൽ ആരംഭിച്ച സെലക്ടീവ് ബ്രീഡിങ് വഴി വികസിപ്പിച്ചെടുത്ത ഗിഫ്റ്റിന് ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച വളർച്ച നേടാൻ കഴിയുന്നു എന്നതാണ് പ്രധാന പ്രത്യേകത. 

ഇന്ന് 14 രാജ്യങ്ങളിൽ ഗിഫ്റ്റിന്റെ ഉൽപാദനം നടക്കുന്നു. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട് ഗിഫ്റ്റിന്.

1980: ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്കു പ്രാധാന്യം

80കളിൽ ആഗോള ജനസംഖ്യ 450 കോടിയിൽ എത്തിനിന്ന സാഹചര്യത്തിൽ ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്കായിരുന്നു ലോകം പ്രാധാന്യം നല്കിയത്. ഈ വെല്ലുവിളി തരണം ചെയ്യാൻ മത്സ്യത്തിന്റെ ഉത്പാദനത്തിന് സാധ്യമാകുമെന്ന് കണ്ടെത്തി. അന്ന് ലോകത്തിൽ മത്സ്യ ഉപഭോഗത്തിന്റെ 75 ശതമാനവും വികസ്വര രാജ്യങ്ങളിലായിരുന്നു. സിങ്ക്, അയൺ, വിറ്റാമിൻ എ, കാത്സ്യം എന്നിവ  അടങ്ങിയിരിക്കുന്നതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യരക്ഷ്യയ്ക്ക് മത്സ്യങ്ങളുടെ പങ്ക് വലുതായിരുന്നു.

80കളിൽ ആഗോള മത്സ്യോപഭോഗം അഞ്ചു കോടി ടണ്ണിൽ എത്തിയപ്പോൾ പത്തു ശതമാനത്തിൽ താഴെമാത്രമായിരുന്നു മത്സ്യകൃഷിയിലൂടെ ഉത്പാദിപ്പിച്ചിരുന്നത്. എന്നാൽ, മത്സ്യകൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മത്സ്യങ്ങളെ സെലക്ടീവ് ബ്രീഡിംഗ് വഴി വികസിപ്പിക്കാനുള്ള ശ്രമം ഗവേഷകർ ആരംഭിക്കുകയും ചെയ്തു.

ജെനറ്റിക് ഇംപ്രൂവ്മെന്റ്

തിലാപ്പിയ ഫാമുകളുടെ ഉത്പാദനക്ഷമതയില്ലായ്മ തരണം ചെയ്യാൻ ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ പ്രോജക്ട് 1988ൽ രൂപീകൃതമായ വേൾഡ് ഫിഷ് എന്ന സംഘടന ആരംഭിച്ചു. ഫിലിപ്പീൻസും നോർവെയും വേൾഡ് ഫിഷിന്റെ പദ്ധതിയിൽ പങ്കാളികളായി. നൈൽ തിലാപ്പിയയുടെ (Oreochromis niloticus) അതിവേഗം വളരുന്ന സ്ട്രെയ്ൻ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

തിലാപ്പിയ: സെലക്ടീവ് ബ്രീഡിങിന് അനുയോജ്യം

വിവിധ ഫാമിങ് രീതികളിൽ വളരാനുള്ള മിശ്രഭുക്കായ തിലാപ്പിയയുടെ കഴിവാണ് പ്രധാനമായും സെലക്ടീവ് ബ്രീഡിങ്ങിന് തിരഞ്ഞെടുക്കാൻ കാരണം. മാത്രമല്ല വെള്ളത്തിന്റെ നിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകളും ശുദ്ധജല–സമുദ്രജല സാഹചര്യത്തിൽ വളരാനുള്ള കഴിവും രോഗപ്രതിരോധശേഷിയും തിലാപ്പിയയുടെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ ചെറുകിട കർഷകർക്കുപോലും അനായാസം വളർത്താനും കഴിയും.

