എത്ര മികച്ച തീറ്റ കൊടുത്താലും മുയലുകൾ വളരാത്തതിന് കാരണമുണ്ട്

HIGHLIGHTS
  • മുയലുകൾ ഒന്നും ഇതുവരെ കുഞ്ഞുങ്ങളെ കുടിപ്പിക്കാതിരുന്നിട്ടില്ല
  • പാലൂട്ടൽ രാത്രിയിൽ മാത്രം
rabbit
SHARE

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും –4

"ശാന്തവും സൗമ്യതയുമുള്ള ജീവികളാണ് മുയലെങ്കിലും തന്റെ സാമ്രാജ്യത്തിലേക്ക് പുതിയ ആരെങ്കിലും വന്നാൽ ആക്രമണകാരികളാകും ഇവർ." ജോമോൻ വറീതിനോടു പറഞ്ഞു.

"അത്രയ്ക്കു പ്രശ്നമാണോ?" വറീതിന് അമ്പരപ്പ്

"ആണോന്നോ... ഒരുമിച്ചു കിടന്നവരുടെ കൂടെ പുതിയ മുയലുകളെ ഇട്ടാലോ... ഒറ്റയ്ക്കു കിടക്കുന്നതിന്റെ കൂടെ മറ്റൊരാളെ ഇട്ടാലോ കടിപിടികൂടും. ഇനി രണ്ട് ആൺമുയലുകളെ ഒരുമിച്ചിട്ടാലോ... പരസ്പരം ആക്രമിച്ച് മുറിവേൽപ്പിക്കും. വൃക്ഷണങ്ങൾ വരെ കടിച്ചുപൊട്ടിക്കും." ജോമോൻ പറഞ്ഞു.

"അതിന് എന്താണ് ചെയ്യേണ്ടത്?"

"നമ്മൾ നേരത്തെ പറഞ്ഞതുപോലെ മുയലുകളെ ഒറ്റയ്ക്കു പാർപ്പിക്കുക. അഞ്ചു മാസം പ്രായം വരെയെങ്കിലും ഒരേ പ്രായത്തിലുള്ളവരെ വേണമെങ്കിൽ ഒരുമിച്ച് വളർത്താം. അതിനു ശേഷം വെവ്വേറെ കൂടുകളിലാക്കിയിരിക്കണം. കൃത്യമായി ഇണചേർക്കാനും പ്രസവസമയം മുൻകൂട്ടി അറിയാനും കൃത്യമായി പ്രസവിച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമെല്ലാം ഒറ്റയ്ക്കിടുന്നതാണ് നല്ലത്."

"അതു പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമയിൽ വന്നത്. മുയലുകൾ കുഞ്ഞുങ്ങളെ പാലൂട്ടില്ല. നമ്മൾ അവയെ പിടിച്ചുകിടത്തി കുഞ്ഞുങ്ങളെ മുലയിൽ വച്ചുകൊടുത്ത് കുടിപ്പിക്കണം എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ട്?" വറീത് ചോദിച്ചു.

"വറീതേട്ടാ... അത് ഇവയെക്കുറിച്ച് അറിവില്ലാത്തവർ പറയുന്ന കാര്യമാണ്. ദേ, ഇവിടുത്തെ മുയലുകൾ ഒന്നും ഇതുവരെ കുഞ്ഞുങ്ങളെ കുടിപ്പിക്കാതിരുന്നിട്ടില്ല. ഞാൻ പിടിച്ചു കുടിപ്പിച്ചിട്ടുമില്ല. പിന്നെ, ഗർഭകാലത്ത് എന്തെങ്കിലും പേടിയോ ബുദ്ധിമുട്ടോ വന്നാൽ ചിലപ്പോൾ കുടിപ്പിക്കാൻ മടിച്ചേക്കാം. അതുകൊണ്ടുതന്നെ അവയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. അതായത്, ഇണചേർത്തശേഷം പെൺമുയലിനെ അതിന്റെ കൂട്ടിലേക്ക് മാറ്റിയിടണം. 25–28 ദിവസം ആകുമ്പോൾ പ്രസവപ്പെട്ടിയും കൊടുക്കണം. മറ്റു മുയലുകൾ കൂടെ ഉണ്ടെങ്കിലോ നമ്മൾ ഇടയ്ക്കിടെ പിടിച്ചാലോ യാത്ര ചെയ്യേണ്ടി വന്നാലോ ഒക്കെയാണ് കുഞ്ഞുങ്ങളെ നോക്കാൻ മടി കാണിക്കുക. പ്രസവിച്ചുകഴിഞ്ഞാൽ പിറ്റേ ദിവസം കുഞ്ഞുങ്ങളുടെ വയർ പരിശോധിച്ചു നോക്കി പാൽ കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. രാത്രിയിൽ മാത്രം പാലൂട്ടുന്നതിനാൽ പാലു കൊടുക്കുന്നത് നമുക്ക് കാണാൻ കഴിയില്ല." –ജോമോൻ പറഞ്ഞു.

"ഇവയേക്കുറിച്ച് പഠിക്കാനാണെങ്കിൽ ഒരുപാടുണ്ടല്ലേ... ഇതൊക്കെ ജോമോൻ എങ്ങനെ പഠിച്ചു?" വറീത് ചോദിച്ചു.

"വളർത്തിയുള്ള പരിചയവും പിന്നെ നിരീക്ഷണവുമാണ് നമ്മെ കാർഷിക മേഖലയിൽ മുന്നോട്ടു കൊണ്ടുപോകുക. ഇപ്പോൾപ്പിന്നെ സോഷ്യൽമീഡിയയിലൂടെ സഹായിക്കാൻ നൂറുകണക്കിന് കർഷകരുമുണ്ട്. നമുക്ക് അറിവില്ലാത്ത കാര്യങ്ങൾ ഇതുപോലെ സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ അറിയാൻ കഴിയും."

"വാട്‌സാപ് പോലുള്ള മാർഗങ്ങൾ കൃഷിക്ക് ഉപകരിക്കുന്നുവെങ്കിൽ അത് നല്ല കാര്യം തന്നെ. അപ്പോൾ ഇവയുടെ തീറ്റക്രമമോ?" വറീതിന് സംശയം തീരുന്നില്ല.

"ഓരോ കർഷകർക്കും തീറ്റക്രമത്തിൽ മാറ്റങ്ങളുണ്ട്. ഞാൻ ഇവിടെ കൊടുക്കുന്നത് പറയാം. രാവിലെ കുറച്ചു പെല്ലറ്റ് കൊടുക്കും. മുയലുകൾക്കുള്ള പെല്ലറ്റ് വിപണിയിൽ ലഭ്യമാണെങ്കിലും ആടുകൾക്കുള്ള പെല്ലറ്റാണ് ഞാൻ ഇവിടെ കൊടുക്കുക. വലുപ്പം അനുസരിച്ച് 100 മുതൽ 150 വരെ ഗ്രാം തീറ്റയാണ് നൽകും. ഇതു കൂടാതെ ആലുവയിലുള്ള മുജീബ് റഹ്മാൻ എന്ന സുഹൃത്ത് പറഞ്ഞുതന്ന കൈത്തീറ്റക്കൂട്ടും ഇടയ്ക്ക് പരീക്ഷിക്കാറുണ്ട്. പ്രോട്ടീൻ കൂടുതലുള്ള തീറ്റയായതിനാൽ വളർച്ച ഉറപ്പാണ്. അതിനൊപ്പം പച്ചപ്പുല്ലും നൽകും. വൈകുന്നേരമാണ് പ്രധാനമായും പച്ചപ്പുല്ല് നൽകുക. കുടിവെള്ളം എപ്പോഴും കൂട്ടിലുണ്ടാകും. പിന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഇനം മു‌യലുകളല്ലെങ്കിൽ നമ്മൾ എത്രയൊക്കെ തീറ്റ നൽകിയാലും അതിനനുസരിച്ചുള്ള വളർച്ച കിട്ടില്ല. അതുകൊണ്ട് നല്ല ഫാമുകളിൽനിന്ന് ഇൻബ്രീഡിങ് ഇല്ലാത്ത മുയലുകളെ വേണം വളർത്താനായി വാങ്ങേണ്ടത്..."

തുടരും

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA