ADVERTISEMENT

വർഷങ്ങളായി ജർമൻ ഷെപ്പേഡ്, ഗ്രേറ്റ് സ്വിസ് ഡോഗ്, ലാബ്രഡോർ, ബെൽജിയം മലിനോയിസ് ഇനങ്ങളിൽപ്പെട്ട നായ്ക്കളെ ഉപയോഗിച്ചിരുന്ന ഇന്ത്യ ആർമി ആദ്യമായി റിക്രൂട്ട് ചെയ്ത ഇന്ത്യൻ ഇനമാണ് മുധോൾ ഹൗണ്ട്. ചുറുചുറുക്കുള്ള പ്രകൃതവും രോഗപ്രതിരോധശേഷിയുമെല്ലാം ഈ തിരഞ്ഞെടുക്കലിന് കാരണമായി. മെലിഞ്ഞുണങ്ങിയ ശരീരവും ചെറിയ തലയും കൂർത്ത മുഖവും തലയോട് ചേർന്ന് ഒട്ടിക്കിടക്കുന്ന ചെവികളും നീണ്ട കഴുത്തുമാണ് ഇവയ്ക്കുള്ളത്. 

ആർമിയുടെ മീററ്റിലുള്ള റെമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സ് (ആർവിസി) സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ മുധോൾ ഹൗണ്ട് നായകൾ 2017 മുതൽ ഇന്ത്യൻ ആർമിയുടെ ശ്വാനപ്പടയിൽ അംഗമാണ്.

മുധോളിലെ (ഇപ്പോൾ വടക്കൻ കർണാടകയിലെ ബാഗൽകോട്ട്) ഘോർപ്പഡെ രാജവംശം ഉരുത്തിരിച്ചെടുത്ത ഇനമാണിത്. 1920കളിൽ പേർഷ്യൻ, ടർക്കിഷ് ഇനം നായ്ക്കളെ നാടൻ നായ്ക്കളുമായി ഇണചേർത്താണ് മുധോൾ ഹൗണ്ട് എന്ന ഇനത്തെ വികസിപ്പിച്ചത്. ഇപ്പോൾ കർണാടകയിൽ വ്യാപകമായി വളർത്തിവരുന്ന ഇനം. ഓമനമൃഗമായും വേട്ടനായ് ആയും ഒരുപോലെ ശോഭിക്കാൻ മുധോളിന് കഴിയും. 

കാരവാൻ ഹൗണ്ട് എന്നും ഇക്കൂട്ടർക്ക് പേരുണ്ട്. 2005 ജനുവരി 9ന് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഇടംപിടിച്ച നാല് ഇന്ത്യൻ നായ്ക്കളിൽ ഒന്ന് മുധോൾ ഹൗണ്ട് ആയിരുന്നു. 

ഇന്ത്യൻ ബ്രീഡ് ആയതുകൊണ്ടുതന്നെ സഹനശക്തി, കരുത്ത്, ചുറുചുറുക്ക് തുടങ്ങിയ സവിശേഷതകൾ മുധോൾ ഹൗണ്ടുകൾക്കുണ്ട്. ലാബ്രഡോർ നായ്ക്കൾ 90 സെക്കൻഡുകൾകൊണ്ട് പൂർത്തിയാക്കുന്ന ദൗത്യങ്ങൾ പൂർത്തിയാക്കാൻ ഇവർക്ക് 40 സെക്കൻഡുകൾ മാത്രം മതി. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനായാണ് പ്രധാനമായും ആർവിസി മുധോൾ ഇനം നായകൾക്ക് പരിശീലനം നൽകിയത്. മാത്രമല്ല, അതിർത്തിയിലെ ശത്രുക്കളെ കണ്ടെത്താനും മയക്കുമരുന്നുകൾ, ആയുധങ്ങൾ തുടങ്ങിയവ കണ്ടെത്താനും സുരക്ഷയ്ക്കും രക്ഷാപ്രവർത്തനത്തിനുമൊക്കെ ഇവയ്ക്ക് പരിശീലനം നല്കിയിട്ടുണ്ട്. 

തീരെ താഴ്ന്ന താപനിലയിൽ ഇവയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയില്ലെങ്കിലും രണ്ടു തലമുറകൂടി പിന്നിട്ടാൽ അതിനുള്ള ശേഷി കൈവരുമെന്നുമാണ് കർണാടക വെറ്ററിനറി ആനിമൽ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാനൈൻ റിസർച്ച് ആൻഡ് ഇൻഫർമേഷൻ സെന്ററിലെ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com