നാലു മുതൽ ആറു മാസത്തിനുള്ളിൽ ബ്രീഡിങ് തുടങ്ങുന്ന തിലാപ്പിയ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ പുതിയ തലമുറകൾ ഉത്പാദിപ്പിക്കും. അതുകൊണ്ടുതന്നെ ജനിതക ഘടനയിൽ മെച്ചപ്പെടുത്തലുകൾ സാധ്യമാകുമെന്ന് ലോകപ്രശസ്ത മത്സ്യശാസ്ത്രജ്ഞനായ ഡോ. കർട്ടിസ് ലിൻ‍ഡ് പറയുന്നു. 

മികച്ച വളർച്ച

ആറു തലമുറയുടെ സെലക്ടീവ് ബ്രീഡിങ് സംവിധാനത്തിലൂടെ വികസിപ്പിച്ചെടുത്ത ഗിഫ്റ്റിന് വളർച്ചയിൽ വലിയ അന്തരം ഉണ്ടായിരുന്നു. ആദ്യ തലമുറയിൽനിന്ന് ആറാം തലമുറയിലെത്തിയപ്പോൾ വളർച്ചയിൽ 85 ശതമാനം വേഗം കൈവരിക്കാൻ കഴിഞ്ഞു. 

വ്യാപനം

ഫിലിപ്പൈൻസിലെ വേൾ‍ഡ് ഫിഷ് ബ്രീഡിങ് സെന്ററിൽനിന്ന് മികച്ച ഉൽപാദനക്ഷമതയുള്ള ഗിഫ്റ്റ് കുഞ്ഞുങ്ങൾ ഫിലിപ്പൈൻസിൽ മാത്രമല്ല ബംഗ്ലാദേശ്, ചൈന, തായ്‌ലൻ‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുകൂടി കൈമാറ്റം ചെയ്യപ്പെട്ടു. ഇങ്ങനെ എത്തിയ കുഞ്ഞുങ്ങളിൽനിന്ന് മികച്ച കുഞ്ഞുങ്ങളെ കർഷകരിലേക്ക് എത്തിക്കാൻ സർക്കാരുകളും ശ്രദ്ധിച്ചു. 

2001ൽ ഫിലിപ്പൈൻസിൽനിന്ന് മലേഷ്യയിലെ വേൾഡ് ഫിഷ് ആസ്ഥാനത്തേക്ക് ഗിഫ്റ്റ് എത്തി. ഗിഫ്റ്റിന്റെ നിലവാരം വർധിപ്പിക്കാനുള്ള ശ്രമത്തിന് മലേഷ്യയുടെ ഫിഷറീസ് വകുപ്പിന്റെ പിന്തുണയും ലഭിച്ചു. ഇപ്പോഴും അവിടെ പഠനങ്ങൾ നടക്കുന്നു.

ഗിഫ്റ്റും സാങ്കേതികവിദ്യയും

2003ലെ എഡിബിയുടെ പഠനമനുസരിച്ച് ഫിലിപ്പൈൻസിൽ വളർത്തുന്ന തിലാപ്പിയകളിൽ 68 ശതമാനവും ഗിഫ്റ്റ്(ഗിഫ്റ്റിൽനിന്നു വികസിപ്പിച്ചതും ഉൾപ്പെടും) ആയിരുന്നു. തായ്‌ലൻഡിൽ 46 ശതമാനവും വിയറ്റ്‌നാമിൽ 17 ശതമാനവും ഗിഫ്റ്റ് ആയിരുന്നു. 2010ൽ ബംഗ്ലാദേശിൽ നടത്തിയ സർവേയിൽ അവിടുത്തെ 75 ശതമാനം മോണോ സെക്സ് തിലാപ്പിയ (എംഎസ്ടി) ഹാച്ചറികളുടെ ബ്രൂഡ് സ്റ്റോക്കായി ഉപയോഗിച്ചിരുന്നത് ഗിഫ്റ്റിനെയായിരുന്നു.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA